പ്രളയമതിൽ തടുക്കുമോ സാങ്കേതികവിദ്യ?
ഹിമാലയത്തിലെയും പശ്ചിമഘട്ടത്തിലെയും മിന്നൽപ്രളയങ്ങളിൽ ജീവൻ രക്ഷിക്കാൻ എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യ പ്രതിരോധം തീർക്കുമോ എന്ന അന്വേഷണം
പ്രകൃതിയുടെ രൗദ്രഭാവത്തിനുമുന്നിൽ മനുഷ്യർ നിസ്സഹായരാകുന്ന കാഴ്ചക്കാണ് ആഗസ്റ്റ് 26ന് നേപ്പാളിലെ ഹിമാലയൻ താഴ്‌വര സാക്ഷ്യം വഹിച്ചത്. നേപ്പാൾ ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ കണക്കുകൾ പ്രകാരം ഇതുവരെ 1,344 മൃതദേഹങ്ങൾ കണ്ടെടുത്തു. അയ്യായിരത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ലാംഗ്താങ് ഹിമാലിന്റെ വടക്കൻ ചരിവിൽ 5,600 മീറ്റർ ഉയരത്തിൽനിന്ന് 600 മീറ്ററോളം വീതിയുള്ള, സുമാർ ഒരു ചതുരശ്ര കി.മീ വ്യാപ്തി വരുന്ന ഭീമാകാരമായ ഹിമപർവതം അടർന്നുവീണപ്പോൾ ഭൂമിയുടെ മറുഭാഗത്ത് അമേരിക്കയുടെ യു.എസ്.ജി.എസ് ഭൂകമ്പമാപിനികൾ 5.2 തീവ്രതയാണ് ആ പ്രകമ്പനങ്ങൾക്ക് രേഖപ്പെടുത്തിയത്. ഈ മഞ്ഞുമലയിടിച്ചിൽ സൃഷ്ടിച്ച ഉയർന്ന സാന്ദ്രതയോടുകൂടിയ അവശിഷ്ടങ്ങളുടെ പ്രവാഹം പ്രഭവകേന്ദ്രത്തിൽനിന്ന് വെറും 23 മിനിറ്റുകൊണ്ടാണ് ചൈന-നേപ്പാൾ അതിർത്തിയായ രസുവഗധിയിലെ കസ്റ്റംസ് കോംപ്ലക്സിനെയും ഫ്രണ്ട്ഷിപ്പ് പാലത്തെയും തകർത്തെറിഞ്ഞ് ഒഴുക്കിക്കളഞ്ഞത്. ഒരുപക്ഷേ, ‘പ്രളയമതിൽ’എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചളിക്കൂട്ടം നേപ്പാളിന്റെ ഇടുങ്ങിയ മലയിടുക്കുകളിൽ 70 മുതൽ 134 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിച്ച്, സെക്കൻഡിൽ 37 മുതൽ 52 മീറ്റർ വരെ അത്യുഗ്ര വേഗതയിലാണ് താഴേക്ക് പതിച്ചത്. അതായത്, പ്രഭവസ്ഥാനത്തുനിന്ന് രസുവഗധിയിലെത്താൻ എടുത്ത സമയം കേവലം 23 മിനിറ്റ്. ജീവൻ രക്ഷിക്കാൻ കിട്ടിയേക്കാവുന്ന പരമാവധി സമയമാണ് ഈ 23 മിനിറ്റ്. ആ നിമിഷം വരെ സാധാരണ ജീവിതം നിലനിന്ന താഴ്‌വരകളിലാകെ ഒരു നിമിഷംകൊണ്ട് 18 മീറ്ററോളം കനത്തിൽ കല്ലും മണ്ണും ചളിയും വെള്ളവും നിറഞ്ഞ അവശിഷ്ടങ്ങളുടെ കൂമ്പാരം വന്നുമൂടുക; തുടർന്ന് ആ പഴയ നദീതടങ്ങളുടെ ജീവിതത്തെ പൂർണമായി മായ്ച്ചുകളയുക. 14 മാസത്തിനിടെ ഇതേ താഴ്‌വരയിൽ ആവർത്തിച്ച രണ്ടാമത്തെ മഹാദുരന്തമാണിത്. അന്ന്, 2025 ജൂലൈയിൽ ‘പുരേപു’എന്ന ഹിമതടാകം യാതൊരു മുന്നറിയിപ്പുമില്ലാതെ പൊട്ടിയതിനെത്തുടർന്നാണ് ഇതേ നദീതടപ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായത്.
