ചരിത്രം മോദിയെ എന്തു വിളിക്കും?

നവംബര്‍ എട്ടിന് രാത്രി അപ്രതീക്ഷിതമായി ടി.വിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് രാജ്യത്തു പ്രചാരത്തിലുള്ള 500, 1000 നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തെ   ധീരമായ നടപടി എന്നാണ് പ്രാഥമികമായി പൊതുവില്‍ വ്യാഖ്യാനിക്കപ്പെട്ടത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലായ്മചെയ്ത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കാനുള്ള ഈ ചങ്കൂറ്റം മോദിക്ക് മാത്രം കഴിയുന്ന ഒന്നാണെന്ന് പിറ്റേന്ന് ഇറങ്ങിയ മിക്ക മാധ്യമങ്ങളും വിലയിരുത്തി.

രാഷ്ട്രീയ പ്രതിയോഗികളടക്കം സര്‍വരെയും അമ്പരപ്പിച്ച കറന്‍സി നിരോധനം നടപ്പില്‍വന്ന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തെരുവുകളില്‍ കുട്ടികള്‍വരെ മോദിയെ തെറിവിളിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. 130 കോടി ജനങ്ങളുള്ള ഒരു രാജ്യം പൊടുന്നനെ പാപ്പരായ അവസ്ഥ. ബാങ്ക് അക്കൗണ്ടുകളില്‍ പണം ഉള്ളവന്‍ അതു കിട്ടാന്‍ ക്യൂ നിന്ന് കുഴഞ്ഞുവീണു മരിക്കുന്നു. അക്കൗണ്ട് ഇല്ലാത്തവന്‍ പണിയോ പണമോ ഇല്ലാതെ കൊടും ദാരിദ്ര്യത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു.

ലോകപ്രശസ്തരായ ധനശാസ്ത്രജ്ഞന്മാര്‍ നരേന്ദ്രമോദിയുടേത് ചിന്താശൂന്യമായ നടപടി ആയിരുന്നുവെന്നാണ് ഇന്ന് അഭിപ്രായപ്പെടുന്നത്. ചരിത്രപരമായ വിഡ്ഢിത്തമെന്ന് അവര്‍ കറന്‍സിനിരോധനത്തെ വിശേഷിപ്പിക്കുന്നു. ലോകബാങ്കിന്‍െറ മുന്‍മേധാവിയും അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ലോറന്‍സ് ലാറി സമ്മര്‍ പറയുന്നത് മോദിയുടെ നടപടി രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥയും സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസരാഹിത്യവും സൃഷ്ടിച്ചെന്നാണ്.  

ഒരുദിവസം ബാങ്കും രണ്ടുദിവസം എ.ടി.എമ്മും അടഞ്ഞുകിടക്കുമെന്നാണ് കറന്‍സി നിരോധിച്ച് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഒന്നോ രണ്ടോ ദിവസത്തെ പ്രശ്നമല്ളേ, അതു സഹിക്കാമെന്നു കണക്കുകൂട്ടിയ ജനം രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കാനുള്ള മോദിയുടെ ശ്രമത്തിനു കലവറയില്ലാത്ത പിന്തുണ നല്‍കി. എന്നാല്‍, ഒരു മുന്നൊരുക്കവും നടത്താതെ വീണ്ടുവിചാരമില്ലാതെ ചെയ്ത പ്രവൃത്തിയായിരുന്നു കറന്‍സി നിരോധനം എന്നു ബോധ്യപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല.

നരേന്ദ്ര മോദി പ്രസംഗങ്ങളില്‍ ആവേശപൂര്‍വം എടുത്തുപറയുന്ന  കള്ളപ്പണക്കാരനോ കള്ളനോട്ടടിക്കാരനോ ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവിലില്ല. കള്ളപ്പണം ഉള്ളവര്‍ക്ക് അതു സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള എല്ലാ ഒത്താശയും  ചെയ്തശേഷമായിരുന്നു കറന്‍സിനിരോധനം. കൂടുതല്‍ നികുതി നല്‍കി കള്ളപ്പണം നിയമവിധേയമാക്കി മാറ്റാനുള്ള പദ്ധതി ആദായവകുപ്പ് അടുത്തിടെ നടപ്പാക്കിയിരുന്നു. എവിടെനിന്ന് കിട്ടി എന്നു വെളിപ്പെടുത്താന്‍ കഴിയാത്ത കരിമ്പണം  ഉള്ളവര്‍ കോടിക്കണക്കിനു രൂപ ഈ മാര്‍ഗത്തില്‍  വെളുപ്പിച്ചെടുത്തു. സര്‍ക്കാറിന് അതുവഴി വലിയതോതില്‍ നികുതിവരുമാനവും ലഭിച്ചു. വിദേശത്തു പണം നിക്ഷേപിക്കാനുള്ള പരിധി ഉയര്‍ത്തിയതായിരുന്നു മറ്റൊരു തീരുമാനം. അതുവഴി കുറെ അതിസമ്പന്നര്‍ക്ക് തങ്ങളുടെ നിക്ഷേപം പുറത്തേക്ക് സുരക്ഷിതമായി കടത്താന്‍ കഴിഞ്ഞു. ഇതെല്ലാം കഴിഞ്ഞാണ് നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം വന്നത്.

