സംഘടിത പ്രതിരോധം അനിവാര്യമാണ്

നിരവധി സംസ്കാരങ്ങളും ഭാഷകളും വൈവിധ്യമാര്‍ന്ന ജീവിതരീതികളും സമ്പന്നമാക്കിയ നമ്മുടെ നാടിന്‍െറ അന്തസ്സത്ത വ്യത്യസ്തതകളുടെ സഹവര്‍ത്തിത്വം ഉദ്ഘോഷിക്കുന്നു. കോളനിഭരണത്തിന്‍െറ  നെറികേടുകള്‍ മുറിവേല്‍പിച്ച ഇന്ത്യയുടെ പൊതുമനസ്സിനെ മാനവികതയിലൂന്നിയ രാഷ്ട്രനിര്‍മിതിക്ക് പ്രാപ്തമാക്കിയത് വര്‍ഷങ്ങള്‍ നീണ്ട അധിനിവേശപ്രതിരോധത്തില്‍നിന്ന് ആര്‍ജിച്ച ഊര്‍ജമാണ്. സ്വാതന്ത്ര്യസമരത്തില്‍ സര്‍വം സമര്‍പ്പിച്ച ജനവിഭാഗങ്ങള്‍ വരുംതലമുറകളുടെ  ആത്മാഭിമാനത്തോടെയുള്ള നിലനില്‍പിനാണു പ്രാര്‍ഥിച്ചതും പ്രവര്‍ത്തിച്ചതും. അതിനാല്‍ ഭരണഘടനാശില്‍പികള്‍ വ്യക്തിസ്വാതന്ത്ര്യവും തുല്യാവകാശവും രാഷ്ട്രത്തിന്‍െറ ജീവവായുവായി  പ്രഖ്യാപിച്ചു. മതസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പൗരന്‍െറ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇന്ത്യയെന്ന പുന്തോട്ടം ലോകത്തിനുതന്നെ മാതൃകയായി.