മുസിരിസ് മുതൽ ഹിമാലയം വരെ
പ്രകൃതിയുടെ സ്വാഭാവിക പരിണാമപ്രക്രിയകളുടെയും ഭൗമശാസ്ത്രപരമായ പുനർനിർമാണങ്ങളുടെയും ഭാഗമായ ഇത്തരം അവശിഷ്ടപ്രവാഹങ്ങൾ ഒരു ചാക്രികസ്വഭാവമെന്നപോലെ മലഞ്ചെരുവുകളിൽ നടക്കുന്നു; തീവ്രത ഏറിയും കുറഞ്ഞുമിരിക്കുമെന്നു മാത്രം. ചരിത്രത്തിൽ ഇതിനു വലിയ ഉദാഹരണങ്ങൾ കാണാം. ഇന്നത്തെ കൊടുങ്ങല്ലൂരിനു സമീപം ലോകപ്രശസ്ത വാണിജ്യകേന്ദ്രമായി നിലനിന്ന പുരാതന ‘മുസിരിസ്’പട്ടണം 1341ൽ പെരിയാറിലെ മഹാപ്രളയത്തിൽ പശ്ചിമഘട്ട മലനിരകളിൽനിന്ന് വഹിച്ചുകൊണ്ടുവന്ന എക്കലിലും ചളിയിലുംപെട്ട് പൂർണമായി മൺമറഞ്ഞുപോയതും, അതേ ദുരന്തത്തിന്റെ പാർശ്വഫലമെന്നോണം കൊച്ചി എന്ന പുതിയ സ്വാഭാവികതുറമുഖം രൂപപ്പെട്ടതും ഇതേപോലുള്ള ഭൗമപ്രക്രിയകളുടെ ഭാഗമായാണ്.
ഉപഗ്രഹചിത്രങ്ങളും ത്രീഡി മോഡലിങ്ങും
പ്രകൃതിയുടെ ഈ രൗദ്ര പുനർനിർമാണങ്ങളെ തടഞ്ഞുനിർത്തുക മനുഷ്യർക്ക് അസാധ്യമാണെങ്കിലും, ആധുനിക ശാസ്ത്രസാങ്കേതികവിദ്യകളുടെയും നിർമിതബുദ്ധിയുടെയും കൃത്യമായ വിനിയോഗത്തിലൂടെ മനുഷ്യവാസമേഖലകളിൽ അവ വിതക്കുന്ന ദുരന്തങ്ങളുടെ ആഘാതം ഗണ്യമായി കുറക്കാൻ നമുക്ക് കഴിയണം. ഈ യാഥാർഥ്യത്തെ ശാസ്ത്രീയമായി അടിവരയിടുന്നത് നേപ്പാൾ ദുരന്തത്തിനുശേഷം ഓപ്പൺ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് നടത്തിയ അന്താരാഷ്ട്ര പഠനങ്ങളാണ് (ഉറവിടം: geopera.com). പ്ലാനറ്റ് ലാബ്സ്, വന്റോർ ഓപ്പൺ ഡേറ്റാ പ്രോഗ്രാം, നാസ, കോപ്പർനിക്കസ് എന്നിവ സൗജന്യമായി ലഭ്യമാക്കിയ 'വേൾഡ് വ്യൂ-3' (WorldView-3), പ്ലാനറ്റ്സ്കോപ്പ് സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് വെറും 72 മണിക്കൂറിനുള്ളിലാണ് ഗവേഷകർ ഈ ദുരന്തത്തെ ത്രീഡി മോഡലുകളായി പൂർണമായി പുനർനിർമിച്ചത്. ദുരന്തസ്ഥലത്ത് നേരിട്ടുപോകാതെതന്നെ, വ്യത്യസ്ത കോണുകളിൽനിന്നുള്ള ഹൈ റെസല്യൂഷൻ സ്റ്റീരിയോ ഇമേജുകളുടെ പാരലാക്സ് വ്യത്യാസവും ഡെൻസ് ഇമേജ് കോറിലേഷൻ (Dense image correlation) സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രവാഹത്തിന്റെ ഉയരവും സെക്കൻഡിൽ 52 മീറ്റർ വരെയുള്ള പ്രവേഗവും 10 മുതൽ 18 മീറ്റർ വരെ കനത്തിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതും അവർ കൃത്യമായി പുനഃസൃഷ്ടിച്ചു. ഓപ്പൺ ആക്സസ് ഡാറ്റയും ആധുനിക കമ്പ്യൂട്ടേഷനൽ ടൂളുകളും ദുരന്തനിവാരണ ഗവേഷണത്തിൽ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്.
