ബാരിസ്റ്റര്‍ പിള്ളയും പൗരരാഷ്ട്രീയ ചരിത്രവും

തിരുവനന്തപുരത്ത് നടന്ന കേരള ചരിത്ര കോണ്‍ഗ്രസിന്‍െറ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ബാരിസ്റ്റര്‍ ജി.പി. പിള്ള അനുസ്മരണപ്രഭാഷണത്തിന് എന്നെ ക്ഷണിച്ചിരുന്നു. സന്തോഷപൂര്‍വം അതേറ്റെടുത്തു. അനുസ്മരണപ്രഭാഷണങ്ങള്‍  അനുസ്മരിക്കുന്ന വ്യക്തിയെക്കുറിച്ച പ്രഭാഷണം ആവണമെന്നില്ല. ആ സ്മരണയില്‍ നടത്തുന്ന പ്രഭാഷണമാണ്. ജി.പി. പിള്ള ജനിക്കുകയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ പേരില്‍ പുറത്താക്കപ്പെടുകയും ചെയ്ത തിരുവിതാംകൂറിലെ സമരപാരമ്പര്യങ്ങളെ സ്വാംശീകരിച്ചിട്ടുള്ള തെക്കന്‍പാട്ടുകളിലെ കീഴാളചരിത്രത്തെ കുറിച്ചായിരുന്നു ഞാന്‍ പ്രധാനമായും സംസാരിച്ചത്. എന്നാല്‍, ആമുഖമായി ജി.പി. പിള്ളയെ എനിക്ക് വേണ്ടിത്തന്നെ ഒന്നുകൂടി കണ്ടത്തെണം എന്നുതോന്നി. അദ്ദേഹത്തിന്‍െറ രാഷ്ട്രീയത്തിലെ ആ വഴികള്‍ ഞാന്‍ വെറുതെ ഒന്ന് പിന്തുടര്‍ന്നു. കേരളത്തിന്‍െറ നവോത്ഥാനചരിത്രം എന്നൊക്കെ പറഞ്ഞുപോകുമ്പോള്‍ അതിലെ ചില സൂക്ഷ്മമായ കണ്ണികളും അവയുടെ പ്രാധാന്യവും വിസ്മരിക്കപ്പെടാറുണ്ട്. അല്ളെങ്കില്‍, ചില വ്യക്തികളും സംഭവങ്ങളും ചരിത്രപ്രക്രിയകളില്‍ ഇടപെട്ട സവിശേഷസന്ദര്‍ഭങ്ങളെയും അവയുടെ സ്വാധീനത്തെയും  മതിയായ രീതിയില്‍ വിശകലനം ചെയ്യാതെ വിടുന്നു.

കേരളചരിത്രത്തില്‍ ജി.പി. പിള്ളക്കുള്ളത് തന്‍െറ നാടായ തിരുവിതാംകൂറില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഒരു സ്വതന്ത്രമണ്ഡലം ഉണ്ടാവേണ്ടതിന്‍െറ ആവശ്യകത തിരിച്ചറിയുകയും സിവില്‍സമൂഹ ഇടപെടലുകളുടെ  നിര്‍ണായകസ്വഭാവം മനസ്സിലാക്കി ധീരമായ നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്ത ഒരു പൊതുപ്രവര്‍ത്തകന്‍െറയും  പത്രാധിപരുടേയും  സ്ഥാനമാണ്.  അദ്ദേഹം 1864ല്‍ ജനിച്ച് 1903ല്‍ അന്തരിച്ചു. ഹ്രസ്വമായ 39 വര്‍ഷത്തെ ജീവിതംകൊണ്ട് അദ്ദേഹം ഒരു നാടിന്‍െറ ചരിത്രത്തില്‍ തീക്ഷ്ണമായ രാഷ്ട്രീയമുന്നേറ്റങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും കാരണക്കാരനായി. സ്വാതന്ത്ര്യബോധവും സിവില്‍സമൂഹ ശക്തികളുടെ ഐക്യവും എന്നത് അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനധാരകള്‍ ആയിരുന്നു. ഇത് മനസ്സിലാക്കുന്നതിന് അദ്ദേഹത്തിന്‍െറ ഇടപെടലുകളുടെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രഹരശേഷി തിരിച്ചറിയേണ്ടതുണ്ട്.

രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ പേരില്‍ തിരുവനന്തപുരത്ത് മഹാരാജാസ് കോളജില്‍നിന്ന് (ഇന്നത്തെ യൂനിവേഴ്സിറ്റി കോളജ്)  പുറത്താക്കപ്പെട്ടയാള്‍, എം.കെ. ഗാന്ധി ആത്മകഥയില്‍ പരാമര്‍ശിച്ച ഒരേ ഒരു മലയാളി എന്നതൊക്കെ സംഭവബഹുലമായ ആ ജീവിതത്തിലെ പ്രധാന ഏടുകള്‍തന്നെ. 1880ല്‍ 16 വയസ്സുള്ള ഒരു കോളജ് വിദ്യാര്‍ഥി ആയിരിക്കെ ‘മലയാളിസഭ’ രൂപവത്കരിക്കുകയും ആധുനികാശയങ്ങള്‍ മറ്റു വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത അദ്ദേഹം ദിവാന്‍ വെമ്പായം രാമയ്യങ്കാര്‍ക്കെതിരെ  കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘വെസ്റ്റേണ്‍ സ്റ്റാര്‍’ എന്ന പത്രത്തില്‍ ലേഖനമെഴുതി എന്ന് ആരോപിക്കപ്പെട്ട്  1882ല്‍ കോളജില്‍നിന്ന് നിഷ്കാസിതനായതോടെയാണ് പ്രവര്‍ത്തനരംഗം മദ്രാസ് ആക്കുന്നത്. അവിടെവെച്ചാണ് ഗാന്ധിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത്. രാജവാഴ്ചയുടെയും ഉദ്യോഗസ്ഥമേധാവിത്വത്തിന്‍െറയും നേരെ ശബ്ദമുയര്‍ത്താന്‍ അദ്ദേഹം തയാറായത് അത്തരം ആശയങ്ങള്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും  അറിയുകപോലുമില്ലാതിരുന്ന കാലത്തായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അദ്ദേഹം ദിവാനെതിരെ ലേഖനങ്ങള്‍ എഴുതുന്നതും പത്രപ്രവര്‍ത്തനം നടത്തുന്നതും വക്കം മൗലവിയും സ്വദേശാഭിമാനിയുമൊക്കെ ചിത്രത്തില്‍ വരുന്നതിനും ദശാബ്ദങ്ങള്‍ക്ക് മുമ്പാണ്. നിശിതവും നിര്‍ഭയവുമായ അധികാരവിമര്‍ശത്തിന്‍െറ ആദ്യരൂപം നമുക്ക് നല്‍കിയത് സ്വദേശാഭിമാനിയല്ല, ജി.പി. പിള്ള ആണ്. സ്വദേശാഭിമാനി അദ്ദേഹത്തിന്‍െറ ജാതിരാഷ്ട്രീയത്തിന്‍െറ പേരില്‍ വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കില്‍, ജി.പി. പിള്ള ഓര്‍ക്കപ്പെടുന്നത് ജാത്യാധീശത്വ വിരുദ്ധരാഷ്ട്രീയത്തിന്‍െറ പേരില്‍ക്കൂടിയാണ്. വ്യക്തികള്‍ക്കെതിരെയുള്ള വിമര്‍ശലേഖനങ്ങള്‍ മാത്രമല്ല, സാമൂഹിക വ്യവസ്ഥിതിയെയും ആചാരങ്ങളെയും തുറന്നെതിര്‍ക്കു ന്ന നിലപാടുകളും ജി.പി. പിള്ള കൈക്കൊണ്ടിരുന്നു.

‘മദ്രാസ് സ്റ്റാന്‍ഡേര്‍ഡ്’ എന്ന പത്രത്തിലൂടെ തന്‍െറ രാഷ്ട്രീയവിചാരങ്ങളും വിമര്‍ശങ്ങളും പങ്കുവെച്ച അദ്ദേഹം ആധുനിക രാഷ്ട്രീയത്തിന്‍െറ ഭാഷയില്‍ പൗരാവകാശങ്ങളെക്കുറിച്ചും പൗരാഭിപ്രായത്തിന്‍െറ ആവശ്യകതയെക്കുറിച്ചും നിരന്തരം ഓര്‍മി പ്പിച്ച് കേരളത്തില്‍ ഒരു പൊതുമണ്ഡലം രൂപപ്പെടുന്നതിനുള്ള അടിത്തറ രൂപപ്പെടുത്തുകയായിരുന്നു.  1885ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രൂപവത്കൃതമായപ്പോള്‍ മുതല്‍ ആ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1889 മുതല്‍ കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുതുടങ്ങി. 1894ല്‍ അതിന്‍െറ ദേശീയ ജനറല്‍ സെക്രട്ടറിയായി.

