നമുക്കു മുന്നേറാം 

ഈ  നൂറ്റാണ്ട്​ കണ്ട വലിയ പ്രളയക്കെടുതി യെ ജനങ്ങളുടെയും കേന്ദ്ര സേനകളുടെയും സഹായത്തോടെ മറികടക്കുന്നതിനുള്ള ഇടപെടലാണ് സംസ്​ഥാന സർക്കാർ നടത്തുന്നത്​. ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ഒന്നാം ഘട്ട പ്രവർത്തനം ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്.

പുനരധിവാസ പ്രവർത്തനമെന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്ന സമയമാണിത്​. തുടർച്ചയായ ഇടപെടൽ നടത്തി മാത്രമേ ഈ ദുരിതത്തിൽനിന്ന് നമുക്ക് കരകയറാനാവൂ. രക്ഷാപ്രവർത്തനത്തിൽ കാണിച്ച ഒരുമയും യോജിപ്പും കൂട്ടായ്മയും ഇക്കാര്യത്തിലും നമുക്ക് നിലനിർത്താനാവണം. ജനങ്ങളെയാകെ അണിനിരത്തി അടുത്ത ഘട്ടങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകക്ഷിയോഗം വിളിച്ചുചേർക്കാൻ സർക്കാർ തയാറായത്​.

ഈ പ്രളയത്തി​​​െൻറ ആകസ്​മികതക്ക്​ വഴി തെളിയിച്ചത് നീണ്ടുനിന്ന മഴയാണ്. സംസ്​ഥാനാന്തര റിസർവോയറുകളുടെ ഏകോപിത മാനേജ്മ​​​െൻറ് സംവിധാനത്തിലെ പ്രശ്നങ്ങൾ, നിരവധി മേഘവിസ്​ഫോടനം, ന്യൂനമർദം തുടങ്ങിയ പ്രത്യേകതകളും ഈ ദുരന്തത്തിന് കാരണമായിത്തീർന്നിട്ടുണ്ട്.

മഴക്കെടുതി മറ്റേതൊരു പ്രദേശത്തെക്കാൾ ദുരന്തം സൃഷ്​ടിക്കുക കേരളംപോലുള്ള സംസ്​ഥാനത്തിലാണ്. ദേശീയ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 382 ആണെങ്കിൽ കേരളത്തിലത് ഇരട്ടിയിലധികം വരുന്ന 860 ആണ്. 10 ശതമാനത്തോളം പ്രദേശം സമുദ്രനിരപ്പിനു താഴെയാണ്. 41 നദികൾ അറബിക്കടലിലേക്ക് ഒഴുകുകയാണ്. 80 ഡാമുകളും പ്രത്യേകം പ്രത്യേകം നദീതടങ്ങളും കേരളത്തിലുണ്ട്.

കേരളത്തിലെ ഈ സവിശേഷതകളും വെള്ളത്തി​​​െൻറ സംഭരണത്തിലെ ഈ പ്രത്യേകതകളും വ്യക്തമായി മനസ്സിലാക്കിയാലേ ഫലപ്രദമായ ദുരന്തനിവാരണം ഏകോപിപ്പിക്കാനാവൂ. ഇത് തിരിച്ചറിഞ്ഞുള്ള രക്ഷാ പ്രവർത്തനത്തിനാണ് സംസ്​ഥാന സർക്കാർ നേതൃത്വം നൽകിയത്.

നൂറ്റാണ്ടു കണ്ട വൻദുരന്തം തുടക്കത്തിൽതന്നെ മനസ്സിലാക്കി സംസ്​ഥാന ഭരണകൂടം ജാഗരൂകമായി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് പ്രളയക്കെടുതി ആരംഭിച്ചത്. ഈ ഘട്ടത്തിൽതന്നെ സർക്കാർ സംവിധാനവും ദേശീയ ദുരന്തനിവാരണ സേന, നേവി, എയർഫോഴ്സ്​ തുടങ്ങിയ വിഭാഗങ്ങളും ഏക മനസ്സായി പ്രവർത്തനം ആരംഭിച്ചു. നാടി​​​െൻറ വിവിധ തുറകളിൽപെട്ട ജനങ്ങൾ സർവാത്മനാ സഹകരിച്ചു. 