ഹിമാലയൻ നദികളെ ആശ്രയിച്ച് ജീവിക്കുന്ന ഇന്ത്യയിലെയും നേപ്പാളിലെയും ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് അവിടുത്തെ ഓരോ പാരിസ്ഥിതികചലനവും നിർണായകമാണ്. ഹിമാലയൻ മലനിരകളിലുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ രാഷ്ട്രഅതിർത്തികൾ ഭേദിച്ച് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സമതലങ്ങളിലെ ജനജീവിതത്തെയും സാരമായി ബാധിക്കുന്നു. ഈ ഭീഷണി അതുകൊണ്ടുതന്നെ ഹിമാലയത്തിൽ മാത്രം ഒതുങ്ങുന്നതല്ല; പശ്ചിമഘട്ട മലനിരകളുടെ സാമീപ്യമുള്ള കേരളം ഉൾപ്പെടുന്ന പ്രദേശങ്ങളും അതിതീവ്ര ഉരുൾപൊട്ടലുകളും മലവെള്ളപ്പാച്ചിലുകളും കൊണ്ട് ദുരിതം പേറുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, പ്രകൃതിക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രത്തിൽനിന്നുതന്നെ അപായസാധ്യതകൾ തിരിച്ചറിഞ്ഞ് താഴേത്തട്ടിലേക്ക് തത്സമയ മുന്നറിയിപ്പുകൾ എത്തിക്കാൻ ശേഷിയുള്ള സാങ്കേതികസംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
പശ്ചിമഘട്ടവും കേരളവും
ഐ.എസ്.ആർ.ഒ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയ ഏജൻസികളുടെ പഠനങ്ങൾ പ്രകാരം വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1544 മീറ്റർ ഉയരത്തിൽ പുഞ്ചരിമട്ടത്തിന് മുകളിലുള്ള മലഞ്ചെരിവിൽനിന്ന് ഉരുൾപൊട്ടിയപ്പോൾ, പ്രാരംഭഘട്ടത്തിൽ കുത്തനെയുള്ള ചെരിവായതിനാൽ അവശിഷ്ടപ്രവാഹത്തിന്റെ വേഗത സെക്കൻഡിൽ 50 മുതൽ 57 മീറ്റർ വരെയും (മണിക്കൂറിൽ 180 മുതൽ 205 കി.മീ. വരെ) എത്തിയിരുന്നു. അതേസമയം നദീചാലുകളിലേക്കും ഇടുക്കുകളിലേക്കും എത്തിയപ്പോൾ ചരിവു കുറഞ്ഞതോടെ ശരാശരി വേഗത സെക്കൻഡിൽ 18.7 മീറ്റർ (മണിക്കൂറിൽ 65-70 കി.