ബോധോദയത്തി​െൻറ ഒാരോരോ വഴികളേ...

ബോധോദയം വരുന്നതിന് പല വഴികളുണ്ട്. ചില ബോധോദയങ്ങൾ നമ്മെ ഞെട്ടിച്ചു കളയും. അതിലൊന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ കണ്ടത്. പാർട്ടി സെക്രട്ടറിയുടേതായിരുന്നു വാർത്താ സമ്മേളനം. വാർത്താ സമ്മേളനത്തിനിടെ, മാധ്യമ പ്രവർത്തകന് ഒരു ചിന്ന സംശയം. സാധാരണ ഗതിയിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കേണ്ട ചോദ്യമൊന്നുമല്ല. എങ്കിലും.

പാലായിലെ ഒരു വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടോ എന്നായിരുന്നു ചോദ്യം. മറുപടിയിലാണ് ബോധോദയത്തിൻ്റെ ഞെട്ടിക്കുന്ന വെർഷൻ കണ്ടത്. 'ഞാൻ കണ്ടിട്ടില്ല. കാണാതെ എങ്ങനെ വിശ്വസിക്കും. നിങ്ങൾ ആരെങ്കിലും പോയി നോക്കിയിട്ട് കണ്ടാൽ എന്നോടൊന്ന് പറയുക'.

നേരിൽ കണ്ടാൽ മാത്രമേ വിശ്വസിക്കാവൂ എന്നാണ് പുതിയ ബോധോദയം. അല്ലെങ്കിലും ഭൗതിക വാദത്തിൻ്റെ രുചിക്കൂട്ടുകളിൽ മുഖ്യമാന ചേരുവയാണ് കണ്ടാലേ വിശ്വസിക്കാവൂ എന്നത്.

2014ൽ ഉണ്ടായിരുന്നത് ബോധോദയത്തിൻ്റെ പഴയ വേർഷനായിരുന്നു. അന്നത്തെ നയമനുസരിച്ച് കണ്ടില്ലെങ്കിലും വിശ്വസിക്കാം എന്നായിരുന്നു. അതിനാലാണ് അന്ന് കേരളമാകെ, ' നോട്ടെണ്ണൽ യന്ത്രം' ' നോട്ടെണ്ണൽ യന്ത്രം' എന്ന മന്ത്രം അലയടിച്ചുയർന്നത്. എണ്ണാൻ നോട്ടില്ലാതെയിരുന്ന് യന്ത്രത്തിന് ബോറടിക്കരുത് എന്ന് കരുതി കേരളമൊന്നാകെയുള്ള തപാലാപ്പീസുകളിൽ നിന്ന് 500 രൂപാ മണിയോർഡറുകൾ പാലായിലെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. പാലാ കരിങ്ങോഴക്കൽ മാണി മാണിയെ 'കോഴ മാണി' എന്ന് വിളിച്ചുകൊണ്ടായിരുന്നു മണിയോർഡർ അയക്കൽ.

അതിൽ മാറ്റം കണ്ടുതുടങ്ങിയത് രണ്ട് വർഷം മുമ്പാണ്. ഉഷ്ണം ഉഷ്ണേനെ ശാന്തി എന്നാണ് ശാസ്ത്രം. ബജറ്റുകൊണ്ടുണ്ടാക്കിയ ശത്രുത ബജറ്റുകൊണ്ടുതന്നെ തീർക്കണമെന്നർത്ഥം.  അന്ന് ബജറ്റ് കീറിയെറിഞ്ഞാണ് മാണി സാറിനെ കോഴ മാണിയെന്ന് വിളിച്ചത്. സഭയിലെ കസേരയോടും സ്പീക്കറുടെ മൈക്കിനോടുമൊക്കെ അരിശം തീർക്കുകയും ചെയ്തിരുന്നു.

