വെളിയം പറഞ്ഞ കഥ

ഓര്‍ത്തെടുക്കുവാന്‍ ആഹ്ളാദകരമായ ഒത്തിരി നിമിഷങ്ങളുള്ള ഒരു ബാല്യമായിരുന്നു എന്‍്റേത്. അതിനൊക്കെ ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്‍്റെ പിതാവിനോടും. അന്ന് ,വല്യ ഒരു സൗഹൃദ വലയം അദ്ദേഹത്തിന്   ഉണ്ടായിരുന്നു. കലാ സാഹിത്യ രാഷ്ര്ടീയ രംഗങ്ങളില്‍ ഉള്ളവര്‍ ഒക്കെ  ഒന്നിച്ചു കൂടിയിരുന്ന ഒരിടമായിരുന്നു അക്കാലത്തു എന്‍്റെ ബാപ്പയുടെ ഡിസ്പെന്‍സറി, രോഗികളുടെ തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നുവെങ്കിലും  അതിന്‍്റെ ഒരു വശം ഏതു സമയവും  കൂട്ടുകാര്‍ക്കായി മാറ്റിവച്ചിരുന്നു.
ഇടവാ റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു അന്ന് ഡിസ്പെന്‍സറി. എന്‍്റെ ഓര്‍മയില്‍ ആദ്യം തെളിഞ്ഞു വരുന്നത് വിശാലമായ "നിരപ്പലകകള്‍" ഉള്ള അതിന്‍്റെ മുന്‍വശവും പുറകില്‍ ഓല കെട്ടി മേഞ്ഞ നീണ്ട ഹാളുമായിരുന്നു. അവിടെയായിരുന്നു മരുന്ന് വാങ്ങാന്‍ വരുന്നവര്‍ കാത്തിരുന്നിരുന്നത്. അവിടേക്ക് കയറുന്ന വാതിലിലെ പൂട്ടിനും ഉണ്ടായിരുന്നു ഒരു സവിശേഷത, മണിച്ചിത്ര താഴിനെ ഓര്‍മിപ്പിക്കുന്ന പിച്ചളയില്‍ ചിത്രപ്പണികളുള്ള അതില്‍ താക്കോല്‍ കടത്തുമ്പോള്‍ സംഗീതസാന്ദ്രമായ മണിയോച്ച കേള്‍ക്കുമായിരുന്നു, തക്കലക്കടുത്തുള്ള ആളൂരിലെ ഒരു മണി മേശിരി അങ്ങേരുടെ മകന്‍െറ തീര്‍ത്താല്‍ തീരാത്ത കണ്ണില്‍ ദീനം ബാപ്പാ ചികിത്സിച്ചു ഭേദമാക്കിയത്തിനു സന്തോഷമായി ഉണ്ടാക്കി കൊണ്ടുവന്നു ഫിറ്റു ചെയ്തു കൊടുത്തതായിരുന്നു അതെന്നു പില്‍ക്കാലത്ത് കേട്ടിരുന്നു. അന്ന് അത്രയും അകലങ്ങളില്‍ നിന്നുപോലും ആള്‍ക്കാര്‍ ബാപ്പയെ തേടി വന്നിരുന്നു എന്നും കേട്ടറിഞ്ഞിരുന്നു.