മീ.) ആയി മാറി. ഏതാണ്ട് ലംബമായ താഴ്ചയിലൂടെ ഏകദേശം എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ച് താഴെയുള്ള മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തം വിതക്കാൻ എടുത്തത് 7 മുതൽ 12 മിനിറ്റ് മാത്രമാണ്. മലയിടുക്കുകളിൽ ഏഴു മുതൽ 10 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിച്ച പ്രളയജലവും 60 മുതൽ 88 കിലോപാസ്കൽ വരെ മർദത്തിൽ പാഞ്ഞടുത്ത കൂറ്റൻ പാറക്കൂട്ടങ്ങളും കോൺക്രീറ്റ് പാലങ്ങളെയും കെട്ടിടങ്ങളെയും നിമിഷനേരം കൊണ്ട് തകർത്തെറിയുകയും, നദീതടങ്ങളിലാകെ മൂന്നുമുതൽ ആറ് മീറ്റർ വരെ കനത്തിൽ പുതിയ ചളിയും പാറകളും അടിഞ്ഞുകൂടി പുന്നപ്പുഴയുടെ സ്വാഭാവിക ഗതിയെത്തന്നെ മാറ്റിമറിക്കുകയും ചെയ്തു. ഹിമാലയൻ മിന്നൽപ്രളയങ്ങൾക്ക് സമാനമായി പശ്ചിമഘട്ടത്തിലും ഏതാനും മിനിറ്റുകൾക്കുള്ളിൽ കിലോമീറ്ററുകൾ താണ്ടിയെത്തുന്ന ഇത്തരം ദുരന്തമുഖങ്ങളിൽ മനുഷ്യജീവനെ രക്ഷിക്കാൻ ലഭിക്കുന്ന സമയം വളരെ കുറവാണ്; പ്രത്യേകിച്ചും രാത്രിസമയങ്ങളിലാണ് ദുരന്തം സംഭവിക്കുന്നതെങ്കിൽ. ഒരുപക്ഷേ എ.ഐ അധിഷ്ഠിത സീസ്മിക്-അക്കോസ്റ്റിക് സെൻസറുകൾ നൽകുന്ന തത്സമയ മുന്നറിയിപ്പുകൾ ലഭിച്ചാലോ?
വിശ്വസനീയമായ മുന്നറിയിപ്പുസംവിധാനം സാധ്യമാകണമെങ്കിൽ, ദുരന്തമുഖങ്ങളിൽ നദികളുടെ പ്രവാഹവേഗതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൃത്യമായി വിശകലനം ചെയ്യപ്പെടണം. ഹിമാലയത്തിലെ കുത്തനെയുള്ള ഇടുക്കുകളിൽ നദികൾ സാധാരണയായി സെക്കൻഡിൽ 2 മുതൽ 5 മീറ്റർ വരെ (മണിക്കൂറിൽ 7-18 കി.മീ.) വേഗതയിലാണ് ഒഴുകുന്നത്. എന്നാൽ, വൻ മണ്ണിടിച്ചിലുണ്ടാകുമ്പോൾ പാറകളും മണ്ണും വീണ് നദിയിൽ താൽക്കാലിക അണക്കെട്ടുകൾ രൂപപ്പെടുകയും ഒഴുക്കു സ്തംഭിക്കുകയും ചെയ്യുന്നു. തുടർന്നു രൂപപ്പെടുന്ന ഉയർന്ന സാന്ദ്രതയുള്ള അവശിഷ്ടകുഴമ്പ് താഴേക്ക് പതിക്കുമ്പോൾ കുത്തനെയുള്ള ചരിവുകളിൽ മണിക്കൂറിൽ 100 മുതൽ 160 കിലോമീറ്ററിലധികം വേഗത കൈവരിക്കുന്നു. മലയോരങ്ങളിലെ പ്രഭവകേന്ദ്രത്തിൽനിന്ന് 10-20 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങൾക്ക് പ്രതികരിക്കാൻ വെറും 10 മുതൽ 25 മിനിറ്റു വരെ മാത്രം ലഭിക്കുമ്പോൾ, സമതലങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ (50-100 കി.മീ. താഴെ) മൂന്നുമുതൽ ആറ് മണിക്കൂർ വരെ മുൻകൂർ സമയം ലഭിക്കുന്നു എന്നത് ദുരന്തനിവാരണത്തിൽ ഏറെ ശ്രദ്ധേയമാണ്.
