കീർത്തിയാണ് സമ്പത്ത് എന്ന് കരുതുന്നവർ ശത്രുക്കളിൽനിന്ന് അത് സംരക്ഷിക്കാൻ ജാഗ്രത പാലിക്കണം എന്ന് കാളിദാസൻ ഓർമിപ്പിക്കുന്നുണ്ട്. സൂര്യവംശരാജാവായ ദിലീപന്റെ കഥ വിവരിക്കാൻ തുടങ്ങുന്നിടത്ത്: ‘മറ്റെല്ലാ രാജാക്കന്മാരും അവരുടെ സമ്പത്ത് സംരക്ഷിക്കാൻ നോക്കുമ്പോൾ ദിലീപൻ കീർത്തി സംരക്ഷിക്കാനാണ് പാടുപെടുന്നത്’ എന്ന് കാളിദാസൻ വിവരിക്കുന്നു. ഇത് രാജാക്കന്മാർക്കും രാജകുമാരന്മാർക്കും ഗുണപാഠമായിരുന്നു ഒരുകാലത്ത്. രാജവാഴ്ചക്കാലം കഴിഞ്ഞെങ്കിലും അധികാരസ്ഥാനങ്ങൾ കൊഴിഞ്ഞിട്ടില്ലല്ലോ. രാജവംശങ്ങൾക്കുപകരം രാഷ്ട്രീയപാർട്ടികൾ വന്നുവെന്നേയുള്ളൂ. യുവരാജാക്കന്മാർക്ക് പകരം യുവനേതാക്കളും. എത്രയും പെട്ടെന്ന് മന്ത്രിയാവുമെന്നും പിന്നെ, തൊട്ടടുത്ത അവസരത്തിൽതന്നെ മുഖ്യമന്ത്രിയാകുമെന്നും പ്രതീക്ഷിച്ച് അതിനായുള്ള അധ്വാനമാണ് ഈ യുവനേതാക്കളുടെ ജീവിതം. മറ്റൊരു ലക്ഷ്യം ജീവിതത്തിനില്ല. അതുകൊണ്ടാണല്ലോ കോർപറേഷനിലെങ്കിലും മത്സരിക്കാനുള്ള അവസരം നഷ്ടമാകുമ്പോഴേക്ക് യുവനേതാക്കൾ തൂങ്ങിമരിക്കുന്നത്. ജീവിതലക്ഷ്യം സ്ഥാനപ്രാപ്തിയാണ്. മോക്ഷപ്രാപ്തിക്കാണെങ്കിൽ സന്ന്യസിക്കാൻ പോയാൽപോരേ എന്ന് അവർ തുറന്നുചോദിക്കാറുണ്ട്. ലക്ഷ്യത്തിലേക്കുള്ള അവരുടെ ചാട്ടങ്ങൾ കാണുന്നതുതതന്നെ ത്രില്ലാണ്. അതിനാൽ രാഷ്ട്രീയത്തിലെ പിന്നാമ്പുറംകഥകൾ എന്നും ഹരമാണ്. ശാകുന്തളവും (താൻ ഉണ്ടാക്കിയ ഗർഭത്തിന്റെ കാര്യം മറന്നുപോയ രാജാവിന്റെ കഥയാണല്ലോ അത്) രഘുവംശവുമൊന്നും എഴുതപ്പെടുന്നില്ലെങ്കിലും ആ സാഹിത്യശാഖ ഉണങ്ങിയിട്ടില്ല. അതിഗംഭീരമായ ക്ലാസിക്കുകൾ ആ ശാഖയിലുണ്ടാവുന്നുണ്ട്.