കേരളത്തിന്‍െറ രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്ന 1891ലെ മലയാളി മെമ്മോറിയലിന്‍െറ പ്രമുഖ ആസൂത്രകരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. കേരളത്തില്‍ ശൂദ്രരാഷ്ട്രീയത്തിന് അടിത്തറ പാകുന്നതില്‍ മലയാളി മെമ്മോറിയല്‍ പ്രധാനപങ്ക് വഹിച്ചപ്പോള്‍ കീഴാള പിന്നാക്കവിഭാഗങ്ങള്‍ പിന്തള്ളപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ജി.പി. പിള്ള ഡോ. പല്‍പുവുമായി ചേര്‍ന്ന് ഈഴവ മെമ്മോറിയലിനു മുന്‍കൈയെടുത്തു. അന്ന് കേരളത്തില്‍ വികസിച്ചുവന്ന ശൂദ്രരാഷ്ട്രീയത്തിന്‍െറ തോടുപൊളിച്ച് പൗരാവകാശമണ്ഡലത്തില്‍ ഉണ്ടാവേണ്ട ജനാധിപത്യമുന്നണിയെക്കുറിച്ച് സംസാരിച്ച ആദ്യകാല ശൂദ്രപ്രതിനിധിയും ജി.പി. പിള്ളതന്നെ. അതുകൊണ്ടാണ് അദ്ദേഹം സവര്‍ണരുടെ പിന്മാറ്റത്തിനുശേഷവും കീഴാള പിന്നാക്കവിഭാഗങ്ങളോടൊപ്പം നിലയുറപ്പിച്ചത്. ഈഴവരുടെ പ്രശ്നങ്ങള്‍ ഇംഗ്ളണ്ടിലെ കോമണ്‍സഭയുടെയും കോണ്‍ഗ്രസ് സമ്മേളനങ്ങളുടെയും മുന്നിലത്തെിച്ചത് ജി.പി. പിള്ളയാണ്. അദ്ദേഹത്തിന് ഇതിനായി ഇംഗ്ളണ്ടിലേക്ക് പോകാന്‍ സാമ്പത്തികസഹായം നല്‍കുന്നത് ഡോ. പല്‍പുവാണ്. 19ാം നൂറ്റാണ്ടിന്‍െറ അവസാനത്തെ ദശകത്തിലെ കേരളത്തില്‍ ദൂരവ്യാപകമായ സ്വാധീനമുള്ള രണ്ടു പ്രസ്ഥാനങ്ങളുടെ നായകസ്ഥാനത്ത് ജി.പി. പിള്ള ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല, അതിന്‍െറ അടിസ്ഥാനമായ പൗരബോധരാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്കു വഹിക്കുകയും ചെയ്തു.  

