2002ലെ ഓഫ്ഷോർ മിനറൽസ് (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിൽ വരുത്തിയ ഭേദഗതിയുടെ ബലത്തിൽ പാരിസ്ഥിതികാഘാതപഠനങ്ങൾ പോലും നടത്താതെ കേരളതീരത്ത് ഖനനാനുമതി നൽകിയത് മത്സ്യത്തൊഴിലാളി സമൂഹത്തിനും, സമുദ്രതീര പരിപാലനത്തിലും വലിയ വെല്ലുവിളികളാണുയർത്തുക. കടൽത്തീരത്തുനിന്ന് ധാതുമണൽ ഖനനം നടത്തിവരുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ നടത്തുന്ന ധാതുമണൽ ഖനനത്തിനെതിരെ നാളുകളായി മത്സ്യത്തൊഴിലാളി സമൂഹം പ്രക്ഷോഭങ്ങൾ നടത്തിവരുന്നതിനിടയിലാണ് സ്വകാര്യ കമ്പനികൾക്കായി കടൽത്തീരം തീറെഴുതാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
സമാനമായ പ്രാധാന്യമുള്ള ആഴക്കടൽ ഖനനം എങ്ങനെയാണ് അന്താരാഷ്ട്രതലത്തിൽ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യപ്പെടുന്നത് എന്നുകൂടി ഈ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്. ആഴക്കടൽ ഖനനം ഒരു പ്രധാനവിഷയമായി ലോകരാജ്യങ്ങൾ അംഗീകരിച്ചു നിലവിൽ വന്ന International Seabed Authority (ഐ.എസ്.എ) ഇക്കാര്യത്തിൽ കർശനമായ മാനദണ്ഡങ്ങളാണ് നിഷ്കർഷിച്ചിട്ടുള്ളത്. 1982ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ (UNCLOS), 1994ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ എന്നിവ പ്രകാരമാണ് ഐ.എസ്.എ സ്ഥാപിതമായത്. അന്താരാഷ്ട്ര സമുദ്ര മേഖലയിലെ ധാതുവിഭവ സംബന്ധിയായ എല്ലാ പ്രവർത്തനങ്ങളും (ദേശീയ അധികാരപരിധിക്ക് പുറത്തുള്ള കടൽത്തീരവും സമുദ്രത്തിന്റെ അടിത്തട്ടും അതിന്റെ ഭൂഗർഭ മണ്ണും) ‘മൊത്തം മനുഷ്യരാശിയുടെ പ്രയോജനത്തിനായി’ ‘സ്വരൂപിക്കാനും നിയന്ത്രിക്കാനും’ ഐ.എസ്.എയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ആഴക്കടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളിൽനിന്ന് സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കേണ്ട ചുമതലയും ഐ.എസ്.എക്കുണ്ട്.
ആഴക്കടൽ ഖനനം എന്ത്, എങ്ങനെ?
1873ൽ HMS ചലഞ്ചർ പര്യവേക്ഷണത്തിലൂടെയാണ് ആഴക്കടലിൽ പോളിമെറ്റാലിക് നോഡ്യൂളുകൾ ആദ്യമായി കണ്ടെത്തിയത്. കടൽത്തട്ടിലോ, കടൽത്തീരത്ത് പകുതിമൂടിയ നിലയിലോ കാണപ്പെടുന്ന ഉരുളക്കിഴങ്ങിനോളം വലുപ്പമുള്ള ഇവയിൽ നിക്കൽ, ചെമ്പ്, കൊബാൾട്ട്, മാംഗനീസ് എന്നിവയും മറ്റ് ലോഹങ്ങളും അപൂർവ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഹൈഡ്രോതെർമൽ വെന്റ് സൈറ്റുകൾക്ക് ചുറ്റുമുള്ള രാസപ്രവർത്തനങ്ങളിലൂടെ രൂപം കൊള്ളുന്ന പോളിമെറ്റാലിക് സൾഫൈഡുകൾ, ചെമ്പ്, സിങ്ക്, ലെഡ്, വെള്ളി, സ്വർണം എന്നിവയും ഇതിലുണ്ട്.
