മലയാളിയാണോ, കമ്യൂണിസ്റ്റ് ആയിരിക്കും !!

 82ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസ് ആയിരുന്നു നേരിട്ടുള്ള എന്‍െറ ആദ്യ സാര്‍വ ദേശീയ സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്, മുഷ്താഖ് എന്ന പി.എ മുഹമദ് കോയാ സാറും മുഹമദ് കോയാ നടക്കാവും അന്ന് ഒരുപാടു സഹായിച്ചിരുന്നു. ദില്ലിയില്‍ നിന്ന് എത്തിച്ചിരുന്ന വാര്‍ത്തകള്‍ പ്രധാന്യത്തോടെ പ്രസിദ്ധപ്പെടുത്തുവാനും ,അന്നത്തെ അനുഭവങ്ങള്‍ അപ്പുവിന്‍െറ ഡയറി എന്ന പേരില്‍ പുസ്തകമാക്കുവാനും, പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ അതിശയമാണ്, എനിക്ക് എങ്ങിനെ ഇതിനൊക്കെ കഴിഞ്ഞു....!! എത്രയെത്ര സാര്‍വ ദേശീയ മത്സരങ്ങള്‍ ലോകകപ്പു ഫുട്ബോള്‍, ലോകകപ്പുഹോക്കി, ലോക അത്ലെറ്റിക്സ്,ഒളിമ്പിക്സ്, യൂത്ത് ഒളിമ്പിക്സ്, യുറോകപ്പുഫുട്ബോള്‍ ,യുറോഅത്ലെറ്റിക്സ് ഏഷ്യന്‍ഗെയിംസുകള്‍ വിംബിള്‍ഡന്‍ ടെന്നീസ് .......ഫുട്ബാളിലെ എത്രയോ യുറോപ്യന്‍ ലീഗ് മത്സരങ്ങള്‍.....!!! എല്ലാം മാധ്യമത്തിനു വേണ്ടി ആയിരുന്നു എന്നതായിരുന്നു അതിശയകരമായ മറ്റൊരു സവിശേഷത !!, അവിസ്മരണീയമായ ഒരു പാട് ഓര്‍മകള്‍ കടന്നുപോയ ഈ 34 വര്‍ഷത്തെ അന്താരാഷ്ട്ര അനുഭവങ്ങളില്‍ ഉണ്ടായിട്ടുണ്ട് എങ്കിലും 2006 ലെ ജര്‍മന്‍ ലോകകപ്പിലെ ഒരു അനുഭവം മങ്ങാതെ മായാതെ മനസ്സില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നു... ഗൃഹാതുരത്വം പോലെ അതു ചിലപ്പോഴൊക്കെ ഓര്‍മയുടെ അതിരുകള്‍ മറികടന്ന് എത്തുകയും ചെയ്യുന്നു.....!!

