മേഘങ്ങളെ പഠിക്കാം; വിനാശഹേതുക്കൾ കണ്ടെത്താം

കേരളത്തില്‍പ്പോലും ഈ നൂറ്റാണ്ടിലാണ് കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും ധാരാളമായി നടന്നത്. കേരളത്തിെൻറ മഴക്കുറവിനേക്കാളേറെ ചര്‍ച്ച ചെയ്യപ്പെട്ടത് വര്‍ധിച്ചുവരുന്ന അന്തരീക്ഷ താപനിലയാണ്.

കഴിഞ്ഞ നൂറ്റാണ്ടിെൻറ തുടക്കംമുതലാണ് (1901) നമ്മുടെ രാജ്യത്തെ കാലാവസ്ഥ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തി െവക്കാൻ തുടങ്ങിയത്. ആ കണക്കനുസരിച്ച് 2016  ആണ് കഴിഞ്ഞ നൂറ്റാണ്ടിലെയും ഈ നൂറ്റാണ്ടിലെയും  ഏറ്റവും ചൂടേറിയ വർഷം. കഴിഞ്ഞവര്‍ഷത്തെ രാജ്യത്തിെൻറ താപനില സാധാരണയില്‍നിന്ന് 0.91 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. ഇത് അതിനുമുമ്പുള്ള  വര്‍ഷത്തേക്കാളും (2015)                     0.24 ഡിഗ്രി  സെല്‍ഷ്യസ് കൂടുതലായിരുന്നു. ഇതിനുമുമ്പുള്ള ഏറ്റവും ചൂടേറിയ വർഷം 2009 (0.77 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉം അതുകഴിഞ്ഞാൽ 2010 (0.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉം ആണ്. ഇവിടെ വീണ്ടും ഞെട്ടിപ്പിക്കുന്ന കാര്യം കഴിഞ്ഞ 117 വര്‍ഷത്തെ 15 ചൂടേറിയ വർഷങ്ങളിൽ 13  എണ്ണവും ഈ നൂറ്റാണ്ടില്‍ (2001-2016) ആയിരുന്നു എന്നതാണ്.

ഇതിലൂടെ വ്യക്തമാകുന്നത് ഓരോ 100 വര്‍ഷത്തിലും രാജ്യത്തിെൻറ താപനില 0.65 ഡിഗ്രി സെല്‍ഷ്യസ് കൂടുന്നുവെന്നാണ്. ഇത് സൂചിപ്പിക്കുന്നത് കാലാവസ്ഥ വ്യതിയാനം യാഥാർഥ്യമാണ് എന്നതാണ്. കാലാവസ്ഥ വ്യതിയാന ഗവേഷകരുടെ മുന്നിലുള്ള ഏറ്റവുംവലിയ സമസ്യ മറ്റൊന്നുമല്ല, കവികളും കലാകാരന്മാരും ചിത്രകാരന്മാരും ആവോളം പുകഴ്ത്തുന്ന നമ്മുടെ ‘മേഘങ്ങള്‍’ തന്നെ. മേഘങ്ങള്‍ കാലാവസ്ഥയിലുണ്ടാക്കുന്ന പ്രഭാവവും തിരിച്ചു കാലാവസ്ഥ മാറ്റങ്ങള്‍ മേഘത്തിെൻറ ഘടനയിലുണ്ടാക്കുന്ന വ്യത്യാസങ്ങളും പഠിക്കേണ്ടത് അനിവാര്യമായ ഒന്നായതുകൊണ്ടാണ് ഈ വര്‍ഷത്തെ ലോക കാലാവസ്ഥ ദിനത്തിെൻറ ആശയം ‘മേഘങ്ങളെ മനസ്സിലാക്കല്‍’ (Understanding clouds) എന്ന് അന്താരാഷ്ട്ര കാലാവസ്ഥ സംഘടന (WMO) പ്രഖ്യാപിച്ചത്.