സംസ്​ഥാനത്തെ ഏറക്കുറെ എല്ലാ ജില്ലകളെയും ദുരന്തം ബാധിച്ചു. നദികളും തണ്ണീർത്തടങ്ങളും കവിഞ്ഞൊഴുകി. പുഴകൾ വഴിമാറി സഞ്ചരിച്ചു. ഡാമുകൾ നിറഞ്ഞ് ഭീതിദമായ അവസ്​ഥയുണ്ടായി. റോഡ്-റെയിൽ സംവിധാനങ്ങൾ തകർന്നു. വിമാനത്താവളങ്ങളിൽപോലും വെള്ളം കയറി. നദികളിലെ കുത്തൊഴുക്ക് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മോശം കാലാവസ്​ഥമൂലം ഹെലികോപ്​ടറുകൾക്കുപോലും ഇറങ്ങാനാവാത്ത സാഹചര്യ​ം വന്നു. 

ദുരന്തം മുൻകൂട്ടി കണ്ട് വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽകൂടി മുന്നറിയിപ്പ് നൽകി സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്​ഥലങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നിർദേശം നൽകി. ആഗസ്​റ്റ്​ എട്ടിന്​ ചേർന്ന മന്ത്രിസഭായോഗം പ്രളയക്കെടുതികളും ആശ്വാസ നടപടികളും ചർച്ചചെയ്ത് അനിവാര്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു. ഒമ്പതിനുതന്നെ സംസ്​ഥാനത്തും സമാന്തരമായി ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സെൽ ആരംഭിച്ചു. പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടു.

വിഡിയോ കോൺഫറൻസിങ്ങിലൂടെ കേന്ദ്ര ഉദ്യോഗസ്​ഥരുമായി ആശയവിനിമയം നടത്തി. ബഹുമാനപ്പെട്ട ഗവർണറെ സ്​ഥിതിഗതികൾ ധരിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്​ഥർ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിച്ചു. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്കു കീഴിൽ ആരംഭിച്ച സംസ്​ഥാന നിരീക്ഷണ സെല്ലിൽ ദേശീയ-സംസ്​ഥാന ദുരന്ത നിവാരണ സേനകൾ, ആർമി, എയർഫോഴ്സ്​, നേവി, കോസ്​റ്റ്​ ഗാർഡ്, സ്​റ്റേറ്റ് പൊലീസ്​, ഫയർഫോഴ്സ്​ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ സംസ്​ഥാനതലത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. കാലാവസ്​ഥാനിരീക്ഷണം, ഭൂമിശാസ്​ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ഓൺലൈൻ കമ്യൂണിക്കേഷൻ സംവിധാനവുമായി ഐ.ടി മേഖലയും സജീവമായിരുന്നു. ഇവരും ഉദ്യോഗസ്​ഥ സംഘവും സെല്ലിൽ പുലരുംവരെ ഉണർന്നുപ്രവർത്തിക്കുകതന്നെ ചെയ്തു. അതിശയകരമായ ശ്രദ്ധയോടെ രക്ഷാപ്രവർത്തനങ്ങൾ പരാതിക്കിടവരാതെ ഫലപ്രദമായി ക്രമീകരിച്ചു. എല്ലാദിവസവും രാവിലെയും വൈകീട്ടും ഉന്നത ഉദ്യോഗസ്​ഥരുടെ യോഗം വിളിച്ച് രക്ഷാപ്രവർത്തനം അവലോകനം ചെയ്തു. 

സന്നദ്ധപ്രവർത്തകരുടെയും രാഷ്​ട്രീയ-സാമൂഹിക സംഘടനകളുടെയും ഇടപെടൽ മാതൃകാപരമായിരുന്നു. മന്ത്രിമാർ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ താഴെത്തട്ടിൽ കർമനിരതരായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്​ഥരും കുടുംബശ്രീ, ശുചിത്വമിഷൻ തുടങ്ങിയ ഏജൻസികളും രംഗത്തിറങ്ങി. ജില്ലാ കലക്ടർമാർ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനത്തി​​​െൻറ ഉത്തരവാദിത്തം പൊലീസ്​ ഏറ്റെടുത്തു. ഐ.എ.എസ്​, ഐ.പി.എസ്​ ഉദ്യോഗസ്​ഥരെ സ്​പെഷൽ ഓഫിസർമാരായി നിയോഗിച്ചു. ദുരന്തമുഖത്ത് പകച്ചുപോകുകയും മൃതശരീരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന ദുരനുഭവങ്ങളും ഇന്ത്യയിൽ പലയിടത്തും ഉണ്ടായിട്ടുണ്ടല്ലോ. 


