വന്ദ്യ വയോധിക നേതാക്കൾ കണ്ണു തുറക്കുമോ?

ഫെബ്രുവരി 17ലെ മാധ്യമം എഡിറ്റോറിയൽ പേജിൽ എ​ന്റെ പ്രിയ സുഹൃത്തും കോൺഗ്രസ് എം.പിയുമായ ടി.എൻ. പ്രതാപൻ എഴുതിയ ശ്രദ്ധാർഹമായ ലേഖനം ഇപ്പോഴത്തെ കോൺഗ്രസ് ഭാരവാഹികളുടെയും വന്ദ്യ വയോധികരായ കോൺഗ്രസ് നേതാക്കളുടെയും കണ്ണു തുറപ്പിക്കുമോ?

വാർധക്യസഹജമായ അരിഷ്ടതമൂലം കാഴ്ച കുറഞ്ഞ നേതാക്കൾക്ക് പേരക്കുട്ടികളോ, ഇപ്പോഴും ഉപഗ്രഹങ്ങളായി വലയംവെക്കുന്ന അനുയായികളോ ഈ ലേഖനം രണ്ടുവട്ടമെങ്കിലും വായിച്ചുകൊടുക്കണം. ഇടവും വലവും സഹായികളില്ലാതെ നടക്കാൻ കഴിയാത്തവർപോലും പാർലമെന്ററി മോഹവുമായി, തങ്ങൾക്ക് ഒരിക്കൽ ലഭിച്ച കസേരയിൽ അമർന്നിരിക്കുന്ന ദുരന്ത കാഴ്ച കോൺഗ്രസിൽ മാത്രം കാണാൻ കഴിയുന്ന പ്രതിഭാസമാണ്.

ഒരിക്കൽ അധികാരത്തിലോ പാർട്ടി ഭാരവാഹിത്വത്തിലോ വന്നാൽ മരണം വരെ ആ സ്ഥാനം തനിക്കു മാത്രമുള്ളതാണെന്നും, കാലശേഷം മക്കൾക്കോ മരുമക്കൾക്കോ പൈതൃകമായി ലഭിക്കേണ്ടതാണെന്നും അവകാശപൂർവം കരുതി പ്രവർത്തിക്കുന്ന നേതാക്കളുടെ ബാഹുല്യം കോൺഗ്രസ് പാർട്ടിയിലേക്കുള്ള യുവാക്കളുടെ വരവിന് എക്കാലവും തടയിടുകയാണ്.

കൊട്ടംചുക്കാദി കുഴമ്പും പിണ്ഡതൈലവും പുരട്ടി ചൂടുവെള്ളത്തിലുള്ള കുളിയുമായി വീട്ടിൽ കഴിയേണ്ട സമയത്തും തങ്ങൾ ഇപ്പോഴും സിംഹങ്ങളാണെന്നു കരുതി പാർലമെന്ററി മോഹവുമായി ഹൈകമാൻഡിൽ കണ്ണുനട്ടു കഴിയുന്നവർ ടി.എൻ. പ്രതാപന്റെ ലേഖനം ആവർത്തിച്ചു വായിക്കുക.

യുവാക്കൾ രാഷ്ട്രീയരംഗത്ത് വരണമെന്ന് ചാനൽ ചർച്ചകളിലും പൊതുയോഗങ്ങളിലും ഘോരഘോരം ആവശ്യപ്പെടുന്ന സടകൊഴിഞ്ഞ സിംഹങ്ങൾ കസേരകളിൽ കടിച്ചുതൂങ്ങിക്കിടക്കുമ്പോൾ യുവാക്കൾ വരണമെന്ന താൽപര്യം എങ്ങനെയാണ്, ആരിലൂടെയാണ് നിറവേറ്റപ്പെടുക? വലിയ ഒരു സത്യം തന്റേടത്തോടെ പറഞ്ഞ ടി.എൻ. പ്രതാപന് അഭിനന്ദനങ്ങൾ. രാജാവ് നഗ്നനാണെന്നു പറയാൻ ഒരു കുട്ടിയെങ്കിലും കോൺഗ്രസിലുണ്ടാകട്ടെ...

Tags:    
News Summary - Will elderly leaders open their eyes?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.