നേരത്തെ പറഞ്ഞിരുന്ന മുന്‍ വശത്തെ ചെറിയ ഹാളില്‍ ഒരു ചാരു  കസേര ഉണ്ടായിരുന്നു. അത് ആര്‍ സുഗതന്‍ സാറിനു വേണ്ടി മാത്രം ഉള്ളതായിരുന്നു. കമ്മ്യുണിസ്റ്റ് ആചാര്യനായിരുന്ന അദേഹം ആലപ്പുഴക്കാരനായ എന്‍്റെ ബാപ്പയുടെ സഹപാഠിയും ആത്മ മിത്രവും ആയിരുന്നു. ഇടയ്ക്കിടയ്ക്ക് ആലപ്പുഴയില്‍ നിന്ന് ബോട്ടുവഴി കൊല്ലത്തിറങ്ങി അവിടുന്നു ട്രെയിനില്‍ ഇടവയില്‍ വരും താമസം ഞങ്ങളുടെ കൂടെ. ബീഡിയും ചായയും ആയിരുന്നു അദേഹത്തിന്‍്റെ മുഖ്യ ഭക്ഷണം ....!!! അത് കാരണം ദിവസം മൂന്നു നാല് തവണ വീട്ടില്‍ നിന്നുണ്ടാക്കുന്ന ചായ വലിയ തര്‍മൊസ് ഫ്ലാസ്കിലാക്കി കൊണ്ട് കൊടുക്കേണ്ട ചുമതല എന്‍്റേതായിരുന്നു. ചിലപ്പോള്‍ കമ്പോണ്ടര്‍ അപ്പു അണന്‍െറ ചവിട്ടുന്ന സൈക്കിളിന്‍്റെ പുറകിലിരുന്നായിരുന്നു ചായ കൊണ്ട് പോയിരുന്നത്. ഇങ്ങിനെ സ്ഥിരമായി ചായ ഉണ്ടാക്കാന്‍ പാലിനായി ഒരു പശുവിനെയും വീട്ടില്‍ വളര്‍ത്തിയിരുന്നു. കളിയിലെ കേശവ പിള്ള മാമന്‍ സംഭാവന ആയി കൊടുത്തതായിരുന്നു അതിനെ എന്ന് പറഞ്ഞു കേട്ടത്  ഞാന്‍ ഓര്‍മ്മിക്കുന്നു, അതിനെ സംരക്ഷിക്കാന്‍ മണി ആനന്ദന്‍ എന്നിവരും ഉണ്ടായിരുന്നു.
ഇടവ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ഒരു കേന്ദ്രമായിരുന്നു. അതിനുള്ള പ്രധാന കാരണം ടി.എ മജീദ് എന്ന ഇ.എം.എസ് മന്ത്രി സഭയിലെ  അംഗത്തിന്‍െറ  നാടായതു കൊണ്ടായിരിക്കണം. ശാന്ത സ്വഭാവക്കാരനായ വലിയ സൗഹൃദ വലയം ഉണ്ടായിരുന്ന മജീദ് സാറിനു ഒരുപാട് അനുയായികളും അന്നുണ്ടായിരുന്നു. അങ്ങനെ മജീദ് സാറിനൊപ്പം വരുന്ന നേതാക്കളുടെ ഇടത്താവളം കൂടി ആയിരുന്നു ഞങ്ങളുടെ  ഡിസ്പെന്‍സറി. വര്‍ക്കല രാധാകൃഷ്ണന്‍ പി. രവീന്ദ്രന്‍, വെളിയം  ഭാര്‍ഗവന്‍, പി കെ കുഞ്ഞു സാഹിബ് (അദേഹം ബാപ്പയുടെ അടുത്ത ബന്ധു കൂടിയായിരുന്നു) എന്നിവരെയൊക്കെ ഞാന്‍ അവിടെ വച്ചാണ് കണ്ടിരുന്നത്. അതുപോലെ ഒരിക്കല്‍ വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒരുപാട് പുസ്തകങ്ങളുമായി അവിടെ വന്നിട്ടുണ്ടായിരുന്നു. ( അന്ന് ഞാന്‍ തീരെ ചെറുതായിരുന്നു കേട്ടറിവാണിത്) ഇംഗ്ളീഷില്‍ എഴുതുന്ന ഒരു മേനോന്‍ സാറിനെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്.
ആര്‍ സുഗതന്‍ സാറിനെക്കാണാന്‍ ഇടയ്ക്കിടയ്ക്ക് വെളിയം ഭാര്‍ഗവന്‍ സാര്‍ വരുമായിരുന്നു. അദേഹത്തിനും ചായ എത്തിച്ചിരുന്നത് ഞാനായിരുന്നു. അതിനുശേഷം എന്‍െറ  വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ഞാന്‍ അദ്ദേഹത്തെ  കണ്ടിട്ടുണ്ട്. സവിശേഷമായ ഓര്‍മ ശക്തിയും സൗഹൃദവും ഉള്ള  ആളായിരുന്നു അദേഹം. ഞാന്‍ കൊല്ലം എസ്.എന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഒരിക്കല്‍ ട്രെയിനില്‍ വച്ച് അദേഹത്തെ കാണാന്‍ ഇടയായി. ഓടി അടുത്തത്തെിയപ്പോള്‍ ചിരിച്ചുകൊണ്ട് അദേഹം തിരക്കിയത് നീ മജീദു സാറിന്‍്റെ നാട്ടുകാരന്‍ അല്ളേ...   ആ ഓട്ടക്കാരന്‍. അന്ന് ഞാന്‍ അത്ലറ്റ് ആയിരുന്നു അത് വരെ വെളിയം സാര്‍ ഓര്‍ത്ത്  വച്ചിരുന്നു.....!
