പി.കെ. ബാലകൃഷ്ണനെ ഓര്‍ക്കുമ്പോള്‍

പി.കെ. ബാലകൃഷ്ണന്‍ ചിന്തയിലെ അപ്രതീക്ഷിതത്വം ആയിരുന്നു. എല്ലാവരും കേരളത്തെ നിര്‍മിച്ച് സംസാരിക്കാന്‍ ശ്രമിക്കുന്നകാലത്ത് അദ്ദേഹം കേരളത്തെ അഴിച്ചുവെച്ച്  (അണ്‍പാക്) സംസാരിച്ചു. ‘ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന പുസ്തകം അത്തരമൊരു അണ്‍പാക്കിങ് ആയിരുന്നു. അക്കാദമിക പരിശീലനം സിദ്ധിച്ച ചരിത്രകാരന്‍ ആയിരുന്നില്ല അദ്ദേഹം. കെ.പി. പത്മനാഭമേനോനും ഇളംകുളം കുഞ്ഞന്‍പിള്ളയും അടക്കമുള്ള ചരിത്രകാരന്മാരും അത്തരത്തില്‍ അക്കാദമിക പഠനരീതികള്‍ സ്വായത്തമാക്കിയശേഷം ചരിത്രം എഴുതിയവരല്ല. ചുറ്റുംകാണുന്ന സാമൂഹികമായ ചില സവിശേഷതകള്‍ എങ്ങനെ രൂപംകൊണ്ടു എന്ന അന്വേഷണം ചരിത്രകാരന്മാര്‍ അല്ലാത്ത ചിന്തകരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും സിവില്‍സമൂഹ പ്രവര്‍ത്തകരെയുമൊക്കെ പലപ്പോഴും ചരിത്രമെഴുത്തിലേക്ക് നിര്‍ബന്ധിക്കാറുണ്ട്. കെ. ദാമോദരനെയും എന്‍.ഇ. ബാലറാമിനെയും ഇ.എം.എസിനെയും പോലുള്ള നേതാക്കന്മാര്‍ ചരിത്രകാരന്മാരായത് സാമൂഹികമണ്ഡലത്തെ പുനര്‍വ്യാഖ്യാനിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ്. നിലനിലനില്‍ക്കുന്ന ചരിത്രധാരണകളോടുള്ള ധൈഷണികമായ ഒരു  അസംതൃപ്തി പലപ്പോഴും ഇതിനു പ്രേരകമാവാറുണ്ട്. സ്വന്തം കക്ഷിരാഷ്ട്രീയത്തിന്‍െറ സങ്കുചിതത്വങ്ങളും ശാഠ്യങ്ങളും മുന്‍വിധികളും വര്‍ഗ പക്ഷപാതിത്വങ്ങളും ചരിത്രരചനയെ സജീവവും ആപത്കരവും അതേസമയംതന്നെ കലുഷിതവുമാക്കാറുമുണ്ട്. ഇത്തരം ജ്ഞാനശാസ്ത്രപരമായ ആപത്കരത-അറിവ് എങ്ങനെ എന്നതിനെക്കുറിച്ചുള്ള സൈദ്ധാന്തികവും സാഹസികവുമായ പൊളിച്ചെഴുത്ത്-ചില മേഖലകളില്‍ അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. അത്തരത്തില്‍ ഒന്നായാണ് അദ്ദേഹം കേരളചരിത്ര രചനാമേഖലയെ വിലയിരുത്തിയത്. എന്നാല്‍, ഇതെല്ലാം അക്കാദമിക ചരിത്രരചനക്കും ബാധകമായ കാര്യങ്ങളാണ്. പക്ഷപാതിത്വങ്ങള്‍ ഇല്ലാതെ ഒരു ചരിത്രവ്യാഖ്യാനവുമില്ല. മാത്രവുമല്ല, ഓരോ തലമുറയും ചരിത്രത്തെ മാറ്റിയെഴുതാന്‍ ബാധ്യസ്ഥരുമാണ്. സ്വന്തം വര്‍ത്തമാനത്തിന്‍െറ ചരിത്രമാണ് എല്ലാ ചരിത്രവും.