രാജ്യാഭിമാനം പൗരന്‍െറ ആത്മാഭിമാനവുമായി  ബന്ധപ്പെട്ടാണ്. ഭരണഘടന ആക്രമിക്കപ്പെടുന്നത് രാജ്യത്തെ ഓരോ പൗരന്‍െറയും ആത്മാഭിമാനത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ഗോമാതാ രാഷ്ട്രീയത്തിന്‍െറ മറവില്‍ മനുഷ്യരെ കൊന്നു കെട്ടിത്തൂക്കുമ്പോള്‍ അവമതിക്കപ്പെടുന്നത് രാജ്യമാണ്, പൗരന്‍െറ ആത്മാഭിമാനമാണ്. രാജ്യശത്രുക്കള്‍ എല്ലാ കാലത്തും ഇന്ത്യയുടെ സാമൂഹിക മുന്നേറ്റത്തെ  തകര്‍ക്കാനും അരാജകത്വ വിധ്വംസക വ്യവസ്ഥയെ പ്രതിഷ്ഠിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള സവര്‍ണാധീശത്വത്തിന്‍െറ കടക്കല്‍ കത്തിവെച്ചാണ് ഡോ. ഭീംറാവു അംബേദ്കര്‍ ഭരണഘടനക്ക് രൂപം നല്‍കിയത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമം വഴി നിരോധിക്കപ്പെട്ടതും പൗരന്മാരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിക്കപ്പെട്ടതും  തെല്ളൊന്നുമല്ല സവര്‍ണശക്തികളെ പ്രകോപിപ്പിച്ചത്. ഈ ശക്തികള്‍തന്നെയാണ് മുസ്ലിം  ജനവിഭാഗത്തെ അപരന്‍മാരായി മാറ്റി വംശീയ ഉന്മൂലനത്തിനുള്ള സിദ്ധാന്തങ്ങള്‍ ചമച്ചത്. ബ്രിട്ടീഷ് ഭരണത്തിന്‍െറ ആനുകൂല്യങ്ങളാല്‍ തടിച്ചുകൊഴുത്തവര്‍ രാജ്യാഭിമാനത്തിനുള്ള പോരാട്ടത്തില്‍ എല്ലാം പരിത്യജിച്ച മുസ്ലിം ജനവിഭാഗത്തെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനു കാലം സാക്ഷിയായി.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തപ്പെട്ട ശേഷം ഡല്‍ഹിനഗരിയിലെ മുസ്ലിംസാന്നിധ്യത്തിന് ഒൗദ്യോഗിക നിരോധനം പോലും കൊണ്ടുവന്നു എന്നത്  ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഒരു ജനതയോടുളള വെറുപ്പിന്‍െറ ആഴം വിളിച്ചോതുന്നു. ബഹദൂര്‍ഷാ സഫറും ഭക്ത് ഖാനുമൊക്കെ തിരസ്കരിക്കപ്പെടുകയും, സവര്‍ക്കറും ഹെഡ്ഗേവാറുമൊക്കെ ആരാധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേക്ക്  രാജ്യം ചെന്നത്തെിയെങ്കില്‍ അതിലടങ്ങിയ ദുസ്സൂചനകള്‍ രാജ്യത്തെ ചിന്തിക്കുന്ന യൗവനം തിരിച്ചറിയണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് സ്വമേധയാ മാപ്പപേക്ഷ നല്‍കി ജയില്‍മോചനം നേടിയ സവര്‍ക്കറും സ്വാതന്ത്ര്യസമരത്തിന് പോകാനൊരുങ്ങിയവരെ പിന്തിരിപ്പിച്ച ഹെഡ്ഗേവാറും പ്രതിനിധാനം ചെയ്യുന്നത്  രാജ്യസ്നേഹമോ രാഷ്ട്രസേവനമോ അല്ളെന്ന തിരിച്ചറിവ് ഇനിയും വൈകിക്കൂടാ. പൗരന്‍െറ നിലനില്‍പിനോളം പ്രാധാന്യമേറിയ കാര്യമാണ് അവന്‍/അവള്‍ വിശ്വസിക്കുന്ന ആചാരാനുഷ്ഠാനങ്ങളെ ജീവിതത്തില്‍ പകര്‍ത്താനുള്ള അവസ്ഥയുണ്ടാവുക എന്നത്.

ആരാധനാ സ്വാതന്ത്ര്യവും രാഷ്ട്രനിര്‍മിതിയും വേര്‍പിരിക്കാന്‍ കഴിയാത്തവിധം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഇവിടെയാണ് സഹവര്‍ത്തിത്വത്തിന്‍െറ ഇന്ത്യന്‍മാതൃക അന്വര്‍ഥമാകുന്നത്. ഗംഗ-യമുന സംസ്കാരം  പ്രതിനിധാനം ചെയ്യുന്നതും വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയത്തെയാണ്. എന്നാല്‍, പശ്ചിമ യു.പിയിലെ ശാമില്‍, മുസഫര്‍ നഗര്‍ ജില്ലകളില്‍ ഹോമിക്കപ്പെട്ട ജീവനുകള്‍ നമ്മുടെ സഹവര്‍ത്തിത്വത്തിന്‍െറ പാരമ്പര്യത്തെയാണ് വെല്ലുവിളിക്കുന്നത്. സംഘ്പരിവാരത്തിന്‍െറ രാഷ്ട്രീയ സാമൂഹിക അജണ്ടയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നത് രാജ്യത്തെ മുസ്ലിംകളല്ല, മറിച്ച് രാഷ്ട്രശില്‍പികള്‍ സ്വപ്നം കണ്ട സമത്വസുന്ദര ഭാരതമെന്ന മഹത്തായ സങ്കല്‍പമാണ്.