കൈയിലുള്ള കറന്‍സികള്‍ ബാങ്കില്‍ നിക്ഷേപിക്കാനാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്. ഇങ്ങനെ നിക്ഷേപിക്കുന്ന പണം തിരിച്ചെടുക്കുന്നതിനു വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പിന്‍വലിക്കുന്ന കറന്‍സിക്കു പകരം നല്‍കാന്‍ പാകത്തില്‍ നോട്ടുകള്‍ അച്ചടിക്കാതെ നടത്തിയ എടുത്തുചാട്ടമായിരുന്നു മോദിയുടെ ‘കള്ളപ്പണ വേട്ട’യെന്ന് വളരെവേഗത്തില്‍ നാട് തിരിച്ചറിഞ്ഞു. റിസര്‍വ് ബാങ്ക് അച്ചടിച്ചിറക്കിയ 2000 രൂപ നോട്ടുകള്‍ കിട്ടിയവര്‍ക്ക് അത് മാര്‍ക്കറ്റില്‍ കൊടുത്താല്‍ ബാക്കി കിട്ടാത്ത അവസ്ഥ. പത്തു മുതല്‍ നൂറു വരെയുള്ള നോട്ടുകള്‍ക്ക് കടുത്തക്ഷാമം.  പട്ടിക്ക് പൊതിയാത്തേങ്ങ കിട്ടിയപോലെയായി രണ്ടായിരത്തിന്‍െറ നോട്ടുകള്‍ കൈയിലുള്ളവന്‍െറ സ്ഥിതി.

രാജ്യത്തു 30 ശതമാനം ജനങ്ങള്‍മാത്രമാണ് ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍. ബാങ്ക്ശാഖകളില്‍ 40 ശതമാനം  പ്രവര്‍ത്തിക്കുന്നത് നഗരങ്ങളിലാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുള്ളവരും ഇലക്ട്രോണിക് പേമെന്‍റ് നടത്താന്‍ കഴിയുന്നവരുമായ ഇടത്തരം വിഭാഗത്തെ കറന്‍സി നിരോധനം വലിയ തോതില്‍ ബാധിച്ചില്ല. മാര്‍ക്കറ്റുകളില്‍നിന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി കാര്‍ഡ് സൈ്വപ് ചെയ്തു അവര്‍ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റി. എന്നാല്‍, അക്കൗണ്ടും കാര്‍ഡും ഇല്ലാതെ അന്നന്നേടം ജോലിചെയ്തു കിട്ടുന്ന കൂലികൊണ്ട് കുടുംബം പുലര്‍ത്തിയിരുന്നവര്‍ മോദിയുടെ സര്‍ജിക്കല്‍ ആക്രമണത്തില്‍ മൂക്കുകുത്തി വീണു.

നിയന്ത്രണംമൂലം ലഭ്യത കുറവായതോടെ പൊതുവില്‍ ആളുകള്‍ പണം ചെലവാക്കല്‍ കുറച്ചു. പറമ്പിലും പാടത്തും കൃഷിപ്പണി നിര്‍ത്തി. ഓട്ടോറിക്ഷകളില്‍ പോയിരുന്നവര്‍ യാത്ര ബസിലാക്കി. മത്സ്യവും മാംസവും പച്ചക്കറിയും വാങ്ങുന്നതില്‍ പിശുക്കുകാട്ടി. കെട്ടിട നിര്‍മാണം നിര്‍ത്തിവെച്ചു. ചെറുകിട കച്ചവടസ്ഥാപനങ്ങളില്‍ കച്ചവടം നിലച്ചു. ജീവിതത്തിന്‍െറ എല്ലാ തുറകളെയും കടുത്ത മാന്ദ്യം ബാധിച്ചു.