ഇടവക്ക് മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു.അവിടുത്തെ ഓരോ വീട്ടില്‍ നിന്നും കുറഞ്ഞത് ഒരാളെങ്കിലും അന്ന് സിംഗപ്പൂരില്‍ ഉണ്ടായിരുന്നു. ഇന്നത്തെ ഗള്‍ഫുകാരുടെ മറ്റൊരു പതിപ്പ് ,ഗള്‍ഫ്യാത്ര തുടങ്ങും മുന്‍പ് ഇടവ സിംഗപ്പൂര്‍കാരുടെ കേന്ദ്രമായിരുന്നു. എന്തിനേറെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത സിംഗപൂര്‍ ദേശീയ ടീമിലെ ആറു പേരും നായകനടക്കം ഒരു കാലത്ത് ഇടവക്കാരായിരുന്നു. അന്തു എന്ന് വിളിക്കുന്ന ഷംസുദീന്‍ ആയിരുന്നു അവരുടെ ക്യാപ്റ്റന്‍. ഒരിക്കല്‍ ഞാന്‍ അദേഹത്തെ കണ്ടിട്ടുണ്ട്. അതുപോലെ ഉമ്മയുടെ ചേട്ടത്തിയുടെ മകന്‍ അസീസ് അവരുടെ ദേശീയ ബാഡ് മിന്‍്റന്‍ കോച്ചും ആയിരുന്നു. അദ്ദേഹം അടുത്ത കാലത്ത് അന്തരിച്ചു.
സിംഗപ്പൂരില്‍ നിന്ന് മിക്കവാറും എല്ലാദിവസങ്ങളിലും ആരെങ്കിലും വരുകയും അവര്‍ മുട്ടായിപ്പോതികളും കളിപ്പാട്ടങ്ങളും കുപ്പായങ്ങളും സമ്മാനമായി കൊണ്ട് വരുകയും ചെയ്തിരുന്നു.
ഒടുവില്‍ ഞാന്‍ വെളിയം സാറിനെ കണ്ടിരുന്നത് ഞാന്‍ കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ആയിരുന്ന കാലത്തായിരുന്നു. അദ്ദേഹം അന്തരിക്കുന്നതിനു മുമ്പ്, വഴുതക്കാട് ശാന്താ ബേ ക്കറിയുടമ  റോഞ്ചു മോഡല്‍ സ്കൂളിലെ എന്‍െറ ബെഞ്ച് മേറ്റായിരുന്നു. അതുവഴി കടന്നു പോകുമ്പോഴൊക്കെ ഞാന്‍ അവിടെ ഇറങ്ങുമായിരുന്നു. അവനെ കാണാനും സാധങ്ങള്‍ വാങ്ങാനുമായി ഒരു ദിവസം അവിടെ ചെന്നപ്പോള്‍ വെളിയം സാര്‍ ഒറ്റയ്ക്ക് അവിടെയുണ്ട്. റൊട്ടിയും മറ്റും വാങ്ങാനായി റോഞ്ചുവിന്‍റെ "സ്ഥിരം" കസ്റ്റമര്‍ ആയിരുന്നു വെളിയം സാര്‍. ആഹ്ളാദത്തോടെ ഓടിച്ചെന്നു കൈയില്‍ കടന്നു പിടിച്ചു ഞാന്‍ ചോദിച്ചു. എന്നെ അറിയുമോ അദ്ദേഹം ഒന്ന് പകച്ചു സസ്പെന്‍സ്  ഒഴിവാക്കി  ഞാന്‍ പറഞ്ഞു: മജീദു സാറിന്‍്റെ നാട്ടുകാരന്‍ പഴയ ചായക്കാരന്‍ ചെക്കന്‍, ആ കണ്ണുകളിലെ തിളക്കം എനിക്ക് മറക്കാനാകില്ല. ഞാന്‍ ഇപ്പോള്‍ ആരാണ് എന്നൊക്കെ ചോദിച്ചറിഞ്ഞു റോഞ്ച് വിനെയും കൂട്ടി അദേഹം വാചാലനായി. 
