സാര്‍ഥകമാകുന്ന ഉഭയകക്ഷി സംഭാഷണം

പൊടുന്നനവെയാണ് കാലാവസ്ഥ പ്രസന്നമായത്. നവാസ് ശരീഫും നരേന്ദ്ര മോദിയും പാരിസില്‍ മിനിറ്റുകള്‍ മാത്രം ആശയവിനിമയം നടത്തിയതോടെ ഉഭയകക്ഷി ബന്ധങ്ങളില്‍ മൂടിനിന്ന മഞ്ഞുപാളി ഉരുകാന്‍ തുടങ്ങി. പരസ്പര ഭിന്നതകള്‍ അതിശയോക്തിപരമാണെന്നാണ് ഈ പുതിയ അന്തരീക്ഷമാറ്റം നല്‍കുന്ന സൂചന. ഗര്‍വും അഹംഭാവവും ഉപേക്ഷിച്ചാല്‍ ഉഭയകക്ഷി സൗഹൃദം സാക്ഷാത്കരിക്കപ്പെടുമെന്നും ഇതോടെ സ്പഷ്ടമാകുന്നു.
ഭീകരതയൊഴികെ ഒന്നിനെക്കുറിച്ചും ചര്‍ച്ചക്കില്ളെന്ന ശാഠ്യം ന്യൂഡല്‍ഹി ഉപേക്ഷിച്ചു. ഊഫയില്‍ ശരീഫും മോദിയും പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലും ഭീകരതക്കായിരുന്നു ഊന്നല്‍. കശ്മീര്‍ വിഷയത്തിന് മുഖ്യസ്ഥാനം നല്‍കണമെന്ന പാക് നിര്‍ദേശം മാനിക്കപ്പെട്ടില്ല. ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തണമെന്ന പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്‍െറ ശാഠ്യം മാത്രമായിരുന്നില്ല ചര്‍ച്ചകള്‍ പുനരാരംഭിക്കാതെ പോയതിന്‍െറ കാരണം.
നിരവധിയുണ്ടാകാം ഉഭയകക്ഷി സംഭാഷണങ്ങള്‍ക്ക് വിഘാതമാകുന്ന നിസ്സാര കാരണങ്ങള്‍. അര്‍ഥപൂര്‍ണമായ ചര്‍ച്ചകളില്‍ ഒൗത്സുക്യമില്ലാത്തവര്‍ സദാ ഇത്തരം കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കും. ക്രിയാത്മക സംഭാഷണത്തിനുള്ള ആത്മാര്‍ഥമായ ആഗ്രഹം വെളിപ്പെടുന്നപക്ഷം ഇത്തരം ക്ഷുദ്രതകള്‍ അസ്തമിച്ചുപോകും. ഇരു പ്രധാനമന്ത്രിമാരും അഹംഭാവം പാടേ ഉപേക്ഷിച്ച് സാധാരണ മര്‍ത്യരെപ്പോലെയാണ് പാരിസില്‍ കണ്ടുമുട്ടിയത്. തുടര്‍ച്ചയായ സംഭവവികാസങ്ങള്‍ക്ക് കാത്തിരിക്കുക എന്ന നവാസ് ശരീഫിന്‍െറ പ്രഖ്യാപനം ശുഭസൂചനയായിരുന്നു മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ചില ഉപാധികള്‍ അംഗീകരിക്കാത്തപക്ഷം സംഭാഷണമേ വേണ്ടെന്ന മുന്‍ നിലപാട് തിരുത്താന്‍ സന്നദ്ധമാണെന്നായിരുന്നു ശരീഫ് നല്‍കിയ സൂചനകളിലൊന്ന്.
ദശകങ്ങളായി ഉപഭൂഖണ്ഡത്തിലെ ചലനങ്ങള്‍ ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യ-പാക് ബന്ധങ്ങളിലെ സ്നേഹശൂന്യതയുടെ പ്രധാന ഹേതു വിശ്വാസ്യതയില്ലായ്മയാണെന്ന് എനിക്ക് സ്പഷ്ടമായും ബോധ്യപ്പെട്ടിരിക്കുന്നു. പരസ്പരവിശ്വാസമില്ലായ്മ രോഗലക്ഷണമാണെന്ന് ജവഹര്‍ലാല്‍ നെഹ്റു നിരീക്ഷിച്ചത് ഓര്‍മിക്കുന്നു. ഇന്ത്യാവിരുദ്ധ ചിന്തയാണ് യഥാര്‍ഥ രോഗമെന്നും അദ്ദേഹം സൂചിപ്പിച്ചു. സമാനരീതിയില്‍ പാക്വിരുദ്ധ ചിന്തയാണ് ഇന്ത്യയുടെ രോഗമെന്ന് ഇസ്ലാമാബാദിനും പഴിപറയാം. വിശ്വാസ്യത വീണ്ടെടുക്കാത്തപക്ഷം ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലവത്താകില്ല. നമ്മുടെ സമാധാന ഉടമ്പടികള്‍ കടലാസുപുലികള്‍ മാത്രമായി ഒടുങ്ങുന്നതിന്‍െറ കാരണവും മറ്റൊന്നല്ല. ഷിംല, താഷ്കന്‍റ് ഉടമ്പടികളിലെ കോമള പദാവലികള്‍ ഒരിക്കലും സത്യമായി പുലരുകയുണ്ടായില്ല. അതേ കഥ ഇന്നും തുടരുന്നു. നാം വിഭജനകാല അന്തരീക്ഷത്തില്‍നിന്ന് ഒരുപടിപോലും വളരാന്‍ സാധിക്കാത്തവരായി പരിണമിച്ചിരിക്കുന്നു. ഹിന്ദു-മുസ്ലിം അകല്‍ച്ചയുടെ തോത് കുറക്കാന്‍ ഇന്ത്യക്കോ പാകിസ്താനോ സാധ്യമാകുന്നില്ല. അതിനാല്‍ ഇരു രാജ്യങ്ങളിലും ന്യൂനപക്ഷ പീഡനങ്ങള്‍ അരങ്ങേറുന്നു. ശത്രുതയുടെ പഴയ അധ്യായങ്ങള്‍ അടച്ച് പുതിയ താളുകള്‍ തുറക്കാന്‍ ഇരുപക്ഷത്തിനും കഴിയണം.