പുത്തൻ രാഷ്ട്രീയ ക്ലാസിക്കുകളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നതാണ് ‘ഫസ്റ്റ് എമങ് ഈക്വൽസ്’ എന്ന ഇംഗ്ലീഷ് നോവൽ. 1960കളിൽ രാഷ്ട്രീയത്തിലിറങ്ങിയ നാലു ബ്രിട്ടീഷ് യുവാക്കളുടെ കഥയാണ്. ഒരേ തെരഞ്ഞെടുപ്പുവഴി നാലുപേരും ഒരേ സമയത്ത് പാർലമെന്റംഗങ്ങളാവുകയാണ്. ചാൾസ് ഗർണീ സിമൗർ, സൈമൺ കെർസ്ലേക്ക് എന്നിവർ കൺസർവേറ്റീവ് പാർട്ടിയിലും റെയ്മണ്ട് ഗ്ലൗഡ്, ആൻഡ്രൂ ഫ്രാസെർ എന്നിവർ ലേബർ പാർട്ടി വഴിയുമാണ് പ്രതിനിധിസഭയിൽ എത്തുന്നത്. ആൻഡ്രു പിന്നീട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായി മാറുന്നുണ്ട്. യൂനിവേഴ്സിറ്റിക്കാലം കഴിയുന്നതോടെ പാർലമെന്റിലെത്തിയ നാലുപേരുടെയും ലക്ഷ്യം പ്രധാനമന്ത്രിയാവുക എന്നതാണ്. അതിനായുള്ള അധ്വാനമാണ് കഥാഗതി. ലക്ഷ്യം പ്രധാനമന്ത്രിപദമായതുകൊണ്ടുതന്നെ പാർലമെന്റിലെ തുടർജീവിതം ഓരോരുത്തർക്കും പ്രധാനമാണ്. തോൽക്കാനോ മത്സരാവസരം നഷ്ടപ്പെടുത്താനോ ആവില്ല. അതിനാൽ പാർട്ടികൾക്കകത്തെ ക്ലിക്കുകളും തെരഞ്ഞെടുപ്പ് കളികളും കാണിച്ചുതരുന്നുണ്ട് നോവൽ. ലേബർപാർട്ടി നേതൃത്വത്തിലും ട്രേഡ് യൂനിയൻ മേഖലയിലും സാമ്പത്തികകാര്യ എഴുത്തുകാരൻ എന്നുമെല്ലാം പേരെടുത്ത് പാർലമെന്റിലെ ചർച്ചകളുടെ ഗതിനിർണയിക്കുന്ന തലത്തിലെത്തി റെയ്മണ്ട് ഗ്ലൗഡ്. ഒരുദിവസം യൂറോപ്യൻ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ അതിഗംഭീരമായവിധം വാദിച്ച് ഭരണകക്ഷിയേയും പ്രതിപക്ഷത്തെയും അമ്പരപ്പിച്ച് ഇരിക്കാൻ നോക്കുമ്പോൾ ഒരു ജീവനക്കാരൻ ഒരു കുറിപ്പ് കൈമാറുന്നു. ‘‘എത്രയും വേഗം ചേംബർ ചീഫിനെ വിളിക്കുക’’ എന്നാണ് സന്ദേശം. ചേംബർ ചീഫ് സർ നിഗൽ ഹാർട്ട്വെൽ ആണ്. റെയ്മെണ്ട് സുപ്രീംകോടതിയിലെ പ്രശസ്ത അഭിഭാഷകനുമാണ്. നമ്മുടെ മനു അഭിഷേക് സിംഗ്വിയെപ്പോലെ. അതിനാൽ കുറിപ്പ് വായിച്ചയുടൻ പുറത്തിറങ്ങി. പതിനഞ്ച് മിനിറ്റിനകം റെയ്മണ്ട്, സർ നിഗൽ ഹാർട്ടിന്റെ മുന്നിലെത്തി. ഔപചാരികതക്കുവേണ്ടി, ഇരിക്കൂ എന്നുപറഞ്ഞയുടൻ സർ നിഗൽ അറിയിച്ചു ‘‘റെയ്മണ്ട്, സിൽക്കിന്റെ കാര്യം സംസാരിക്കാൻ അധികൃതർ എന്നെ ഏൽപിച്ചിരിക്കുന്നു’’ (സിൽക്ക് എന്നത് ഒരു സൂചനയാണ്- സിൽക്ക് ഗൗൺ. മഹാറാണിയുടെ കൗൺസലായി നിയമിക്കാൻ ആലോചിക്കുന്നു എന്നാണ് സൂചന). അതിനാൽ റെയ്മണ്ടിന്റെ മുഖം ജ്വലിച്ചു. അത് പൊടുന്നനെ കെടുത്തിക്കൊണ്ട് സർ നിഗൽ കടുപ്പിച്ച് പറഞ്ഞു:
‘‘അതിനുമുമ്പ് താൻ എനിക്കൊരു ഉറപ്പുതരണം’’
‘‘ഉറപ്പോ’’
‘‘അതേടോ, താൻ തെന്റെ നശിച്ച മറ്റേ...ബന്ധങ്ങൾ കോടതിയിലുള്ളവരുമായി വേണ്ടെന്ന് വെക്കണം. അത് നിർത്തണം’’. കസേരയിലൊന്ന് കറങ്ങിവന്ന് സർ നിഗൽ റെയ്മണ്ടിന്റെ മുഖത്തേക്കുതന്നെ തറപ്പിച്ചുനോക്കി ഇരുന്നു, റെയ്മണ്ട് വായ തുറക്കുന്നതിനുമുമ്പ് സർ നിഗൽ പറഞ്ഞു..
’’ഉറപ്പ് ഇപ്പോൾ കിട്ടണം. താനത് ഉടനടി നിർത്തിയേ മതിയാകൂ’’.
‘‘സാർ, ഞാൻ അങ്ങേക്ക് വാക്കുതരുന്നു’’.
‘‘എടോ, തനിക്ക് അത്തരം ബന്ധങ്ങൾ കൂടിയേകഴിയൂ എന്നാണെങ്കിൽ ദൈവത്തെയോർത്ത് ജോലിസ്ഥലത്തിന് പുറത്ത് എവിടെയെങ്കിലും നോക്ക്. ഞാനൊരു കാര്യം പറയാം, അത് പാർലമെന്റിലും വേണ്ട. തന്റെ മണ്ഡലത്തിലെവിടെയും വേണ്ട. എടോ, ലോകത്തിൽ വേറെയെത്ര സ്ഥലങ്ങളുണ്ട്. അവിടെയൊക്കെ പെണ്ണുങ്ങളുമുണ്ട്. എവിടെയെങ്കിലും പൊയ്ക്കൂടെ?’’
റെയ്മണ്ട് പാർട്ടിയിലും പാർലമെന്റിലും പ്രശസ്തനായി വളർന്നപ്പോഴേക്ക് ലണ്ടൻ നഗരത്തിലെ ഇക്കിളികഥകളിലും പ്രശസ്തനായിരുന്നു എന്നർഥം. ഇങ്ങനെയൊരു കഥയും കഥാപാത്രത്തെയും അയത്നലളിതമായി അവതരിപ്പിക്കാൻ ജെഫ്രി ആർച്ചറിന് കഴിഞ്ഞതെങ്ങനെ എന്ന് അതിശയിക്കാൻ വരട്ടെ. ആ വഴികളിലൂടെയെല്ലാം അദ്ദേഹവും കടന്നുവന്നതാണ്. 1969ൽ ജെഫ്രി ആർച്ചർ കൺസർവേറ്റീവ് എം.പിയായി പാർലമെന്റിലെത്തുമ്പോൾ 29 വയസ്സേയുള്ളൂ. അഞ്ചുവർഷംകൊണ്ട് ഉയരങ്ങളിലെത്തുകയും ചെയ്തു. പക്ഷേ, അതിനിടയിലൊരു സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ടു. അതുമായി കെട്ടിമറിയുന്നതിനിടയിൽ ആളെപ്പറ്റി ഡെയിലി സ്റ്റാർ എന്ന പത്രത്തിലൊരു വാർത്തവന്നു. ഒരു അഭിസാരികക്ക് കാശ്കൊടുത്ത് സുഖംവാങ്ങിയെന്ന്. പത്രത്തിനെതിരെ ആർച്ചർ കൊടുത്ത കേസ് തോറ്റുവെന്നുമാത്രമല്ല, സത്യപ്രതിജ്ഞ ലംഘിച്ച കേസിൽ ജയിലിലാവുകയും ചെയ്തു. പുറത്തിറങ്ങിയപ്പോഴേക്ക് രാഷ്ട്രീയത്തിൽനിന്ന് പുറത്തായിരുന്നു. പിന്നെ എഴുത്തുകാരനായി. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അകംകഥകൾ ഒന്നൊന്നായി പുറത്തുവന്നു.
