ഇങ്ങനെയാണ്​ ഒരു പൊതുമേഖല സ്​ഥാപനത്തെ കൊല്ലുന്നത്

സംസ്​ഥാനത്തെ പൊതുമേഖല സ്​ഥാപനങ്ങളിൽ മുൻനിരയിലായിരുന്നു കാസർകോട്​ ബദ്രഡുക്കയിലെ കേരള ഇലക്​ട്രിക്കൽ ആൻഡ്​ അലെയ്​ഡ്​ എൻജിനീയറിങ്​ കമ്പനി ലിമിറ്റഡ്​​. 12 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കമ്പനി നല്ല നിലക്ക്​ പ്രവർത്തിച്ചുപോന്നു. സ്​ഥിരം, കരാർ വിഭാഗങ്ങളിലായി ഇരുന്നൂറോളം പേർക്ക്​ ജോലി​. ട്രെയിനുകളിലെ എ.സി കമ്പാർട്ട്​മെൻറുകളിൽ ആവശ്യമായ ആൾട്ടർനേറ്ററുകൾ, പവർ കാറുകൾ തുടങ്ങിയവയാണ്​​ ഉൽപാദിപ്പിച്ചത്​. പൊതുമേഖല സ്​ഥാപനമായതിനാൽ ടെൻഡറില്ലാതെ തന്നെ യഥേഷ്​ടം ജോലി കരാർ ലഭിച്ചു. ഇതെല്ലാം കണ്ട്​ ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡ്​ (ഭെൽ) 'കെൽ' ഏറ്റെടുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കമ്പനി 'കെൽ' ഏറ്റെടുക്കു​േമ്പാൾ കണ്ട സ്വപ്​നങ്ങളെല്ലാം തകിടം മറിയുന്നതായി പിന്നീടുള്ള കാര്യങ്ങൾ. ജീവനക്കാരുടെ അന്നം മുടക്കിയ കമ്പനി ഇപ്പോൾ ഒരുവർഷമായി അടച്ചിട്ടിരിക്കുകയാണ്​. ഒാഹരി വേണ്ടെന്ന്​ ഭെല്ലും പറഞ്ഞു. ഏറ്റെടുക്കലും പിന്മാറലും എല്ലാം ചതിയായിരുന്നോ. ഇതേക്കുറിച്ച്​ 'മാധ്യമം' നടത്തുന്ന അന്വേഷണം ഇന്നുമുതൽ.

കാസർകോട്​: നാൽപത്തേഴുകാരനായ മലപ്പുറം പാണക്കാട്​ എടയ്​പ്പാലം സ്വദേശി മുഹമ്മദ്​ ശരീഫ്​ ഇന്ന്​ വീട്ടിൽ പൂർണ വി​ശ്രമത്തിലാണ്​. ബൈപാസ്​ ശസ്​ത്രക്രിയ കഴിഞ്ഞതിനെ തുടർന്നുണ്ടായ ആരോഗ്യാവസ്​ഥ കാരണം ജോലിക്കൊന്നും പോവാൻ പറ്റുന്നില്ല. ശസ്​ത്രക്രിയക്കായി നാലുലക്ഷത്തോളം രൂപ ചെലവായി. മുഴുവൻ തുകയും ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ ഒപ്പിച്ചെടുത്തത്​. വീട്​ പണിത വകയിൽ അഞ്ചുലക്ഷത്തോളം കടം വേറെ.

ശസ്​ത്രക്രിയക്കു ശേഷവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ്​ ജീവിതം​ തള്ളിനീക്കുന്നത്​. രണ്ട്​ പെൺമക്കളിൽ മൂത്തവളുടെ വിവാഹം കഴിഞ്ഞു. 19കാരിയായ രണ്ടാമത്തെ മകൾ ഡിപ്ലോമക്കു പഠിക്കുന്നു. പ്ലസ്​ ടുവിന്​ പഠിക്കുന്ന ആൺകുട്ടിയാണ്​ ചെറുത്​. ഇതാണ്​ ശരീഫി​െൻറ കുടുംബം. വെള്ളക്കാർഡ്​ ആയതിനാൽ റേഷൻ ഇനത്തിലും കാര്യമായി ഒന്നും കിട്ടാനില്ല.