ഒരുപക്ഷേ പുതിയ പാത ദുഷ്കരമാകാം. ‘നമ്മള്‍ ഇപ്പോള്‍ ഇന്ത്യക്കാരും പാകിസ്താന്‍കാരുമാണ്. ഹിന്ദുക്കളും മുസ്ലിംകളും എന്നനിലയിലുള്ള ഭിന്നത ഇതാ ഇവിടെ അവസാനിച്ചിരിക്കുന്നു’ എന്ന മുഹമ്മദലി ജിന്നയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍, ജിന്നയുടെ  വാക്യങ്ങള്‍  കൈവിട്ട ഇസ്ലാമാബാദ് മുസ്ലിം രാഷ്ട്രമെന്ന നിലയില്‍ ന്യൂനപക്ഷങ്ങളെ എതിര്‍ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പ്രതികാരമായി പാകിസ്താനില്‍ അമ്പലങ്ങളും ഗുരുദ്വാരകളും തകര്‍ക്കപ്പെട്ടു. ഈ പശ്ചാത്തലത്തില്‍വേണം കശ്മീര്‍ പ്രതിസന്ധിയെ വിലയിരുത്താന്‍. വെടിനിര്‍ത്തലിനുശേഷം ഒരു ഗുണമുണ്ടായി. നിയന്ത്രണരേഖ സ്ഥാപിക്കപ്പെട്ടു. ഈ രേഖ മാറ്റിവരക്കാന്‍ ഏകപക്ഷീയമായി നടക്കുന്ന ഏതു ശ്രമവും പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നാകും. വിഭജിക്കപ്പെട്ട കശ്മീരികള്‍ക്ക് ഇത് അനീതിയായിരിക്കാം. എന്നാല്‍, ഇരു കശ്മീര്‍ മേഖലകളെയും സംയോജിപ്പിക്കണമെന്ന് കശ്മീരികള്‍ ഇപ്പോള്‍ വാദിക്കുന്നില്ല.
സംഭാഷണങ്ങള്‍ക്കുള്ള അപൂര്‍വാവസരം കളഞ്ഞുകുളിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും കനത്ത നഷ്ടമേ വരുത്തൂ. രണ്ട് കടുത്ത യുദ്ധങ്ങളുടെ ദുരനുഭവങ്ങള്‍ അവര്‍ വിസ്മരിക്കാന്‍ പാടില്ല. ആണവായുധങ്ങള്‍ അവലംബിച്ചുള്ളതാകും അടുത്ത അങ്കം. അതിന്‍െറ ആഘാതം വിലയിരുത്താന്‍ വിന്ധ്യഹിമാലയങ്ങള്‍ക്കിടയില്‍ ഒരാളും ശേഷിച്ചിരിക്കില്ല. ഒരു മേശക്ക് ചുറ്റുമിരുന്ന് ഉഭയകക്ഷി പ്രശ്നങ്ങള്‍ ഹൃദയപൂര്‍വം ചര്‍ച്ചചെയ്യുകയാണ് ഏക പോംവഴി. സാധാരണനില പുന$സ്ഥാപിക്കപ്പെടുമ്പോഴേ പുരോഗതിയും പ്രത്യക്ഷമാകൂ. യൂറോപ്പില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇരുപക്ഷവും തയാറാകണം. നൂറ്റാണ്ടുകളോളം യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയുണ്ടായി. എന്നാല്‍, ഇപ്പോഴവര്‍ പൊതു സാമ്പത്തിക വ്യവസ്ഥക്കുകീഴെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഗ്രീസിനെ അവര്‍ അകമഴിഞ്ഞ് സഹായിക്കുന്നു. ഇന്ത്യയും പാകിസ്താനും  ഈ മാതൃക പകര്‍ത്താന്‍ തയാറാകട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.