ഈ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു കഴിയുന്നതോടെ മലയാളത്തിന്റെ കാര്യത്തിലും ഒരു തീരുമാനമാവുമെന്നാണ് തോന്നുന്നത്. ചരമമാണോ ചരമശയ്യയാണോ എന്ന് ഫലപ്രഖ്യാപനം വരുമ്പോഴേ അറിയാന് കഴിയൂ. വോട്ടു തേടിക്കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പതിച്ചിട്ടുള്ള പോസ്റ്ററുകൾ, ഫ്ലെക്സ് ബോർഡുകൾ, ബാനറുകൾ, ചുമരെഴുത്തുകൾ എന്നിവയിലെ മലയാളമാണ് മരണത്തെപ്പറ്റി ഓർമിപ്പിക്കുന്നത്. പോസ്റ്റർ പിക്കാസോമാരുടെയും ഡിസൈൻ ദാലിമാരുടെയും ഫോട്ടോഷോപ് വാർഹോൾമാരുടെയും ചുമരെഴുത്തു രവിവർമമാരുടെയും കരവിരുതുകളാൽ ഭാഷയിലെ ലിപി, ചേർത്തെഴുത്ത്, പിരിച്ചെഴുത്ത്, ശരി, തെറ്റ് തുടങ്ങിയ പഴഞ്ചൻ പരിപാടികളെല്ലാം റദ്ദാക്കി നവമലയാളം കൊണ്ടുവന്നു കഴിഞ്ഞു. നവകേരളത്തിന് ഇനി അധികം സമയമെടുക്കില്ല.
നവകേരള മലയാളത്തിന്റെ ചില തദ്ദേശ തെരഞ്ഞെടുപ്പു മാതൃകകൾ മാത്രമേ പറയുന്നുള്ളൂ. എല്ലാം പറയുന്നതും മാതൃകാപരമല്ലല്ലോ. എല്ലാം പറയണമെങ്കിൽ ഈ കോളത്തിന് കേരളത്തോളം നീളം വേണ്ടിവരും.
മലയാളത്തിൽ പണ്ടൊന്നുമില്ലായിരുന്ന, അഥവാ, തീർത്തും നൂതനമായ ചില അക്ഷരവിന്യാസങ്ങൾ പോസ്റ്ററിലും ഫ്ലെക്സിലുമെല്ലാം നടപ്പായിട്ടുണ്ട്. പണ്ടൊക്കെ ‘മണികണ്ഠനെ വിജയിപ്പിക്കുക’, ‘ബഷീറിനെ വിജയിപ്പിക്കുക’, ‘ജോസഫിനെ വിജയിപ്പിക്കുക’,‘രമണിടീച്ചറെ വിജയിപ്പിക്കുക’ എന്നൊക്കെയായിരുന്നു പതിവ്. വോട്ടുള്ളവരും ഇല്ലാത്തവരും കാര്യം മനസ്സിലാക്കുകയും ചെയ്തിരുന്നു. ഈയിടെയായി മലയാളികൾക്ക് സ്ഥാനാർഥിയുടെ പേര് ശരിക്കു മനസ്സിലാക്കാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്നു തിരിച്ചറിഞ്ഞ പോസ്റ്റർ കലാകാരന്മാരും ചുമരെഴുത്തച്ഛൻമാരും ചില പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ‘മണികണ്ഠ’ എന്ന് വലുതായും ‘നെ’ എന്ന് തീരെച്ചെറുതായും ആണ് പുതിയ എഴുത്ത്. ബഷീറി, സമ്പത്തി, ജോസഫി, അനിൽ കുമാറി, ഷൈനി ടീച്ചറി, രമ ടീച്ച എന്നിങ്ങനെ വലുതായെഴുതി ചെറിയൊരു ‘നെ’ അല്ലെങ്കിൽ ‘റെ’ അതുമല്ലെങ്കിൽ ‘യെ’ കൂടെ പിടിപ്പിക്കുന്നതാണ് ഒരു ലിപി പരിഷ്കരണം. ‘നെ’ പോലെ ‘വിനെ’ വരുന്ന ആദേശസന്ധി പരിഷ്കരണവും നടപ്പായിട്ടുണ്ട്. സുരേഷ് ബാബു വലുതായും ‘വിനെ’ ചെറുതായും.
