സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾ

തികച്ചും നിർജീവമായ കോവിഡ്കാല ഒറ്റപ്പെടലിൽനിന്നും പഠനത്തിനുമാത്രം പ്രാധാന്യം കൊടുത്ത കഴിഞ്ഞവർഷങ്ങളിൽനിന്നും വ്യത്യസ്തമായി ജൂൺമാസത്തിൽ തന്നെ പുതിയ പ്രതീക്ഷകളുമായി നമ്മുടെ കുട്ടികളെ സ്കൂളിലേക്കു സ്വാഗതം ചെയ്യാൻ കേരളം തയാറായി നിൽക്കുകയാണ്. പരമ്പരാഗത വിദ്യാഭ്യാസത്തിൽനിന്ന് മാറി ഒരു പുത്തൻരീതിയായിരുന്നു കോവിഡുകാല വിദ്യാഭ്യാസം. കുട്ടിയും മൊബൈലും മാത്രമായ വിദ്യാഭ്യാസം എന്ന രീതിയിൽ ആദ്യം നിസ്സഹായരായി അത് ഉൾക്കൊണ്ടുവെങ്കിലും വിദ്യാഭ്യാസമെന്നത് ആപ്പുകളും സാങ്കേതിക ഉപകരണങ്ങളും നൽകുന്ന ജ്ഞാനം മാത്രമല്ലെന്നും അനുഭവങ്ങളിലൂടെയുള്ള അറിവിനെ തിരിച്ചറിവാക്കി മാറ്റുന്ന പ്രത്യയശാസ്ത്രമാണ് എന്നും നമുക്ക് വൈകാതെ മനസ്സിലായി.

യഥാർഥ വിദ്യാഭ്യാസം അറിവിനേക്കാൾ ഈ സമൂഹത്തിൽ സന്തോഷത്തോടുകൂടി ഒരുമിച്ചു ജീവിക്കുവാൻ പ്രേരിപ്പിക്കുക എന്നതാണ്. ഏതെങ്കിലും ഒരു ഗാഡ്ജെറ്റിന്റെ സഹായത്തോടെ സ്വായത്തമാക്കാൻ കഴിയില്ല അത്തരം ജീവിത നൈപുണികൾ. നീണ്ട കോവിഡ് കാല ഏകാന്തതക്കും അതിനുശേഷമുള്ള തുടർച്ചയായ പരീക്ഷകൾക്കും ശേഷം പ്രതീക്ഷാനിർഭരമായ ഒരു ലോകത്തേക്കു വരുകയാണ് നമ്മുടെ കുട്ടികൾ. അവരെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനപ്പുറം അവരനുഭവിക്കുന്ന പ്രശ്നങ്ങൾ, വൈകല്യങ്ങൾ എന്നിവ തിരിച്ചറിയാനും പരിഹാരം കാണാനും അധ്യാപകർക്ക് കഴിയണം. ഒട്ടേറെ മാനസിക പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടായി.

കേരളത്തിൽ മാത്രം ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ഡോക്ടർമാരെയും കൗൺസിലർമാരെയും സമീപിക്കുന്ന രക്ഷിതാക്കളുടെ എണ്ണം 50 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ട്. ഉറക്കമില്ലായ്മ, സ്വഭാവ വൈചിത്ര്യം, ഡിപ്രഷൻ, ആകാംക്ഷ തുടങ്ങിയ പല പ്രശ്നങ്ങളും കുട്ടികളിൽ ഏറെ കൂടിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ അധ്യയന വർഷത്തെ സമീപിച്ചാൽ വലിയ ദുരന്തമായിരിക്കും അനുഭവിക്കേണ്ടി വരുക.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നത് വിദേശരാജ്യങ്ങളുടെ വിദ്യാഭ്യാസരീതി പകർത്തുക, വസ്ത്രങ്ങളിലും ഭാഷയിലും കൃത്രിമത്വം ഉണ്ടാക്കുക എന്നതാണെന്ന ഒരു സങ്കൽപം ഈയിടെയായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാണാം. ജാതികൊണ്ടും മതം കൊണ്ടും സംസ്കാരം കൊണ്ടും സമ്പത്തുകൊണ്ടും ബുദ്ധികൊണ്ടും വൈവിധ്യവും വ്യത്യസ്തവുമായ ചുറ്റുപാടുകളിൽനിന്ന് വരുന്നവരാണ് നമ്മുടെ കുട്ടികൾ. ഈ വ്യത്യാസങ്ങളിൽനിന്നുകൊണ്ട് അവരെ ഓരോരുത്തരെയും മനസ്സിലാക്കാനും ഉൾക്കൊള്ളാനും അംഗീകരിക്കാനും സ്കൂളിന് കഴിയണം. അപ്പോഴേ ലോകോത്തര നിലവാരം ഉണ്ടാവുകയുള്ളൂ.

