മാര്‍ക്സിന്‍െറ സ്വപ്നം

മരിച്ച ഓരോ കുട്ടിയില്‍നിന്നും
കണ്ണുകളുള്ള ഒരു തോക്കുയരുന്നു
-പാബ്ളോ നെരൂദ

ലോകം കണ്ട മഹാന്മാരിലൊരാള്‍ കാള്‍ മാര്‍ക്സ് അന്തരിച്ചിട്ട് 133 വര്‍ഷങ്ങള്‍ കടന്നുപോയി. സ്വന്തം എഴുത്തുമേശക്കുമുന്നില്‍ തലചായ്ച്ചുകൊണ്ടായിരുന്നു ലോകം ഇന്നേവരെ കണ്ട ഈ വലിയ ചിന്തകന്‍ അന്തരിച്ചത്. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ അദ്ദേഹത്തിന്‍െറ സംസ്കാര കര്‍മത്തില്‍ ഒട്ടാകെ പങ്കെടുത്തത് 11 പേര്‍ മാത്രമായിരുന്നു. ഇന്ന് കാള്‍ മാര്‍ക്സിന്‍െറ ആശയങ്ങള്‍ കൊണ്ടുനടക്കുന്നവരുടെ എണ്ണം കോടിക്കണക്കിനാണ്.
മാര്‍ക്സ് തന്‍െറ പ്രഖ്യാത ഗ്രന്ഥമായ ദാസ് കാപിറ്റല്‍ എഴുതി 1867ല്‍ അതിന്‍െറ കൈയെഴുത്തുപ്രതി പ്രസാധകനയച്ചപ്പോള്‍ തന്‍െറ കൃതിയെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്: ‘എന്‍െറ ആരോഗ്യവും ജീവിത സന്തുഷ്ടിയും കുടുംബവും ബലിയര്‍പ്പിക്കപ്പെട്ട പ്രയത്നം.’ നേരായിരുന്നു അത്. അധികാരികളാല്‍ വേട്ടയാടപ്പെട്ട ജീവിതമായിരുന്നു മാര്‍ക്സിന്‍േറത്. സ്വന്തം അരുമക്കുഞ്ഞിന്‍െറ മൃതദേഹം മറവുചെയ്യാന്‍ ശവപ്പെട്ടി വാങ്ങാന്‍പോലും കാശില്ലാതെ ഞെരുങ്ങിയ മനുഷ്യന്‍. വാടകകൊടുക്കാന്‍ നിവൃത്തിയില്ലാതെ വീടൊഴിക്കപ്പെട്ട ആള്‍. വീട്ടുപകരണങ്ങള്‍പോലും ഹുണ്ടിക വ്യാപാരിക്ക് പണയംവെക്കേണ്ടിവന്ന ജെന്നി മാര്‍ക്സ് എന്ന വീട്ടുകാരി. എന്നിട്ടുമെന്നിട്ടും കാള്‍ മാര്‍ക്സ് ലോകത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് മഹത്തായ ഒരു സ്വപ്നം നല്‍കി. അന്യന്‍െറ വാക്കുകള്‍ സംഗീതംപോലെ ശ്രവിക്കുന്ന ഒരുകാലം വരുമെന്ന സ്വപ്നം. ആ സ്വപ്നം കണ്ട ആയിരങ്ങള്‍ ഈ ലോകത്തെ മാറ്റിപ്പണിയാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു.
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും ‘നല്ല നാളെ’ വരാന്‍വേണ്ടി ഇന്നിനെ ബലി നല്‍കാന്‍ തയാറായവരാണ്. ബംഗാളും കേരളവും ത്രിപുരയും മാത്രമേ ചുവന്നിട്ടുള്ളൂ എന്നത് മറ്റൊരു കാര്യം. യേശുക്രിസ്തു മാത്രമേ ഒരു യഥാര്‍ഥ ക്രിസ്ത്യാനിയായുള്ളൂ എന്നു പറയുമ്പോലെ മാര്‍ക്സ് മാത്രമേ മാര്‍ക്സിസ്റ്റ് ആയിട്ടുള്ളൂ എന്നു പറയുന്നവരും ഉണ്ട്.
അന്യന്‍െറ വേദന സ്വന്തം വേദനയായിക്കണ്ട എ.കെ. ഗോപാലന്‍ മുതല്‍ തിരുനെല്ലിക്കാട്ടില്‍ തുളവീണ നെഞ്ചുമായൊടുങ്ങിയ  വര്‍ഗീസുവരെ ഈ സ്വപ്നം നെഞ്ചേറ്റിയവരായിരുന്നു. ഒരുപാട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ടെങ്കിലും എണ്ണത്തിലും കര്‍മത്തിലും മുന്നിട്ടുനില്‍ക്കുന്നത് ഇപ്പോള്‍ സി.പി.എം ആണ്.