തീർന്നില്ല, വേറെയുമുണ്ട് നവമലയാള പരിഷ്കാരങ്ങൾ. ‘രാജശേഖരനെ വിജയിപ്പിക്കുക’ എന്നെഴുതുന്നത് തെറ്റായതുകൊണ്ട് ‘രാജശേഖരൻ നെ’ വിജയിപ്പിക്കുക എന്നാണ് പോസ്റ്റർ പാണിനിമാരുടെ ശരിപ്രയോഗം. ഇങ്ങനത്തെ അനേകം പോസ്റ്ററുകൾ നമ്മൾ കണ്ടുകഴിഞ്ഞു. ‘ജയശ്രീ ഉള്ളാടിൽ നെ’, ‘മണിലാൽ നെ’, ‘ഉഷാപുഷ്പൻ നെ’ തുടങ്ങിയ വിജയിപ്പിക്കൽ ആഹ്വാനങ്ങളും ധാരാളമായുണ്ട്. എഡിസൺ നെ, രാമകൃഷ്ണൻ, റഹ്മാൻ നെ തുടങ്ങിയ പുതിയ ചില്ലുകളും രൂപപ്പെട്ടുകഴിഞ്ഞു. ഇരട്ടിപ്പും നീട്ടിയെഴുത്തും പണ്ടേ പോയതുകൊണ്ട് ഇപ്പോൾ പരാതിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ‘ശോഭ സുരേന്ദ്രന്’ വോട്ടു ചെയ്യണമെന്ന് മതിലിലും ഫ്ലെക്സിലും നോട്ടീസിലുമെല്ലാം അഭ്യർഥനയുണ്ടായിരുന്നു. എന്തായാലും എതിർ സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. സുരേന്ദ്രന് ശോഭ വോട്ടു ചെയ്യണമെന്നായിരുന്നല്ലോ ചുമരിലും ബോർഡിലുമൊക്കെ എഴുതിയിരുന്നത്. ‘ശോഭാസുരേന്ദ്രൻ’ എന്ന് നീട്ടിയെഴുതുന്നത് തെറ്റാണെന്നു തീരുമാനിച്ച പോസ്റ്റർ പാണിനിമാരാണ് ആ വിചിത്രമായ അഭ്യർഥന നടത്തിക്കളഞ്ഞത്. ‘മന്ത്രി വീണ ജോർജ്’ എന്നൊക്കെ ടെലിവിഷൻ ന്യൂസ് ചാനലുകളിലെ സ്ക്രോൾ മലയാളപാഠാവലിയിൽ കണ്ടുകണ്ടു ശീലമായതുകൊണ്ട് ഇതൊക്കെയാണ് ശരിയെന്ന് മലയാളികൾ വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്.
വത്സലാമേനോൻ, ലീലാരവീന്ദ്രൻ, പ്രഭാവതീകുമാർ എന്നൊക്കെ നീട്ടിയെഴുതുന്നതാണ് ശരിയെന്നു പറഞ്ഞാൽ ഇനി തല്ലു കിട്ടിയേക്കും. സ്വന്തം പേര് വഷളാക്കല്ലേയെന്നു പറയാനും പേടിക്കണം. പേരിൽ ‘യെ’ ചേർത്ത് വിജയിപ്പിക്കുക എന്നെഴുതാതെ ‘രമാദേവി കെ.പി. വിജയിപ്പിക്കുക’ എന്നെഴുതിയ പോസ്റ്ററുകളുമുണ്ട്. രമാദേവി കെ.പി. മറ്റാരെയോ വിജയിപ്പിക്കണമെന്നാണ് അതിന്റെ അർഥമെന്ന് ആരു പറഞ്ഞുകൊടുക്കും. ഇനിഷ്യൽ എന്ന ഉത്പം എസ്.എസ്.എൽ.സി. ബുക്കിലും ആധാർ കാർഡിലുമെന്ന പോലെ പേരിന്റെ ഒടുവിൽത്തന്നെ എഴുതിയേ പറ്റൂ എന്ന് സ്ഥാനാർഥികൾ വിചാരിച്ചിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പുകാലത്ത് നാട്ടിലാകെ ബിന്ദു സി. മാരും രവി പി.കെ. മാരും ആണ്. തെരഞ്ഞെടുപ്പുചിഹ്നമുണ്ടെങ്കിലും ഇനിഷ്യൽ രണ്ടാമതു വന്നാലേ ആളുകൾക്ക് സമാധാനമുള്ളൂ. എന്നാൽ, വി.ഡി. സതീശനെ ആരും സതീശൻ വി.ഡി. യും വി. ശിവൻകുട്ടിയെ ആരും ശിവൻകുട്ടി വി. യുമാക്കി തെരഞ്ഞെടുപ്പു പോസ്റ്ററിൽ വയ്ക്കാറില്ല എന്ന കാര്യം ആളുകൾ സൗകര്യപൂർവം മറന്നുകളയും.
മലയാളഭാഷയെ രക്ഷിക്കാൻവേണ്ടി നവംബർ ഒന്നു തൊട്ട് ഒരാഴ്ച വരെ എല്ലാവർഷവും സർക്കാർ ഓഫിസുകളിൽ ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന ഭയങ്കരമായ പ്രസംഗങ്ങൾ (ഇയാൾ ഇങ്ങൊന്നു തീർന്നിട്ടു പോയെങ്കിൽ ഓഫിസിലെ ജനസേവനം ചെയ്യാമായിരുന്നു എന്ന മുഖഭാവത്തോടെ ഉദ്യോഗസ്ഥർ കേട്ടും കേൾക്കാതെയും ഇരിക്കുന്നു), മലയാള ഭാഷയെ രക്ഷിക്കുന്ന പ്രസ്ഥാനക്കാർ ഒരാചാരംപോലെ നടത്തുന്ന സമരങ്ങൾ തുടങ്ങിയവക്കൊന്നും മലയാളത്തെ ഇതുവരെയും ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. പക്ഷെ, തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കലാകാരന്മാർ ചിലതൊക്കെ ചെയ്തെന്നു വരും.
pkrajasekharan@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.