ആഴക്കടൽ ഖനനത്തിനായി ഐ.എസ്.എ അംഗീകരിച്ച വ്യവസ്ഥകളനുസരിച്ച് ഏതെങ്കിലും രാജ്യത്തിന് അന്താരാഷ്ട്ര സമുദ്ര പ്രദേശത്തിന്മേലോ, അതിന്റെ വിഭവങ്ങളുടെയോ മേൽ പരമാധികാരം അവകാശപ്പെടാനോ പ്രയോഗിക്കാനോ കഴിയില്ല; വികസ്വര രാജ്യങ്ങളുടെ താൽപര്യങ്ങളും ആവശ്യങ്ങളും പ്രത്യേകമായി കണക്കിലെടുത്ത്, രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം പരിഗണിക്കാതെ, പ്രദേശത്തെ പ്രവർത്തനങ്ങൾ മൊത്തത്തിലുള്ള മനുഷ്യരാശിയുടെ പ്രയോജനത്തിനായി നടത്തണം; തീരദേശമോ കരയാൽ ചുറ്റപ്പെട്ടതോ ആകട്ടെ, എല്ലാ രാജ്യങ്ങൾക്കും സമാധാനപരമായ ആവശ്യങ്ങൾക്കായി മാത്രമായി ഉപയോഗിക്കാൻ പ്രദേശവും അതിന്റെ വിഭവങ്ങളും തുറന്നിരിക്കുന്നു; കൂടാതെ പ്രദേശത്തെ പ്രവർത്തനങ്ങളിൽനിന്ന് ലഭിക്കുന്ന മറ്റ് സാമ്പത്തിക നേട്ടങ്ങൾ വിവേചനരഹിതമായി തുല്യമായി പങ്കിടണം. ആഴക്കക്കടൽ ഖനനാനുമതി കരാർ ലഭിച്ച സ്ഥാപനങ്ങൾ ആദ്യമായി ഖനനത്തിന്റെ പരിസ്ഥികാഘാതപഠനം ഉൾപ്പെടുന്ന വിശദമായ സാധ്യതാ പഠന റിപ്പോർട്ട് ഐ.എസ്.എക്ക് സമർപ്പിക്കണം. ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ ഒരു പാനൽ ഈ റിപ്പോർട്ട് സൂക്ഷ്മമായി പഠിച്ചശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തിനുള്ള ഖനനത്തിന് അനുമതി നൽകു. 2017ൽ ജപ്പാനിലെ ഒകിനാവാ തീരത്ത് സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളിലൊന്ന് വ്യവസായികാടിസ്ഥാനത്തിൽ ധാതുഖനനം പ്രഖ്യാപിച്ചുവെങ്കിലും പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.