അതിന് പരിഹാരമായാണ് ബജറ്റിൽ അഞ്ചുകോടി മുടക്കി മാണിസാറിൻ്റെ പേരിൽ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അവിടെ എന്തുപഠിപ്പിക്കുമെന്നായിരുന്നു അന്ന് അണികൾക്ക് ആശങ്ക. ആ സംശയം ഏതായാലും മാറിക്കിട്ടി. മാണി സാറിൻ്റെ ജോസ്മോൻ തന്നെ മുന്നണിയിലേക്ക് എത്തുമ്പോൾ ഇനി പഠിപ്പിക്കാൻ വിഷയത്തിനാണോ പഞ്ഞം.

ആകെ ഒരു സംശയമേയുള്ളൂ. പറയുമ്പോൾ പറയുമ്പോൾ തല്ലുകൊള്ളൽ സമരവുമായി ഇറങ്ങുന്ന അണികൾക്കെങ്ങാൻ ബോധോദയം വന്നാൽ എന്തുചെയ്യുമെന്ന സംശയം.

പ്രത്യേകതരം ഹൃദ്രോഗം പടരുന്നു

ഒരു പ്രത്യേക തരം ഹൃദ്രോഗം കേരളത്തിൽ വർധിച്ചുവരികയാണ് എന്നാണ് പഠന റിപ്പോർട്ടുകൾ. രക്തത്തിൽ കൊഴുപ്പ് കൂടുന്നതോ വ്യായാമമമില്ലാത്തതോ അല്ല ഇൗ രോഗത്തിന് കാരണം. അറസ്റ്റ് പോലുള്ള ചില പ്രത്യേക സാഹചര്യങ്ങളിലാണ് അപ്രതീക്ഷിതമായി ഇൗ രോഗം പ്രത്യക്ഷപ്പെടുക. നേരത്തെ ഒരു മുൻ മന്ത്രിക്ക് കോടതിയിൽ വെച്ചാണ് രോഗലക്ഷണം പ്രത്യക്ഷപ്പെട്ടത്. മറ്റൊരു വനിതാ എം.എൽ.എക്ക് പൊലീസിനെ കണ്ടപ്പോഴും ഇതേ ലക്ഷണം പ്രത്യക്ഷപ്പെട്ടു. ഇനിയുമൊരു നേതാവിന് കൊലക്കേസ് എന്ന് കേട്ടപ്പോഴാണ് രോഗ ലക്ഷണം വന്നത്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരിലേക്കും രോഗം പടരുകയാണ് എന്നാണ് ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ.

അറസ്റ്റ് സാധ്യത കാണുേമ്പാൾ വക്കീലിനെ വിളിക്കുക. കാറിൽവെച്ച് അസ്വസ്ഥത വരിക. പിന്നെ കോടതി തുറക്കുന്നതുവരെ ഐ.സിയുവിൽ കഴിയുക എന്നിങ്ങനെയാണ് രോഗത്തിൻ്റെ ആരോഹണ ക്രമം.

'കടക്ക്​ പുറത്ത്​'

പത്രക്കാരോട് തട്ടിക്കയറാനുള്ള അവകാശം പാരമ്പര്യമായി ഇടത് കുത്തകയാണ് എന്നായിരുന്നു സങ്കൽപം. പിതൃശൂന്യ പത്രപ്രവർത്തനത്തെപ്പറ്റി ക്ലാസെടുത്തും എന്നിട്ടും പഠിക്കാത്തവരെ 'കടക്ക് പുറത്ത്' എന്ന് പറഞ്ഞ് ക്ലാസിന് പുറത്താക്കിയുമൊക്കെ ആ അവകാശം അവർ കൃതമായി ഉപയോഗിച്ച് വരുന്നുമുണ്ട്. ഒരു കുത്തകയും വെച്ചുപൊറുപ്പിക്കില്ല എന്നതാണ് കോൺഗ്രസിൻ്റെ പുതിയ നയം. അതിൻ്റെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം എറണാകുളത്ത് കണ്ടു. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകൻ്റെ വീട്ടിലെ കാര്യം ഒാർമിപ്പിച്ചുകൊണ്ടാണ് വെടിക്കെട്ടിന് തുടക്കമിട്ടിരിക്കുന്നത്. ഇനി കാത്തിരുന്ന് കാണാം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.