കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ മുൻകൈയിൽ അല്ലാതെ നടക്കുന്ന ബഹുജന സമരങ്ങളെപ്പറ്റി പറയുമ്പോൾ ആവർത്തിച്ചു കേൾക്കാറുള്ള ദുരാരോപണ പദങ്ങളാണ് ‘നുഴഞ്ഞുകയറ്റക്കാർ’ നിഗൂഢ ശക്തികൾ, തീവ്രവാദികൾ, അരാജക സംഘങ്ങൾ മുതലായവ. 2003 ഫെബ്രുവരി മാസത്തിൽ വയനാട്ടിലെ മുത്തങ്ങയിൽ നടന്ന ആദിവാസി ഭൂസമരത്തിന് നേരെയുണ്ടായ പൊലീസ്...
കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ മുൻകൈയിൽ അല്ലാതെ നടക്കുന്ന ബഹുജന സമരങ്ങളെപ്പറ്റി പറയുമ്പോൾ ആവർത്തിച്ചു കേൾക്കാറുള്ള ദുരാരോപണ പദങ്ങളാണ് ‘നുഴഞ്ഞുകയറ്റക്കാർ’ നിഗൂഢ ശക്തികൾ, തീവ്രവാദികൾ, അരാജക സംഘങ്ങൾ മുതലായവ.
2003 ഫെബ്രുവരി മാസത്തിൽ വയനാട്ടിലെ മുത്തങ്ങയിൽ നടന്ന ആദിവാസി ഭൂസമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിനെയും നരനായാട്ടിനെയും ന്യായീകരിക്കാൻ അന്നത്തെ കോൺഗ്രസ് ഭരണകർത്താക്കൾ പ്രചരിപ്പിച്ചത്, ആദിവാസികൾക്കിടയിൽ പീപ്ൾസ് ഗ്രൂപ് എന്ന മാവോവാദി സംഘടന ‘നുഴഞ്ഞുകയറി’യെന്നാണ്. 2009 സെപ്റ്റംബറിൽ വർക്കലയിൽ ശിവകുമാർ എന്ന വയോധികൻ കൊലചെയ്യപ്പെട്ടതിന്റെ പേരിൽ ഡി.എച്ച്.ആർ.എം എന്ന സംഘടനക്കെതിരെ നടന്ന അതിഭീകര പൊലീസ് വേട്ടയാടലിനെ ന്യായീകരിക്കാൻ അന്നത്തെ ഇടതുപക്ഷ സർക്കാറും അവരുടെ മാധ്യമങ്ങളും പറഞ്ഞത് അതൊരു ‘നിഗൂഢ സംഘടന’യാണെന്നാണ്.
2009 മേയ് 17ന് ബീമാപ്പള്ളിയിൽ ആറ് മുസ്ലിംകളെ വെടിവെച്ചുകൊല്ലുകയും നിരവധിപേർക്ക് പരിക്കുപറ്റുകയും ചെയ്ത ഭരണകൂട ഭീകരതയെപ്പറ്റി പൊതുബോധ പിന്തുണയോടെ ഇടതുപക്ഷ ഭരണകൂടം അഴിച്ചുവിട്ട വാദം, ആ പ്രദേശത്ത് അനിയന്ത്രിതമായ ആക്രമണ സ്വഭാവമുള്ളവരും സിവിൽ നിയമങ്ങൾ അനുസരിക്കാത്തവരുമായ ജനങ്ങളാണ് അധിവസിക്കുന്നതെന്നാണ്. 2007ൽ ചെങ്ങറയിൽ ളാഹ ഗോപാലന്റെയും സെലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ ഏറ്റവും അടിത്തട്ടിലുള്ളവരും ഭൂരഹിതരുമായ ജനങ്ങൾ നടത്തിയ സമരത്തിൽ പങ്കെടുത്തവരെ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധിക്ഷേപിച്ചത് ‘മോഷ്ടാക്ക’ളെന്നും ആക്രമണ പ്രവർത്തനം നടത്തുന്ന അരാജക സംഘമെന്നുമാണ്. ഇതേകാലത്ത് നടന്ന അരിപ്ര ഭൂസമരത്തിൽ പങ്കെടുത്തവരെയും സമാനമായ വിധത്തിൽതന്നെയാണ് അധിക്ഷേപിച്ചത്.
