ഹിറ്റ്ലർ, മുസ്സോളിനി, നരേന്ദ്രമോദി, മൻമോഹൻ സിങ്, ബങ്കിംചന്ദ്ര ചാറ്റർജി
“അല്ല, കെ.ഇ.എൻ, പാർലമെന്റ് മന്ദിരത്തിൽനിന്നും പുക പൊങ്ങിയോ, പുസ്തകങ്ങളെല്ലാം ലോറികളിലാക്കി തീകൊളുത്താൻ കൊണ്ടുപോയിത്തുടങ്ങിയോ, ഏതെങ്കിലും പാർലമെന്റംഗം കൊല്ലപ്പെട്ടുവോ”... ഫോൺകാൾ തുടരുകയാണ്. ഫാഷിസത്തെക്കുറിച്ചുള്ള ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകരുടെ പ്രചാരണമെല്ലാം പൊളിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്ന അത്യുത്സാഹമാണ്, സംഘ്പരിവാറിനോട് നേരിട്ടൊരു ബന്ധവും പുലർത്താത്ത സുഹൃത്തുക്കളിൽ ചിലർപോലും ഇപ്പോൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി അധികാരമേറ്റതോടെ നവലിബറൽ നയങ്ങൾ മുമ്പത്തേക്കാൾ നന്നായി നടപ്പിലാക്കിത്തുടങ്ങിയതിനെക്കുറിച്ചോ, റെയിൽവേ കൂലി വൻതോതിൽ വർധിപ്പിച്ചതിനെക്കുറിച്ചോ, ഗവർണർ പദവി തന്നെയും കാലഹരണപ്പെട്ട ഒരു കൊളോണിയൽ അവശിഷ്ടമാണെന്ന തിരിച്ചറിവ് നിലനിൽക്കെ, സംസ്ഥാനങ്ങളിൽ ഗവർണർ പദവിക്കൊപ്പം, പ്രധാനമന്ത്രിയുടെ പ്രത്യേക ഓഫിസ് കൂടി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ ആരംഭിച്ചുകഴിഞ്ഞതിനെക്കുറിച്ചോ, ഇന്ത്യയിലെ മറ്റെല്ലാ ഭാഷകൾക്കും മുന്നിൽ ഹിന്ദിയെ ഏകപക്ഷീയമായി പ്രതിഷ്ഠിക്കാനുള്ള പരോക്ഷ ശ്രമങ്ങളെക്കുറിച്ചോ, പൗരപ്രതിരോധങ്ങളെ മുഴുവൻ ഒരു വിവേചനവും കൂടാതെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളെക്കുറിച്ചോ, ചരിത്രം തിരുത്തുന്നതിനെക്കുറിച്ചോ ഒരു വ്യാകുലതയും പുലർത്താതെ, മോദി വന്നു, ഡൽഹിയിൽ ഫയലുകൾ അതിവേഗം നീങ്ങിത്തുടങ്ങി, ഉദ്യോഗസ്ഥർ സമയത്ത് ഓഫിസിൽ വന്നുതുടങ്ങി എന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ വീണുപോയവർക്ക് ഇങ്ങനെയൊക്കെ വിളിച്ചു ചോദിക്കാൻ കഴിയും. അവർക്ക് ഫാഷിസമെന്നാൽ ഹിറ്റ്ലറും മുസ്സോളിനിയും ഫ്രാങ്കോയും മാത്രമാണ്. വംശഹത്യയും പാർലമെന്റ് കത്തിക്കലും, അടിയന്തരാവസ്ഥ പ്രഖ്യാപിക്കലും മാത്രമാണ്. ഇന്നത്തെ ഇന്ത്യ ഇരുപതുകളിലെ ഇറ്റലിയും മുപ്പതുകളിലെ ജർമനിയും സ്പെയിനുമായി മാറിയാൽ മാത്രമേ ഫാഷിസമാകൂ എന്നാണവർ വാശിപിടിക്കുന്നത്. ഒരു ഫോട്ടോകോപ്പി ഫാഷിസത്തിനപ്പുറം, ഓരോ ചരിത്രഘട്ടത്തിലും സവിശേഷ സ്വഭാവമാർജിച്ച് വളർന്നുവരുന്ന ഫാഷിസത്തെക്കുറിച്ചൊരു വിശകലനവും നിർവഹിക്കാനവർക്ക് താൽപര്യമില്ല.