2006 ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പു ഫുട്ബാളിനുള്ള അക്രഡിറ്റെഷനുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള അറിയിപ്പ് കിട്ടിയത് പുതുവര്‍ഷത്തില്‍ ആയിരുന്നു , അതിനു മുന്‍പുതന്നെ മാധ്യമം കൗണ്‍ഡൌണ്‍ തുടങ്ങിയിരുന്നു,അപേക്ഷ സബന്ധിച്ച കടലാസുകള്‍ ഒക്കെ അന്ന് ഞാന്‍ അസ്സയിന്‍ കാരന്തൂരിനാണ് അയച്ചു കൊടുത്തിരുന്നത് റിക്കാര്‍ഡ് വേഗത്തില്‍ അതൊക്കെ തയാറാക്കി മാധ്യമത്തില്‍ നിന്ന് നേരിട്ട് ഫീഫയിലേക്ക് അയക്കുവാനുള്ള എല്ലാ സംവിധാനവും ചെയ്തത് അദ്ദേഹമായിരുന്നു ഇടയ്ക്കിടയ്ക്ക് വിളിച്ചു ഞാന്‍ ബുദ്ധിമുട്ടിപ്പിച്ചിട്ടുമുണ്ട് ഫുട്ബോള്‍ കാലങ്ങളിലൂടെ എന്ന എന്‍െറ പുസ്തകം തയാറാക്കുവാനായി ഫീഫയുടെ സഹായം ലഭിച്ചിരുന്നു ,അങ്ങിനെയാണ് ലോക ഫുട്ബോള്‍ സംഘടനയുടെ കമ്യുണിക്കേഷന്‍ ഡയറക്റ്ററായ "ആന്ദിരിയാസ് ഹെരനു"മായി പരിചയപ്പെട്ടത്, പെട്ടന്ന് ഒരു ദിവസം അദ്ദേഹത്തിന്‍്റെ ഒരു സന്ദേശം..., അയച്ചുകൊടുത്ത അപേക്ഷക്ക് ഒപ്പമുള്ള രേഖകളില്‍ ചിലതില്‍ അപാകതകള്‍ ഉണ്ട് അത് പരിഹരിച്ചു അന്ന് വൈകുന്നേരത്തിനു മുന്‍പ് തിരിച്ചയക്കണം അല്ലങ്കില്‍ അപേക്ഷ നിരസിക്കും , ഉദ്വോഗജനകമായ നിമിഷങ്ങളായി പിന്നെ.., ജീവിതത്തില്‍ പിന്നീടു ഒരിക്കലും തിരിച്ചു കിട്ടാനാകാത്തവിധമുള്ള ഒരവസരം നഷ്ടമാവുകയാണോ , ഉടനെ ഞാന്‍ അസൈന്‍ കാരന്തൂരിനെ വിളിച്ചു വിവരമറിയിച്ചു.., അതിശയിപ്പിക്കുന്ന വേഗത്തില്‍ അദേഹം അവിടെ കാര്യങ്ങള്‍ നീക്കി ഉച്ചക്ക് മുന്‍പ് അന്ന് അവിടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ഉണ്ടായിരുന്ന രേണുജോര്‍ജിന്‍്റെ ഒരു മെയില്‍ എല്ലാ രേഖകളും ശരിപ്പെടുത്തിക്കൊണ്ടുള്ളത്,അപ്പോള്‍ തന്നെ അത് ഫീഫക്ക് റീഡയറക്റ്റു ചെയ്യാനായതുകൊണ്ട് എനിക്ക് അക്രഡിറ്റെഷന്‍ അനുവദിച്ചു കിട്ടി........ കൊളോണ്‍ നഗരത്തിലുള്ള "റൈന്‍ എനര്‍ജി" സ്റ്റേഡിയത്തില്‍ നിന്ന് അക്രഡിറ്റെഷന്‍ രേഖകള്‍ കൈപ്പറ്റുവാനുള്ള അറിയിപ്പ് ആഹ്ളാദകരമായ അനുഭവമായിരുന്നു അടുത്തദിവസം രാവിലെ തന്നെ ട്രെയിനില്‍ ഞാന്‍ അങ്ങോട്ടേക്ക് പുറപ്പെട്ടു. നേരിട്ടവര്‍ ഒരു പടമെടുത്തു അത് കഴുത്തില്‍ ഇടുവാനുള്ള പാസ്സില്‍ ഒട്ടിച്ചു ലാമിനേറ്റു ചെയ്തു.
