representative image

അക്രമങ്ങൾക്ക്​ പിറകിലെ മനസ്സുകൾ

തീരെ ചെറിയ ഒരു ഇടവേളക്കുശേഷം വീണ്ടും രാഷ്​ട്രീയ കൊലപാതക വാർത്തകൾ മാധ്യമങ്ങളിൽ നിറയുകയാണ്​​. ഏറ്റവും ഒടുവിലായി പാലക്കാട്​ ജില്ലയിൽ രണ്ടു​ അറുകൊലകൾ നടമാടിയിരിക്കുന്നു. പ്രത്യയശാസ്​ത്രത്തി​ന്റെ പേരിലായാലും വിശ്വാസത്തി​െൻറ പേരിലായാലും മനുഷ്യക്കുരുതി ഒന്നിനും പരിഹാരമല്ലെന്ന്​ നന്മയുടെയും സമാധാനത്തി​െൻറയും പക്ഷത്തുനിൽക്കുന്നവർ കാലങ്ങളായി വിലപിച്ചുകൊണ്ടിരിക്കു​േമ്പാഴും അതിനെയൊന്നും മാനിക്കാതെ അക്രമങ്ങളും കൊലപാതകങ്ങളും തുടരുകയാണ്​.

കണ്ണൂരിൽ രാഷ്​ട്രീയത്തി​െൻറ പേരിൽ വർഷങ്ങളായി നടന്നുവരുന്ന കൊലപാതകങ്ങൾക്ക്​ കഴിഞ്ഞ ചെറിയകാലയളവിൽ അൽപം കുറവ്​ ഉണ്ടായെങ്കിലും അത്​ പൂർണമായി അവസാനിച്ചില്ല. മാത്രമല്ല, അടുത്തകാലത്ത്​ ഈ അക്രമങ്ങൾ രാഷ്​ട്രീയത്തേക്കാളുപരി മറ്റുപല നിറങ്ങളിലേക്കും ചുവടുമാറുന്നത്​ കൂടുതൽ ആശങ്കക്ക്​ കാരണമാവുകയാണ്.

സ്​കൂൾ കലാമത്സരങ്ങൾ, കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്, ജോലി സ്ഥലത്തെ ചടങ്ങുകൾ, തെരുവിൽ നടക്കുന്ന ആഘോഷങ്ങൾ എന്നു വേണ്ട നമ്മുടെ, നിയമ നിർമാണ സഭകളിൽപോലും അക്രമങ്ങളും കൈയാങ്കളികളും അരങ്ങേറുന്നു, അക്രമം നടത്തുന്നവർക്കു പുറമെ അതിനെ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും ന്യായീകരിക്കുന്നവർ കൂടിയാകുമ്പോൾ ഹിംസയുടെ വക്താക്കൾ പ്രസരിപ്പിക്കുന്ന വെറുപ്പിന്റെ ഊർജം നാടൊട്ടുക്ക് പരക്കുന്നു.

സമാധാന ചർച്ചകളും ഉൽ​ബോധനങ്ങളും വെള്ളത്തിൽ വരച്ച വരപോലെ നിഷ്​ഫലമാകു​േമ്പാൾ അക്രമങ്ങളെ കൂട്ടുപിടിക്കുന്ന ചില മനസ്സുകളുള്ളവർ ഇത്തരം രാഷ്​ട്രീയപാട്ടികൾക്കുള്ളിലും സമുദായനേതൃത്വങ്ങൾക്കിടയിലും ഇല്ല എന്നു​പറയാൻ കഴിയില്ല.

വാർധക്യത്തിൽ മക്കളെ നഷ്ട​പ്പെടുന്ന മാതാപിതാക്കൾ, യൗവനത്തിൽ വിധവകളാകേണ്ടിവരുന്ന യുവതികൾ, ശൈശവത്തിൽ പിതാവിനെ നഷ്​ടമായി അനാഥത്വത്തിലേക്ക്​ വീണുപോകുന്ന പിഞ്ചുകുഞ്ഞുങ്ങൾ...തോരാത്ത കണ്ണീരുകൾ... ഹൃദയം നുറുങ്ങുന്ന നിലവിളികൾ... ഇതിനെല്ലാം ഒരറുതി വേണ്ടേ? ഓരോതവണയും പരസ്​പര പോർവിളികൾക്കിടയിൽ ജീവനുകൾ നഷ്​ടമാവു​േമ്പാൾ പത്രങ്ങൾ മുഖ​പ്രസംഗങ്ങൾ എഴുതുകയും ടെലിവിഷൻ ചാനലുകൾ ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും പ്രതീക്ഷിക്കാത്ത മറ്റൊരു പുലരിയിൽ വീണ്ടും അക്രമത്തി​െൻറയും കൊലപാതകത്തി​​െൻറയും വാർത്തകൾ നമ്മെ തേടിവരുന്നു.

സഹിഷ്​ണുതയില്ലായ്​മ, ക്ഷമിക്കാനുള്ള കഴിവുകുറവ്, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവില്ലായ്​മ ​ എന്നിങ്ങനെ വ്യക്​തികളിൽ ഏറിയും കുറഞ്ഞും കണ്ടുവരുന്ന സ്വഭാവവിശേഷങ്ങൾ നേതൃത്വത്തിലേക്കെത്തു​േമ്പാൾ​ അത്​ സംഘടനകളുടെ പൊതുസ്വഭാവവുമായി മാറുകയാണോ​? അതോ ഇതിനെല്ലാമപ്പുറത്ത്​ മാനസിക പ്രശ്​നങ്ങൾ തിരനോക്കുന്നു​ണ്ടോ?