ഇന്ത്യയിലാണെങ്കിൽ മകന്റെ ഇക്കിളിക്കഥ കാരണം പ്രധാനമന്ത്രിക്കസേര കിട്ടാതെപോയ നേതാവുണ്ട്. മൊറാർജി സർക്കാർ ആഭ്യന്തരയുദ്ധത്തിൽ ആടിയുലയുമ്പോൾ, പ്രധാനമന്ത്രിക്കസേരയിൽ കണ്ണുവെച്ച പ്രതിരോധമന്ത്രി ജഗജീവൻ റാം തകൃതിയിൽ കരുക്കൾ നീക്കി. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മകനും ബിഹാർ എം.എൽ.എയുമായിരുന്ന സുരേഷ് കുമാർ ഒരു പരാതിയുമായി ഡൽഹിയിലെ കശ്മീരിഗേറ്റ് പൊലീസ് സ്റ്റേഷനിൽ ചെന്നുകയറുന്നത്. 1978 ആഗസ്റ്റ് 21ന് വൈകുന്നേരം. തന്റെ ബെൻസ് കാറോടുകൂടി ഒരുകൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോയി മർദിക്കുകയും ഒരു പെൺകുട്ടിയോടൊപ്പം നിർത്തി അശ്ലീല ഫോട്ടോകൾ എടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പിറ്റേന്ന് കഥമാറി. കാറ് അപകടത്തിൽ പെട്ടതായിരുന്നു. പ്രശസ്തമായൊരു മദ്യഫാക്ടറിക്ക് മുന്നിൽവെച്ചായിരുന്നു അത്. കാറ് ഫാക്ടറി മാനേജരെ ഏൽപിച്ച് സുരേഷ് കുമാർ മറ്റൊരു വാഹനത്തിൽ കയറി പോകാൻ നോക്കുമ്പോഴേക്ക് പരിചയക്കാരായ കെ.സി. ത്യാഗിയും ഓംപാൽ സിങ്ങും രംഗത്തെത്തി. സംസാരിച്ചുകൊണ്ടിരിക്കെ ത്യാഗി ഒരു സിഗരറ്റ് ചോദിച്ചു. അതെടുത്തുകൊടുക്കാനായി സുരേഷ് കുമാർ ഡാഷിലെ അറ തുറന്നപ്പോഴാണ് പത്തൻപത് ഫോട്ടോഗ്രാഫുകൾ പുറത്തുചാടുന്നത്. സുരേഷ് കുമാറും ഇരുപതുകാരിയായ കാമുകിയുമായിരുന്നു ഫോട്ടോവിൽ. അവർതന്നെ പോളറോയ്ഡ് കാമറവഴി എടുത്തതായിരുന്നു ചിത്രങ്ങൾ. ഫോട്ടോയിൽ പാതി ത്യാഗി കൈയിലാക്കുകയും ചെയ്തു. ജനതാപാർട്ടിയിൽ ജഗജീവൻ റാമിന്റെ മുഖ്യശത്രുവായ ചരൺസിങ്ങിന്റെ അനുയായി രാജ്നാരായണിന്റെ അനുചരനായിരുന്നു ത്യാഗി. അന്നു രാത്രിമുതൽ പത്രക്കാർക്ക് രാജ്നാരായണിന്റെ ക്ലാസായിരുന്നു. അതുവരെ രാമായണം മാത്രം ഉദാഹരിച്ചിരുന്ന രാജ്നാരായൺ ആ ദിവസങ്ങളിൽ കാമസൂത്രം ഉദാഹരിച്ചു. ഇതിനിടെ രാജ്നാരായണിന്റെ സുഹൃത്തുക്കൾ കുറച്ചുചിത്രങ്ങൾ സഞ്ജയ്ഗാന്ധിയുടെ പക്കലെത്തിച്ചു. സഞ്ജയുടെ ഭാര്യ മനേക അന്ന് സൂര്യ മാഗസിൻ എഡിറ്ററാണ്. കിട്ടിയേടത്തോളം ചിത്രങ്ങൾ മനേക ആവേശത്തോടെ ഉപയോഗിച്ചു. അങ്ങനെ ജഗജീവൻ റാമിന്റെ പ്രധാനമന്ത്രിമോഹം ഒടുങ്ങി. അക്കാലത്ത് മകൻ തെറ്റുചെയ്താലും അച്ഛൻ സഹിക്കണമായിരുന്നു. അത്രക്ക് രൂക്ഷമായിരുന്നു ധാർമികത എന്ന സൂക്കേട്.
പിൽക്കാലത്ത് നമ്മുടെ മനു അഭിഷേക്സിംഗ്വിയുടെ ഇതേതരം ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് സഹായി എടുത്ത് പുറത്തെത്തിച്ചത് ചില്ലറ പരിക്കൊന്നുമല്ല ഉണ്ടാക്കിയത്. സിംഗ്വിയുടെ മുറിവുകൾ ഉണങ്ങിവരുന്നേയുള്ളൂ. ഇപ്പോൾ പ്രതിപക്ഷത്തായതുകൊണ്ട് പഴുക്കാത്തതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ദേവഗൗഡയുടെ പേരമകൻ പ്രജ്വൽ കുടുംബത്തെ പെടുത്തിയത് കണ്ടില്ലേ. ആ കുടുംബത്തിന്റെ മുഖ്യമന്ത്രിമോഹം എന്നെന്നേക്കുമായി തകർന്നില്ലേ. നമ്മുടെ കേരളത്തിലെ ഒരു പ്രഖ്യാപിത മുഖ്യമന്ത്രി മെറ്റീരിയലായിരുന്നല്ലോ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയമീംമാസയിൽ നല്ല പിടിയുള്ള ചെറിയാൻ ഫിലിപ്പാണ് ഭാവി മുഖ്യമന്ത്രിയാണ് രാഹുലെന്ന് പ്രവചിച്ചത്. എന്നിട്ടോ, ആ ഭാവിയുടെ വില്ലനാണല്ലോ വയറ്റിൽ മുളച്ചത്. ശബരിമലയിലെ സ്വർണമോഷണക്കേസിൽനിന്ന് ശ്രദ്ധതിരിക്കാൻ സി.പി.എമ്മുകാർ അത് ഉപയോഗിക്കുകയാണ് എന്ന് കരയുന്നതിൽ അർഥമില്ല. അവരും മോക്ഷപ്രാപ്തിക്കല്ലല്ലോ രാഷ്ട്രീയത്തിൽ കളിക്കുന്നത്. സ്വർണമാണ് സമ്പത്ത് എന്ന് കരുതുന്നതുകൊണ്ട് അവർ അത് കൈക്കലാക്കി. കാമിനിമാരാണ് സമ്പത്ത് എന്ന് കരുതിയതുകൊണ്ട് രാഹുലൻ അതിന്റെ വേട്ടക്കിറങ്ങി. കീർത്തിയാണ് സമ്പത്ത് എന്നകാര്യം എല്ലാവരും മറന്നു. ഓ! മറന്നു, ഇത് സത്യാന്തര കാലമാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.