യാന്ത്രികമായ സർവ കാഴ്ചപ്പാടുകളിൽനിന്നും അടിസ്ഥാനപരമായി വൈരുധ്യാത്മ വിശകലനരീതി വ്യത്യസ്തമാകുന്നത്, മൂർത്ത സന്ദർഭങ്ങളിൽനിന്നും സംഭവങ്ങളിൽനിന്നും അത് ആരംഭിക്കുമ്പോഴാണ്. ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നത്, വെറുമൊരു ഭരണമാറ്റം മാത്രമായിരുന്നെങ്കിൽ, മൻമോഹൻസിങ്ങിന്റെ ഊർജസ്വലനായ സഹോദരൻ മാത്രമാണ് നരേന്ദ്രമോദിയെങ്കിൽ, ഫാഷിസത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. എന്നാൽ അങ്ങനെയല്ല, മൻമോഹൻസിങ്ങിൽനിന്നും അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമായ സാംസ്കാരിക കാര്യപരിപാടികൾ നരേന്ദ്രമോദിക്കുണ്ടെങ്കിൽ, പ്രശ്നം വ്യത്യസ്തമാണ്. ഫാഷിസത്തെ ദിമിത്രോവ് ഫൈനാൻസ് മൂലധനത്തിന്റെ നഗ്നമായ ഏകാധിപത്യമായും പ്രതിലോമ ദേശീയതയുടെ നിഷ്ഠുരമായ പ്രയോഗമായും തിരിച്ചറിഞ്ഞതോടൊപ്പം ഫാഷിസത്തെ വിലയിരുത്തുമ്പോൾ ഓരോ രാജ്യത്തിന്റെയും സവിശേഷ സാഹചര്യങ്ങളെ കേന്ദ്രമാക്കി കാര്യങ്ങൾ കാണാതെ പോകരുതെന്ന് ഓർമിപ്പിക്കുകയും ചെയ്തിരുന്നു. 2014ൽ ദേശാഭിമാനി വാരികയിലെ ഇടപെടൽ കോളത്തിൽ എഴുതിയത് 2026ലെ മാധ്യമം വാരാദ്യത്തിലെ അതേപേരിൽ തുടരുന്ന കോളത്തിൽ ഇപ്പോൾ എടുത്തെഴുതുന്നത്, കഴിഞ്ഞ പന്ത്രണ്ട് കൊല്ലങ്ങൾക്കിടയിൽ ഇന്ത്യയിൽ സംഭവിച്ചതും, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സൂക്ഷ്മതല മാറ്റങ്ങളെ സംബന്ധിച്ച് ഓരോരുത്തരും നിർവഹിക്കേണ്ട അന്വേഷണങ്ങൾക്കത് പലനിലകളിൽ സഹായകരമായേക്കും എന്ന് കരുതിയാണ്. മുമ്പ് പതുങ്ങിക്കിടന്നതൊക്കെയും പതുക്കെ പത്തിവിടർത്തുന്ന ദൃശ്യങ്ങളാണ് സർവത്ര തെളിയുന്നത്. ആ ‘വന്ദേമാതരം’ തന്നെ ഇപ്പോഴത്തെ ഒരുദാഹരണം!
പഴയ റോമിലെ സാധാരണക്കാരായ, ‘പബ്ലിയന്മാർ’ ആദ്യം തോറ്റത്, ‘കുലീനർ’ അഥവാ ‘പട്രീഷ്യന്മാർ’ക്കെതിരെ അവർ സമരം ചെയ്യാത്തതുകൊണ്ടല്ല, മറിച്ച് അവരുടെ സമരം താൽക്കാലിക ആവശ്യങ്ങളിൽ ഒതുങ്ങിയതുകൊണ്ടാണ് എന്ന് അംബേദ്കർ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ ജാതിമേൽക്കോയ്മ തുടരുന്നതിന്ന് പലകാരണങ്ങൾ ഉണ്ടാവാമെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്ന് ജാതിയുടെ അടിവേര് വെട്ടാൻ അടിസ്ഥാനജനത ഒന്നിച്ച് ഉണരാത്തതാണ്. അതിന് തടസ്സമായി നിൽക്കുന്നത് ‘ശ്രേണീകൃത അസമത്വം’ എന്ന കീറാമുട്ടിയാണ്!