വിമർശനാത്മകവും സർഗാത്മകവുമായ ശേഷികളെ പ്രോത്സാഹിപ്പിച്ച് അവരെ ഈ ലോകത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും ജീവിക്കാനും സജ്ജരാക്കുക എന്നതാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം. പലപ്പോഴും ക്ലാസ് മുറികളിൽ ഇത് നടക്കുന്നില്ല എന്നതാണ് ദുഃഖകരം. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തേണ്ടതുണ്ട്. തെറ്റും ശരിയും തിരിച്ചറിയാൻ അവർക്ക് കഴിയേണ്ടതുണ്ട്. അത് ധീരതയോടെ പറയാൻ അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഒരേതലത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്.

ലോകം നാലാം വ്യവസായിക വിപ്ലവത്തിന്റെ വക്കത്ത് നിൽക്കുമ്പോഴാണ് ഒരു പുതിയ വിദ്യാഭ്യാസവർഷത്തെ നാം വരവേൽക്കുന്നത്. നിർമിതബുദ്ധി തലച്ചോറിനെ കീഴടക്കാൻ ശ്രമിക്കുന്ന അതിജീവനത്തിന്റെ കാലഘട്ടം. ബ്ലോക്ചെയിൻ ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, റോബോട്ടിക്സ്, ഡേറ്റ അനലിറ്റിക്സിന്റെ ഒരു കാലഘട്ടത്തിൽ നാം ഏറെ ഗൗരവത്തോടെ സ്കൂളുകളെയും പഠന പാഠ്യേതര പ്രവർത്തനങ്ങളെയും കാണേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ കടന്നുകയറ്റം നിലവിലെ 80ശതമാനം ജോലികളെയും ഇല്ലാതാക്കും എന്നാണ് സോളാർ സിറ്റി തലവൻ ഇലോൺ മസ്ക് ലോക സാമ്പത്തിക ഫോറത്തിൽ കാരണങ്ങൾ നിരത്തി പറഞ്ഞത്.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജപ്പാനിൽ പോയപ്പോൾ അവിടെയുള്ള കുട്ടികൾ ഹൈഡ്രജൻ ഉപയോഗിച്ച് എങ്ങനെ കാറുകൾ ഓടിക്കാം എന്ന് പഠിപ്പിക്കുന്നതുകണ്ട് ആശ്ചര്യപ്പെടുകയും തിരിച്ച് പ്രതീക്ഷയോടെ ഡൽഹിയിലെത്തി ഡൽഹി യൂനിവേഴ്സിറ്റിയിലെ സെമിനാറിൽ പങ്കെടുത്തപ്പോൾ അവിടെ ഹനുമാന്റെ ജാതിയെക്കുറിച്ച് ചർച്ചനടത്തുന്നതും കണ്ടു എന്ന് തമാശ രൂപത്തിൽ പറഞ്ഞിരുന്നു. അസംബന്ധങ്ങളുടെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന കേന്ദ്രങ്ങളാവരുത് നമ്മുടെ സ്കൂളുകൾ. കൃത്യമായ കാഴ്ചപ്പാടും പ്രവർത്തനപദ്ധതികളും ഓരോ സ്കൂളിലും ഉണ്ടാവേണ്ടതുണ്ട്.

പുതിയ ഒരു ലോകത്തേക്ക് കടന്നുവരേണ്ട നമ്മുടെ കുട്ടികളെ ശാസ്ത്രബോധവും മൂല്യബോധവും ആർജിച്ചെടുക്കാനും കൊണ്ടും കൊടുത്തും അംഗീകരിച്ചും സഹവസിച്ചും ഉൾക്കൊണ്ടും വളർത്താനും ക്ലാസ് മുറികൾക്ക് കഴിയണം. ഇതിന് മുൻകൈയെടുക്കാനുള്ള പരമമായ ഉത്തരവാദിത്തം അധ്യാപകർക്കുതന്നെയാണ്. അവരോടൊപ്പം രക്ഷിതാക്കളും സമൂഹവും ഒരുമിച്ചുപ്രവർത്തിച്ചാൽ ഒരു പുതിയ പ്രതീക്ഷയുള്ള വിദ്യാഭ്യാസം സാധ്യമാവും.

(സംസ്ഥാന കരിക്കുലം കമ്മിറ്റി മുൻ അംഗമാണ് ലേഖകൻ)

Tags:    
News Summary - When entering the school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.