 

 

 

നിമിഷനേരം കൊണ്ട് അക്രഡിറ്റെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു, ആ രേഖയുണ്ടെങ്കില്‍ ജര്‍മനി മുഴുവന്‍ ഒന്നാം ക്ളാസ്സില്‍ സഞ്ചരിക്കുവാനുള്ള അനുമതിയും കളി എഴുതുവാന്‍ എത്തുന്നവര്‍ക്ക് ലഭിച്ചിരുന്നു അതായത് അക്രഡിറ്റെഷന്‍ കഴുത്തില്‍ ഉണ്ടങ്കില്‍ ഒരുമാസം സൗജന്യ യാത്ര....!! അക്രഡിറ്റെഷന് ശേഷമുള്ള എന്‍റെ മടക്കയാത്ര അങ്ങിനെ സര്‍ക്കാര്‍ ചെലവിലായി, കൊളോണ്‍ നഗരത്തിലെ "ഹബുട്ട് ബാന്‍ ഹോഫില്‍" നിന്നും (സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ) ഞാന്‍ ലൈപ്സിശ് നഗരത്തിലേക്കുള്ള ഇന്‍്റര്‍സിറ്റി എക്സ്പ്രസ്സില്‍ ആണ് കയറിയത് ,ഇടക്ക് ഹാനോഫര്‍ സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു വണ്ടിയില്‍ കയറിവേണം തുടര്‍ യാത്ര, കഴുത്തില്‍ ഐ.ഡി കാര്‍ഡ് തൂക്കിയിരുന്നു, കാരണം അതായിരുന്നല്ളോ യാത്രാരേഖ, ഞാന്‍ കയറിയപ്പോള്‍ തന്നെ ലാപ്ടോപ്പില്‍ മുഖം ഒളിപ്പിച്ചിരുന്ന ആജാന ബാഹുവായ ഒരു മുഴുകഷണ്ടിക്കാരന്‍ എന്നെ തുറിച്ചു നോക്കാനായി ലാപ് ടോപ്പില്‍ നിന്ന് മുഖത്തിനു മോചനം കൊടുത്ത് ,അയാളുടെ വശത്തെ ഒഴിഞ്ഞ സീറ്റിലായിരുന്നു ഞാന്‍ ഇരുന്നത് കക്ഷി ഗൗരവത്തില്‍ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി പേടിപ്പിച്ചിരുന്നു..,

പടച്ചോനെ വല്ല നിയോ നസിയോ മറ്റോ ആണോ ......എന്താണ് പഹയന്‍്റെ ഭാവം, കുറെക്കഴിഞ്ഞപ്പോള്‍ നോട്ടം സൗമ്യ ഭാവത്തിലായി.., അതോ എന്‍റെ സംശയമോ ,അപ്പോഴേക്കും വണ്ടി വിട്ടുകഴിഞ്ഞിരുന്നു, അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും വലിയ രണ്ടു ചാക്കുകള്‍ പോലുള്ളസഞ്ചിയുമായി അതെ വലുപ്പമുള്ള ഒരു മദാമ എന്‍്റെ സീറ്റ നടുത്ത് വന്നു ഒരു മയവും ഇല്ലാതെ പറഞ്ഞു "ദസ് ഈസ്റ്റ് മൈന്‍ പ്ളറ്റ്സ്" ഇത് എന്‍്റെ സീറ്റാണ് അപ്പോഴാണ് എനിക്ക് മനസിലായത് അക്രഡിറ്റെഷന്‍ കഴുത്തില്‍ ഉണ്ടായാല്‍ പോരാ അതു കാണിച്ചു നേരത്തെ റിസര്‍വേഷന്‍ വാങ്ങണമെന്ന് എന്തായാലും അതൊരു അനുഭവപാഠമായി എന്നാല്‍ ഇപ്പോള്‍ യാത്ര മുടങ്ങുമല്ളോ എന്നുകരുതി സഞ്ചിയും തൂക്കി