സചിൻ..വസന്തകാലം മാത്രം നൽകിയിരുന്ന പൂമരം

''പടോ'' ഇറയത്തിരിക്കുന്ന അലുമിനിയം വെള്ളക്കുടത്തിൽ മഹേഷിന്‍റെ സ്ട്രെയിറ്റ് ഡ്രൈവ് കൊണ്ട് കുടം നിലത്തേക്ക് വീഴുന്ന ശബ്ദമാണ്. വേനൽക്കാലത്ത് വറ്റിയ കിണറിന്‍റെ വശത്തു കൂടി ഓടി വന്ന അവന്‍റെയമ്മ രംഗത്തു നിന്നും ഓടിയൊളിക്കുന്ന ഞങ്ങളെ നോക്കി വിളിച്ചു കൂകി ''ഈ സചിൻ കാരണം നടക്കണ ഓരോ ദുരിതങ്ങളേയ്''. മഹേഷിന്‍റെ അമ്മയ്ക്ക് മാത്രമായിരുന്നില്ല ''നിങ്ങളീ പ്രായത്തിലും സചിന് പഠിക്കാൻ നോക്കാണോ'' എന്ന് കല്യാണപിറ്റേന്ന് രാജേട്ടനോട് ചോദിച്ച സീതേച്ചിയും (പേരുകൾ അയഥാർത്ഥം), കൂറ്റൻ സിക്സറുകളിൽ പൊട്ടിയ ഓടുകൾക്കു കാരണം സചിനെന്ന് വിധിയെഴുതിയ ഹരിവാര്യരും, പത്താം ക്ലാസിൽ മകന് പത്തു മാർക്കിന് നഷ്ടപ്പെട്ട ഡിസ്റ്റിംക്ഷന് ഉത്തരവാദി സചിനെന്ന് നാഴികയ്ക്കു നാൽപതു വട്ടം പറഞ്ഞ രതീഷിന്‍റെ അമ്മയും ഒക്കെ സചിനാണ് ക്രിക്കറ്റ് എന്ന ബോധം എന്‍റെ ഓർമ്മയിലൂട്ടിയുറപ്പിക്കുകയായിരുന്നു.

കളിക്കുന്ന ഓരോ നിമിഷവും അയാൾ നമുക്കങ്ങനെത്തന്നെയായിരുന്നു. നമ്മുടെ വീട്ടിലെ ഒരംഗമായിരുന്നു അയാൾ. അയാൾ അണച്ചുകൊണ്ടിരുന്നത് നമ്മുടെയുള്ളിലെയാന്തലും വേവുമായിരുന്നു. അയാൾ ഗാർഡെടുക്കുമ്പോൾ നമ്മുടെ നെഞ്ചിനകത്തായിരുന്നു പഞ്ചാരിമേളം. അയാൾ തോൽക്കുമ്പോൾ നമ്മൾ തോറ്റു. അയാൾ, മോഹനമെന്ന വാക്കു പോലും മോഹിക്കുന്ന രീതിയിൽ സ്ട്രെയിറ്റ് ഡ്രൈവ് നടത്തുമ്പോൾ നമ്മുടെ നെഞ്ചുകൾ അഭിമാനത്താലും, അപരിമേയമായ ആനന്ദത്തിലും നനഞ്ഞു. ക്രീസിന്‍റെ സുരക്ഷിതഭൂമികയെ പിന്നിലുപേക്ഷിച്ച് അയാൾ ഷെയ്ൻ വോണിനെ അനിവാര്യമായ പാരമ്യതയിലേക്ക് പ്രഹരിക്കാനിറങ്ങുമ്പോൾ അപ്രതീക്ഷിതത്വത്തിന്‍റെ ആകാശങ്ങളിൽ നമ്മളാ കൊച്ചുപന്തായി.''സചി ...ൻ സചിൻ''എന്നീ നിലക്കാത്ത ആരവങ്ങളിലെ ശബ്ദബിന്ദുക്കളായി. അതെ, അയാൾ നമ്മളായിരുന്നു. അയാളിലൂടെ നമ്മൾ കണ്ടിരുന്നത് നമ്മളെത്തന്നെയായിരുന്നു. അയാളുടെ ദുർബലതകൾ നമ്മുടേതു തന്നെയായിരുന്നു.