രോഗാവസ്​ഥ ആർക്കും വരാം. പക്ഷേ, ശരീഫി​നെ ഇൗ ഗതിയിലാക്കിയതിനുപിന്നിൽ വലിയൊരു കഥയുണ്ട്​. 20ാമത്തെ വയസ്സിൽ സംസ്​ഥാനത്തെ മികച്ച പൊതുമേഖല കമ്പനിയിൽ ​ജോലി നേടിയവനാണ്​ ഇൗ ഗതി. കേന്ദ്ര-സംസ്​ഥാന സർക്കാറുകളുടെ കെടുകാര്യസ്​ഥതയിൽ തകർന്നുകൊണ്ടിരിക്കുന്ന കമ്പനിയുടെ ഇരയാണ്​ ഇയാൾ. കെൽ എടരിക്കോട്​ യൂനിറ്റിലാണ്​ ശരീഫിന്​ ജോലി ലഭിച്ചത്​. 1993ൽ കരാർ ജോലിക്കാരനായി. '96ൽ സ്​ഥിര നിയമനം. ഭാഗ്യവാൻ എന്ന്​ നാട്ടുകാരിൽ ചിലരെങ്കിലും വിശേഷിപ്പിച്ചവൻ. 2004ൽ കാസർകോട്​ യൂനിറ്റിലെത്തി.

കെൽ അല്ല ഭെൽ ഇ.എം.എൽ

കാസർകോട്​ കെൽ ഇന്നറിയപ്പെടുന്നത്​ ഭെൽ ഇലക്​ട്രിക്കൽ മെഷീൻസ്​ ലിമിറ്റഡ് (ഭെൽ ഇ.എം.എൽ) എന്നാണ്​. രാജ്യത്തെ മഹാരത്​ന കമ്പനിയായ ഭെൽ അഥവാ ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡ്​ കാസർകോട്​ കെൽ യൂനിറ്റ്​ ഏറ്റെടുത്തതോടെയാണ്​ 180 ജീവനക്കാരുടെ ദുരിതം തുടങ്ങുന്നത്​​.

നല്ല രീതിയിൽ നടന്നുപോന്ന ഒരു പൊതുമേഖല സ്​ഥാപനത്തി​െൻറ കഥ കഴിയുന്നത്​ ഭെൽ ഏറ്റെടുത്തതോടെയാണ്​ എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ശമ്പളം മുടങ്ങിയതിനു പുറമെ കമ്പനി തന്നെ അടച്ചിട്ടിരിക്കുകയാണ്​ ഇപ്പോൾ. ശരീഫി​െൻറ മാത്രം കഥയല്ലിത്​. ജീവനക്കാരിൽ ബഹുഭൂരിഭാഗവും പട്ടിണിയുടെ വക്കിൽ.

പൊതുമേഖല സ്​ഥാപനത്തിലെ ജോലി കാരണം നാട്ടുകാരുടെ മുന്നിൽ തരക്കേടില്ലാത്തവർ. റേഷൻ കാർഡ്​ ആണേൽ ​എ.പി.എൽ. ലോൺ അടവ്​ തെറ്റി. കുട്ടികളുടെ പഠനം അവതാളത്തിലായി. നിത്യോപയോഗ സാധനങ്ങൾക്കുപോലും കഷ്​ടപ്പെടുന്നു. അഭിമാനക്ഷതം കാരണം പലരും എല്ലാം ഉള്ളിലൊതുക്കിക്കഴിയുന്നു.

തീതിന്ന്​ ജീവിക്കുന്ന കുടുംബങ്ങൾക്ക്​ കരളലിയിക്കുന്ന കഥകളാണ്​ പറയാനുള്ളത്​. കണ്ണൂർ സ്വദേശിയായ വീട്ടമ്മയുടെ ജീവിതം ദുസ്സഹമാണ്​. ഭർത്താവ്​ മരിച്ചതിനാൽ ആശ്രിത നിയമനം വഴിയാണ്​ അവർക്ക്​ ജോലി ലഭിക്കുന്നത്​. കാൻസർ രോഗിയായ അമ്മയും ചെറിയ മൂന്നുമക്കളും ഉൾപ്പെടുന്നതാണ്​ കുടുംബം.