2018ൽ പാപുവ ന്യൂ ഗിനിയയുടെ സമുദ്രാതിർത്തിയിലെ കടൽത്തട്ടിൽനിന്ന് വാണിജ്യപരമായ ഖനനം തുടങ്ങിയെങ്കിലും തദ്ദേശീയ സമൂഹത്തിന്റെ എതിർപ്പിനെയും പസഫിക് ആഴക്കടൽ ആവാസവ്യവസ്ഥയുടെ തകർച്ചയെയും, അത് സാധൂകരിക്കുന്ന പഠനങ്ങളെയും കണക്കിലെടുത്ത് പിന്മാറേണ്ടിവന്നു. രണ്ട് സന്ദർഭങ്ങളിലും പരിസ്ഥിതികാഘാതപഠനം പൂർത്തിയാകുന്നതുവരെ സമ്പൂർണ മൊറട്ടോറിയം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ഇന്ത്യൻ മഹാസമുദ്രത്തിലെ അന്താരാഷ്ട്ര സമുദ്രാടിത്തട്ടിലെ പര്യവേക്ഷണത്തിനായുള്ള രണ്ട് പദ്ധതികളിലായി പര്യവേക്ഷണത്തിനായി ഇന്ത്യക്ക് നിലവിൽ രണ്ട് കരാറുകളുണ്ട് എന്നതും ഇതോടൊപ്പം അറിയുക. മധ്യ ഇന്ത്യൻ മഹാസമുദ്ര തടത്തിലെ പോളിമെറ്റാലിക് നോഡ്യൂളുകൾക്കായുള്ള പര്യവേക്ഷണത്തിനായി 2002ൽ ഒപ്പുവെച്ച കരാർ 2027 മാർച്ച് 24ന് കാലഹരണപ്പെടും. 2016ൽ ഒപ്പുവെച്ച, 2031ൽ കാലഹരണപ്പെടുന്ന രണ്ടാമത്തെ പര്യവേക്ഷണ കരാർ ഇന്ത്യൻ മഹാസമുദ്ര നിരയിലെ പോളിമെറ്റാലിക് സൾഫൈഡുകൾക്കായുള്ള പര്യവേക്ഷണത്തിനാണ്. നിർണായക ധാതുക്കൾക്കായി ആഗോള ശക്തികൾ തമ്മിലെ വർധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് നിലവിലുള്ള കരാറുകൾക്കുപുറമേ, ഇന്ത്യൻ മഹാസമുദ്ര നിരയിൽ മധ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന 10,000 ചതുരശ്ര കിലോമീറ്റർ (Carlsberg Ridge area) പ്രദേശത്തെ പോളിമെറ്റാലിക് സൾഫൈഡുകൾക്കായുള്ള പര്യവേക്ഷണത്തിനായും ഇന്ത്യ ഒരു അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ കരാറുകൾ നിലനിൽക്കെ, അതിന്റെ തുടർനടപടികളിലേക്ക് കടക്കാതെയാണ് രാജ്യാതിർത്തിയുള്ള തീരങ്ങളിൽ പാരിസ്ഥിതികാഘാത പഠനങ്ങളെ നിരാകരിച്ചു കൊണ്ട് കുത്തകകൾക്ക് ഖനനാനുമതി നൽകുന്നത്.
16 ഖനന കരാറുകൾ നിലവിലുള്ള മധ്യപസഫിക് സമുദ്രത്തിന് കുറുകെ 5000 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന 1956ൽ ശാസ്ത്രസമൂഹം കണ്ടെത്തിയ Clarion-Clipperton Zone (CCZ) ലാണ് ഏറ്റവുമധികം ഖനന സാധ്യതാപഠനങ്ങൾ നടന്നിട്ടുള്ളതും, അതിന്റെ പ്രത്യാഘാതമായി ജൈവവൈവിധ്യശോഷണം സംഭവിച്ചിട്ടുള്ളതും. ഇത് തടയുന്നതിനും പാരിസ്ഥിതികാഘാതം കുറക്കുന്നതിനുംവേണ്ടി ഒമ്പത് പ്രത്യേക പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകൾ സ്ഥാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്ര മേഖലയിൽ പോലും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ, വളരെ പരിസ്ഥിതിലോലമായ നമ്മുടെ തീരപ്രദേശത്ത് പാരിസ്ഥിതികാഘാത പഠനങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. തീരശോഷണവും അതിന്റെ പ്രത്യാഘാതമായ വിഭവദൗർലഭ്യതയും കേരളത്തിലെ തീരദേശജനതയുടെ നിലനിൽപിനുതന്നെ വെല്ലുവിളിയാകുന്നതിനിടെ തിരക്കുപിടിച്ചുള്ള നിയമപരിഷ്കാരങ്ങളും നയംമാറ്റവും കുത്തകകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് മാത്രമുള്ളതാണെന്ന് പകൽപോലെ വ്യക്തമാണ്.
(Regulatory Framework relating to Access and Benefit Sharing Mechanisms of Marine Genetic Resources and Associated Traditional Knowledge എന്നതാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ലേഖികയുടെ ഗവേഷണ വിഷയം).
simiameer@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.