ഏതൊരു രാഷ്ട്രീയ പ്രക്ഷോഭത്തിന്റെയും വിജയം അത് നേടിയെടുക്കുന്ന ആവശ്യങ്ങളിൽ മാത്രം മുൻനിർത്തിയല്ല വിലയിരുത്തേണ്ടത്.എന്ത് തരത്തിലുള്ള പുതിയ രാഷ്ട്രീയ ഭാഷയാണ് ആ സമരം സംഭാവന ചെയ്യുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്.ഡൽഹിയിൽ ആരംഭിച്ച, പിന്നീട് ഇന്ത്യയിൽ മുഴുവൻ പടർന്ന സി.ജെ.പി നേതൃത്വത്തിലുള്ള വിദ്യാർഥി യുവജന പ്രതിഷേധത്തെ ഈ അർഥത്തിലാണ് വായിക്കേണ്ടത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടി വന്നത് ഈ സമരത്തിന്റെ വ്യക്തമായ രാഷ്ട്രീയ വിജയമാണ്. 12 വർഷത്തെ മോദി ഭരണത്തിനിടെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് ഒരു കേന്ദ്രമന്ത്രി സ്ഥാനമൊഴിയുന്നത് ചെറിയ സംഭവമല്ല.തങ്ങളുടെ വോട്ട് ബാങ്കിനെ കൂടി ബാധിച്ചു തുടങ്ങും എന്നത്തിനാലാണ് ഈ തീരുമാനത്തിലേക്ക് ബി.ജെ.പി എത്തിയത് എന്നുറപ്പാണ്.തീർച്ചയായും വരാൻ പോകുന്ന യു.പി ഇലക്ഷനും അടുത്ത ലോക്സഭ ഇലക്ഷനും ബി.ജെ.പി മുൻപിൽ കണ്ടിട്ടുണ്ടാകും.
ഈ സമരത്തിന്റെ നേട്ടമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ മാത്രം പരിഗണിച്ചാലും മതിയാകില്ല. ഇന്ത്യയിൽ പ്രതിഷേധത്തിനും ഭരണാധികാരികളെ പ്രതികരിപ്പിക്കാൻ പ്രേരിപ്പിക്കില്ല എന്ന ധാരണയെ തകർക്കുകയും, ഇന്ത്യയിലെ ജനാധിപത്യം പ്രക്ഷോഭങ്ങളുടെ തിരിച്ചുവരവിനെ സാധ്യമാക്കിയ നിമിഷം കൂടിയാണിത്.
ഈ പ്രക്ഷോഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കിൽ ചില കാര്യങ്ങൾ നമ്മൾ മറക്കരുത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യയിലെ പ്രക്ഷോഭ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ജനാധിപത്യ ഉയിർത്തെഴുന്നേൽപ്പായിരുന്നു. എന്നാൽ, ഡൽഹി വംശഹത്യയെ തുടർന്നും,ഭരണകൂട വേട്ടയെ തുടർന്നും,കോവിഡ് മഹാമാരി കടന്നു വന്നപ്പോഴും ആ മുന്നേറ്റം അതിനുശേഷം നിലച്ചുപോയി. സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ ഭരണകൂടം തിരഞ്ഞുപിടിച്ചു വേട്ടയാടി. യു.എ.പി.എ ഉൾപ്പെടെയുള്ള നിയമങ്ങൾ വ്യാപകമായി ഉപയോഗിച്ചു. ശർജീൽ ഇമാം, ഉമർ ഖാലിദ് ഉൾപ്പെടെ പലരും ഇന്നും ജയിലിലാണ്. സർവകലാശാലകൾ ഭരണകൂട നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന്റെയും ഇടങ്ങളായി മാറി. ക്യാമ്പസുകൾ സൈനികവൽക്കരിക്കപ്പെട്ടു.