പ്രവചനമാതൃകകളും ആഗോളരീതികളും
ഭൂപ്രകൃതിയുടെ ചരിവ്, നദിയുടെ ഗതി, ഘർഷണം എന്നിവ കണക്കിലെടുത്ത് പ്രളയതരംഗങ്ങൾ ഓരോ 10 കിലോമീറ്ററിലും എത്തുന്ന സമയം മുൻകൂട്ടി പ്രവചിക്കാൻ ശാസ്ത്രീയമായ ഹൈഡ്രോഡൈനാമിക് മോഡലുകൾക്ക് സാധിക്കും. ഉദാഹരണത്തിന്, സ്വിറ്റ്സർലൻഡിൽ 'റാംസ്' (RAMMS) മോഡൽ വഴി ആൽപ്സ് മലനിരകളിലെ ഹിമപാതങ്ങളും ഉരുൾപൊട്ടലുകളും ഓരോ പ്രദേശത്തും എത്തുന്ന സമയവും പ്രഹരശേഷിയും മൈക്രോ ലെവലിൽ പ്രവചിക്കുമ്പോൾ, ജപ്പാനിൽ റഡാർ അധിഷ്ഠിത മോഡലുകളിലൂടെ മലവെള്ളപ്പാച്ചിലിന്റെ സഞ്ചാരപാത ഓരോ 10 മിനിറ്റിലും കൃത്യമായി തിട്ടപ്പെടുത്തുന്നു. അമേരിക്കയിലാകട്ടെ, ‘ഹെക്-റാസ്’ (HEC-RAS 2D) പോലുള്ള സാങ്കേതികവിദ്യകളിലൂടെ പ്രളയവും ചളിപ്രവാഹവും ഓരോ മൈലിലും എത്തുന്ന സമയം കണക്കാക്കി ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പുകൾ നൽകുന്നു.
ഇത് ജനങ്ങൾ എത്ര ഉയരമുള്ള സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണം, എത്ര സമയത്തിനകം ഒഴിപ്പിക്കൽ പൂർത്തിയാക്കണം എന്നതിൽ ദുരന്തനിവാരണ സേനകൾക്ക് വ്യക്തത നൽകും. ഇതിനായി കേവല മഴമാപിനികൾക്കപ്പുറം, പാറക്കല്ലുകൾ ഇടിയുന്നതിന്റെ ശബ്ദം തിരിച്ചറിയുന്ന അക്കോസ്റ്റിക് സെൻസറുകൾ, ഭൂമിയിലെ സൂക്ഷ്മപ്രകമ്പനങ്ങൾ പിടിച്ചെടുക്കുന്ന സീസ്മിക്-വൈബ്രേഷൻ സെൻസറുകൾ, അന്തരീക്ഷമർദ്ദ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്ന ഉപകരണങ്ങൾ, പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് പക്ഷിമൃഗാദികൾ കാണിക്കുന്ന അസാധാരണ ലക്ഷണങ്ങൾ തിരിച്ചറിയുന്ന ജൈവസൂചകങ്ങൾ എന്നിവ പോലും സംയോജിപ്പിച്ചുള്ള ബഹുതല സെൻസർശൃംഖല വിന്യസിക്കാനും കഴിയും.