കേരളത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ ദുരന്തമറിഞ്ഞ് ലോകരാജ്യങ്ങളും വിവിധ രാജ്യങ്ങളിലെ മലയാളികളും സമാശ്വാസവുമായെത്തി സഹായം വാഗ്ദാനം ചെയ്തു. കേന്ദ്ര സർക്കാറിനൊപ്പം വിവിധ സംസ്​ഥാനങ്ങളും സമൂഹത്തി​​​െൻറ വിവിധ തുറകളിൽപെട്ടവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. തെലങ്കാനയിൽനിന്ന്​ ആഭ്യന്തരമന്ത്രി നേരിട്ടെത്തിയതും വിവിധ സംസ്​ഥാനങ്ങൾ ഒന്നൊഴിയാതെ സഹായവുമായി മുന്നോട്ടു വന്നതും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തി​​​െൻറ നല്ല ഭാവിയെക്കുറിച്ച് പ്രതീക്ഷകൾ നൽകുന്ന അനുഭവമായിരുന്നു. രാഷ്​ട്രങ്ങളുടെ അതിർത്തിരേഖകൾ അതിലംഘിച്ച് കേരളത്തിലേക്ക് സഹായവും സാന്ത്വനവും ഒഴുകിയെത്തിയപ്പോൾ സാർവലൗകികമായ മാനവികതയുടെ പുതിയ ആകാശങ്ങൾ തുറന്നുകിട്ടിയ പ്രതീതിയായിരുന്നു. മാത്രമല്ല, നമ്മുടെ ഉദ്യോഗസ്​ഥ-രാഷ്​ട്രീയ സംവിധാനത്തി​​​െൻറ മാനുഷികമുഖം അനാവൃതമായ സന്ദർഭം കൂടിയായിരുന്നു അത്.

ഐ.എ.എസ്​, ഐ.പി.എസ്​ ഉദ്യോഗസ്​ഥർ തൊട്ട് ഭരണയന്ത്രത്തി​​​െൻറ എല്ലാ മേഖലയിൽനിന്നും സന്നദ്ധസേവനത്തി​​​െൻറ അനുകരണീയ മാതൃകകൾ ഉയർന്നുവന്നതും ആഹ്ലാദകരമായിരുന്നു. നിറഞ്ഞ ഉത്തരവാദിത്തത്തിലൂന്നിയ രക്ഷാപ്രവർത്തനമാണ് സാക്ഷാത്​കരിക്കപ്പെട്ടത്. ജനാധിപത്യപരമായ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ വികസിച്ച കേരളത്തിലെ ഭരണയന്ത്രത്തിന് ഇത്തരം പ്രതിസന്ധിയെ മറികടക്കാനാവുമെന്ന് തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്. സർക്കാർ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയല്ല, കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ട​െതന്ന കാര്യംകൂടി നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. 

വീടും സമ്പാദ്യവും ഉപേക്ഷിച്ച് പലായനം ചെയ്തവർക്ക് സഹജീവികൾ താങ്ങും തണലുമായി മാറുന്നതി​​​െൻറ അനുപമമായ ദൃശ്യങ്ങൾ നാടെങ്ങും കാണാമായിരുന്നു. നിസ്സഹായതയിലും നിശ്ചയദാർഢ്യം കേരളീയ സമൂഹത്തെ മുന്നോട്ടു നയിക്കുകതന്നെ ചെയ്തു. ഗർഭിണികളെയും കുട്ടികളെയും ഒറ്റപ്പെട്ടുപോയവർ രക്ഷാപ്രവർത്തകരെ കണ്ട് വികാരാധീനരായി. തങ്ങൾ ഒപ്പമുണ്ടെന്ന രക്ഷാപ്രവർത്തകരുടെ ആശ്വാസവാക്കുകൾ ദുരന്തത്തിലകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജീവനോപാധിയായ വള്ളവും മറ്റു സംവിധാനങ്ങളുമായി മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ രക്ഷാപ്രവർത്തനത്തിന് എത്തിയതി​​​െൻറ അപൂർവ ദൃശ്യങ്ങൾ കേരളം കണ്ടു. മതഭേദമില്ലാതെ ദേവാലയങ്ങൾ അഭയകേന്ദ്രങ്ങളായി മാറുന്നതി​​​െൻറയും മനുഷ്യരിൽ അസമത്വങ്ങളും വേർതിരിവുകളും ഇല്ലാതാവുന്നതി​​​െൻറയും ചാരുതയാർന്ന അനുഭവവും നമുക്കുണ്ടായി. 

