സ്റ്റാലിനും പിണറായിയും വൈക്കത്തു വരുമ്പോൾ

2023 മാർച്ച് ആറിന് തമിഴ്നാട്ടിലെ നാഗർകോവിലിൽ മുഖ്യമന്ത്രിമാരായ സ്റ്റാലിനും പിണറായി വിജയനും ഒന്നുചേർന്ന് മാറുമറയ്ക്കൽ സമരത്തിന്റെ ഇരുനൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ ഏപ്രിൽ ഒന്നിന് അവർ വൈക്കത്ത് ഒത്തുചേരുന്നു.

ആധുനികതയുടെ സമ്മിശ്ര സന്ദർഭത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം നടന്ന വിപുലമായ ജനകീയ പോരാട്ടങ്ങളിലൂടെയാണ് അവർണ ജനത തുണിയുടുക്കാനും വഴിനടക്കാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ നേടിയത്.

സനാതന വർണാശ്രമധർമമാണീ ജാതിവിലക്കുകളും ഉച്ചനീചത്വങ്ങളും മതാധികാരപരമായി സ്ഥാപിച്ച് സമൂഹത്തെ വെട്ടിമുറിച്ചു വേർതിരിച്ചതെന്ന് പിണറായി നാഗർകോവിലിൽ പറയുകയുണ്ടായി. നാടാർ സമുദായത്തിൽനിന്നുയർന്നുവന്ന അയ്യാവൈകുണ്ഠ സാമിക്കും തന്റേട പ്രസ്ഥാന നായകൻ പെരിയാറിനും ഒപ്പം അവിടെ മിഷനറിയും ബ്രിട്ടീഷ് ഭരണാധികാരിയുമായ കേണൽ മൺറോയുടെ പേരും അനുസ്മരിച്ചു സ്റ്റാലിൻ.

അവർണ സ്ത്രീകളുടെ മുലക്കും അവർണരുടെ തലക്കും മീശക്കും മേനിപ്പൊന്നിനും മേലാപ്പിനുമെല്ലാം കിരാതമായ ജാതിക്കരങ്ങൾ ചുമത്തിയ കാലമുണ്ടായിരുന്നു. അവർണ ബഹുജനങ്ങളുടെമേൽ ചുമത്തിയിരുന്ന നൂറുകണക്കിന് ജാതിക്കരങ്ങൾ റീജൻറ് റാണിമാരുടെമേൽ ബ്രിട്ടീഷ് റസിഡൻറ് എന്ന നിലയിൽ അധികാരം പ്രയോഗിച്ചു 1812ൽ നിർത്തലാക്കിച്ചയാളാണ് മൺറോ.

തിരുവിതാംകൂറിലെ കീഴ്ജനതകൾ ഓർമിക്കേണ്ട പേരാണ് മൺറോ സായിപ്പിന്റേതെന്നും അദ്ദേഹത്തിന്റെ ജീവചരിത്രം കേരളഭാഷയിൽ എഴുതേണ്ടതാണെന്നും അരനൂറ്റാണ്ടു മുമ്പുതന്നെ ആദ്യ തിരുക്കൊച്ചി മുഖ്യമന്ത്രിയും ശ്രീനാരായണ ഗുരുശിഷ്യനുമായ സി. കേശവൻ ആത്മകഥയായ ജീവിതസമരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1820കളിൽ തുടങ്ങി 1859ലെ തിരുവിതാംകൂർ വിളംബരം വരെ നീണ്ട പോരാട്ടത്തിലൂടെയാണ് നാടാർ സ്ത്രീ പുരുഷന്മാർ വർണാശ്രമധർമത്തോടുള്ള തീവ്ര സമരം നാഞ്ചിനാട്ടിൽ വ്യാപിപ്പിച്ചത്. പ്രതികാരമായി വേലുത്തമ്പിയുടെ നായൻപട ജനങ്ങളെ വേട്ടയാടി.

നീതിയടിയാൾ, യേശുവടിയാൾ, ശകുന്തളാദേവി എന്നിങ്ങനെ നിരവധി നാടാർ വനിതകൾ രക്തസാക്ഷികളായി. കണ്ണിൽ ചുണ്ണാമ്പെഴുതലും വൃഷണവും ജനനേന്ദ്രിയവും തകർക്കലുമെല്ലാം ജാതിക്കോമരങ്ങൾ അവർണസമരക്കാർക്കെതിരേ പ്രയോഗിച്ചു. ജാതിമർദനങ്ങളിൽ മരണപ്പെട്ടവരുടെ കണക്കുകളൊന്നും അക്കാലത്തെടുത്തിരുന്നില്ലല്ലോ.

1888ലെ അരുവിപ്പുറം പ്രതിഷ്ഠയും 1903ലെ ധർമപരിപാലനയോഗവും സാധ്യമാക്കിയ നാരായണഗുരുവാണ് കേരളീയമായ നവോത്ഥാനത്തിന് മതേതരവും മാനവികവുമായ വിദ്യാഭ്യാസ സംഘടനാ തത്ത്വ ചിന്തയും ഉൾക്കാമ്പും ദാർശനീക നൈതിക ആധാരവും ഒരുക്കിയത്.