എണീറ്റ് മാറിയപ്പോഴാണ് നേരത്തെ തുറിച്ചു നോക്കി പേടിപ്പിച്ച മൊട്ടത്തലയന്‍ കൈ കാട്ടി വിളിച്ചിട്ട് നല്ല അമേരിക്കന്‍ ഇംഗ്ളീഷില്‍ പറഞ്ഞത് ഈ സീറ്റ് ഹാനോഫര്‍ വരെ ഫ്രീ ആണ് ഇവിടെ ഇരുന്നോളൂ, പേടിച്ചിട്ടു ആണെങ്കിലും ഞാന്‍ ആ ക്ഷണം സ്വീകരിച്ചു, ചെന്നിരുന്നതും നിനച്ചിരിക്കാത്ത ഒരു ചോദ്യം" മലയാളി ആണല്ളേ "ശരിക്കും വിസ്മയം കൊണ്ട് ഞാന്‍ ഒന്ന് ഞെട്ടി, ജാള്യത മറച്ചു വെക്കാതെ ഞാന്‍ ചോദിച്ചു അത് എങ്ങിനെ മനസിലായി ആശാന്‍ വിശാലമായിട്ടൊന്നു ചിരിച്ചു എന്നിട്ട് പരിചയക്കാരന്‍്റെ മട്ടില്‍ പറഞ്ഞു മലയാളികളെ ഒറ്റ നോട്ടത്തില്‍ എനിക്ക് തിരിച്ചറിയാനാകും ,,,,,,.പിന്നെയായിരുന്നു വിശദീകരണം ഞാന്‍ ജനിച്ചപ്പോഴേ എന്‍്റെ അമ്മയില്‍ നിന്ന് കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞിരുന്നു ,

പിന്നെ ഞാന്‍ വൈദ്യ ശാസ്ത്രമാണ് പഠിച്ചത് അന്നും തുടര്‍ന്ന് ഡോക്ടറായി പണി എടുത്തപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്ന സഹായികളില്‍ അധികവും നിങ്ങളുടെ നാട്ടുകാരായിരുന്നു അതുകൊണ്ടായിരുന്നു നിങ്ങള്‍ കയറിയപ്പോഴേ ഞാന്‍ ശ്രദ്ധിച്ചത് കളി എഴുതുവാന്‍ എത്തിയ മലയാളിയാണെന്ന് ഞാന്‍ അപ്പോഴേ മനസിലാക്കിയിരുന്നു ...!! എന്നാല്‍ അതിലും വലിയ വിസ്മയം പിന്നെ വരാന്‍ ഇരിക്കുന്നുവെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല , എന്‍െറ പുതിയ പരിചയക്കാരന്‍്റെ പേര് ഫ്രാങ്ക്, ഡോ ഫ്രാങ്ക് ബോയിം, ജര്‍മന്‍ ആര്‍മി മെഡിക്കല്‍ കോറിലെ സര്‍ജനാണ്, ഇപ്പോള്‍ ലാന്‍ഡ്ഹൂട്ട് അക്കാഡമിയിലാണ് , അദ്ദേഹത്തിന്‍െറ അമ്മ ജനിച്ചതും വളര്‍ന്നതും ലൈപ്സിഷ് നഗരത്തിലാണ് അവിടുത്തെ വിഖ്യാതമായ "ലൈപ്സിഗര്‍ സൈറ്റൂoഗിനറെ" വിദേശ കാര്യ ലേഖിക ഒരുപാടു, തവണ ഇന്ത്യയില്‍ പോയിട്ടുണ്ട് കേരളത്തിലും, താങ്കളെ കാണുവാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകും എന്ന് പറഞ്ഞു അദേഹം എന്‍െറ നമ്പര്‍ വാങ്ങി വച്ച് അപ്പോഴേക്കും വണ്ടി ഹാനോഫറില്‍ എത്തി, നല്ല നമസ്കാരം പറഞ്ഞു ഞാന്‍ അവിടെ ഇറങ്ങി അടുത്ത പ്ളാറ്റ്ഫൊമില്‍ തന്നെയുണ്ടായിരുന്ന എന്‍െറ വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു. ജൂണ്‍ 14 ന് ലൈപ്സിഷ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്പൈനും ഉക്രയിനും തമിലുള്ള മത്സരമാണ്. തിരക്കൊഴിവാക്കാനായി നേരത്തെ ഞാന്‍ മീഡിയ സെന്‍ട്രനിലുള്ളില്‍ കയറി കളി രേഖകള്‍ പരതുന്നതിനിടയില്‍ എന്‍െറ മൊബയില്‍ ശബ്ദിച്ചു, ഒട്ടും പരിചയമില്ലാത്ത ഒരു ലാന്‍ഡ് ഫോണ്‍ നമ്പര്‍ തിരക്കിനിടയിലും ഞാന്‍ അതെടുത്തു ഹലോ നല്ല ഘനത്തില്‍ ഉള്ള ശബ്ദം, ഞാന്‍ ബോയിം എന്‍െറ മകന്‍ ഫ്രാങ്ക് നിങ്ങളെക്കുറിച്ച് പറഞ്ഞു, സമയം കിട്ടുമെങ്കില്‍ എന്നെഒന്നു കാണണം ,അങ്ങോട്ട് വരാന്‍ എനിക്ക് നിര്‍വാഹമില്ലത്തതു കൊണ്ടാണ്, നോര്‍ത്ത് റയിന്‍ വെസ്റ്റ്ഫാലിയയിലെ "ഹാന്‍" എന്ന സ്ഥലത്താണ്, വിലാസവും അവര്‍ അറിയിച്ചു, എനിക്കാണെങ്കില്‍ അധിക മത്സരങ്ങളും അവരുടെ അടുത്തുള്ള സ്ഥലങ്ങളിലാണ് ഗെല്‍ഷന്‍ക്ര്ശനിലും ഡോര്‍ട്ട് മുണ്ടിലും അടുത്ത ദിവസം തന്നെ ഞാന്‍ ചെന്ന് കാണാമെന്നു ഉറപ്പും കൊടുത്ത്,ഈ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മാതൃഭൂമിക്ക് വേണ്ടി ലോകകപ്പു പകര്‍ത്തുവാന്‍ എത്തിയ ശശീന്ദ്രനെ കണ്ടത്തെിയത് .

തുടര്‍ന്ന് സെമിയും ഫൈനലും ഒക്കെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു കണ്ടതും പകര്‍ത്തിയതും, നല്ല ഒരു സൗഹൃദമായതു ഇന്നും തുടരുന്നു പതിനേഴാം തീയതി രണ്ടാമത്തെകളി ഇറ്റലിയും അമേരിക്കയും തമ്മിലായിരുന്നു "ഗെല്‍ഷന്‍ ക്ഷ്രനില്‍" അതിനു എനിക്ക് മാച് ടിക്കറ്റും ഉണ്ടായിരുന്നു അതുകൊണ്ട് അന്ന് രാവിലെ കാറിലാക്കിയാത്ര ,കാരണം കുറച്ചു അധിക ദിവസങ്ങളില്‍ അവിടെ താമസിക്കണം ,അന്നെനിക്ക് ഉണ്ടായിരുന്നത് ഫോര്‍ഡ് ഫോക്കസ് ആയിരുന്നു. വെളുപ്പിനെ കാറില്‍ കയറി ജി പി എസ്സില്‍ മിസ്സിസ് ബോയിം അറിയിച്ച റോഡ് എന്‍്റര്‍ ചെയ്തു യാത്ര തുടങ്ങി. ഒരുകിലോമീറ്റര്‍ മുന്നില്‍ വലതു ഇടതു നേരെ എന്നൊക്കെയുള്ള മുന്നറിയിപ്പുകള്‍ അനുസരിച്ച് ഞാന്‍ പാഞ്ഞുപോയി , വൈകുന്നേരമായപ്പോള്‍ "റാറ്റ് വിറ്റ്സര്‍ സ്ട്ട്രാസേ 25" ന് മുന്‍പില്‍ ഞാനത്തെി ,നേരെ ചെന്ന് പ്രധാന വാതിലിലെ പേരില്‍ വിരലമാര്‍ത്തിയപോള്‍,"വീ ബിറ്റെ " എന്താണ് ആരാണ് എന്ന അര്‍ഥത്തിലുള്ള ഒരു ചോദ്യം ഞാനാണ് എന്നറിയിച്ചപ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം ഒപ്പം ഒരു നിര്‍ദേശവും മൂന്നാം നിലയിലേക്ക് നടന്നു കയറുക 'അവിടെ എത്തിയപ്പോഴേക്കും നേരെ മുന്നിലുള്ള വാതില്‍ തുറന്നു ഹൃദയം പുറത്തുകാണുന്ന ചിരിയുമായി നല്ല പ്രായമുള്ള ഒരുപാട് ഉയരവും ആട്യത്വo പ്രതിഫലിക്കുന്ന മുഖവും ഉള്ള ഒരമ്മ ഒരു കയ്യില്‍ വാക്കിംഗ്സ്റ്റിക്കുമായി എന്നെ വരവേല്ക്കുവാന്‍ ഉണ്ടായിരുന്നു ........ മുറിയിലേക്ക് കടന്നപ്പോള്‍ ക്ഷമാപണത്തോടെ അവരറിയിച്ചത് ഇന്നലെ എന്‍്റെ എണ്‍പത്തിയഞ്ചാമാത്തെ പിറനാളായിരുന്നു അതിന്‍്റെ ആഘോഷം എന്‍റെ ബന്ധുക്കള്‍ അവശേഷിപ്പിച്ചിട്ടാണ് പോയിരിക്കുന്നത് ഒന്നും ഒതുക്കിയിട്ടില്ല, കേട്ടപ്പോള്‍ അല്‍പ്പം ജാള്യത തോന്നി ഒരു പൂക്കൂട കരുതാന്‍ കഴിയാതിരുന്നതില്‍ അറിഞ്ഞിരുന്നുവെങ്കില്‍ വഴിക്ക് വച്ച് വാങ്ങാമായിരുന്നു എന്നാല്‍ സന്ദര്‍ശക മുറിയില്‍ കയറിയപ്പോള്‍ അവിടെ ഒരു വസന്തംതന്നെ ഒരുക്കിയിരുന്നു എവിടെയും പൂക്കള്‍ മാത്രം....

ഒരു മേശയില്‍ ചൂടുള്ള കടുപ്പം കൂടിയ കോഫിയും പലതരം കേക്കുകളും ഇരുന്ന ഉടനെ അവര്‍ പറഞ്ഞത് എന്‍്റെ മകന്‍ ഫ്രാങ്ക് അറിയിച്ചത് മലയാളി പത്രക്കാരനെ കണ്ടുവെന്നാണ് ,ഉറപ്പായും ഒരു കമ്യുണിസ്റ്റുകാരനാകുമെന്നു ഞാന്‍ പറഞ്ഞിരുന്നു അവനോടു,എന്തായിരുന്നു അതിനുള്ള കാരണമെന്നുള്ള എന്‍്റെ ചോദ്യം കേട്ടവര്‍ കുറെ നേരം കണ്ണടച്ചിരുന്നു എന്നിട്ട് മെല്ളെ പറഞ്ഞുതുടങ്ങി ,ഞാന്‍ ജീവിച്ചത് കിഴക്കാന്‍ ജര്‍മനിയില്‍ ആയിരുന്നു ,ഫ്രാങ്കിന്‍്റെ അച്ഛന്‍ ഹെല്‍മുട്ട് കെ.പി.ഡി യിലെ അതെ നിരോധികപെട്ട ജര്‍മന്‍ കമ്യുണിസ്റ്റ് പാര്‍ടിയിലെ അംഗമായിരുന്നു ഞാന്‍. ജി.ഡി.