മാനസിക പ്രശ്​നമുള്ളവർ പലപ്പോഴും അക്രമങ്ങളിലേക്ക്​ വഴിമാറുന്നത്​ സമൂഹത്തിൽ പൊതുവെ കണ്ടുവരുന്ന യാഥാർഥ്യമാണല്ലോ. എന്നാൽ, അത്​ രോഗാതുരമനസ്സിന്​ സ്വയം നിയന്ത്രണം നഷ്​ടമാവു​േമ്പാഴുള്ള പെ​ട്ടെന്നുള്ള പ്രതികരണം മാത്രമാണ്​. ചിന്താശേഷി നഷ്​ടമാവുകയോ, ഭയവും തെറ്റിധാരണകളും അമിതമായ അളവിൽ മനസ്സിനെ കീഴടക്കു​േമ്പാഴുണ്ടാവുന്ന ഒരു സ്വാഭാവിക പ്രതികരണം​.

എന്നാൽ, ഗൂഢാലോചനകൾ നടത്തി, വ്യക്​തമായ ആസൂത്രണത്തോടെ കൊലപാതകങ്ങൾ നടത്തു​േമ്പാൾ നാം നിസ്സഹായരാവുകയാണ്​. മനഃശാസ്​ത്രത്തി​െൻറ നാൾവ​ഴികളി​ലൂടെ സഞ്ചരിക്കു​േമ്പാൾ ഇത്തരത്തിൽ സാമൂഹികവിരുദ്ധ മാനസികാവസ്​ഥയുള്ളവരെ കണ്ടെത്താനാവും. അതിൽപ്പെട്ടവരാണ്​ ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരും സൈക്കോ പാത്തുകളും.

സമൂഹത്തിലെ നിയമങ്ങളെ ഒട്ടും മാനിക്കാത്തവരും, നിയമം ലംഘിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരുമാണ് ആൻറി സോഷ്യൽ പേഴ്​സനാലിറ്റി ഡിസോർഡർ (ASPD) ഉള്ളവർ. ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ ഒട്ടും കുറ്റബോധമില്ലാത്തവരും നിയമം കൈയിലെടുക്കുന്നവരുമാണ് ഇക്കൂട്ടർ. എന്നാൽ, അതിക്രൂരതകൾ ചെയ്യുന്നവരാണ് സൈക്കോപതിക് സ്വഭാവമുള്ളവർ.

തലച്ചോറിലെ ന്യൂറോണുകളുടെ ഘടനയിലും പ്രവർത്തനത്തിലുമുള്ള ചില വ്യതിയാനങ്ങളാണ്​ ഇതിനു കാരണ​ം. ജനിതകപരമായും, വളർന്നുവന്ന സാഹചര്യവും ഇതിനു കാരണമാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുപോലെ, തലച്ചോറിനേറ്റ ക്ഷതം, കുട്ടിക്കാലത്ത് തലച്ചോറിലെ പ്രിഫ്രോന്‍റൽ കോർടക്സിനേറ്റ (Prefrontal Cortex) തകരാറ് എന്നിവയും ഈ അവസ്​ഥക്ക്​ കാരണമാകുന്നു.

ആന്റി സോഷ്യൽ പേഴ്​സണാലിറ്റി ഡിസോർഡറിനും വളർന്ന സാഹചര്യങ്ങളും, ജനിതക ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്​. സൈക്കോപതിക് ആയാലും സോഷ്യോപതിക് ആയാലും ഇതു ചികിത്സിച്ച് പൂർണമായും മാറ്റാൻ ബുദ്ധിമുട്ടാണ്​. കൗൺസലിങ് കൊണ്ടോ മരുന്നുകൊണ്ടോ മാറ്റാൻ സാധ്യമല്ലാത്ത ഈ വിപത്ത് ആദ്യ കാലത്തുതന്നെ കണ്ടറിഞ്ഞ് ചികിത്സിച്ചാൽ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞേക്കും. കോഗ്നിറ്റിവ് ബിഹേവിയർ തെറപ്പിയും മരുന്നുകളും ഇത്തരം പ്രശ്​നങ്ങളുടെ ചികിത്സയിൽ പ്രധാനമാണ്​.

അതുകൊണ്ടുതന്നെ, സമൂഹത്തിലെ അക്രമങ്ങളുടെ വേരറുക്കണമെങ്കിൽ സമൂഹവും അതി​െൻറ ഘടകമായ കുടുംബവും അവിടെയുള്ള അന്തരീക്ഷവും മെച്ചപ്പെടുകയും ധാർമികതയുടെ വഴിയിൽ കുഞ്ഞങ്ങളെ വളർത്തിക്കൊണ്ടുവരുകയും വേണം. അക്രമങ്ങളെ ന്യായീകരിക്കാൻ കാരണങ്ങൾ കണ്ടെത്തുന്ന മാനസികാവസ്ഥയുള്ള സമൂഹം നിലനിൽക്കുവോളം സമാധാന ചർച്ചകൾ കതിരിൽ വളംവെക്കുന്നതിന്​ തുല്യമാണ്​.

(ലേഖകൻ കണ്ണൂർ മാധവറാവു സിന്ധ്യ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റാണ്​)

Tags:    
News Summary - The minds behind the violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.