ഡോ. പല്പുവിലും മൂലൂരിലും കറുപ്പനിലും ആശാനിലും സഹോദരനിലും സി.വി. കുഞ്ഞുരാമനിലും മിതവാദിയിലും മാധവനിലും കൂടിയെല്ലാം കേരളം മുഴുവൻ സഞ്ചാരസ്വാതന്ത്ര്യ സമരപരമ്പരകൾ അഴിച്ചുവിട്ടതും അദ്ദേഹം തന്നെ. മഹാത്മാ അയ്യങ്കാളിയുടേയും പൊയ്കയിൽ അപ്പച്ചന്റെയും പോരാട്ടങ്ങളും മനുഷ്യാവകാശ സമരങ്ങൾക്ക് ചാലകമായി.

മലബാർ ബ്രിട്ടീഷ് കലക്ടറുടെ ഉത്തരവുപോലും കാറ്റിൽ പറത്തി 1917ൽ തളിക്ഷേത്രവഴികളിലൂടെ മിതവാദി നടത്തിയ ഐതിഹാസികമായ കുതിരവണ്ടിയാത്രയും തീണ്ടൽപലകയെടുത്തു കുളത്തിൽ തള്ളിയതുമെല്ലാം ഇതിന്റെ ഊർജത്തിലാണ്. വൈക്കം കഴിഞ്ഞ് കണ്ണൻകുളങ്ങരയും തിരുവാർപ്പും സഞ്ചാര സ്വാതന്ത്ര്യ സമരം നടത്തിയത് ടി.കെ. മാധവനാണ്.

തിരുവാർപ്പിൽവെച്ച് ജാതിഹിന്ദു മുഠാളന്മാരുടെ ക്രൂരമർദനത്തിന് ഇരയായി ചോരതുപ്പിയാണ് അദ്ദേഹം 44ാം വയസ്സിൽ 1930ൽ മരണമടഞ്ഞത്. ഇത്തരം മർദനമൊന്നുമേൽക്കാതെ പല മലയാളി കുലീനരും പതിറ്റാണ്ടുകൾക്കു ശേഷം നവോത്ഥാനത്തിന്റെ ഗുണഭോക്താക്കളായി വന്നു.

അവരുടെ ചിത്രങ്ങളും ബിംബങ്ങളുമാണ് ഇന്ന് കോൺഗ്രസിന്റെതുൾപ്പെടെ പല പോസ്റ്ററുകളിലും മാധ്യമ ആഖ്യാനങ്ങളിലും നിറയുന്നത്. കാക്കിനാഡയിലും മറ്റും പോയി ഗാന്ധിജിയെ പലവട്ടം കണ്ടു സംസാരിച്ചു കേരളത്തിൽ കൊണ്ടുവന്ന ടി.കെ. മാധവനെന്ന ഗുരുശിഷ്യനെപ്പോലും തമസ്കരിക്കുന്ന തരത്തിലേക്ക് മാധ്യമ-അക്കാദമിക മുഖ്യധാര കൂപ്പുകുത്തിക്കഴിഞ്ഞു.

മലയാളി ഇന്ന് മേനിനടിക്കുന്ന നവോത്ഥാനം സാധ്യമാക്കിയത് സവർണ ചരിത്രമെഴുത്തുകാർ ഇന്നും തീണ്ടാപ്പാടകലെ നിർത്തിയിരിക്കുന്ന നൂറുകണക്കിന് മനുഷ്യർ ജീവനും രക്തവും നൽകിയാണ്.

1803ലാണ് തിരുവിതാംകൂറിലെ മുലക്കരത്തിനെതിരായ ചേർത്തലയിലെ നങ്ങേലിയുടെ ധീരരക്തസാക്ഷിത്വം നടന്നത്. ഇരുനൂറോളം ഈഴവ യുവാക്കളെയാണ് 1806ലെ സഞ്ചാര, ആരാധന സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് കൊന്നുതള്ളിയത്. അവരെ പാതിജീവനോടെ വെട്ടിക്കൂട്ടി കിഴക്കേനടയിലെ കുളത്തിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു തലക്കുളം തമ്പിയുടെ തിരുവിതാംകൂർ നായൻപട്ടാളം.

വേലുത്തമ്പി ദളവയുടെ തീട്ടൂരപ്രകാരം കുഞ്ചുക്കുട്ടി പിള്ളയും പപ്പനാവപിള്ളയും കുതിരപ്പക്കി നായകനുമായിരുന്നു അതിനു നേതൃത്വം നൽകിയത്. ഇന്നും വൈക്കം സ്വകാര്യ ബസ് സ്റ്റാൻഡ് നിൽക്കുന്ന കിഴക്കേനട ഭാഗം ദളവാക്കുളം എന്നറിയപ്പെടുന്നു. മഹാകവി ആശാൻ 1923ലെ വടയാർ പ്രസംഗത്തിൽ അവരുടെ വീരപുളകമുണർത്തുന്ന ത്യാഗസ്മരണയെ കുറിച്ചു പറഞ്ഞു. ആ അസ്ഥികൾ പൂജിക്കേണ്ടതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നങ്ങേലിക്കും ജാതിവിലക്കു ലംഘിച്ച് ധീരരക്തസാക്ഷിത്വം വരിച്ച വൈക്കത്തെ 200 ഈഴവ യുവാക്കൾക്കും ഉചിതമായ ആദരവും സ്മാരകവും ഒരുക്കാൻ ഇനി വൈകിക്കൂടാ. വൈക്കത്തു വരുമ്പോൾ കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാർ ഓർമിക്കേണ്ട പേരും ഊരും പൊരുളുമാണ് ദളവാക്കുളം.

കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസറാണ് ലേഖകൻ

Tags:    
News Summary - When Stalin and Pinarayi came to Vaikom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.