ഐക്യത്തെ പ്രയാസകരമാക്കുംവിധമുള്ള ജാതിവ്യവസ്ഥയുടെ ഘടനകളിലാണ്, മുഖ്യ മേൽ-കീഴ് അവസ്ഥ, അസംഖ്യം ഉപ മേൽ-കീഴ് അവസ്ഥകളായി നിലനിൽക്കുന്നത്. തമ്മിലടിപ്പിക്കും വിധമുള്ള അതിന്റെ ഘടനകളിലാണ് അസമത്വം സുരക്ഷിതമാവുന്നത്. ഉടമ-അടിമ എന്ന വ്യവസ്ഥയിൽനിന്നു വ്യത്യസ്തമായി, ഒരേസമയം അനേക ഉടമ-അടിമ എന്ന അവസ്ഥയിലാണത് നിലനിൽക്കുന്നത്! അതുകൊണ്ട്തന്നെ പഴയ അടിമവ്യവസ്ഥയിൽനിന്നും ഭിന്നമായി, തമ്മിലടിസാധ്യത കൂടുതലാണ്. നിലനിൽക്കുന്ന മേൽക്കോയ്മാ ആശയങ്ങളെ മറിച്ചിടണമെങ്കിൽ, ആ ആശയത്തെ മാത്രമായി കണ്ടാൽ മതിയാവില്ല, അതിന്റെ ഉറവിടങ്ങളെത്തന്നെ ഇല്ലാതാക്കണം. അവശിഷ്ടങ്ങൾപോലും അവശേഷിപ്പിക്കാതെ അയിത്തമില്ലാതാവണമെങ്കിൽ ‘ജാതിമേൽക്കോയ്മ’ തന്നെ ഇല്ലാതാവണം. ജാതിമേൽക്കോയ്മയിൽ നിന്നും സാംസ്കാരികമായി ശക്തിസംഭരിക്കുന്ന ഇന്ത്യൻ ഫാഷിസത്തിന്റെ ഇടപെടൽ രീതി അതിസങ്കീർണവും ബഹുതലത്തിൽ വിചിത്രവുമാണ്. ജാതിമേൽക്കോയ്മയെ അടപടലം കീഴ്മേൽ മറിക്കുംവിധമുള്ള ആശയങ്ങൾ ഉയർത്തിയ ബുദ്ധനെ ആ മേൽക്കോയ്മ നിരാകരിക്കുന്നത് ‘നമോ ഭഗവതേ ബുദ്ധായ’ എന്നാശംസിച്ചുകൊണ്ടാണ്! ബുദ്ധമത പ്രചാരണം നിർവഹിച്ച മഹാനായ അശോകനെ സവർക്കർ വെട്ടിയിട്ടത് ‘പുണ്യശ്ലോകൻ’ എന്നു പ്രശംസിച്ചുകൊണ്ടാണ്. ‘അശോകൻ ഭാരത സാമ്രാജ്യത്വത്തിന്റെ തായ് വേരിനെത്തന്നെ വെട്ടിമുറിച്ചു’ എന്നാണ് സംഘ്പരിവാർ സൈദ്ധാന്തികർ ആവർത്തിക്കുന്നത്. ഹിന്ദുത്വത്തെ സ്ത്രൈണവത്കരിക്കുകയാണ് ബുദ്ധതത്ത്വങ്ങൾ ചെയ്തത് എന്ന പഴയ കാഴ്ചപ്പാട് തന്നെയാണ് അവരിന്നും ആവർത്തിക്കുന്നത്.
ബംഗാളിബാബുമാരെക്കുറിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും ഇതേ ആശയമാണ് ദൃഢപ്പെടുത്തിയത് എന്നുള്ളതാണ് കൗതുകകരം! ‘Effeminate Hindoos’ അഥവാ സ്ത്രീതുല്യ ഹിന്ദുക്കൾ എന്നുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വ സൃഷ്ടിയും, മഹാത്മാബുദ്ധനെ മറയാക്കി മുമ്പേതന്നെ ജാതിമേൽക്കോയ്മ അവതരിപ്പിച്ച ഹിന്ദു ജനതയെ ബുദ്ധതത്ത്വങ്ങൾ പൗരുഷമില്ലാത്തവരാക്കി എന്ന കുറ്റാരോപവും ചരിത്ര വസ്തുതകളുമായി ഒരുവിധേനയും പൊരുത്തപ്പെടാത്തതാണ്. എന്നാൽ, ഏറ്റവും അതിശയകരമായ കാര്യം ബ്രാഹ്മണിക് പ്രത്യയശാസ്ത്രത്തെ ‘ആനന്ദമഠം’ നോവലിൽ ആദർശവത്കരിച്ച ബങ്കിംചന്ദ്ര ചാറ്റർജിപോലും, ആ നോവലെഴുതിയതിന് മുമ്പെഴുതിയ പ്രബന്ധത്തിൽ, ജാതിമേൽക്കോയ്മയുടെ ക്രൂരതകളെ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി താരതമ്യം ചെയ്ത്, ബ്രിട്ടീഷുകാർക്ക് ‘ഗുഡ് സർട്ടിഫിക്കറ്റ്’ നൽകുന്നുണ്ടെന്നുള്ളതാണ്. ആനന്ദമഠം നോവലിലും ആംഗലേയ സ്തുതിയുണ്ട്. എന്നാൽ, മുമ്പെഴുതിയ പ്രബന്ധത്തിൽനിന്നും ഭിന്നമായി അതിൽ മേൽക്കോയ്മാജാതി സ്തുതിയുമുണ്ട്. അങ്ങനെ ജാതിമേൽക്കോയ്മ എന്ന സ്വദേശിസാമ്രാജ്യത്വ സ്തുതിയും, വിദേശ സാമ്രാജ്യത്വ സ്തുതിയും സന്ധിക്കുന്ന, ‘ആനന്ദമഠത്തിലെ’ ആഖ്യാന സന്ദർഭത്തിലാണ്, ഇപ്പോൾ വീണ്ടും വന്ദേമാതരഗീതം വിവാദമാവുന്നത്.