ആര്‍ സര്‍ക്കാരിന്‍്റെ മുഖപത്രമായ "ഫൊല്‍ക്സ് സൈറ്റൂംഗിലെ" ജീവനക്കാരിയും നിങ്ങളുടെ നാട്ടില്‍ ചരിത്രത്തില്‍ ആദ്യമായി കമ്യുണിസ്റ്റ് പാര്‍ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയപ്പോള്‍ ഈസ്റ്റ് ജര്‍മന്‍ സര്‍ക്കാരിന്‍്റെ പ്രധിനിധിയായി അവിടെ എത്തിയ ടെലിഗേഷനില്‍ ഞാനും ഉണ്ടായിരുന്നു,വാര്‍ത്താ വിഭാഗത്തില്‍ ,അതിശയത്തോടെ ഞാന്‍ അത് കേട്ടിരുന്നപ്പോള്‍ അവര്‍ പഴയ ഒരു ആല്‍ബം തുറന്നുകാണിച്ചു, അന്നത്തെ മുഖ്യമന്ത്രി EMS ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ വാര്‍്ത്തവന്ന അവരുടെ പത്രത്തിലെ ചിത്രങ്ങള്‍ അത് കണ്ടു ഞാന്‍ തരിച്ചിരുന്നു പോയി, അവരുടെ കണ്ണുകളിലെ തിളക്കം ആരാധനയോടെ ഞാന്‍ നോക്കിയിരുന്നപ്പോഴാണ് ലോക ഫുട്ബാളിനെക്കുരിച്ചുള്ള അവരുടെ അറിവ് എന്നെ വീണ്ടും വിസ്മയിപ്പിച്ചത്,

ക്ളിന്‍സ്മാന്‍ എന്ന കളിക്കാരന്‍്റെ കൈകളില്‍ ജര്‍മന്‍ ടീം സുരക്ഷിതമാണെന്നും പോഡോള്‍സ്കിയും ഷ്വൈന്‍ സ്റ്റയിഗറും കൂടി അവരെ കലാശക്കളിക്ക് എത്തിക്കുമെന്നും അവരരിയിച്ചപ്പോള്‍ ഞാന്‍ അന്തം വിട്ടത് കേട്ടിരുന്നു ചരിത്രത്തിന്‍്റെ ഭാഗമായ ഒരു വലിയ മഹതിക്കു ഒപ്പമിരുന്നു ഇന്നലയുടെ യാഥാര്‍ത്യങ്ങള്‍ പങ്കുവച്ചപ്പോള്‍ സമയം പറന്നകന്നത് ഞാന്‍ അറിഞ്ഞില്ല കളി മിസ്സ് ആകുമെന്നും ഇനിയും 60 കിലോമീറ്റര്‍ പിന്നിടാന്‍ ഉണ്ട് എന്നരിയിച്ചപ്പോഴെക്കും അവര്‍ എഴുനേറ്റു നടന്നു അകത്തേക്കുപോയി മനോഹരമായ ചെറിയ ഒരു നീല കവറുമായി തിരിച്ചു വന്നു അത് എന്‍്റെ കൈയില്‍ ഏല്‍പ്പിച്ചു കൊണ്ട് പറഞ്ഞു വീട്ടില്‍ ചെന്നിട്ടെ തുറന്നു നോക്കാവൂ എന്ന് എന്തുകൊണ്ടോ അത് നിരസിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല ,വിജയകരമായ കളി എഴുത്ത് ആശംസിച്ചു അവര്‍ എന്നെ യാത്രയാക്കി , കാറില്‍ കയറിയപ്പോഴേ ആകാംഷയോടെ ഞാന്‍ ആ കവര്‍ തുറന്നു നോക്കി, രണ്ടു 200 യൂറോ നോട്ടുകള്‍ 400 യുറോ, ഒപ്പം ഒരു കാര്‍ഡില്‍ വലിയ കൈ അക്ഷരത്തില്‍ ഒരു കുറിപ്പും "ബെന്‍സീന്‍ ഗെല്‍ഡു......പെട്രോളിനുള്ള കാശ്, എല്ലാംകൊണ്ടും അവരെന്നെ വിസ്മയിപ്പിച്ചുകളഞ്ഞു അറിയാതെ എന്‍്റെ കണ്ണുകളില്‍ നിന്ന് രണ്ടു തുള്ളികണ്ണു നീര് ഒഴുകി വീണത് തുടച്ചുമാറ്റി മെല്ളെ ഗെല്‍ഷന്‍ ക്ര്ശനിലേക്ക് ഞാന്‍ വണ്ടിയോടിച്ചുപോയി.., അസ്വാസ്ഥ്യ ജനകമായിരുന്നു അപ്പോഴും എന്‍റെ മനസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.