ഇന്ത്യയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ പൂർണമായും തടയിടാനും, ഭയപ്പെടുത്താനും അതിന്റെ രാഷ്ട്രീയ ഊർജത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെല്ലാം. പിന്നീട് വന്ന കർഷക പ്രക്ഷോഭവും ലോക വ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റുകയും സമരത്തിന്റെ ഭാഗികമായ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടു സമരം അവസാനിക്കുകയും ചെയ്തു. ചെറുതും വലുതുമായ അനവധി ശ്രമങ്ങൾ വീണ്ടും നടന്നെങ്കിലും നിയന്ത്രിച്ചും, വേട്ടയാടിയും ഇന്ത്യലെ പൊതു ഇടങ്ങളെ ഹിന്ദുത്വ ഭരണകൂടം കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയായിരുന്നു.അത്തരമൊരു സാഹചര്യത്തിലാണ് സി.ജെ.പി ആഹ്വാനം ചെയ്യുകയും, പിന്നീട് ഇന്ത്യയിൽ മുഴുവൻ വ്യാപിക്കുകയും ചെയ്ത നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ മുൻനിർത്തിയുള്ള ഈ പ്രക്ഷോഭം ഉയർന്നുവരുന്നത്. സോഷ്യൽ മീഡിയയിൽ സംഘടിപ്പിച്ച ഒരു കൂട്ടായ്മ, ഒടുവിൽ ഇന്ത്യയുടെ തെരുവ് കീഴടക്കാൻ തുടങ്ങിയ കാഴ്ചയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
ഈ സമരത്തിൽ സി.ജെ.പിയേക്കാൾ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളത് ഈ സമരം സൃഷ്ടിച്ച പുതിയ പ്രതിഷേധ ഭാഷയാണ്. അതിന്റെ ദൃശ്യഭാഷ, പ്രകടന രീതികൾ, വൈവിധ്യങ്ങൾ നിറഞ്ഞ ആവിഷ്കാരങ്ങൾ ഇന്ത്യയുടെ പ്രക്ഷോഭ രാഷ്ട്രീയത്തിന്റെ ഭാവുകത്വം തന്നെ പുതുക്കിപ്പണിയുന്നുണ്ട്.
ഡിജിറ്റൽ ഇടങ്ങളെയും തെരുവിനെയും ഒരേ പോലുള്ള രാഷ്ട്രീയ വേദിയാക്കുകയും, കണ്ടന്റ് ക്രിയേഷന്റെ ലോകത്ത് ട്രെൻഡിങ് ആകുന്ന ശൈലിയിലുമാണ് എല്ലാം നടന്നുകൊണ്ടിരിക്കുന്നത്. കണ്ടന്റ് ക്രിയേഷൻ എന്നത് ഒരേ സമയം ഡിജിറ്റൽ ലോകവും പുറം ലോകവും പരസ്പരം യോജിച്ചു നിൽക്കുമ്പോൾ യഥാർഥ്യമാകുന്ന ഒന്നാണ്. ഇവിടെ തെരുവ്,സ മരത്തിന്റെയും വേദനയുടെയും, പൊലീസ് അതിക്രമത്തിന്റെയും, മുദ്രവാക്യങ്ങളുടെയും തെരുവായി മാറുന്നു എന്നത് മാത്രമല്ല, മറിച്ച് ആ സമരഭൂമി തന്നെ സ്റ്റുഡിയോയും, പ്ലോട്ടും, സ്ക്രീപ്റ്റും ആകുന്ന കാഴ്ചയാണ്. അവിടുന്ന് നേരെ റീലുകളിലൂടെ ട്രെൻഡിങ് ആക്കുന്നു. ലൈഫ്സ്റ്റൈൽ കണ്ടന്റുകൾ മാത്രമാണ് ജെൻസിയുടെ ലോകം എന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന അവസ്ഥയിൽ, ആ ലൈഫ് സ്റ്റൈൽ ഉള്ളടക്കങ്ങളിലൂടെ എങ്ങനെ രാഷ്ട്രീയ പ്രധിഷേധങ്ങൾ ആവിഷ്കരിക്കാം എന്നവർ തെരുവുകളുടെ ലോകത്ത് കാണിച്ചുകൊടുത്തു.അത്കൊണ്ടാണ് ഇന്ത്യയിലെ പ്രതിഷേധ രാഷ്ട്രീയത്തിലെ പുതിയൊരു അധ്യായമാണിതെന്ന് പറയാൻ സാധിക്കുന്നത്.