ഇന്ത്യ അടക്കം 191 രാജ്യങ്ങള്‍ ഐക്യ രാഷ്ട്രസഭയുടെ കീഴിലുള്ള  അന്താരാഷ്ട്ര കാലാവസ്ഥ സംഘടനയിൽ അംഗങ്ങളാണ്. നമുക്ക് ചുറ്റുമുള്ള ശ്രീലങ്ക, മാലദ്വീപ്, ഗള്‍ഫ്‌ രാജ്യങ്ങള്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളിലെ കാലാവസ്ഥ പ്രവചനത്തെ സഹായിക്കുന്നതും  ഐ.എം.ഡി (ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണവകുപ്പ്) ആണ്. കാരണം ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ആദ്യം ഉപയോഗിക്കുന്നതിലും എന്നും ഐ.എം.ഡി. മുന്നിലായിരുന്നു. ഇപ്പോഴും!

ആഗോള പ്രക്രിയ
കാലാവസ്ഥ ആഗോള പ്രക്രിയയാണ്.അതിനു  രാജ്യത്തിെൻറയോ സംസ്ഥാനത്തിെൻറയോ മതത്തിെൻറയോ രാഷ്ട്രീയത്തിെൻറയോ അതിര്‍വരമ്പുകളില്ല. 1950 മാര്‍ച്ച്‌ 23നാണ് ഡബ്ല്യൂ.എം.ഒയുടെ സാർവലൗകിക പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിെൻറ  ആസ്ഥാനം ജനീവയാണ്. 1960 മുതല്‍ എല്ലാ മാര്‍ച്ച്‌ 23നും ലോക കാലാവസ്ഥ ദിനം ആചരിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഐ.എം.ഡിയുടെ ഓഫിസുള്ളത്.

ഈ വര്‍ഷത്തെ ആശയം മേഘപഠനം ആണ്. ശാസ്ത്രീയമായി കാലാവസ്ഥ നിരീക്ഷണത്തിെൻറയും പ്രവചനത്തിെൻറയും കേന്ദ്രബിന്ദു മേഘങ്ങളാണ്. നമ്മള്‍ ആകാശത്തു കാണുന്ന മേഘങ്ങള്‍ക്കെല്ലാം ഓരോ പേരും ഓരോ സവിശേഷതയും ഉണ്ട്. 1803ല്‍ പ്രസിദ്ധനായ കാലാവസ്ഥ ശാസ്ത്രജ്ഞനായ ലുക്ക്‌ ഹോവാര്‍ഡാണ് തെൻറാ മേഘ പരിവര്‍ത്തനത്തെക്കുറിച്ചുള്ള ലേഖനത്തില്‍ ലാറ്റിന്‍ ഭാഷ ഉപയോഗിച്ച് ഇന്നുകാണുന്ന രീതിയില്‍ മേഘങ്ങള്‍ക്ക് പേര് നല്‍കിയത്.  ഏകദേശം 100 വ്യത്യസ്ത രൂപത്തിലും പേരിലുമുള്ള മേഘങ്ങളുണ്ട്. എന്നാല്‍, അത്രയും പേരുകള്‍ മനസ്സിലാക്കി വെക്കുക എളുപ്പമല്ല. അതുകൊണ്ട് ഈ 100 എണ്ണത്തിനെയും അടിസ്ഥാനപരമായി 10 എണ്ണമായി വര്‍ഗീകരിക്കാം.

 മേഘങ്ങളുടെ കീഴ്ഭാഗം തുടങ്ങുന്ന ഉയരമനുസരിച്ച് മേഘങ്ങളെ മൂന്നായി തരംതിരിക്കുന്നു. കീഴ്ഭാഗത്തിെൻറ ഉയരം 2000 മീറ്റര്‍ വരെയുള്ള മേഘങ്ങളെ നിമ്നതല മേഘങ്ങള്‍ എന്ന് വിളിക്കുന്നു. അടിസ്ഥാനപരമായി ഇത് അഞ്ചെണ്ണമാണ്. കോളിഫ്ലവര്‍ ആകൃതിയില്‍ കാണുന്ന വെളുത്ത മേഘങ്ങെളയാണ് ക്യുമുലസ് അഥവാ കൂമ്പാര മേഘങ്ങള്‍ എന്ന് വിളിക്കുന്നത്‌. ഇെതാരിക്കലും മഴയുണ്ടാക്കില്ല. ശാന്തമായ കാലാവസ്ഥയുടെ പ്രതീകമാണ്. കേരളത്തില്‍ എപ്പോഴും എല്ലാ ഋതുക്കളിലും കാണുന്ന മേഘമാണ്‌. വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് ഇതിെൻറ മുകള്‍വശം  കാണാന്‍ കഴിയും. ഈ മേഘങ്ങളുടെ തീവ്ര സാന്നിധ്യം രാത്രികാലങ്ങളില്‍ അന്തരീക്ഷതാപനിലയെ ഉയർത്തുന്നതിലും പങ്കു വഹിക്കുന്നുണ്ട്.