ബാലകൃഷ്ണന്‍െറ ചരിത്രരചനാശ്രമങ്ങളും ആ വഴിക്കുള്ളതായിരുന്നു. കേരളീയ ജാതിവ്യവസ്ഥിതിയുടെ രൂപവത്കരണത്തെക്കുറിച്ചുള്ള ഒരു പുനരന്വേഷണം ജാതിബന്ധിതമായ കേരളീയ ആധുനികതയെ മനസ്സിലാക്കുന്നതിന് ആവശ്യമാണ് എന്നദ്ദേഹം വിശ്വസിച്ചു. ജാതിഉന്മൂലനം എന്ന യുട്ടോപ്യന്‍ അജണ്ടയുമായി ഇറങ്ങുക ആയിരുന്നില്ല അദ്ദേഹം. മറിച്ച്, ജാത്യാസമത്വങ്ങള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതകളെ ഇഴപിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ജാതി തെറ്റോ ശരിയോ എന്ന ചോദ്യമല്ല അദ്ദേഹമുയര്‍ത്തിയത്. ആ ചോദ്യം അപ്രസക്തമാണ് എന്നല്ല. എന്നാല്‍, ജാത്യാസമത്വം വ്യക്തിസമത്വത്തിന്‍െറ രാഷ്ട്രീയംകൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത നരവംശ യാഥാര്‍ഥ്യമാണ് കേരളത്തിലും ഇന്ത്യയിലും എന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടുതന്നെ അതിന്‍െറ പ്രാദേശിക സവിശേഷതകളും ആഴത്തില്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട് എന്നതിന് അദ്ദേഹം ഊന്നല്‍നില്‍കി. അതുവരെ ലഭ്യമായിരുന്ന കേരളചരിത്രം ഉപദാനങ്ങളെ ഉപയോഗിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത സമ്പ്രദായത്തിന്‍െറ അടിസ്ഥാനത്തില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ ചരിത്രരചനയില്‍ നടത്താന്‍ കഴിയില്ല എന്നൊരു ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍നിന്ന് ഒരു വിച്ഛേദം അനിവാര്യമാണ് എന്നതായിരുന്നു അദ്ദേഹത്തെ നയിച്ച അടിസ്ഥാനപരമായ ഉള്‍ക്കാഴ്ച.
നവോത്ഥാനം അവശേഷിപ്പിച്ച ജാത്യാസമത്വത്തോട് കേരളീയസമൂഹം എങ്ങനെ പ്രതികരിക്കണം എന്ന ചോദ്യമാണ് ബാലകൃഷ്ണന്‍െറ ചരിത്രരചനയെ രാഷ്ട്രീയവത്കരിച്ചത്. അയ്യങ്കാളിയും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മൂന്നു വ്യത്യസ്തരീതികളില്‍ ജാതിയെ കണ്ടവരാണ്. ഇവരെയെല്ലാം ഒരേ നവോത്ഥാനത്തിന്‍െറ ചരിത്രത്തില്‍ അടയാളപ്പെടുത്തുമ്പോഴും ചില അടിസ്ഥാന വ്യത്യസ്ഥതകള്‍ വിസ്മരിക്കപ്പെടാന്‍ പാടില്ല. നമ്പൂതിരിമേധാവിത്വത്തിന്‍െറ ചരിത്രപശ്ചാത്തലത്തെ ദ്വേഷത്തോടെ വിലയിരുത്തിയ ശൂദ്രസ്വത്വമായിരുന്നു ചട്ടമ്പിസ്വാമികളുടെ രചനയില്‍ തെളിഞ്ഞുവന്നത്. ശൂദ്രരാഷ്ട്രീയത്തിന്‍െറ ചരിത്രാവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന സ്വമതവിമര്‍ശവും ഇതരമതഛേദനവും അദ്ദേഹം നടത്തിയിരുന്നു. ജാതിയെ ഒരു സാമൂഹികരൂപം എന്നരീതിയില്‍ വിലയിരുത്തുമ്പോള്‍ അത് ഹിന്ദുമതത്തിന്‍െറ ഏത് ദാര്‍ശനിക സാക്ഷാത്കാരത്തിന് അംഗീകരിക്കാനാവും എന്ന ചോദ്യത്തില്‍നിന്നാണ് ശ്രീനാരായണഗുരു തുടങ്ങുന്നത് എന്നു കാണാം. അദ്ദേഹം മറ്റൊരു ജാതിപരിഷ്കര്‍ത്താവ് എന്ന സ്ഥാനത്തുനിന്ന് മതദാര്‍ശനികതയുടെ നവവ്യാഖ്യാതാവിന്‍െറ നിലയിലേക്ക് മാറുകയായിരുന്നു. താന്‍ ദാര്‍ശനികമായി തിരിച്ചറിഞ്ഞ ജാതിയുടെ നിഷ്ഫലത അദ്ദേഹത്തെ അതിനെ നിരാകരിക്കാന്‍ പ്രേരിപ്പിച്ചു. മാത്രമല്ല, അദൈ്വതത്തിന്‍െറ ഒരു സമകാലവ്യാഖ്യാനം മതബോധത്തത്തെന്നെ പിടിച്ചുലക്കുന്നതായി ഗുരു മനസ്സിലാക്കി.  