2018ൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ കേരളത്തിലുടനീളം വലിയ ബഹുജന പ്രതിരോധം രൂപപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മുക്കത്ത് വലിയ തോതിലുള്ള പൊലീസ് ബലപ്രയോഗം സമരക്കാർക്കെതിരെ നടക്കുകയുണ്ടായി. ഈ ആക്രമണത്തെ മറച്ചുപിടിക്കുന്നതിനുവേണ്ടി മാർക്സിസ്റ്റ് പാർട്ടിയുടെ മുഖപത്രം പ്രചരിപ്പിച്ചത്, ഏഴാംനൂറ്റാണ്ടുകാരായ ‘മത തീവ്രവാദികൾ’ കോൺഗ്രസിലും ലീഗിലും നുഴഞ്ഞുകയറി ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്നാണ്.
കഴിഞ്ഞ എട്ടുമാസത്തിലധികമായി തിരുവനന്തപുരത്ത് നടന്ന ആശാവർക്കർമാരുടെ സമര നേതൃത്വത്തിൽ എസ്.യു.സി.ഐ എന്നൊരു ചെറിയ ഇടതുപക്ഷ സംഘടനയുടെ പ്രവർത്തകരുണ്ടായിരുന്നു. ആ പേരിൽ ആശാ വർക്കർമാരുടെ സമരത്തെ പരമാവധി അവഹേളിക്കാനും, ഏറ്റവും അടിത്തട്ടിൽ പണിയെടുക്കുന്ന സ്ത്രീകൾ എന്ന പരിഗണനപോലും നൽകാതെ അവരെ വെയിലത്തും മഴയത്തും കിടത്തി നരകിപ്പിക്കാനുമാണ് ഇടതുഭരണകൂടവും അവരുടെ പാർട്ടി യന്ത്രവും ബുദ്ധിജീവികളും അഹോരാത്രം ശ്രമിച്ചത്. ഇപ്പോൾ താമരശ്ശേരിയിൽ ദീർഘകാലമായി നടന്നുവരുന്ന ഫ്രഷ്കട്ട് വിരുദ്ധ സമരത്തിൽ ഇടതുപക്ഷ പ്രവർത്തകർ ഉൾപ്പെടെ എല്ലാ പാർട്ടിക്കാരും പങ്കെടുക്കുന്നുണ്ടെങ്കിലും അവരെ നയിക്കുന്നത് മത തീവ്രവാദികൾ നുഴഞ്ഞു കയറിയാണെന്നു പ്രചരിപ്പിക്കുകയാണ് ഭരണകൂട വക്താക്കൾ ചെയ്യുന്നത്.
കേരളത്തിൽ ഇരുമുന്നണികളും മാറിമാറി ഭരിക്കുമ്പോഴും ബഹുജന സമരങ്ങളെ മേൽപറഞ്ഞ വിധത്തിൽ തേജോവധം നടത്തുന്നതും അടിച്ചമർത്തുന്നതും പതിവാണ്. എങ്കിലും ഇടതുപക്ഷ മുന്നണി അധികാരത്തിലേറുമ്പോഴാണ് ഇത്തരത്തിലെ മർദന മുറകളും ദുഷ്പ്രചാരണങ്ങളും തീവ്രമായി മാറുന്നതെന്ന് കാണാം. ഇതിനു കാരണം, മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം നടക്കുമ്പോൾ പാർട്ടി സംവിധാനവും ഭരണകൂടവും ഒന്നായി മാറുന്നു എന്നതാണ്. തൽഫലമായി, കീഴ്ത്തട്ടിലുള്ള അണികൾ മുതൽ ഉന്നത നേതൃത്വംവരെ ഭരണകൂടത്തിന്റെ നാവുകളും വക്താക്കളുമായി മാറ്റപ്പെടുന്നു. ഇവർക്കൊപ്പം ഗൃഹാതുര മാർക്സിസ്റ്റുകളും ലിബറൽ സ്ത്രീവാദികളും മറ്റും ഒത്തുചേരുകയും ചെയ്യും. മാത്രമല്ല, സാംസ്കാരിക രംഗത്തും മാധ്യമ രംഗത്തുമുള്ള നിരവധി പേരെ സർക്കാർ പരിപാടികളിൽ പങ്കാളികളാക്കി ചേർത്തുനിർത്തുകയോ നിശ്ശബ്ദരാക്കി മാറ്റുകയോ ചെയ്യും. ഇത്തരക്കാരുടെ നിർബന്ധിത നിശ്ശബ്ദതയോടൊപ്പം സിനിമയിലെയും പോപുലർ കൾച്ചറിലെയും സൂപ്പർ സ്റ്റാറുകളെ പ്രദർശന ശാലയാക്കി പൊതുമണ്ഡലത്തെ മാറ്റാനും മാർക്സിസ്റ്റ് പാർട്ടിയുടെ ഭരണ സംവിധാനത്തിലൂടെ സാധിക്കുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഫെഡറൽ തത്ത്വങ്ങളെ ബലികഴിച്ചുകൊണ്ട് കേന്ദ്ര ഭരണകൂടം പ്രാദേശിക സർക്കാറുകളുടെ വികസനത്തിന് തടസ്സം ഉണ്ടാക്കുകയാണെന്നും എല്ലാവർക്കുമറിയാം. ഇതേ അവസരത്തിൽ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വലിയ ആർഭാടത്തോടെ അനേകം ആഘോഷ പരിപാടികൾ നടത്തുകയും അതിലെല്ലാം സമൂഹത്തിലെ അതിസമ്പന്ന വിഭാഗക്കാരായ നടീനടന്മാർക്കും പോപുലർ താരങ്ങൾക്കും പൊതുമുതൽ വാരിക്കോരി കൊടുത്ത് ധൂർത്തടിക്കുന്നതും കേരളത്തിൽ പിണറായി ഭരണത്തോടെ നിലവിൽ വന്ന സാംസ്കാരിക ആഭാസമാണ്.