ഈ സമരത്തെ നോക്കി പലരും അത്ഭുതത്തോടെ പറയുന്നത്, ‘ഇപ്പോഴാണ് മനസ്സിലാകുന്നത് ജെൻസിക്ക് ഭയമില്ലെന്നും വിചാരിച്ചതിലേറെ രാഷ്ട്രീയ ബോധം അവർക്കുണ്ട് എന്നും’. യഥാർഥത്തിൽ ഈ അഭിപ്രായങ്ങൾ ജെൻസിയെക്കുറിച്ചുള്ളതല്ല മറിച്ച് അത് പറയുന്നവരെ കുറിച്ച് തന്നെയാണ് കൂടുതൽ ഉചിതമാകുന്നത്. ഒരു തലമുറ നിർവച്ചിച്ച രാഷ്ട്രീയ ബോധത്തിനും നിർവചനത്തിനും ഭാഷക്കും പുറത്തുള്ള രാഷ്ട്രീയ പ്രകടനങ്ങളെ കാണാൻ കഴിയാതെ പോകുമ്പോഴാണ് ഇങ്ങനെയുള്ള അഭിപ്രായങ്ങൾ വരുന്നത്. ശരിക്കും കാലത്തിനനുസരിച്ച് രാഷ്ട്രീയ ഭാഷയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയാത്ത തലമുറയുടെ രാഷ്ട്രീയ ബോധത്തെയാണ് ഈ സമരത്തിൽ അണിനിരന്ന ആയിരക്കണക്കിന് ജെൻസികൾ തിരുത്തിക്കുറിച്ചത്. ഈ സമരത്തിൽ പ്രായഭേദമില്ലാതെ, തലമുറ വ്യത്യാസമില്ലാതെ തന്നെ അതിന്റെ രീതികളെയും, വൈവിധ്യങ്ങളെയും, ഉൾകൊള്ളാൻ സാധിക്കുന്ന എല്ലാവരും പ്രായഭേദമില്ലാതെ തന്നെ ജെൻസിയാണ് എന്നും നമുക്ക് പറയേണ്ടി വരും.
ഈ സമരത്തെ നോക്കി പലരും അത്ഭുതത്തോടെ പറയുന്നത്, ‘ഇപ്പോഴാണ് മനസ്സിലാകുന്നത് ജെൻ-സിക്ക് ഭയമില്ലെന്നും വിചാരിച്ചതിലേറെ രാഷ്ട്രീയ ബോധം അവർക്കുണ്ട് എന്നും ".യഥാർഥത്തിൽ ഈ അഭിപ്രായങ്ങൾ ജെൻ-സിയെക്കുറിച്ചുള്ളതല്ലമറിച്ച് അത് പറയുന്നവരെ കുറിച്ച് തന്നെയാണ് കൂടുതൽ ഉചിതമാകുന്നത്.ഒരു തലമുറ നിർവച്ചിച്ച രാഷ്ട്രീയ ബോധത്തിനും നിർവചനത്തിനും ഭാഷക്കും പുറത്തുള്ള രാഷ്ട്രീയ പ്രകടനങ്ങളെ കാണാൻ കഴിയാതെ പോകുമ്പോഴാണ് ഇങ്ങനെയുള്ള അഭിപ്രായങ്ങൾ വരുന്നത്.ശെരിക്കും കാലത്തിനനുസരിച്ച് രാഷ്ട്രീയ ഭാഷയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയാത്ത തലമുറയുടെ രാഷ്ട്രീയ ബോധത്തെയാണ് ഈ സമരത്തിൽ അണിനിരന്ന ആയിരക്കണക്കിന് ജെൻസികൾ തിരുത്തിക്കുറിച്ചത്. ഈ സമരത്തിൽ പ്രായഭേദമില്ലാതെ, തലമുറ വ്യത്യാസമില്ലാതെ തന്നെ അതിന്റെ രീതികളെയും, വൈവിധ്യങ്ങളെയും, ഉൾകൊള്ളാൻ സാധിക്കുന്ന എല്ലാവരും പ്രായഭേദമില്ലാതെ തന്നെ ജെൻസിയാണ് എന്നും നമുക്ക് പറയേണ്ടി വരും.
