പോരാട്ടം ഇഞ്ചോടിഞ്ച്; നിശ്ശബ്ദ വോട്ടുകൾ വിധി നിർണയിക്കും

മണ്ഡല രൂപവത്കരണത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെ നാലാമതും ബൂത്തിലേക്ക് പോകാനൊരുങ്ങുന്ന തൃക്കാക്കരയിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം. സിറ്റിങ് സീറ്റിൽ യു.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. മണ്ഡലത്തിന്‍റെ ഭാഗമായ തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷന്‍റെ ഭാഗമായ ഡിവിഷനുകളിൽ ഭൂരിഭാഗവും നിയമസഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനൊപ്പം നിന്നവയാണ്.

പരമ്പരാഗതമായി മണ്ഡലത്തിലെ മുസ്ലിം വോട്ടുകളിൽ ഭൂരിപക്ഷവും യു.ഡി.എഫിനാണ്. വികസനം ചർച്ചയാക്കുമെന്ന ഇടത് പ്രഖ്യാപനം യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ട്. മെട്രോയും ഇൻഫോപാർക്കും ഹൈവേകളുമടക്കം തൃക്കാക്കരയിലും ജില്ലയിലും സംസ്ഥാനത്താകെയും യു.ഡി.എഫ് കാലത്ത് നടപ്പാക്കിയ പദ്ധതികൾ അക്കമിട്ട് വോട്ടർമാർക്ക് മുന്നിൽ നിരത്താൻ യു.ഡി.എഫിന് കഴിഞ്ഞു. കെ-റെയിൽ കടന്നുപോകുന്ന മേഖലയെന്ന നിലയിൽ തൃക്കാക്കരയിലെ വോട്ടർമാരിൽ നിലനിൽക്കുന്ന കെ-റെയിൽ വിരുദ്ധ വികാരവും യു.ഡി.എഫിന് അനുകൂലമായേക്കാം. കഴിഞ്ഞ തവണ ട്വന്‍റി20 സ്ഥാനാർഥി നേടിയ 14,000ഓളം വരുന്ന വോട്ടിൽ ഭൂരിപക്ഷവും യു.ഡി.എഫിന്‍റെ വോട്ടാണെന്നാണ് വിലയിരുത്തൽ. ആ വോട്ടിൽ സിംഹഭാഗവും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. 20,000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

അതേമസയം, അട്ടിമറി വിജയം ഉറപ്പിക്കുകയാണ് എൽ.ഡി.എഫ്. ഇതുവരെ ഇടതിന് വോട്ട് ചെയ്യാത്തവർ പോലും എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന വിധം സ്വാധീനമുണ്ടാക്കാൻ ഭവന സന്ദർശനങ്ങൾ മൂലം സാധിച്ചിട്ടുണ്ട്. മണ്ഡലത്തിന്‍റെ ഭാഗമായ എൽ.ഡി.എഫ് ഭരിക്കുന്ന കൊച്ചി നഗരസഭയിലെ ഡിവിഷനുകൾ ഇടത് സ്വാധീനമുള്ളവയാണ്. കോൺഗ്രസ് വിട്ട് എൽ.ഡി.എഫിനൊപ്പം ചേർന്ന നേതാക്കളുടെ പ്രവർത്തന മണ്ഡലങ്ങളാണ് ഇവയിലേറെയും. ഈ ഡിവിഷനുകളിൽ എൽ.ഡി.എഫിന് വോട്ട് വർധിക്കാൻ സാധ്യതയുണ്ട്. തൃക്കാക്കര നഗരസഭയും ഏതെങ്കിലും മുന്നണിയുടെ കുത്തക ഭരണത്തിലുള്ളതല്ല. ഇടത് സ്ഥാനാർഥിയെ സ്വീകരിക്കാൻ കവലകൾ നിറയുന്ന ജനസാന്നിധ്യം തൃക്കാക്കരയിൽ ഇതിന് മുമ്പ് അത്ര പതിവില്ലാത്തതാണ്. എൽ.ഡി.എഫ് സംഘടിപ്പിച്ച കുടുംബ യോഗങ്ങളിൽ പതിവില്ലാത്ത വിധം ന്യൂനപക്ഷ സമുദായത്തിൽപെട്ട വലിയ വിഭാഗത്തിന്‍റെ സാന്നിധ്യമുണ്ടായത് ഇടത് ക്യാമ്പിന് പ്രതീക്ഷ നൽകുന്നു. കെ-റെയിലടക്കം വികസന പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളെന്ന നിലയിൽ ഇതിന്‍റെ അംഗീകാരത്തിനായി തൃക്കാക്കരയിലെ വോട്ടർമാർ വോട്ട് ചെയ്യുമെന്ന പ്രതീക്ഷ ഇടതിനുണ്ട്. കഴിഞ്ഞ തവണ ട്വന്‍റി20ക്ക് ലഭിച്ച ഒരുവിഭാഗം വോട്ടുകൾ സ്വന്തം പെട്ടിയിൽ വീണേക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. 5000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.

2016ൽ ലഭിച്ചതിനേക്കാൾ 5000ലേറെ വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറഞ്ഞിതിന്‍റെ ക്ഷീണം തീർക്കാൻ ഇത്തവണ കഴിയുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. തൃക്കാക്കര മണ്ഡലത്തിൽ തന്നെയുള്ള മുതിർന്ന നേതാവിനെ സ്ഥാനാർഥിയാക്കിയത് ശുഭപ്രതീക്ഷയോടെയാണ്. എങ്കിലും അത്ഭുതങ്ങൾ നടത്താനുള്ള ശക്തി എൻ.ഡി.എക്ക് മണ്ഡലത്തിലില്ല.

സ്ഥാനാർഥിയുടെ മികവ് നോക്കി വോട്ട് ചെയ്യുന്നവരാണ് നിശ്ശബ്ദ വോട്ടർമാരിലേറെയും. പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാനോ വോട്ട് ആർക്കെന്ന് പരസ്യമായി പ്രഖ്യാപിക്കാനോ തയാറല്ലാത്ത ഈ വലിയ വിഭാഗം വോട്ടർമാർ ഇത്തവണ ആരെ തുണക്കുമെന്നതാവും തൃക്കാക്കരയുടെ വിധി നിർണയിക്കുക.

Tags:    
News Summary - Thrikkakara bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.