ഈ വിവരങ്ങളെല്ലാം എ.ഐ അധിഷ്ഠിത മെഷീൻ ലേണിങ് മോഡലുകൾ വഴി തത്സമയം അപഗ്രഥിച്ച് വ്യാജ അലാറങ്ങൾ ഒഴിവാക്കാനും, അടിയന്തര സാഹചര്യങ്ങളിൽ സൈറണുകളായും മൊബൈൽ സന്ദേശങ്ങളായും മുന്നറിയിപ്പുകൾ സ്വമേധയാ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയും. സ്വാഭാവികമായും ഇതിന് അകമഴിഞ്ഞ ധനസഹായവും ശാസ്ത്രഗവേഷണവും സാങ്കേതികപങ്കാളിത്തവും ഒത്തുചേർന്നുള്ള പ്രവർത്തനം അനിവാര്യമാണ്.
അക്കാദമിക് പങ്കാളിത്തവും സാമൂഹിക പ്രതിരോധശേഷിയും
നിർമിത ബുദ്ധി സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തിൽ, ഹിമാലയത്തിനും പശ്ചിമഘട്ടത്തിനും അനുയോജ്യമായ ചെലവുകുറഞ്ഞ സെൻസറുകളും കമ്പ്യൂട്ടേഷനൽ മോഡലുകളും വികസിപ്പിക്കാൻ സർവകലാശാലകൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും കഴിയും. ജപ്പാനിലെ ‘സകുറ സയൻസ് പ്ലാൻ’, തായ്‌വാനിലെ ‘യൂത്ത് റൂറൽ ചലഞ്ച്’, സ്വിറ്റ്സർലൻഡിലെ സ്വിസ് നാഷനൽ സയൻസ് ഫൗണ്ടേഷൻ എന്നീ മാതൃകകൾ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനായി വിദ്യാർഥികളുടെ നൂതന പ്രോജക്റ്റുകൾക്ക് സീഡ് ഫണ്ടിങ്ങും മെന്റർഷിപ്പും നൽകി പ്രോത്സാഹിപ്പിക്കുന്നവയാണ്.
സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനൊപ്പം തന്നെ ദുരന്തമുഖത്ത് ജനങ്ങളെ സജ്ജരാക്കാനുള്ള ബോധവത്കരണവും സാമൂഹിക പ്രതിരോധശേഷി വളർത്തിയെടുക്കലും തുല്യപ്രാധാന്യമർഹിക്കുന്നു. ഇതിനായി ശാസ്ത്രസാങ്കേതിക ശാഖകൾക്കൊപ്പം സോഷ്യോളജി, സൈക്കോളജി, സോഷ്യൽ വർക്ക് തുടങ്ങിയ സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ ഗവേഷകരെയും വിദ്യാർഥികളെയും അണിനിരത്തി നൂതന ബോധവത്കരണ മാതൃകകളും പുനരധിവാസ രൂപരേഖകളും തയാറാക്കാനും കഴിയും. ദുരന്തസാധ്യതകളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കാനും, പരിഭ്രാന്തിയില്ലാതെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങളെ പരിശീലിപ്പിക്കാനും, ദുരന്താനന്തര മാനസികാഘാതങ്ങൾ അതിജീവിച്ച് നാടിനെ പൂർവസ്ഥിതിയിലേക്ക് നയിക്കാനും ഇത്തരം സംയോജിതപഠനങ്ങൾക്ക് വലിയ സാധ്യതയുണ്ട്. പ്രകൃതിക്ഷോഭങ്ങളെ വിവേകപൂർവം നേരിടാനും നാശനഷ്ടങ്ങൾ ഏറ്റവും കുറഞ്ഞ അളവിലേക്ക് ചുരുക്കാനും കഴിയണമെങ്കിൽ ശാസ്ത്രീയമായ സാങ്കേതികസജ്ജതയും സാമൂഹിക ശാക്തീകരണവും ഒത്തുചേരേണ്ടത് അനിവാര്യമാണ്.
(ലേഖകൻ കാസർകോട് സർക്കാർ കോളജിലെ ജിയോളജി വിഭാഗം അധ്യാപകനും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫിസറുമാണ്)
manulal.kshec@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.