ഒരു സമരത്തിലെ വൈവിധ്യത്തെ മാത്രം ആഘോഷിക്കുകയും,ആ സമരത്തിന്റെ ഉള്ളടക്കത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളെ നിഷേധാത്മകമായി കാണുകയും ചെയ്യുന്നത് ജനാധിപത്യപരമായ സമീപനമല്ല. ഐക്യദാർഢ്യം ഒരു പ്രക്ഷോഭത്തിന്റെ ശക്തിയാണ്. എന്നാൽ ആ ഐക്യദാർഢ്യം എന്ത് രാഷ്ട്രീയം മുന്നോട്ടുവെക്കുന്നു, എന്ത് മുദ്രാവാക്യങ്ങൾ ഉയർത്തുന്നു, ആരെയൊക്കെ ഉൾക്കൊള്ളുന്നു എന്നതാണ് കൂടുതൽ പ്രധാനം. ഈ സമരത്തിന്റെ രാഷ്ട്രീയത്തിന്റെ ഉൾകൊള്ളൽ ശേഷിയെകുറിച്ചുള്ള ചോദ്യം ഉയരുന്ന ഘട്ടം ഇവിടെയാണ് ആരംഭിക്കുന്നത്.സമരത്തോടുള്ള ഐഖ്യഡാർട്യമെന്നത് നിരൂപാധികമാകണമെന്ന പതിവ് വാദങ്ങൾക്ക് ഒരു പ്രസക്തിയുമില്ലാത്ത രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കടന്നു പോകുന്നത് എന്നത് ഇതിനോട് ചേർത്ത് വായിക്കണം.
ഇന്ത്യയിലെ വിദ്യാഭ്യാസ പ്രതിസന്ധി ഒരു പരീക്ഷാ സംവിധാനത്തിന്റെ മാത്രം പ്രശ്നമല്ല. മറിച്ച് ജാതിയും സംവരണ വിരുദ്ധതതയും സാമൂഹിക അസമത്വവും ഹിന്ദുത്വ രാഷ്ട്രീയവും ചേർന്ന് നിർമ്മിച്ച ഘടനാപരമായ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഒരു ബി.ജെ.പി മന്ത്രിയെ രാജിവെപ്പിക്കുന്നത് പ്രധാനപ്പെട്ട രാഷ്ട്രീയ നേട്ടമാണെങ്കിലും, ആ ഘടനയെ ചോദ്യം ചെയ്യാതെ സമരത്തിന്റെ രാഷ്ട്രീയം പൂർണമാകില്ല.ഈ പശ്ചാത്തലത്തിലാണ് സി.ജെ.പി പ്രതിനിധികളിലൊരാൾ ഒരു ചാനൽ ചർച്ചയിൽ "ഞാനും സംവരണത്തിന്റെ ഇരയാണ്" എന്ന് പറഞ്ഞത് ശ്രദ്ധേയമാകുന്നത്. ആ പ്രസ്താവന ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമല്ല.അതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.ഇന്ത്യയിൽ സംവരണവിരുദ്ധ രാഷ്ട്രീയം എങ്ങനെ വിദ്യാഭ്യാസ പ്രശ്നങ്ങളെ മനസ്സിലാക്കുന്നുവെന്നതിന്റെ ചരിത്രവും അതിന് പിന്നിലുണ്ട്. മണ്ഡൽ കമ്മീഷനെതിരായ പ്രക്ഷോഭങ്ങളുടെ കാലത്ത് ഉയർന്ന അതേ രാഷ്ട്രീയ ഭാഷയുടെ പ്രതിധ്വനി കൂടിയാണിത്.ഈ സമരം ആ ഭാഷയെ മറികടക്കുമോ, അതോ അതിന്റെ സ്വാധീനത്തിൽ തുടരുമോ എന്നത് ചെറിയ ചോദ്യമല്ല.ഈ സമരത്തിന്റെ രാഷ്ട്രീയത്തെ അത്തരം ഒറ്റ പ്രസ്താവനകളിൽ വിലയിരുത്തുന്നതിൽ പരിമിതികൾ ഉണ്ടാകും .അപ്പോഴും സമരത്തിലെ രാഷ്ട്രീയതിന്റെ സ്വഭാവത്തെ വിലയിരുത്താൻ അത് പര്യാപ്തമാണ്.