ഇതിനെതിരെ ആരെങ്കിലും മിണ്ടിയാൽ, സംസ്ഥാനം സ്കാൻഡിനേവിയൻ രാജ്യങ്ങൾക്ക് തുല്യമായ ആഹ്ലാദ സൂചികയിലേക്ക് കുതിക്കുകയാണെന്നും ഇവിടെ ഉണ്ടായിട്ടുള്ള വികസന സൗകര്യങ്ങൾ ന്യൂയോർക്കിനെയും ദുബൈയിയെയും കടത്തിവെട്ടുന്നതാണെന്ന് വാദിക്കുന്ന ‘വിദഗ്ധർ’ രംഗത്തുവരും. സ്വതന്ത്ര ഇടതുപക്ഷക്കാരായി നടിക്കുന്ന ഇത്തരം വിദഗ്ധരും അസംഖ്യം സോഷ്യൽ മീഡിയ ഹാൻഡിലുകളും സത്യത്തിൽ, ഭരണകൂട സുരക്ഷ അനുഭവിച്ചുകൊണ്ട് ‘മിസ് ഇൻഫോർമേഷൻ’ എന്ന വ്യവസ്ഥയെ ജനങ്ങൾക്കെതിരെ തിരിച്ചുവിടുന്ന പെയ്ഡ് ഏജൻസികളാണെന്നതാണ് വസ്തുത. ഇക്കൂട്ടരാണ് ബഹുജന സമരങ്ങളെ അവഹേളിക്കാനും അടിച്ചമർത്താനും ഭരണകൂടത്തിന് ബുദ്ധിയുപദേശിച്ചുകൊടുക്കുന്നവർ.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, മാർക്സിസ്റ്റ് മുന്നണി ഭരിക്കുമ്പോൾ പലപ്പോഴും പ്രതിപക്ഷമില്ലാത്ത അവസ്ഥ സംജാതമാകുന്നതായി അനുഭവപ്പെടുന്നതാണ്. യഥാർഥത്തിൽ പ്രതിപക്ഷമില്ലാതാകുന്നതല്ല, മറിച്ച് കീഴാളപക്ഷത്തും ബഹുജന പക്ഷത്തുമുള്ള ചെറു സംഘടനകളെയും സമരങ്ങളെയും വിമത സാന്നിധ്യങ്ങളെയും അംഗീകരിക്കാൻ ഔദ്യോഗിക മുഖ്യധാര വിസമ്മതിക്കുന്നത് മൂലമാണ് ഈ ശൂന്യത അനുഭവപ്പെടുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭരണകൂടവും ബ്യൂറോക്രാറ്റിക് മാനദണ്ഡങ്ങളിലൂടെ ചലിക്കുന്ന പാർട്ടികളും പുതുകാല ബഹുജന കർതൃത്വത്തെ രാഷ്ട്രീയമായി ഉൾക്കൊള്ളാനും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെ അംഗീകരിക്കാനും വിസമ്മതിക്കുന്നതുമൂലമാണ് ഏത് ബഹുജന സമരത്തെയും ലക്കുംലഗാനുമില്ലാതെ പിശാചുവത്കരിക്കാനും കടന്നാക്രമിക്കാനും അവർക്ക് കഴിയുന്നത്.