സംസ്ഥാനത്ത് സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങള്‍ വലിയതോതില്‍ നിറവേറ്റിയിരുന്ന സഹകരണബാങ്കുകളോട് റിസര്‍വ് ബാങ്ക് കാട്ടിയ ചിറ്റമ്മനയം കൂടിയായപ്പോള്‍ ദുരിതം പൂര്‍ണമായി. മക്കളുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥ. പണം കിട്ടാതെ വിവാഹങ്ങള്‍ മാറ്റിവെക്കേണ്ട ഗതികേട്.

എല്ലാറ്റിനും പുറമേ കള്ളപ്പണക്കാരെന്ന ബി.ജെ.പിക്കാരുടെ വിളിയും. ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്രമോദി പ്രസംഗിച്ചത് വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നാണ്. ഇപ്പോള്‍ അധ്വാനിച്ചു കിട്ടിയ പണം അക്കൗണ്ടില്‍ ഇട്ടവര്‍ അത് പിന്‍വലിക്കുന്നതാണ് മോദി തടഞ്ഞുവെച്ചത്. വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപക്കാരായ 900 പേരുടെ വിവരങ്ങള്‍ മോദിയുടെ പക്കലുണ്ട്. അവരെല്ലാം സസുഖം വാഴുന്നു.

രാജ്യത്ത് കള്ളപ്പണം കറന്‍സിയായി സൂക്ഷിക്കുന്നത് മൊത്തം കറന്‍സിയുടെ ആറു ശതമാനം മാത്രമാണെന്നാണ് കണക്ക്. ഇത് ഇല്ലാതാക്കാനാണ് കറന്‍സിയില്‍ 86 ശതമാനം വരുന്ന അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ അസാധുവാക്കിയത്. 1978ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ 1000, 5000, 10,000 നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. അന്നും കള്ളപ്പണക്കാരെ പിടികൂടലാണ് കാരണമായി പറഞ്ഞതെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. വലിയ തുകയിലുള്ള കറന്‍സികള്‍ മാത്രം അസാധുവാക്കിയതിനാല്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും അത് തെല്ലും ബാധിച്ചില്ല. അന്നത്തെ ആയിരം രൂപ നോട്ടിനു ഇന്ന് പതിനായിരത്തിനു മുകളില്‍ മൂല്യമുണ്ട്. ഇന്നത്തെ അഞ്ഞൂറിന്‍െറ നോട്ടിന് അന്നത്തെ 50 രൂപയുടെ വിലയേയുള്ളൂ. ഈ തിരിച്ചറിവില്ലാതെ മോദി എടുത്തുചാടിയതിന്‍െറ ദുര്യോഗമാണ്  രാജ്യം മുഴുവന്‍ അനുഭവിക്കുന്നത്. എല്ലാം നേരെയാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സ്വര്‍ണനാണയം ചെമ്പ് നാണയമാക്കി മാറ്റുകയും പിടിച്ചുനില്‍ക്കാന്‍ പറ്റാതെവന്നപ്പോള്‍ വീണ്ടും സ്വര്‍ണനാണയമാക്കുകയും ചെയ്ത മുഹമ്മദ് ബിന്‍ തുഗ്ളക് ഇന്ത്യയുടെ ചരിത്രത്തിന്‍െറ ഭാഗമാണ്. തത്തകള്‍ കൂട്ടമായിവന്ന് കൃഷി നശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടപ്പോള്‍ ചൈനയിലെ തത്തകളെ മുഴുവന്‍ കൊന്നൊടുക്കാന്‍ ഉത്തരവിട്ട ഭരണാധികാരിയാണ് മാവോ സേതൂങ്. തത്തകള്‍ വിളകള്‍ക്കൊപ്പം തിന്ന കീടങ്ങള്‍ അതോടെ പെരുകി കൃഷി പാടെ നശിച്ചു. ദീര്‍ഘവീക്ഷണമില്ലായ്മയും ഗൃഹപാഠം ചെയ്യാതെ എടുത്തുചാടി തീരുമാനം എടുത്തതിന്‍െറയും ഉത്തമ ഉദാഹരണങ്ങളായാണ് ഇതിനെ ചരിത്രം കാണുന്നത്.
 

 

Tags:    
News Summary - what called to modi by history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.