'ഇവന്‍ സിംഗപൂര്‍ കാരനാണ് ഞാനൊരിക്കല്‍ എന്‍്റെ മകളുമായി അവിടെ പോയ കഥ പറഞ്ഞുതരാം"
അദേഹം പറഞ്ഞുതുടങ്ങി മജീദ് സാര്‍ ഒരു സാധാരണക്കാരനായിരുന്നു. നല്ല ഒരു കൂട്ടുകാരനായിട്ടായിരുന്നു. എല്ലാവരോടും ഉള്ള പെരുമാറ്റം കുട്ടികളോട് വലിയ സ്നേഹവും ഇടവയില്‍ സാറിനെ കാണാന്‍ ചെല്ലുമ്പോഴും അദേഹം ഞങ്ങളുടെ വീട്ടില്‍ വരുമ്പോഴും ഇപ്പോഴും  വലിയ പാക്കറ്റുകള്‍ കയില്‍ കരുതുയിട്ടുണ്ടാകും. സിംഗപൂരില്‍ നിന്നുള്ള അപൂര്‍വമായ മുട്ടായിപ്പോതികളും കളിക്കോപ്പുകളും കുട്ടി കുപ്പായങ്ങളും. അതൊക്കെ എന്‍്റെ ചെറിയ മകള്‍ക്കുവേണ്ടിയുള്ളതായിരുന്നു. സിംഗപൂരില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു സാര്‍ അവള്‍ക്കത് കൊടുത്തിരുന്നത്. ഒരു ദിവസം ഇടവയില്‍  നീന്നു മടങ്ങിയപ്പോള്‍ വെളിയം സാറും ഒരു പാക്കറ്റ് കൊണ്ട് വന്നു. മജീദ് സാറിന്‍്റെ സിംഗപൂര് സമ്മാനം ....... അത് വാങ്ങിയ മകള്‍ ഒറ്റ ശാഠ്യമായിരുന്നു ‘എനിക്കിപ്പോള്‍ സിംഗപൂരില്‍ പോകണം’ എന്തൊക്കെ ശ്രമം ഉണ്ടായിട്ടും കുട്ടി നില വിളി അവസാനിപ്പിക്കുന്നില്ല. കരഞ്ഞു കരഞ്ഞു തളര്‍ന്നവള്‍  ഒടുവില്‍ വെളിയം സാര്‍ പറഞ്ഞു.  ‘പൊക്കളയാം’ ഒരുപാട് ദൂരമുണ്ട് നാളയെ മടങ്ങിവരാനാകൂ സമ്മതിച്ചോ..., ഒരു മോറീസ് മൈനര്‍ കാറില്‍ മകളെയും കയറ്റി അദേഹം നേരെ ഇടവയിലേക്ക് പോയി. മജീദ് സാറിനെ കണ്ടപ്പോഴേ കുട്ടിക്ക് ബോധ്യമായി ഞാന്‍ എത്തിയിരിക്കുന്നത് സാക്ഷാല്‍ സിംഗപൂരില്‍ത്തന്നെ.! അന്ന് വൈകുന്നേരം ഒരുപാട് സമ്മാനങ്ങളുമായി മടങ്ങിയത്തെിയ ചെറിയകുട്ടി എല്ലാവരോടും അവളുടെ സിംഗപൂര് യാത്ര പറഞ്ഞു സന്തോഷിച്ചിരുന്നു. മകള്‍ വലുതായപ്പോള്‍ ഇക്കഥ പറഞ്ഞു അവര്‍ ഒരുപാട് ചിരിച്ച കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ കുറെ നേരം ആഹ്ളാദം പങ്കിട്ടു സാറിനെ കാറില്‍ കയറ്റി യാത്ര ആക്കി..., പിന്നീട് ഒരിക്കലും    മനോഹരമായ ആ ചിരി എനിക്ക് കാണുവാനായില്ല "നീ ആ ഇടവാക്കരനല്ളേ ഡോക്ടറുടെ മകന്‍" എന്ന ചോദ്യവും കേള്‍ക്കേണ്ടി വന്നിട്ടില്ല.., ശാന്താ ബേക്കറിയിലെ ഒരു കോണില്‍ ഞാന്‍ ഇപ്പോഴും ആശയോടെ നോക്കാറുണ്ട് അവിടെ ചെല്ലുമ്പോഴൊക്കെ ചിരിക്കുന്ന ആ  മുഖം അവിടുണ്ടോ എന്ന്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.