ഹിന്ദുത്വ ഫാഷിസത്തെ നെഞ്ചൂക്കോടെ നേരിടാന്‍ സി.പി.എം ധൈര്യം കാട്ടിയിട്ടുണ്ട്. അതിന്‍െറ വില സഖാക്കളുടെ ജീവനായി അവര്‍ക്ക് നല്‍കേണ്ടിയും വന്നിട്ടുണ്ട്. സി.പി.എമ്മിന്‍െറ  ശക്തി ക്ഷയിച്ചാല്‍ അതിന്‍െറ നേട്ടം ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കായിരിക്കും. പക്ഷേ, സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ‘നാദാപുര’വും ഫസല്‍ വധക്കേസും ന്യൂനപക്ഷങ്ങളോടുള്ള സമീപനവുമൊക്കെ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണ്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍നടന്ന ചില സമരങ്ങളെങ്കിലും ഒത്തുകളിസമരങ്ങളാണെന്ന് സാധാരണക്കാര്‍ വിശ്വസിക്കുന്നു. ജീവിച്ചിരുന്ന ടി.പി. ചന്ദ്രശേഖരനേക്കാള്‍ കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ പാര്‍ട്ടിയെ വിചാരണ ചെയ്യുന്നുണ്ട് എന്നതും നേരാണ്.
കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളില്‍നിന്നും പരിപാടികളില്‍നിന്നും ഈ പാര്‍ട്ടി പുറത്തുകടക്കണം. വിഷം തീണ്ടാത്ത പച്ചക്കറി കൃഷി തുടങ്ങിയ പുതിയ കാലത്തിന്‍െറ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു എന്നതാണ് സി.പി.എം അടുത്തകാലത്ത് നടപ്പാക്കിയ നല്ല കാര്യം. പാര്‍ട്ടി കേരളത്തില്‍ നടക്കുന്ന ചെറുതും വലുതുമായ പരിസ്ഥിതി സമരങ്ങളില്‍ ഇരകളോടൊപ്പം നില്‍ക്കണം. ദലിത്, ന്യൂനപക്ഷ, സ്ത്രീ പ്രശ്നങ്ങളോടും നവ സമരങ്ങളോടും ആഭിമുഖ്യമുള്ള ഒരു പ്രസ്ഥാനത്തെയാണ് തങ്ങളുടെ ചുവന്ന ഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുക.
പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നു ചേര്‍ന്ന് മറ്റൊരു കോണ്‍ഗ്രസായി ഗ്രൂപ്പിസം കളിക്കാന്‍ ഈ അരിവാള്‍ ചുറ്റിക നക്ഷത്രം വേണ്ടാ. ഗ്രൂപ്പുവഴക്കുകള്‍ കോണ്‍ഗ്രസുകാര്‍ക്കുതന്നെ വിട്ടുകൊടുക്കുക. മതഭീകരതപോലത്തെന്നെ അപകടകരമാണ് മതേതര ഭീകരതയും. ഗുലാം അലിയെ കേരളത്തില്‍ കൊണ്ടുവരുമ്പോള്‍ എന്തുകൊണ്ട് കൂടെ മലാലയെയും കൊണ്ടുവന്നില്ല എന്ന് ചോദിച്ചത് സി.പി.എമ്മിനൊപ്പം നില്‍ക്കുന്ന ഒരു ‘ബുദ്ധിജീവി’യാണ്. മൃദു ഹിന്ദുത്വമല്ല  മതേതരത്വം; മൃദു ഇസ്ലാമിസവും മൃദു ക്രിസ്ത്യാനിറ്റിയും മതേതരത്വമല്ലാത്തതുപോലെ.
മാറ്റം മാത്രമാണ് മാറാതെ നില്‍ക്കുന്നതെന്ന് മാര്‍ക്സിസ്റ്റുകളെ ആരും പഠിപ്പിക്കേണ്ട. അതുകൊണ്ട് അവര്‍ തെറ്റുകള്‍ തിരുത്തുമ്പോള്‍ ആരും അദ്ഭുതപ്പെട്ടിട്ട് കാര്യമില്ല (തിരുത്താന്‍വേണ്ടി മാത്രം തെറ്റുകള്‍ ചെയ്യാതിരുന്നാല്‍ മതി).
കേരളത്തില്‍ പുലയര്‍ക്കടക്കം വഴിനടക്കാനുള്ള അവകാശം നേടിത്തന്നതടക്കം സി.പി.എമ്മിന് ഒരുപാട് നേട്ടങ്ങളുണ്ടാക്കാനായിട്ടുണ്ട്. ബിഹാറിലെയും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ദലിതര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ കേരളത്തിലില്ല; ജാതിവാലും കുടുമയും ഉള്ളില്‍ സുക്ഷിക്കുന്ന അപൂര്‍വംപേര്‍ ഇവിടെയും ഉണ്ടെങ്കിലും.
നേതാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കമ്യൂണിസത്തെ ഇല്ലാതാക്കാനാവില്ല. നിരോധിച്ചും അറസ്റ്റുചെയ്തും ജനനേന്ദ്രിയത്തില്‍ ഈര്‍ക്കിള്‍ കയറ്റി പീഡിപ്പിച്ചും ചുവപ്പ് എന്ന നിറത്തെ ഈ ഭൂമിയില്‍നിന്ന് നിഷ്കാസനം ചെയ്യാനാവില്ല.
കമ്യൂണിസം ഇല്ലാതാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കേ കഴിയൂ.
ഉപസംഹാരം: ‘ഞാന്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ അവര്‍ എന്നെ പുണ്യവാളനെന്ന് വിളിച്ചു. ദരിദ്രര്‍ക്ക് ഭക്ഷണമില്ലാത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ എന്നെ കമ്യൂണിസ്റ്റ് എന്ന് വിളിച്ചു.’
-അന്തരിച്ച ബ്രസീലിയന്‍ ആര്‍ച്ച് ബിഷപ് ഡോം ഹെല്‍ദര്‍ കമാറ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.