ഇതേ മേഘങ്ങൾ പരിവർത്തനത്തിനും വിധേയമാകുന്നുണ്ട്. ഇതിെൻറയുള്ളില്‍ വായുകണങ്ങളുടെ അമിതവേഗമുണ്ടാകുമ്പോൾ         കൂട്ടിമുട്ടലിലൂടെ  വൈദ്യുതികണങ്ങള്‍ രൂപപ്പെടുകയും സംവഹന പ്രക്രിയയിലൂടെ ഇതിെൻറ‍ ഉയരം കൂടുകയും ചെയ്യും. അപ്പോള്‍ ഇതിെൻറ മുകള്‍വശം വികസിച്ചു 18,000 മീറ്റര്‍ വരെ എത്തുകയും ഒരു പ്രത്യേകരൂപം പ്രാപിക്കുകയും ചെയ്യും. ഇതിനെ അന്‍വില്‍ രൂപം (Anvil shape) എന്നുപറയുന്നു. ഇത്തരത്തിലുണ്ടാകുന്ന മേഘങ്ങളാണ് ക്യുമുലോ നിംബസ് അഥവാ മഴകൂമ്പാര മേഘങ്ങള്‍. ഇതാണ് വേനല്‍ക്കാലത്തും തുലാവര്‍ഷത്തിലും കേരളത്തില്‍ ഇടിയും മിന്നലുമായി മഴയുണ്ടാക്കുന്നത്. ഇത്തരം മേഘങ്ങള്‍ക്കടുത്തുകൂടി പോകുമ്പോഴാണ് വിമാനം റോഡിലോടുന്നതുപോലെ കുലുങ്ങുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പൊതുവേ  പൈലറ്റുകള്‍ ഇത്തരം മേഘങ്ങളെ  ഒഴിവാക്കി വിമാനം പറത്തും. എന്നാല്‍, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുമുണ്ടാകും. അപ്പോഴാണ്‌ വിമാനം കുലുങ്ങുന്നത്. അത് പേടിക്കേണ്ട ഒരു സാഹചര്യം അല്ല. ഇന്നത്തെ സാങ്കേതികവിദ്യയില്‍ ഇതൊക്കെ അതിജീവിക്കാനുള്ള കഴിവ് വിമാനത്തിനുണ്ട്.

കേരളത്തില്‍ പൊതുവെ രണ്ടുതരം കാറ്റുകളാണ് പഴമക്കാരും കാലാവസ്ഥ നിരീക്ഷകരും കണക്കാക്കിയിരിക്കുന്നത്. ഒന്ന് കിഴക്കന്‍ മലകളില്‍നിന്ന് വരുന്ന മലങ്കാറ്റും മറ്റൊന്ന് അറേബ്യൻ കടലില്‍നിന്ന് വരുന്ന പടിഞ്ഞാറന്‍ കാറ്റും. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് കിഴക്കന്‍ കാറ്റ് കേരളത്തില്‍ ശക്തിപ്രാപിക്കുന്നത്. അതുകൊണ്ടാണ് രാത്രികാലങ്ങളില്‍ തണുത്ത കാലാവസ്ഥ കേരളത്തിലുണ്ടാകുന്നത്. മാത്രമല്ല, തുലാവര്‍ഷ മഴയുണ്ടാകുന്നതും കിഴക്കന്‍ കാറ്റിലൂടെയാണ്. വേനല്‍ക്കാലത്ത് ചൂടുപിടിച്ച വായു മുകളിലോട്ടുയരും. ഇതാണ് സംവഹന പ്രക്രിയ. ഇത് ക്യുമുലസ് മേഘങ്ങള്‍ ഉണ്ടാക്കും. ഉച്ചക്കുശേഷം കടല്‍കാറ്റ് പടിഞ്ഞാറുനിന്നും വീശും. ഈ കാറ്റ് ധാരാളം ജലകണങ്ങളെ കടലില്‍നിന്ന് മേഘങ്ങളിലോട്ടു പമ്പ് ചെയ്യും. അത് ക്യുമുലോ നിംബസ് മേഘങ്ങളുണ്ടാകാനുള്ള സാധ്യത കൂട്ടുകയും വേനല്‍ക്കാലത്ത് മിക്ക ദിവസങ്ങളിലും ഉച്ചക്കുശേഷം ഇടിമിന്നലോടു കൂടിയ മഴക്ക് കളംവരക്കുകയും ചെയ്യും.

