ബോ​ണി​ഫൈ​സ് പെരേര

വക്കം ഖാദര്‍ ബോണിഫൈസിനെഴുതിയ കത്ത്

എന്റെ പ്രിയപ്പെട്ട ബോണി,

എന്റെ അന്ത്യയാത്രയിലെ അവസാന വാക്കുകള്‍ ഇതാ! മങ്ങലേല്‍ക്കാത്ത നിന്റെ സ്‌നേഹത്തിനും ഹൃദയംഗമമായ ആത്മാർഥതക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഊറി വരുന്ന വാക്കുകള്‍കൊണ്ട് ഞാന്‍ നന്ദി പ്രകാശിപ്പിക്കട്ടെ. നിന്റെ വിലപ്പെട്ട ഗുണങ്ങളെയും മഹത്തായ വ്യക്തിത്വത്തെയുംപറ്റി ഞാന്‍ നിന്നോടു പറയുന്നത് വെറും പുകഴ്ത്തലായിരിക്കും. ഞാനല്‍പം പറഞ്ഞുപോയത് ക്ഷമിക്കണം.

ഒരു ഭീകര ദുരന്തമാണ് വരാന്‍ പോകുന്നതെന്ന് കരുതരുത്. ഇത് ലോകത്ത് സംഭവിക്കാറുള്ള നിസ്സാര കാര്യങ്ങളില്‍ ഒന്നുമാത്രം. നിങ്ങളുടെ കണ്‍മുന്നില്‍ നടന്നിട്ടുള്ള മറ്റു പല സംഭവങ്ങളുമായി തട്ടിച്ചാല്‍ നമ്മുടെ മരണം നമ്മുടെ എളിയ ത്യാഗം. എഴുതിക്കൊണ്ടിരിക്കുന്ന വാചകത്തില്‍നിന്ന് ഒരു വാക്ക് വെട്ടിക്കളയുന്നതുപോലെ മാത്രമാണ്. നമ്മുടെ മരണം മറ്റ് അനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. എണ്ണമറ്റവീരന്മാര്‍, മഹാത്മാക്കളായ ഭാരതപുത്രന്മാര്‍, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സര്‍വവും ത്യജിച്ചവര്‍, ഇതിനകം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്.

അവരോട് താരതമ്യ പ്പെടുത്തിയാല്‍ നമ്മള്‍ പൂർണചന്ദ്രന്റെ മുന്നില്‍ വെറും മെഴുകുതിരികള്‍. നമ്മുടെ ലക്ഷ്യത്തില്‍ പുറപ്പാടിലേതന്നെ നാം പരാജയപ്പെട്ടു. നമുക്കൊന്നും ചെയ്യാന്‍കഴിയാതെ പോയതും വെറും ദൗര്‍ഭാഗ്യമായിപ്പോയി. നിങ്ങളുടെ യാതനകളും നമ്മുടെ മരണവുംകൊണ്ട് ഏതെങ്കിലും നല്ലത് ചെയ്യാനാകുംമുമ്പേ കൈവന്ന അവസരവും നല്ല സമയവും നഷ്ടപ്പെട്ടുപോയതില്‍ നമ്മുടെ കാലക്കേടിനെ ശപിക്കാനേ എനിക്കു കഴിയൂ. സ്വാർഥതയുടെ ലേശമില്ലാതെ ആത്മാർഥമായിതന്നെ ചിലത് ചെയ്യാന്‍ നാം തീരുമാനിച്ചിരുന്നു.

പക്ഷേ, ആദ്യപടി ചിന്തിക്കുംമുമ്പേ നാം പരാജയത്തിലേക്ക് എറിയപ്പെട്ടുപോയി. സാരമില്ല. വേണ്ടുവോളം ധീരന്മാരും ധാരാളം സമയവും നമുക്കു മുന്നിലുണ്ട്. ഇനിയുമുണ്ട്, ഇന്ത്യന്‍ നാഷനലിസ്റ്റ് ടീമും ബ്രിട്ടീഷ് ബാരിയലിസ്റ്റ് ടീമും ആയുള്ള അവസാന കളിയില്‍ നാംതന്നെ ഗോളടിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു സ്വതന്ത്ര ഭാരത പുരുഷനാകാന്‍, സ്വതന്ത്ര മാതാവിന്റെ കൈകളാല്‍ ആലിംഗനം ചെയ്യപ്പെടാന്‍ നിങ്ങള്‍ക്ക് ഇടവരട്ടെ! എനിക്കിതിനെപ്പറ്റി അധികമൊന്നും പറയാനില്ല.

ഞങ്ങളെപ്പറ്റിയുള്ള ചിന്ത നിങ്ങളെ വേദനിപ്പിക്കരുത്. നാമെടുത്തിട്ടുള്ള പ്രതിജ്ഞ ഓര്‍ക്കുക. മനസ്സ് ചാഞ്ചല്യം കൂടാതെ കടമ നിര്‍വഹിക്കുക. അതാണ് മനുഷ്യന്റെ കര്‍ത്തവ്യം. അതിനെയാണ് നാം ധർമമെന്നു പറയുന്നത്. പരാജയം വിജയത്തിന്റെ ആരംഭമാണ്. എല്ലാ മംഗളങ്ങളും നേരുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം നിങ്ങള്‍ മറക്കുകയില്ലെന്ന് വിശ്വസിക്കുന്നു.

സ്വന്തം ഖാദര്‍.


Tags:    
News Summary - Vakkam Khader written a letter to Boniface

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.