മാത്രമല്ല, ഇന്നേറെ കൊട്ടിഘോഷിക്കപ്പെടുന്ന ‘കേരളമാതൃക’യുടെ ആദ്യവിമര്‍ശകനും അദ്ദേഹമായിരുന്നു. 19ാം നൂറ്റാണ്ടില്‍  അത് ‘തിരുവിതാംകൂര്‍ മാതൃക’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് കേരളമാതൃകയില്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്ന  സവിശേഷതകള്‍ അന്ന്  തിരുവിതാംകൂര്‍ സര്‍ക്കാറിനാണ് ചാര്‍ത്തപ്പെട്ടിരുന്നത്. മാധവറാവുവിന്‍െറ കാലത്ത് ബ്രിട്ടീഷുകാര്‍ നല്‍കിയ സ്ഥാനമാണ് ‘മാതൃകാ നാട്ടുരാജ്യം’ എന്നത്. നാമിന്നും അത് ആഘോഷിക്കുന്നുണ്ട്. എന്തിന്, അതിന് വളരെക്കാലത്തിനുശേഷം ചിത്രത്തില്‍ വന്ന പല രാഷ്ട്രീയരൂപങ്ങളും ഇത് തങ്ങളുടെ ഭരണ-സമര നേട്ടമാണെന്ന് അവകാശപ്പെടുന്നുമുണ്ട്. പോസ്റ്റ് കൊളോണിയല്‍ ഐറണി ഒന്നും ആഫ്രിക്കന്‍ സാഹിത്യത്തില്‍ ഒക്കെ കാണുന്നതുപോലെ ശക്തമായി മലയാളസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഇത്തരം പ്രവണതകളുടെ വിമര്‍ശവ്യവഹാരങ്ങള്‍ അധികം കാണാനില്ല എന്നേയുള്ളൂ. ചിരിക്കേണ്ടവര്‍ക്ക് ചിരിക്കാന്‍ ഏറെ വക അല്ലാതെതന്നെ ഉണ്ട്.  ജി.പി. പിള്ള ഈ ‘മാതൃകാ നാട്ടുരാജ്യ’ സങ്കല്‍പത്തെ പരസ്യമായി വെല്ലുവിളിച്ചു. അതിന്‍െറ ആന്തരികമായ പിന്തിരിപ്പന്‍ രാഷ്ട്രീയത്തെ വിസ്മരിച്ച് നല്‍കുന്ന ചെല്ലപ്പേരാണിതെന്ന് പറയുകയായിരുന്നു അദ്ദേഹം ആ വിമര്‍ശങ്ങളിലൂടെ.

എന്നാല്‍, അദ്ദേഹത്തിന്‍െറ വിമര്‍ശങ്ങള്‍ കേവലം തിരുവിതാംകൂറിലെ ഭരണത്തില്‍മാത്രം ഒതുങ്ങിനിന്നില്ല. ബ്രിട്ടീഷ് ബ്യൂറോക്രസിയെയും അദ്ദേഹം വെല്ലുവിളിച്ചു. ലോര്‍ഡ് വെന്‍ലോക്, ലോര്‍ഡ് കഴ്സണ്‍ തുടങ്ങിയവര്‍ക്കെതിരെ അദ്ദേഹം ലേഖനങ്ങളെഴുതി. കോണ്‍ഗ്രസിന്‍െറ കൊല്‍ക്കത്ത സമ്മേളനത്തില്‍ സൗത് ആഫ്രിക്കയിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന വംശീയപ്രശ്നങ്ങള്‍ അവതരിപ്പിച്ച് വര്‍ണവിവേചനത്തിനെതിരെ  ആഞ്ഞടിച്ചു. സിവില്‍സമൂഹ രാഷ്ട്രീയത്തിന്‍െറ പ്രാദേശിക ആഗോളബന്ധങ്ങള്‍ നന്നായറിയുന്ന ആളായിരുന്നു അദ്ദേഹം.  

ഇന്ന് കേരളത്തില്‍ സ്വതന്ത്രവിമര്‍ശത്തിന്‍െറ മണ്ഡലം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ചേരികളില്‍ പെടാത്ത അമൂര്‍ത്തമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നില്ല എന്നത് സത്യമാണ്. ചേരികള്‍ എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്‍െറ ചേരികള്‍ മാത്രമാണ് എന്ന വികലമായ ധാരണ ശക്തമായി വേരൂന്നിയിരിക്കുന്നു. തങ്ങളോടൊപ്പം അല്ളെങ്കില്‍, അപ്പുറത്തെ ചേരിയില്‍ എന്ന പഴയ ബുഷ് ന്യായം പടര്‍ന്നുപിടിക്കുന്നു. ജി. പി. പിള്ളയുടെ സ്വതന്ത്രരാഷ്ട്രീയം അദ്ദേഹത്തെ എത്തിച്ചത് ജനാധിപത്യത്തിന്‍െറ ചേരിയിലാണ്. വിമര്‍ശരഹിതമായി ഒന്നിനെയും സ്വീകരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. സിവില്‍സമൂഹ ഇടപെടലുകളുടെ അടിസ്ഥാനം ഈ പൗരരാഷ്ട്രീയമാണ്. അതിന്‍െറ ചേരികള്‍ കേവലമായ കക്ഷിരാഷ്ട്രീയത്തില്‍ സ്വന്തം അതിരുകള്‍ അവസാനിപ്പിക്കുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.