എല്ലാവരും ഉപേക്ഷിക്കേണ്ടതാണ് ജാതിയും മതവും എന്ന നിര്‍ണായകമായ നിഗമനത്തില്‍ അത് അദ്ദേഹത്തെ എത്തിച്ചു. സ്വന്തം നിരീക്ഷണത്തിന്‍െറ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കാന്‍ ദാര്‍ശനികന്‍ എപ്പോഴും ബാധ്യസ്ഥനല്ല. അയ്യങ്കാളിയാവട്ടെ, സ്വന്തം കീഴാളത്തത്തെ രാഷ്ട്രീയമായി മനസ്സിലാക്കുകയും നിരന്തരമായ രാഷ്ട്രീയപോരാട്ടത്തിലൂടെ മാത്രമേ ജാത്യാസമത്വത്തിന്‍െറ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍തന്നെ സാധ്യമാവുകയുള്ളൂ എന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്തു . അതാണ് അദ്ദേഹത്തെ അസാമാന്യനായ ഒരു പോരാളി ആക്കിയത്. ഈ മൂന്ന് ഇടപെടലുകളിലൂടെ ജാതിരാഷ്ട്രീയം കേരളത്തില്‍  എത്തിച്ചേര്‍ന്ന ചില തീര്‍പ്പുകളോട് പ്രതികരിക്കുന്ന ചരിത്രരചനയായിരുന്നു ബാലകൃഷ്ണന്‍ അവതരിപ്പിച്ചത്.
അതില്‍ തെറ്റുകളുണ്ടാവാം. എന്നാല്‍, മറ്റു ചരിത്രകാരന്മാര്‍ എഴുതിക്കൂട്ടിയ തെറ്റുകളിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുകയായിരുന്നു എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. അദ്ദേഹത്തിന്‍േറത് കേവലം തിരുത്തല്‍വാദചരിത്രം ആയിരുന്നില്ല. സമീപനത്തിലാണ് അദ്ദേഹം അട്ടിമറി കൊണ്ടുവന്നത്. രീതിയിലെ വിധ്വംസകത  എന്നത് കേവലമായ അട്ടിമറിയല്ല. വിഗ്രഹഭഞ്ജനത്തിന്‍െറ വെറും വിധ്വംസകത ആയിരുന്നില്ല അത്. ഒരു പുതിയ  പരിപ്രേക്ഷ്യമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇങ്ങനെ സമഗ്രമായി ഒരു മറുവശം കാണാന്‍ അതിസൂക്ഷ്മമായ വായനയുടെ ജാഗ്രതകൊണ്ടേ സാധ്യമാവൂ. ഇളംകുളം സ്കൂള്‍ പിന്നെ ശാന്തമായി ഉറങ്ങിയിട്ടില്ല കേരളഹിസ്റ്റീരിയോഗ്രാഫിയില്‍. ഇന്ന് ജാതിസമരത്തിന്‍െറ മുദ്രാവാക്യങ്ങള്‍ മാറിയിരിക്കുന്നു. ഭാഷയുടെ സൂക്ഷ്മമായ ഇഴകളില്‍പോലും ജാത്യാധീശത്വത്തിന്‍െറ പ്രത്യയശാസ്ത്രം പതിയിരിക്കുന്നത് തിരിച്ചറിയാനും വെല്ലുവിളിക്കാനുമുള്ള സാംസ്കാരികരാഷ്ട്രീയം സ്വത്വാധിഷ്ഠിതമായ സിവില്‍സമൂഹ ഇടപെടലുകള്‍ മുന്നോട്ടുകൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ ജാതിരാഷ്ട്രീയത്തിന്‍െറ ഗോത്രപാരമ്പര്യവും ഉള്‍പ്പിരിവുകളും പരസ്പര സംഘര്‍ഷങ്ങളും ഏത് ചരിത്രരൂപവത്കരണത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നത് ഇന്ന് ബാലകൃഷ്ണന്‍െറ ഉള്‍ക്കാഴ്ചകളുടെയുംകൂടി അടിസ്ഥാനത്തില്‍വേണം പരിശോധിക്കപ്പെടാന്‍.
പൂര്‍വസൂരികളെ വിമര്‍ശിക്കാന്‍ നടത്തിയ ‘തെളിവില്ലായ്മയുടെ കഷണ്ടിയില്‍ കവിതകൊണ്ടുള്ള ചരിത്രമെഴുത്ത്’ എന്ന ആ പ്രയോഗം ഒരിക്കലും മറക്കില്ല. സാഹിത്യത്തില്‍ പ്രധാനമായും എന്തുകൊണ്ട് അദ്ദേഹം ചന്തുമേനോനെയും കുമാരനാശാനെയും കുറിച്ചെഴുതി എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. 19ാം നൂറ്റാണ്ടില്‍നിന്ന് മറ്റാരും 20ാം നൂറ്റാണ്ട് കടക്കില്ല എന്ന നിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു എന്നുതോന്നുന്നു. അതിനുമപ്പുറം, ആധുനികതയെ നിര്‍വചിക്കുന്നതിന് ഈ രണ്ട് എഴുത്തുകാരുടെ സാഹിത്യം അനിവാര്യമായും പഠിക്കപ്പെടേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞുതരുകയായിരുന്നു. അവിടെ ഒതുങ്ങിനില്‍ക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടുന്നില്ല. പക്ഷേ, ആധുനികതയെക്കുറിച്ചുള്ള വായനയുടെ രാഷ്ട്രീയവും സാമൂഹികപരവുമായ ചട്ടക്കൂട് നിര്‍മിക്കാന്‍ ആദ്യം തയാറായവരില്‍ പ്രമുഖനാണ് അദ്ദേഹം. അദ്ദേഹത്തിന്‍െറ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന പുസ്തകം ഒരു നോവല്‍ മാത്രമല്ല, അത് മാരാരുടെ ഭാരതപര്യടനത്തെ വെല്ലുന്ന ഒരു പാത്രവിമര്‍ശംകൂടിയാണ്. ഒരു പുതിയ ആശയം ഉള്ളില്‍തറക്കാതെ നാം ബാലകൃഷ്ണന്‍െറ ഒരു പുസ്തകവും വായിച്ചു താഴ്ത്തിവെക്കുന്നില്ല എന്നതാണ് എന്‍െറ അനുഭവം. എണ്‍പതുകളില്‍ ഞാന്‍ ചില സ്വതന്ത്ര ഗ്രൂപ്പുകളുമായിചേര്‍ന്ന്  സ്വാശ്രയവിദ്യാഭ്യാസം, പ്രീഡിഗ്രി വേര്‍പെടുത്തല്‍  തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശയപ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. ആ വേദികളിലാണ് അദ്ദേഹത്തെ വ്യക്തിപരമായി പരിചയപ്പെടുന്നത്. പതിഞ്ഞ പ്രഭാഷണങ്ങളായിരുന്നു അദ്ദേഹത്തിന്‍േറത്. അദ്ദേഹത്തോടൊപ്പം ചില യോഗങ്ങളില്‍ പങ്കെടുത്തു. എഴുത്തിലെ ധിഷണ അദ്ദേഹം പറയുന്ന ചെറിയ വാചകങ്ങളിലും തിളങ്ങി. പ്രഭാഷണത്തിനുവേണ്ട കരുതലുകളും -എം.എന്‍. വിജയനും അഴീക്കോടും മറ്റും എടുത്തിരുന്ന ഭാഷാകേളിപരമായ കരുതലുകള്‍- ട്വിസ്റ്റുകളും ഒന്നും അദ്ദേഹം എടുത്തിരുന്നതായി ഓര്‍ക്കുന്നില്ല. ഋജുവായ ഒരു ശൈലി ആയിരുന്നു. മാധ്യമം പത്രാധിപര്‍ ആയിരുന്നു അദ്ദേഹം ഏറെക്കാലം.  
ശ്രീനാരായണഗുരുവിന്‍െറ ധൈഷണികമായ സംഭാവനകളെക്കുറിച്ചുള്ള വിചിന്തനം തിയോളജിക്ക് പുറത്ത്, എന്നാല്‍, യാന്ത്രിക ഭൗതികവാദവിമര്‍ശത്തിന്‍െറ വൈകല്യങ്ങളില്ലാതെ എങ്ങനെ തുടങ്ങണം എന്ന് ബാലകൃഷ്ണന്‍ കാട്ടിത്തന്നു. ബാലകൃഷ്ണനെ അറിയാതെ പോകുന്നുണ്ടെങ്കില്‍ അത് അദ്ദേഹം എഴുതിയത് പലതും അറിയാന്‍ കഴിയാത്തതുകൊണ്ടുകൂടിയാണ്. അദ്ദേഹം അവഗണിക്കപ്പെടുകയല്ല, സ്വന്തം ജ്ഞാനപരിപ്രേക്ഷ്യം പലരെയും അദ്ദേഹത്തിന്‍െറ ധൈഷണികതയുടെ മാനങ്ങള്‍ തേടുന്നതില്‍നിന്ന് അബോധപൂര്‍വം വിലക്കുകയാണ്.  അങ്ങനെകൂടിയാണ് അദ്ദേഹം മരണാനന്തരവും വിജയിച്ചുനില്‍ക്കുന്നത്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.