നുഴഞ്ഞുകയറ്റക്കാർ, നിഗൂഢ ശക്തികൾ, മത തീവ്രവാദികൾ മുതലായ പദങ്ങളെ പരിശോധിച്ചാൽ അവയെല്ലാം കൊളോണിയൽ അധിനിവേശത്തിന്റെയും സവർണ മേധാവിത്വത്തിന്റെയും മേൽനോട്ടപ്പാടിലൂടെ ഉത്ഭവിച്ചതാണെന്ന് വ്യക്തമാകും. ബഹുജനങ്ങളുടെയും അരികു വത്കരിക്കപ്പെട്ടവരുടെയും ദൈനംദിന ജീവിതാനുഭവങ്ങളും വ്യവസ്ഥക്കുള്ളിൽ അവർ നേരിടുന്ന പുറന്തള്ളലും അവഗണനകളുമാണ് മുഖ്യധാര രാഷ്ട്രീയത്തിനുപുറത്ത് ബഹുജന സമരങ്ങൾ രൂപപ്പെടാൻ കാരണമായിട്ടുള്ളത്. ഭരണകൂട ശക്തികൾ ഇത്തരം വ്യവസ്ഥകളെ തികച്ചും സംവാദവിരുദ്ധമായും അക്രമത്തിന്റെ ഭാഷയിലും പ്രതിരോധിക്കുന്നതു മൂലമാണ് അവർ കൊളോണിയൽ അധിനിവേശത്തിന്റെയും സവർണ മേധാവിത്വത്തിന്റെയും ഭാഷ കടമെടുത്തുകൊണ്ട് തിരിച്ചാക്രമിക്കുന്നതെന്ന് വ്യക്തമാണ്.
പ്രസിദ്ധ മനുഷ്യാവകാശ ചിന്തകൻ കെ. ബാലഗോപാൽ എഴുതുന്നു. ‘‘ മൗലികാവകാശങ്ങളുടെയും നിർദേശകത്വങ്ങളുടെയും പ്രത്യേക പട്ടികകൾ ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടാവുകയും ശ്രീലങ്കയിലും പാകിസ്താനിലും എഴുതിച്ചേർക്കാതെ പോയതും യാദൃച്ഛികമല്ല. 150 വർഷത്തോളം നീണ്ടുനിന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ സുദീർഘവും ത്യാഗോജ്ജ്വലവുമായ സമരങ്ങൾ ഇവിടെ നടത്തപ്പെട്ടു എന്നു തന്നെയാണിതിന് കാരണം. ഈ സമരപ്രക്രിയകളുടെ ഭാഗമായി അവകാശത്തെ സംബന്ധിച്ച ഒരു വികസിച്ച ബോധം ഇവിടത്തെ ജനങ്ങളിലുണ്ടായിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണത്തിന് മുമ്പുതന്നെ സവർണ മേധാവിത്വത്തിനും പുരുഷ മേധാവിത്വത്തിനുമെതിരെ ഇവിടെ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് എല്ലാ പൗരരെയും തുല്യനിലയിൽ കാണുന്ന ആർട്ടിക്കിൾ 14, മതത്തിന്റെയോ ജാതിയുടെയോ ലിംഗ വ്യത്യാസത്തിന്റെയോ പേരിൽ സർക്കാർ വിവേചനം കാണിക്കില്ലെന്ന വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ 15, അയിത്തത്തെ നിരോധിക്കുന്ന ആർട്ടിക്കിൾ 17 എന്നീ വകുപ്പുകൾ ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുള്ളത്’’.
ചുരുക്കിപ്പറഞ്ഞാൽ സമകാലീന ബഹുജന സമരങ്ങളെയും അരികുവത്കരിക്കപ്പെട്ടവരുടെ ചരിത്രമുന്നേറ്റങ്ങളെയും വ്യവസ്ഥയിൽനിന്ന് അടർത്തിമാറ്റിക്കാണുകയും തങ്ങളുടെ അധികാര ശേഷിയുടെ ബലത്തിൽ പുതുസംവാദങ്ങളെ അടച്ചുകളയുകയും ചെയ്യുന്നവർ ഭരണഘടനക്കും നിയമവ്യവസ്ഥക്കുമെതിരായി തന്നെയാണ് പ്രവർത്തിക്കുന്നത്. അവർ കൊളോണിയൽ അതിക്രമങ്ങളുടെയും സവർണ മേധാവിത്വത്തിന്റെയും പഴകിത്തുരുമ്പിച്ച ആയുധങ്ങൾ പുറത്തെടുക്കുന്നത് യാദൃച്ഛികമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.