ഭർത്താവി​െൻറ അഭാവം തന്നെ കുടുംബത്തിൽ ഏൽപിച്ച ക്ഷതം പറ​േയണ്ടതില്ല. എങ്കിലും ജോലി ആവശ്യാർഥം കണ്ണൂരിൽനിന്ന്​ കാസർകോ​േട്ടക്ക്​ വരുന്നു. വീട്ടുവാടകയും ചികിത്സ ചെലവുമെല്ലാം ഒരുവിധം ഒപ്പിച്ചുപോവുന്ന വേളയിലാണ്​ ശമ്പളം മുടങ്ങുന്നത്​.

ഏകവരുമാനം നിലച്ചതോടെ എന്ത്​ ചെയ്യണമെന്നറിയാതെ നാട്ടിലേക്കുതന്നെ മടങ്ങി. വൃക്കരോഗിയായ മറ്റൊരു ജീവനക്കാര​െൻറ ദയനീയ അവസ്​ഥ പറയു​േമ്പാൾ ജീവനക്കാർക്ക്​ തൊണ്ടയിടറും.

ഒരുവിധം ചികിത്സ നടത്തിവരുന്ന സമയത്താണ്​ ശമ്പളം മുടങ്ങിയത്​. സഹപ്രവർത്തക​നായി ചികിത്സഫണ്ട്​ ഒരുക്കുകയെന്ന ദൗത്യം പാതിവഴിയിൽ മുടങ്ങി. കഷ്​ടതകൾ അധികം കാണാതെ അദ്ദേഹം വിടവാങ്ങി. ഇങ്ങനെ നീളുന്നതാണ്​ ജീവനക്കാരുടെ ദുരിതങ്ങൾ.

ആദ്യം ശമ്പളം മുടക്കി, പിന്നെ ജോലിയും

2018 മധ്യത്തിലാണ്​ ശമ്പളം മുടങ്ങിയത്​. ശമ്പളമില്ലെങ്കിലും തൊഴിലെങ്കിലും ഉണ്ടല്ലോ എന്ന്​ ആശ്വസിച്ചിരിക്കെ​ കഴിഞ്ഞവർഷത്തെ ലോക്​ഡൗണി​െൻറ മറവിൽ (2020 മാർച്ചിൽ) കമ്പനി അടച്ചു. ലോക്​ഡൗൺ മാറി നാട്ടിലെ എല്ലാ കമ്പനികളും തുറന്നിട്ടും ഇതുമാത്രം തുറന്നില്ല. ജോലിയും കൂലിയുമില്ലാതായതോടെ ജീവനക്കാർ പെരുവഴിയിലായി. ബൈപാസ്​ സർജറി കഴിഞ്ഞ ശരീഫിനെ ​പോലുള്ള ഒ​​േട്ടറെ പേർ വഴിയാധാരമായി.

കമ്പനി സൊസൈറ്റിയിൽനിന്ന്​ മൂന്നുലക്ഷം വായ്​പയെടുത്തതിന്​ ശരീഫിന്​ നോട്ടീസ്​ വരുന്നു. കമ്പനിയുണ്ടോ ഇ​ല്ലേ എന്നതൊന്നും സൊസൈറ്റിക്ക്​ ബാധകമല്ല. ബാങ്കിൽനിന്ന്​ ഭവനവായ്​പയെടുത്ത നൂറുകണക്കിന്​ ജീവനക്കാർ തീതിന്നു കഴിയുന്നു.

ജീവിത ചെലവിന്​ കൂലിപ്പണിക്കുപോകുന്നു. ഇതുകൊണ്ട്​ ബാങ്ക്​ലോൺ അടക്കാൻ കഴിയാത്തവർ വീട്ടിലുള്ള ആഭരണങ്ങൾ വിറ്റും പണയും വെച്ചും ബാങ്ക്​ കടം വീട്ടുന്നു. കടം വാങ്ങി കുന്നുകൂടുന്നു. വലിയൊരു വഞ്ചനയാണ്​ കമ്പനി കൈമാറ്റത്തിലൂടെ നടന്നത്​.

(തുടരും)

Tags:    
News Summary - This is how a public sector entity is killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.