സംവാദങ്ങളുടെ വാതിലുകൾക്ക് താഴിടരുത്

കാഴ്ച നഷ്ടപ്പെട്ടവർ
ഞങ്ങളെ കുരുടരെന്ന് വിളിക്കുന്നു
എന്നാൽ
വരാനിരിക്കുന്ന കാലത്തിെൻറ
നിറമെന്തെന്ന് കണ്ടെത്താൻ
നീ ഞങ്ങളെ പഠിപ്പിച്ചു
കേൾവി നഷ്ടപ്പെട്ടവർ
ഞങ്ങളെ ബധിരരെന്ന് വിളിക്കുന്നു
..........................................
...........................................
വർഗീയവാദികൾ ഞങ്ങളെ
മനുഷ്യശത്രുക്കളെന്ന് വിളിക്കുന്നു
–ഓട്ടോറെത്ര കാസ്തിയോയുടെ ഒരു കവിതയിൽനിന്ന്

ന്ത്യൻ സംസ്കാരത്തിെൻറ അടിസ്ഥാന മൂല്യങ്ങളായ ബഹുസ്വരതയും സഹിഷ്ണുതയും കൈവിടാൻ അനുവദിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പലതവണ പറയുകയുണ്ടായി. ഗോമാംസം കഴിച്ചുവെന്ന പേരിൽ യു.പി യിലെ ദാദ്രിയിൽ രാജ്യം കാക്കുന്ന ഒരു സൈനികെൻറ പിതാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി തല്ലിക്കൊന്ന സംഭവത്തിെൻറ പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതിയുടെ ആദ്യ പരാമർശം. നാനാത്വം ആഘോഷിച്ച, സഹിഷ്ണുതക്കുവേണ്ടി വാദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് നമ്മുടേതെന്നാണ് രാഷ്ട്രപതി ഓർമിപ്പിച്ചത്. ഈ അടിസ്ഥാന സാംസ്കാരിക മൂല്യങ്ങളാണ് നൂറ്റാണ്ടുകളായി നമ്മെ ഒരുമിപ്പിച്ചു നിർത്തുന്നത്.
സഹിഷ്ണുതയും ഭിന്നാഭിപ്രായക്കാരോട് ബഹുമാനവും പ്രകടിപ്പിക്കണമെന്ന് മറ്റൊരവസരത്തിലും രാഷ്ട്രപതി അഭിപ്രായപ്പെടുകയുണ്ടായി.
ഒടുവിൽ പുരസ്കാരങ്ങൾ തിരികെനൽകുന്ന പ്രതിഷേധത്തോട് യോജിപ്പില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. തീർച്ചയായും സംവാദങ്ങൾതന്നെയാണ് വേണ്ടത്. കർണാടകയിൽ കൽബുർഗി ഉയർത്തിവിട്ട ആശയങ്ങൾ ചർച്ചയായില്ല. അന്ധവിശ്വാസത്തിനും വിഗ്രഹാരാധനക്കുമെതിരെ അദ്ദേഹമെഴുതിയത് സംവാദത്തിന് വിധേയമാക്കുന്നതിന് പകരം ഒരുതോക്കുകൊണ്ടാണ് ആ വാക്കുകൾ നേരിട്ടത്. അവിടെ സംവാദം അസാധ്യമാക്കിയത് ഹിന്ദുത്വ ഫാഷിസ്റ്റുകളാണ്.
ദാവങ്കരൈ യൂനിവേഴ്സിറ്റിയിൽ ജേണലിസം പി.ജി രണ്ടാം വർഷ വിദ്യാർഥിയായ ഹുഛംഗി പ്രസാദ് ‘ഒടല കിച്ചു’ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഒടല കിച്ചു’ എന്നതിന് ‘ഉള്ളിലുള്ള അഗ്നി’ എന്നാണർഥം. അംബേദ്കറിെൻറ പ്രഭാഷണങ്ങളും എഴുത്തുകളും ആ പുസ്തകത്തിെൻറ രചനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഹുഛംഗി. കെ.എസ്. ഭഗവാനാണ് പുസ്തകം പ്രകാശനംചെയ്തത്. പുസ്തകത്തിലെ ആശയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ആശയത്തെ ആയുധംകൊണ്ടാണ് ഫാഷിസ്റ്റുകൾ നേരിട്ടത്.