കേരളത്തിെൻറ പ്രധാന മഴക്കാലമായ ഇടവപ്പാതിയുടെ സവിശേഷത സ്ട്രാറ്റസ് അഥവാ പാളി മേഘങ്ങളാണ്. നേരിയ പാളിപോലെ അൽപം കറുത്തതാണ് ഈ മേഘങ്ങളുടെ രൂപം. മൂടല്‍മഞ്ഞും ഒരുതരം സ്ട്രാറ്റസ് മേഘമാണ്‌.  ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കേരളത്തിെൻറ മഴക്കാലങ്ങളെ സമ്പുഷ്ടമാക്കുന്നത് അധികവും ഈ മേഘങ്ങളാണ്. കേരളത്തില്‍ സ്ട്രാറ്റസും നിംബോ സ്ട്രാറ്റസും തിരിച്ചറിയാന്‍ കഴിയാറില്ല. അതുെകാണ്ട് നിംബോ സ്ട്രാറ്റസ് അങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യാറുമില്ല. പാളിമേഘങ്ങളില്‍ അവിടെയവിടെയായി കൂമ്പാരം കണ്ടാല്‍ അതിനെ സ്ട്രാറ്റോക്യുമുലസ് എന്ന് വിളിക്കും. പൊതുവേ  സ്ട്രാറ്റസ് മേഘങ്ങളെല്ലാം മഴ തരാറുണ്ട്. അല്ലെങ്കില്‍ മഴക്കോ പേമാരിക്കോ ഉള്ള സൂചകങ്ങളെങ്കിലുമാകാറുണ്ട്.

 മേഘങ്ങളുടെ പ്രധാന രൂപങ്ങള്‍ ക്യുമുലസും സ്ട്രാറ്റസും സിറസും ആണ്. മലയാളത്തിലിതിനെ കൂമ്പാര മേഘങ്ങള്‍, പാളി മേഘങ്ങള്‍, തൂവല്‍ മേഘങ്ങള്‍ എന്ന് വിളിക്കാം. ഈ മൂന്നില്‍നിന്നാണ് ബാക്കി  ഏഴു അടിസ്ഥാന മേഘങ്ങളും ഉണ്ടായത്. ഈ പത്തു അടിസ്ഥാന മേഘങ്ങളില്‍നിന്ന് 100 തരം വിവിധ മേഘങ്ങളുണ്ടാകുന്നു. ഇതാണ് മേഘപഠനത്തിെൻറ അടിസ്ഥാന തത്ത്വം.
ആഗോളതലത്തിലുള്ള  ജലലഭ്യതയുടെയും വിതരണത്തിെൻറയും കാര്യത്തില്‍ അതുല്യമായ പങ്കാണ് മേഘങ്ങള്‍ക്കുള്ളത്.  ഈ മാറ്റങ്ങള്‍ സാധാരണക്കാരിലെത്തിക്കാനാണ് ഈ വര്‍ഷത്തെ ലോക കാലാവസ്ഥ ദിനത്തിെൻറ  ഉദ്ദേശ്യം. കാരണം, ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും മഴക്കുറവിനും  മനുഷ്യനും അവനുണ്ടാക്കിയ നാശങ്ങളും ഹേതുക്കളാണല്ലോ. പ്രകൃതിയെയും അതിെൻറ   മാറ്റങ്ങളെയും ഇതിലൂടെയാകും ഒരുപക്ഷേ, അവന്‍ പഠിക്കുക.
ചെെന്നെ റീജനൽ മെറ്റീരിയോളജിക്കൽ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ

Tags:    
News Summary - world climate day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.