സചിൻ എനിക്കെന്തായിരുന്നു?! വാക്കുകളാൽ അടയാളപ്പെടുത്താനാകാത്ത വിധം അയാളെന്‍റെ രക്തധമനികളിലെവിടെയുമുണ്ട്. അയാളെ ക്രീസിൽ കാണുമ്പോൾ ഇപ്പോഴും ഹൃദയം സ്പന്ദിക്കുന്നത് സചി...ൻ എന്നു തന്നെയാവണം. വികാരജീവികൾ എന്ന് മറ്റു കളിക്കാരുടെ ആരാധകർ വിശേഷിപ്പിക്കുമ്പോൾ ഒരു യഥാർത്ഥ സചിൻ ഫാനിന് ഒരിക്കലും വിഷമം തോന്നേണ്ട കാര്യമില്ലെന്നാണെന്‍റെ അഭിപ്രായം. കാരണം അയാൾ നമ്മുടെ വൈകാരികതയുടെ അന്ത:സത്ത തന്നെയാണ്. ക്രിക്കറ്റ് ഒരു പ്രൊഫഷണൽ സ്പോർട്ടായി അക്ഷരാർത്ഥത്തിൽ മാറുന്നതിനു മുമ്പുള്ള കാലഘട്ടത്തിലാണ് സചിൻ തന്‍റെ യാത്രയാരംഭിക്കുന്നത്. അവിടെ അയാൾക്ക് ഒരു തലമുറയുടെ മുഴുവൻ വികാരമാകുന്നതിനുള്ള കൃത്യമായ സ്ലോട്ട് ബാക്കിയുണ്ടായിരുന്നു. അവിടേക്ക് പ്ലേസ് ചെയ്യപ്പെടാൻ അയാൾക്ക് വേണ്ടിയിരുന്നത് കുറച്ച് ഹീറോയിക്ക് ഇന്നിംഗ്സുകൾ മാത്രമായിരുന്നു. ലാർസണെയും, മോറിസണെയും ഗ്രൗണ്ടിന്‍റെ നാനാഭാഗങ്ങളിലേക്കും അപ്രത്യക്ഷമാക്കിയ ഒരേകദിന ഇന്നിംഗ്സിൽ സചിൻ ഓപ്പൺ ചെയ്തത് ഒരിന്നിംഗ്സോ, വിലോഭനീയമായ ഒരു കരിയറോ മാത്രമായിരുന്നില്ല; മറിച്ച് ഒരു ജനതയുടെ വൈകാരികതയുടെ അറവാതിൽ കൂടിയായിരുന്നു. പ്രതീക്ഷകൾ വിദൂരമായിരുന്ന ഒരു കാലഘട്ടത്തിൽ ആരാധിക്കാനും, സ്വന്തമെന്നും സ്വയമെന്നും പ്രതിഷ്ഠിക്കാനും നമുക്കൊരു ഐക്കൺ വേണമായിരുന്നു. മിതഭാഷിയും, നാണം കുണുങ്ങിയും, പൊതു ഇടങ്ങളിൽ യാഥാസ്ഥിതികനും, തന്‍റെയിടങ്ങളിൽ ലാസ്യതയുടെ പൂർണ്ണരൂപവുമായ അയാൾ അതിന്, ആ തലമുറയെ സംബന്ധിച്ചിടത്തോളം കൃത്യവുമായിരുന്നു.

ഇയാൻ ബോതം ക്രിക്കറ്റിലെ എറോൾ ഫ്ലിൻ ആണെങ്കിൽ, വിവ് റിച്ചാർഡ്സ് മാർട്ടിൻ ലൂഥർ കിംഗാണെങ്കിൽ, ഷെയ്ൻ വോൺ മർലിൻ മൺറോയും, മുരളീധരൻ ഹോബിറ്റുമാണെങ്കിൽ സചിൻ ടെൻഡുൽക്കർ ക്രിക്കറ്റിലെ സെക്യുലർ സെയിൻറാണ്. മറ്റൊരു വാക്കിനും അയാളെ അതിൽ കൂടുതൽ കൃത്യമായി വിശേഷിപ്പിക്കാനാകുമെന്ന് തോന്നുന്നില്ല. ക്രീസിനകത്തെ അയാളുടെ നിൽപ്പ് സമാനതകളില്ലാത്തതാണ്. ഇത്രമേൽ ശരീരനിയന്ത്രണമുള്ള മറ്റൊരു സ്റ്റാൻസ് ക്രിക്കറ്റിൽ ഞാൻ കണ്ടിട്ടില്ല. ശരീരഭാഗങ്ങളുടെ അസാധാരണമായ സിമട്രിയാൽ അനുഗ്രഹീതനാണയാൾ. മറ്റൊരർത്ഥത്തിൽ ബാറ്റു ചെയ്യാനായി അസംബിൾ ചെയ്യപ്പെട്ട ഒരു ശരീരമാണയാളുടേത്. സംശയമുണ്ടെങ്കിൽ ഒരു സ്ട്രെയിറ്റ് ഡ്രൈവ് എക്സിക്യൂട്ട് ചെയ്യുമ്പോഴുള്ള അയാളുടെ ബോഡി ബാലൻസ് ശ്രദ്ധിച്ചാൽ മതി. ഷോട്ട് ഓഫർ ചെയ്യുന്നതിന് തൊട്ടുമുമ്പ് ശരീരഭാരം അയാൾ ഫ്രണ്ട് ഫൂട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന ഒരു നിമിഷമുണ്ട്. ഹോ! പന്ത് ബൗണ്ടറിയിലേക്ക് പായുന്ന ആ സുവർണനിമിഷത്തിനുമപ്പുറം ഞാൻ റിവൈൻഡ് ചെയ്യാനാഗ്രഹിക്കാറ് ആ വെയിറ്റ് ഷിഫ്റ്റാണ്. സാധന ഗുണഫലത്തിലേക്ക് പരിക്രമിക്കപ്പെടുന്ന സുന്ദരമായ കാഴ്ച്ചയാണത്; ക്രിക്കറ്റിലെ ഏറ്റവും വിശുദ്ധമായ നിമിഷം.

ക്രിക്കറ്റ് മനുഷ്യജീവിതത്തെ വല്ലാതെ പ്രതിനിധീകരിക്കുന്ന ഒരു ഗെയിമാണ്. രണ്ടു പേർ പതിനൊന്നു പേർക്കെതിരെ,അവരുടെ ശ്രമങ്ങൾക്കും അധ്വാനത്തിനുമെതിരെ നിൽക്കുകയാണ്. ഒരു പരിധി വരെ അപ്പുറത്തെ പങ്കാളി പോലും ബാറ്റ്സ്മാന്‍റെ തുണക്കെത്തുന്നില്ല. അയാൾ ആ ക്രീസിൽ തനിച്ചാണ്; മനുഷ്യൻ ജീവിതത്തിലെന്ന പോൽ. അവനെ സസൂക്ഷ്മം നിരീക്ഷിച്ച് കാഴ്ച്ചവട്ടത്തിനപ്പുറത്ത് ആയിരങ്ങളുണ്ട്. അവന്‍റെ കണക്ടഡ് ഡ്രൈവുകൾക്ക് കൈയടിക്കാനും, എഡ്ജുകൾക്ക് കൂവി വിളിക്കാനും. ഓരോ ബാറ്റ്സ്മാനും ഒരൊറ്റമരമാണ്. വീശിയടിക്കുന്ന കാറ്റിന് ചിറ കെട്ടാൻ ശ്രമിക്കുന്ന ഒറ്റമരം. അവിടെ സചിൻ വസന്തകാലം മാത്രം നൽകിയിരുന്ന ഒരു പൂമരമായിരുന്നു.അയാൾ നൽകിയ പൂമണങ്ങളാൽ ഉന്മത്തമായിരുന്നു ഒരു പൂക്കാലം മുഴുവൻ. ജന്മദിനാശംസകൾ സചിൻ..

Tags:    
News Summary - writing about sachin tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.