പുസ്തകം ഹൈന്ദവർക്കെതിരെയാണെന്നും ഹുഛംഗി പ്രസാദ് ദലിതനായി ജനിച്ചത് മുജ്ജന്മത്തിൽ നീചകൃത്യം ചെയ്തതിനാലാണെന്നും പറഞ്ഞ് അദ്ദേഹത്തിെൻറ കൈവെട്ടുകയാണ് ചെയ്തത്. മൂർച്ചയുള്ള കത്തികൊണ്ടായിരുന്നു ഇവിടെ സംവാദം. സംവാദം നടക്കുന്നുണ്ടോ?
ബീഫ് റാലിയിൽ പങ്കെടുത്തതിനും വർഗീയതക്കെതിരെ എഴുതിയതിനും ചേതന തീർഥഹള്ളിക്കെതിരെ കൊലവിളി നടത്തുന്നവർ പറഞ്ഞത് അവർ എഴുതുന്ന വെബ്പോർട്ടലിെൻറ ഉടമ ഒരു മുസ്ലിമാണെന്നാണ്. ചേതന ഒരു മുസ്ലിമുമായി പ്രേമത്തിലാണെന്നാണ്. സംവാദത്തിനു പകരം ഇങ്ങനെയുള്ള ആരോപണങ്ങളുമായി ശാരീരികമായി ഉന്മൂലനംചെയ്യാൻ വരുന്നവരോട് സംവാദത്തെക്കുറിച്ച് എന്തുപറയാനാണ്?
രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നുവെന്ന് ഏറ്റവും ഒടുവിൽ വന്ന ആമിർ ഖാെൻറ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഒരു വിഭാഗം ജനങ്ങൾക്കിടയിൽ ഭയം വളർന്നുവരുകയാണെന്നും രാജ്യം വിടേണ്ടിവരുമോയെന്ന് തെൻറ ഭാര്യപോലും ചോദിച്ചെന്നും ആമിർഖാൻ പറയുമ്പോൾ ഐ.സി.യുവിൽ കിടക്കുന്ന ഇന്ത്യൻ മതേതരത്വത്തെക്കുറിച്ച് ഒരു സംവാദവും നടക്കുന്നില്ല. മറിച്ച്, ആമിർഖാൻ വേണമെങ്കിൽ രാജ്യം വിട്ടുപോകട്ടെയെന്നാണ് ഭരിക്കുന്ന കക്ഷിയുടെ നേതാക്കൾ പറയുന്നത്. ഇവരൊക്കെ പറയുന്നത് കേട്ടാൽ ഇന്ത്യാരാജ്യം ഇവരുടെ അമ്മായിയപ്പന്മാർ സ്ത്രീധനമായി ഇവർക്ക് എഴുതിക്കൊടുത്തതാണെന്ന് തോന്നും (സ്ത്രീധനം എന്ന് കേട്ടാൽ ഏത് ‘അതികായനായ’ മതേതരവാദിക്കും മധുരിക്കും. ആദർശവും ആമാശയവും വേറെ).
സംവാദങ്ങളുടെ വാതിലുകൾ കൊട്ടിയടക്കുന്നത് ഹിന്ദുത്വ ഫാഷിസ്റ്റുകൾ മാത്രമല്ല. ഇതൊക്കെപ്പറയാൻ നീയാര് എന്ന് ചോദിക്കുന്ന മതേതരത്വത്തിെൻറ മുഖംമൂടിയണിയുന്ന സംഘ്പരിവാറിെൻറ ഓമനകളായ ‘ദേശീയ മുസ്ലിം’കളുണ്ട് (ഭാഗ്യവശാൽ ഈ സംഘം കുറ്റിയറ്റുപോയിരിക്കുന്നു. അവശേഷിക്കുന്നത് ഒന്നോ രണ്ടോ പേർ). മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, ഈ അസഹിഷ്ണുതയെക്കുറിച്ച് പ്രതികരിച്ചിരുന്നുവെങ്കിൽ അവർ ചോദിച്ചേക്കും– ഒരു ദേശീയ പത്രം നിലവിലുള്ളപ്പോൾ ‘അൽ അമീൻ’ എന്ന അറബിപ്പേരിൽ ഒരു പത്രം തുടങ്ങിയ താങ്കളൊക്കെ മതസൗഹാർദത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും സംസാരിക്കുന്നതെന്തിനാണ്? സംവാദം ആര് നടത്തണമെന്ന് അധികാരിവർഗമല്ല തീരുമാനിക്കേണ്ടത്.

സംവാദം അസാധ്യമാക്കുന്നത് വ്യക്തിവിരോധത്തിൽ അധിഷ്ഠിതമായ സമീപനമാണ്. വ്യക്തികളല്ല ആശയങ്ങളാണ് ഏറ്റുമുട്ടേണ്ടത്? ‘അപ്പോൾ നിങ്ങൾ എവിടെയായിരുന്നു?’ എന്നുള്ള ചോദ്യങ്ങളല്ല, ഉത്തരങ്ങളാണ് ഉത്തരവാദപ്പെട്ടവർ പറയേണ്ടത്.
ചിലർ ചോദ്യങ്ങൾ ചോദിക്കാനും മറ്റുചിലർ മറുപടി പറയാനും മാത്രമുള്ളവരാണെന്ന് വരരുത്. രാജ്യസ്നേഹം, ദേശീയത തുടങ്ങിയവ ആരുടെയും കുത്തകയുമല്ല.
സംവാദത്തിെൻറ താഴിട്ട വാതിലുകൾ നമുക്ക് തുറക്കാം.
ശവങ്ങളുടെ ഉടുതുണി പറിക്കുന്ന നേതാക്കൾ
വർഗീയകള്ളം പറഞ്ഞ് ഒരു പുത്തൻ കാടത്തം കെട്ടിപ്പടുക്കുന്ന അധ്യാപകർ,
അവർ തലച്ചോറുകൊണ്ട് കുട്ടിക്കരണം മറിയുന്നു.
–സച്ചിദാനന്ദൻ മൊഴിമാറ്റിയ ഒരു തെലുങ്ക് കവിതയിൽ നിന്ന്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.