അതുപോലെ മുസ്ലിങ്ങളുടെ രാഷ്ട്രീയ ചോദ്യവും ഈ സമരത്തിന് പുറത്തുള്ളതല്ല. ജന്തർ മന്തറിലെ സമരവുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തകനായ മുഹമ്മദ് ജുനൈദിന്റെ വീട്ടിൽ ഉത്തരപ്രദേശ് പൊലീസ് റെയ്ഡ് നടത്തിയതും കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തതും ഇതിനോട് ചേർത്ത് വായിക്കണം.പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോൾ ഭരണകൂടത്തിന്റെ സംശയവും നിരീക്ഷണവും ആദ്യം ആരിലേക്കാണ് തിരിയുന്നത് എന്ന വലിയ രാഷ്ട്രീയ ചോദ്യത്തെ ഈ സംഭവവമടക്കമുള്ള അനവധി സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്.
മുസ്‍ലിം പങ്കാളിത്തത്തെ ഇന്നും ഭരണകൂടം ജനാധിപത്യാവകാശത്തിന്റെ ഭാഷയിലല്ല എന്നും ദേശ സുരക്ഷയുടെ ഭാഷയിലാണ് കൈകാര്യം ചെയ്യുന്നത് എന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷ പദവിയിലുള്ള സർവകലാശാലകളുടെ നിലനിൽപ്പ് പോലും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജൗഹർ അലി യൂണിവേഴ്സിറ്റി ഇപ്പോൾ നേരിടുന്ന പ്രശ്നം ഈ സമരത്തിന്റെ രാഷ്ട്രീയ പരിസരത്ത് നിന്നും അപ്രത്യക്ഷമായിരുന്നു.വിദ്യാഭ്യാസ നീതിയെക്കുറിച്ചുള്ള ഈ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തിന് ഈ പ്രശ്നങ്ങളെ അവഗണിച്ചു പോകാൻ കഴിയുന്നുണ്ട് എന്നതാണ് വസ്തുത.ആസാദി മുദ്രാവാക്യങ്ങൾ വിലക്കിക്കൊണ്ട് ആരംഭിച്ച സമരത്തിന്റെ രാഷ്ട്രീയത്തെ കാണാതെ നിരുപാധിക പിന്തുണ എന്നത് അസാധ്യമായ കാര്യവുമാണ്.
ചുരുക്കത്തിൽ,ഈ സമരത്തിന്റെ ഭാവി അതിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ മാത്രം നിൽക്കുന്നില്ല. ജാതി, സംവരണം, മുസ്ലിം അവകാശങ്ങൾ എന്നിവയൊക്കെ എത്രത്തോളം ഉൾകൊള്ളാൻ കഴിയും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഒരു പ്രക്ഷോഭം അതിന്റെ ശൈലിയിലും രൂപത്തിലും ഭാവത്തിലും വൈവിദ്യങ്ങൾ കൊണ്ടുവരുമ്പോൾ മാത്രമല്ല സവിശേഷമാകുന്നത്. അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിന് അടിസ്ഥാന പ്രശ്നങ്ങളെ മനസ്സിലാക്കാനും വൈവിദ്യങ്ങളുടെ രാഷ്ട്രീയ ചോദ്യങ്ങളെ ഉൾകൊള്ളാൻ സാധിക്കുമ്പോഴുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.