വാത്സല്യം കൊണ്ട്​ ചികിത്സിച്ച ഭിഷഗ്വരൻ

പി.കെ. വാര്യർ എന്ന പേരിനൊപ്പം മലയാളികളുടെ മനസ്സിൽ കോട്ടക്കൽ എന്ന നാടും ആര്യവൈദ്യശാലയുടെ നീല ബോർഡും കൂടിയാണ് തെളിഞ്ഞു വരാറുള്ളത്. വാര്യരുടെ കർമമണ്ഡലം എന്ന നിലയിലാണ് മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന ചെറിയ നാടിന് വൈദ്യഭൂപടത്തിൽ ഇടം കിട്ടിയത് . വൈദ്യമേഖലയിൽ കോട്ടക്കൽ ആര്യവൈദ്യശാലയോളം ജനങ്ങൾക്കിടയിൽ വിശ്വാസ്യത നേടിയ സ്ഥാപനമുണ്ടോ എന്നത് സംശയകരമാണ്.

വിശ്വപൗര​ന്‍റെ കൈപ്പുണ്യം നുകരാൻ അനേകായിരങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് കോട്ടക്കലിലെത്തിയത്. ആയുർവേദ ആചാര്യൻ രോഗികൾക്ക് മുന്നിൽ മികച്ച കേൾവിക്കാരനായിരുന്നു.സാന്ത്വനം നിറഞ്ഞ അദ്ദേഹത്തി​ന്‍റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ പാതിരോഗം മാറുമെന്ന് അനുഭവസ്ഥർ പലരും പങ്കുവെച്ചിട്ടുണ്ട്. രോഗശമനത്തിന് വാത്സല്യത്തോടെയുള്ള തലോടലും സ്നേഹമസൃണമായ പുഞ്ചിരിയും മരുന്നാണെന്നാണ് പി.കെ.വാര്യർ പഠിപ്പിച്ച പാഠങ്ങൾ. എ​ന്‍റെ പിതാവ് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് വാര്യരുടെ ചികിത്സാരീതിയും സമയനിഷ്ഠയുമെല്ലാം നേരിട്ട് കാണാൻ എനിക്ക് കഴിഞ്ഞിരുന്നു.

പിതാവും വാര്യരും ഉറ്റചങ്ങാതിമാരായിരുന്നു.മലപ്പുറം ജില്ലയിലെ എത്രയോ മത സാമൂഹിക സംസ്കാരിക പരിപാടികളിൽ അവർ ഒന്നിച്ചു വേദികൾ പങ്കിട്ടിട്ടുണ്ട്. മതേതര ചിന്തകൾക്ക് ഊർജം പകരുന്ന വാക്കുകളുടെയും സാന്നിധ്യത്തി​ന്‍റെയും ഉടമ കൂടിയാണ് വാര്യർ. നാളെ മരിക്കുമെന്നുറപ്പുള്ളപ്പോഴും സഹതടവുകാര​ന്‍റെ മുന്നിൽ അറിവിനായി യാചിച്ച സോക്രട്ടീസിനെ നാം അറിഞ്ഞത് പുസ്തകത്തിൽ നിന്നാണ്. ആയുസ്സി​ന്‍റെ പുസ്തകത്തിൽ ഒരുനൂറ്റാണ്ടു കാലത്തെ ജീവിതത്തിൽ ഓരോ നിമിഷവും അറിവിനായി പരതുന്ന വിദ്യാർഥിയെ പോലെയാണ് പി.കെ.വാര്യർ ജീവിച്ചത്.

രോഗശാന്തി പകർന്ന് അവസാന നിമിഷം വരെയും കർമനിരതനായി നിലകൊണ്ട ആയുർവേദ മനീഷിയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ നേരുന്നു.

Tags:    
News Summary - The doctor who treated with affection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.