ചില അനഭിലഷണീയമായ പ്രവണതകൾ ഉയർന്നുവന്നതും കാണാതിരിക്കേണ്ടതില്ല. അണക്കെട്ടുകൾ പൊട്ടുമെന്നും ഭക്ഷ്യക്ഷാമമുണ്ടാകുമെന്നുമൊക്കെ വ്യാജപ്രചാരണമുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്നതിനുള്ള പ്രചാരണങ്ങളും നവമാധ്യമങ്ങളിലൂടെ ചിലർ നടത്തിയെന്നതും തിരിച്ചറിയേണ്ടതാണ്. ഒന്നായി നീങ്ങിയ നാടിന്​ നേരെയുണ്ടായ പുറംതിരിഞ്ഞ ഇത്തരം വിമർശനങ്ങൾ ആരും ചെവിക്കൊണ്ടതേയില്ല. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെ​െട്ടന്നത് ബാക്കിപത്രം.

 നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ വളർന്നുവന്ന മനുഷ്യസ്​നേഹത്തി​​​െൻറയും ത്യാഗസന്നദ്ധതയുടെയും സേവന തൽപരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് കരുത്തായത്. ഒപ്പം ചില ഓർമപ്പെടുത്തലുകളും ഇത് മുന്നോട്ടു​െവക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തി​​​െൻറ പ്രാധാന്യത്തിലേക്ക് ഇത് വിരൽചൂണ്ടുന്നു. ശരിയായ വികസന കാഴ്ചപ്പാട് നാം സ്വീകരിക്കേണ്ടതു​െണ്ടന്ന് ഇത് ഓർമിപ്പിക്കുന്നുണ്ട്.  

ദുരന്തത്തെ മായ്ച്ചുകളയുംവിധമുള്ള പുനർനിർമാണമാണ് സർക്കാറി​​​െൻറ മുന്നിലുള്ള പുതിയ ദൗത്യം. വിവിധ ക്യാമ്പുകളിലായി ഏഴു ലക്ഷത്തിലധികം പേർ കഴിയുന്നുണ്ട്. ഇപ്പോൾ കാണിച്ച അതേ ശുഷ്കാന്തിയോടെ പുനരധിവാസ പ്രവർത്തനങ്ങളും നിർവഹിക്കാൻ കഴിയുമെന്ന പ്രത്യാശയാണ് സർക്കാറിനെ നയിക്കുന്നത്. 

ലോകം മുഴുവൻ ഈ ദുരന്തത്തെ ശ്രദ്ധിച്ചിട്ടുണ്ട്. ദുരന്തങ്ങളിലെ പ്രതിസന്ധി മറികടന്ന് മാതൃകാപരമായ രീതിയിൽ ഉയർത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ നമുക്ക് മുന്നേറണം. നൽകിയ സഹായങ്ങൾ തുടർന്നുണ്ടായാൽ തീർച്ചയായും നമുക്കത് കഴിയുകതന്നെ ചെയ്യും. ആ പ്രവർത്തനങ്ങളെ കൂട്ടിയോജിപ്പിച്ച്​ സർക്കാർ മുൻപന്തിയിൽതന്നെ ഉണ്ടാകുമെന്ന് ഉറപ്പുനൽകാനും ഈ അവസരം ഉപയോഗപ്പെടുത്തട്ടെ.

Tags:    
News Summary - we shall overcome says cm-article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.