ഘടനാപരമായ അസമത്വങ്ങളില്‍നിന്നു അധഃസ്ഥിതരുടെ  വിമോചനം സാധ്യമാക്കാന്‍ സാമൂഹിക മുന്നേറ്റങ്ങള്‍ അത്യന്താപേക്ഷിതമാണ്. തുല്യാവകാശങ്ങളിലധിഷ്ഠിതമായ നവസാമൂഹിക നിര്‍മിതിക്ക് ഭരണകൂട ഇടപെടലുകള്‍ നിര്‍ബന്ധമാണെന്ന ബോധ്യമാണ് വിദ്യാഭ്യാസ സാമ്പത്തികമേഖലകളില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്ന നടപടികള്‍ സ്വീകരിക്കുന്നതിനു നിമിത്തമായത്. എന്നാല്‍, സവര്‍ണശക്തികള്‍ അധീശത്വ പ്രത്യയശാസ്ത്ര നിര്‍മിതിയുടെ  മറവില്‍ ദലിതരും മുസ്ലിംകളുമടങ്ങുന്ന അപരവത്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളെ എന്നും പിറകോട്ടു വലിച്ചുകൊണ്ടിരുന്നു. നിലനില്‍ക്കുന്ന സാമൂഹികവ്യവസ്ഥിതിയില്‍ അധികാരപദവി ഉപയോഗിച്ച് അതിക്രമങ്ങള്‍ അഴിച്ചു വിട്ട് ഭീതിപരത്തിയും അപരവത്കരിച്ചും പിന്നാക്കക്കാരെ പരസ്പരം ഏറ്റുമുട്ടിച്ചും തങ്ങള്‍ക്കാവശ്യമായ അസമത്വവ്യവസ്ഥിതി തുടര്‍ന്നു പോവുകയാണ് ചെയ്തത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടും സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടുമൊക്കെ പുരോഗമന നാട്യങ്ങള്‍ക്കുള്ളിലെ സവര്‍ണതയെ പുറത്തുകൊണ്ടുവരികയുണ്ടായി.

അരനൂറ്റാണ്ടിനപ്പുറം മുസ്ലിംലീഗ് നേതാവ് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് സമൂഹത്തോടും സമുദായത്തോടും പറഞ്ഞതും നിലനില്‍പിനായുള്ള രാഷ്ട്രീയത്തെ നെഞ്ചോടു ചേര്‍ക്കുക എന്നതാണ്. സ്വയം മാറ്റത്തിനു തയാറാവാത്ത ജനതയെ ആര്‍ക്കും മാറ്റിയെടുക്കാനാവില്ളെന്ന ഖുര്‍ആന്‍ സൂക്തം സമുദായം നെഞ്ചിലേറ്റിയതിന്‍െറ ഫലമാണ് കേരളത്തില്‍ മുസ്ലിംലീഗ് അജയ്യ ശക്തിയായി മാറിയതിനു കാരണം.  പിന്നാക്ക-ദലിത്-മുസ്ലിം മുന്നേറ്റം കാലഘട്ടത്തിന്‍െറ അനിവാര്യതയായി മനസ്സിലാക്കാനും സംഘടിത മുന്നേറ്റത്തിലൂടെ  സംഘ്പരിവാര ഭീകരതയെയും ചൂഷണ സംവിധാനങ്ങളെയും ചെറുത്തുതോല്‍പിക്കാനും സമൂഹം മുന്നോട്ടുവരണം. നിരവധി കലാപങ്ങളിലൂടെ ആയിരക്കണക്കിനു സ്ത്രീകളെ അപമാനിച്ചവര്‍ സ്ത്രീവാദത്തിന്‍െറ മേലങ്കിയണിഞ്ഞ് ഏക സിവില്‍ കോഡിനായി അലമുറയിടുമ്പോള്‍ സംഘടിത പ്രതിരോധങ്ങള്‍ അനിവാര്യമാണ്.
(മുസ്ലിം യൂത്ത്ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tags:    
News Summary - uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.