ഇത്​ രാഷ്ട്രീയ പോരാട്ടം, പി.ടിയാണ്​ എന്‍റെ മാനിഫെസ്റ്റോ –ഉമ തോമസ്

പാലാരിവട്ടത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്‍റെ ഉദ്ഘാടനത്തിന് വി.എം. സുധീരനും വി.ഡി. സതീശനും മുൻമന്ത്രി ഡൊമിനിക് പ്രസന്‍റേഷനും ഉൾപ്പെടെ നാടയും കത്രികയുമായി തയാറായി നിൽക്കുന്നു. എം.എൽ.എമാരും ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസുമൊക്കെ നിരയൊത്ത് നിൽക്കുന്നതിന് ഇടയിലേക്ക് തിരക്കിട്ടെത്തിച്ചേർന്നു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് നാലഞ്ച് കിലോമീറ്ററുകൾക്ക് അപ്പുറം പെരുന്നാൾ ആഘോഷ നിറവിൽ നിൽക്കുന്ന ഇടപ്പള്ളി പള്ളിയിലേക്കുള്ള യാത്രക്കിടെ ഉമ തോമസ് 'മാധ്യമ'വുമായി സംസാരിക്കുന്നു.

പ്രചാരണം ഒരാഴ്ചയിലേക്ക് എത്തുമ്പോൾ എന്താണ് ട്രെന്റ്?

ഓരോരുത്തരോടും വോട്ട് അഭ്യർഥിക്കുമ്പോൾ വളരെ പോസിറ്റിവായ പ്രതികരണമാണ് ലഭിക്കുന്നത്. ഇത് നല്ല ഊർജമാണ് നൽകുന്നത്. ഈ മണ്ഡലത്തിൽനിന്ന് മുമ്പ് ജയിച്ച പി.ടി. തോമസിനെയും ബെന്നി ബഹനാനെയും കുറിച്ച് മികച്ച അഭിപ്രായമാണ് ജനത്തിന്. ഇതേ പ്രതികരണം തെരഞ്ഞെടുപ്പിൽ എനിക്കും കിട്ടുമെന്ന് വിശ്വാസമുണ്ട്.

പരിസ്ഥിതി, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ പി.ടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അത്തരത്തിൽ ഏതൊക്കെ മേഖലകളാണ് പിന്തുടരുക?

ജനനന്മക്കും സ്ത്രീസുരക്ഷക്കും ഊന്നൽ നൽകിയാണ് എന്‍റെയും പ്രവർത്തനം. പി.ടിയുടെ സത്യസന്ധമായ രാഷ്ട്രീയം തന്നെയാണ് എനിക്കും താൽപര്യം. ഓരോ കാര്യത്തിലും സത്യസന്ധമായി ഇടപെടുക. ജനത്തിന്‍റെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നമായി തന്നെ കരുതി പരിഹാരം കാണാൻ ശ്രമിക്കും.

തൃക്കാക്കരയിൽ ഇനിയും എത്തേണ്ട വികസനം എന്തൊക്കെയെന്ന് ചിന്തിച്ചിട്ടുണ്ടോ

ഈ ഐ.ടി മേഖലയിലേക്ക് എത്താൻ മെട്രോ റെയിൽ എക്സ്റ്റൻഷൻ യു.ഡി.എഫിന്‍റെ കാലത്ത് വിഭാവനം ചെയ്തതാണ്. എന്നാൽ, ആറുവർഷം പിന്നിട്ടിട്ടും ഇതിൽ ഒന്നും ചെയ്യാൻ ഇടതുപക്ഷ സർക്കാറിന് കഴിഞ്ഞിട്ടില്ല. വികസനത്തിന് ശ്രദ്ധ നൽകുന്നവരല്ല യു.ഡി.എഫ് എന്ന് ആക്ഷേപിക്കുന്നവർ ഒരു വികസനവും കൊണ്ടുവന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.

മതം, സമുദായം എന്നിവ ഈ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്ന ഒരു ഘടകമായി തോന്നിയിട്ടുണ്ടോ.

ഇവിടെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുകയാണ് ജനം. പാചകവാതകത്തിന്‍റെ വില അത്രയേറെ കൂടിക്കഴിഞ്ഞു. വീട്ടിൽ ഭക്ഷണം പാകംചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. മതവും സാമുദായികതയും ഒന്നുമല്ല ജനത്തിന്‍റെ യഥാർഥ പ്രശ്നങ്ങൾ.

വിജയിച്ചാൽ ആദ്യമായി ഇടപെടണമെന്ന് കരുതുന്ന വിഷയം ഏതാണ്

ഈ മണ്ഡലത്തിന്‍റെ എം.എൽ.എയായി പ്രവർത്തിക്കുമ്പോൾ ഓരോ സ്ഥലത്തും പോയി വരുമ്പോൾ ആ സ്ഥലത്തെക്കുറിച്ച് ചെറിയ കുറിപ്പുകൾ പി.ടി. തോമസ് ഡയറിയിൽ എഴുതിവെച്ചിട്ടുണ്ട്. അതത് പ്രദേശങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അതിന്‍റെ പരിഹാര മാർഗങ്ങളും എല്ലാം ആ കുറിപ്പുകളിലുണ്ട്. അതെല്ലാം ഞാൻ പഠിക്കും. പി.ടി നൽകിയ പാഠങ്ങളാണ് എന്‍റെ മാനിഫെസ്റ്റോ. രണ്ടാമതായി പി.ടി. തോമസിന് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും ഏറെയും വൃക്ക രോഗികളുമായി ബന്ധപ്പെട്ടതായിരുന്നു. ഒരു ഡയാലിസിസ് യൂനിറ്റ് തൃക്കാക്കരയിൽ സ്ഥാപിക്കാൻ പി.ടി വളരെയേറെ പരിശ്രമിച്ചിട്ടുണ്ട്. അത് നമുക്ക് പ്രാവർത്തികമാക്കാൻ ശ്രമിക്കണം.

എതിർ സ്ഥാനാർഥികളെക്കുറിച്ച്?

എതിർ സ്ഥാനാർഥികൾ രണ്ടുപേരെയും ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. അവരെ കുറിച്ച് ഒരു എതിർ അഭിപ്രായവും എനിക്കില്ല. ഇവിടെ നടക്കുന്നത് രാഷ്ട്രീയമായ പോരാട്ടമാണ്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് ചർച്ചചെയ്യപ്പെടുന്നത്. അത് തുടരട്ടെ. അതാണ് വേണ്ടതും.

(കാർ ഇടപ്പള്ളി പള്ളിയിലെ നേർച്ചപ്പന്തലിലേക്ക്. ചുറ്റിലും കൈവീശി പ്രവർത്തകരുടെ അകമ്പടിയോടെ പന്തലിലെ സ്ത്രീജനങ്ങൾക്കിടയിലലിയുന്നു സ്ഥാനാർഥി)

Tags:    
News Summary - This is a political struggle, PT Thomas is my manifesto - Uma Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.