വന്ദേമാതരത്തിലെ ആദ്യത്തെ ‘സസ്യശ്യാമള’ മധുരമനോജ്ഞ ഇന്ത്യയുടെ ചേതോഹരമായ വർണനകളിൽ പുളകിതരായവർ തന്നെയാണ്, അതിലെ ദുർഗാവർണനയിൽ അസ്വസ്ഥമായത്. ദുർഗാദേവിയെ ആരാധിക്കാത്തവർക്ക്, ആ വർണനയിലെ സാഹിത്യഭംഗി ആസ്വദിക്കാനാവും. പക്ഷേ ആനന്ദമഠം നോവലിന്റെ ന്യൂക്ലിയസായ ‘ദുർഗാ’ പ്രകീർത്തനങ്ങളിൽ അതേ ആവേശത്തിൽ അവർക്ക് പങ്കെടുക്കാനാവില്ല. അതവരുടെ വിശ്വാസത്തിന്റെയും ബോധ്യത്തിന്റെയും പ്രശ്നമാണെന്ന് വിനയപൂർവം തിരിച്ചറിഞ്ഞ് വന്ദേമാതര വിവാദത്തിൽനിന്നും പിന്മാറുകയാണ്, സംഘ്പരിവാർ പ്രതിഭകൾ ചെയ്യേണ്ടത്. ആദ്യഭാഗം ചൊല്ലുന്നവർ അങ്ങനെചൊല്ലിയും മുഴുവൻ ചൊല്ലുന്നവർ മുഴുവൻ ചൊല്ലിയും മുന്നോട്ടുപോയാൽ പ്രശ്നം പകുതിതീരും! അതിനുപകരം വന്ദേമാതരം, ഭാരതമാതാവ്, ജയ്ശ്രീറാം എന്നിവകളെ പ്രകോപന പ്രദർശനത്തിനുള്ള ആയുധങ്ങളാക്കി മൂർച്ച കൂട്ടുന്ന പ്രവണതകളാണ് മുന്നേറുന്നത്. വന്ദേമാതരം നിയമപരിരക്ഷയും ജനപിന്തുണയുമുള്ള ജനഗണമന എന്ന ദേശീയഗാനത്തെപ്പോലെ മറ്റൊരു ദേശീയഗാനമാവാതെ, എന്തുകൊണ്ട് വെറും ദേശീയഗീതം മാത്രമായി എന്ന് ശരിക്കും മനസ്സിലാക്കിയാൽ, അവസാനിക്കാവുന്നൊരു പ്രശ്നത്തെയാണ്, സംഘ്പരിവാർ ശക്തികൾ പുതുതായെന്തോ സംഭവിച്ചിരിക്കുന്നു എന്ന വ്യാജേന വീണ്ടും കൊണ്ടാടുന്നത്. മൗലാന മുഹമ്മദലിയും, മുഹമ്മദലി ജിന്നയും പി.എ. മുഹമ്മദ് റിയാസും പിന്നെ സംഘ്പരിവാർ ഭാഷയിൽ സകലമാന ജിഹാദികളും കുത്തിപ്പൊക്കിയ ഒരു പ്രശ്നമല്ല ഇതെന്ന് മനസ്സിലാക്കാൻ, മിനിമം ബുദ്ധിമതി. ഇന്നത്തെ മതംമാറ്റം നാളത്തെ ദേശീയതാ മാറ്റമാണെന്ന സങ്കുചിത കാഴ്ചപ്പാടാണ് സംഘധൈഷണികർ ആദ്യം മാറ്റേണ്ടത്. സൂക്ഷ്മതലത്തിൽ ‘ഭാരതമാത...വന്ദേമാതര’ നിർബന്ധങ്ങൾ മേൽക്കോയ്മാ ദേശീയതയുടെ മുദ്രാവാക്യമാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.