എസ്.ടി.പി (സെവറൽ ടൈം പാസ്വേഡ്) വഴിയാണ് മഹാസഖ്യത്തിന്റെ പരാജയം. തീർച്ചയായും അത് ആരംഭിക്കുന്നത് എസ്.ഐ.ആറിലൂടെയാണ്. അതോടൊപ്പം, നിതീഷ് കുമാർ ഒന്നര കോടിയോളം സ്ത്രീകൾക്ക് പതിനായിരം രൂപവെച്ച് നൽകിയതടക്കമുള്ള സൗജന്യങ്ങളും. മറുവശത്താകട്ടെ, കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും ആസൂത്രണങ്ങളത്രയും പാളുകയും ചെയ്തു.
പ്രതിപക്ഷത്തിന്റെ മുഴുവൻ ഫയലുകളും ഹാക്ക് ചെയ്യപ്പെടുകയും അവരുടെ സംവിധാനങ്ങളത്രയും എൻ.ഡി.എ കരഗതമാക്കുകയും ചെയ്ത പ്രതീതിയാണ് ബിഹാർ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. 243 സീറ്റിൽ 200ലധികവും ഭരണപക്ഷം കൈവശപ്പെടുത്തിയെന്ന് പറയുമ്പോൾ അതിനർഥം, പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകളത്രയും തുടച്ചുനീക്കപ്പെട്ടു എന്നുതന്നെയാണ്; സൈബർ തട്ടിപ്പുകളിലും മറ്റും കേൾക്കാറുള്ളതുപോലെ, ഒരാൾ തന്റെ ഒ.ടി.പി (വൺ ടൈം പാസ്വേഡ്) മറ്റുള്ളവരുമായി പങ്കുവെക്കുന്നതുപോലെ.
ബിഹാറിന്റെ കാര്യത്തിൽ ഇത് ഒ.ടി.പിയല്ല എന്ന വ്യത്യാസമേയുള്ളൂ; ഇവിടെ അത് എസ്.ടി.പി (സെവറൽ ടൈം പാസ്വേഡ്) ആണ്. തീർച്ചയായും അത് ആരംഭിക്കുന്നത് എസ്.ഐ.ആറിലൂടെയാണ്. അതോടൊപ്പം, നിതീഷ് കുമാർ ഒന്നര കോടിയോളം സ്ത്രീകൾക്ക് പതിനായിരം രൂപവെച്ച് നൽകിയതടക്കമുള്ള സൗജന്യങ്ങളും. മറുവശത്താകട്ടെ, കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും ആസൂത്രണങ്ങളത്രയും പാളുകയും ചെയ്തു.
ഇൻഡ്യ മുന്നണിയുടെ കാര്യം നോക്കൂ: 2020ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആർ.ജെ.ഡിക്ക് 50 സീറ്റുകളാണ് നഷ്ടമായിരിക്കുന്നത്; മുന്നണിക്ക് 100ഉം. കഴിഞ്ഞതവണ 19 സീറ്റ് ലഭിച്ച കോൺഗ്രസിന് ഇക്കുറി കഷ്ടിച്ച് ആറ്. കോൺഗ്രസ് നിയമസഭകക്ഷി നേതാവ് ഷകീൽ അഹ്മദ് ഖാൻ പോലും പരാജയത്തിന്റെ രുചിയറിഞ്ഞിരിക്കുന്നു. ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന മുകേഷ് സാഹ്നിയടക്കം വികാസ്ശീൽ ഇൻസാൻ പാർട്ടിയിലെ മുഴുവൻ േപരും പരാജയപ്പെട്ടു. ഇടതു പാർട്ടികളും നിരാശപ്പെടുത്തി. കഴിഞ്ഞതവണ 12 സീറ്റ് ലഭിച്ച സി.പി.ഐ-എം.എൽ ഇത്തവണ രണ്ടിലൊതുങ്ങി.
ഇക്കൂട്ടത്തിൽ ഉവൈസിയുടെ എ.ഐ.എം.ഐ.എം മാത്രമാണ് പിടിച്ചുനിന്നത്. കഴിഞ്ഞതവണത്തെപോലെത്തന്നെ ഇത്തവണയും അവർ അഞ്ച് സീറ്റ് പിടിച്ചു. വോട്ട് ശതമാനം വർധിപ്പിക്കുകയും ചെയ്തു. പി.കെ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് ഗോദയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുവെങ്കിലും ജനവിധിയിൽ അതൊന്നും പ്രതിഫലിച്ചിട്ടില്ല. ബി.ജെ.പിയുടെയും ജെ.ഡി.യുവിന്റെയും ഇടത്തരം നേതാക്കളൊന്നും ഈവിധമൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എക്സിറ്റ് പോൾ ഫലങ്ങളുടെ മാർജിൻ വിജയംപോലും അവരുടെ സ്വപ്നമായിരുന്നില്ല. എന്നിട്ടും എങ്ങനെ ഈ വിജയം എന്ന് ചോദിക്കുമ്പോഴാണ് മേൽസൂചിപ്പിച്ച വോട്ട് ഹാക്കിങ്ങിന്റെ അൽഗോരിതം പ്രസക്തമാകുന്നത്.
എസ്.ഐ.ആറിന്റെ കാര്യമെടുക്കാം. എസ്.ഐ.ആർ തെരഞ്ഞെടുപ്പിൽ കാര്യമായ വിഷയമായില്ലെന്നാണ് തെരഞ്ഞെടുപ്പ് വിശാരദന്മാർ നിരീക്ഷിക്കുന്നത്. എസ്.ഐ.ആറിനെതിരെ രാഹുൽ ഗാന്ധി ബിഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്ര വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ, അത് പ്രചാരണഘട്ടത്തിൽ ഇൻഡ്യ മുന്നണിക്ക് നിലനിർത്തനായിട്ടില്ല. സ്വാഭാവികമായും അതൊരു മുഖ്യ തെരഞ്ഞെടുപ്പ് വിഷയവുമായില്ല. മാത്രവുമല്ല, എസ്.ഐ.ആർ എന്നതിനെ വോട്ടർപട്ടികയിൽനിന്നുള്ള വെട്ടിമാറ്റൽ എന്ന നിലയിൽ മാത്രം ഇൻഡ്യ സഖ്യം വിലയിരുത്തിയതും തെറ്റായിപ്പോയി. മുന്നണിക്കെതിരായ മൂന്നര ലക്ഷം വോട്ടുകൾ എസ്.ഐ.ആർ വഴി കയറിവന്നത് അവർ ജാഗ്രതയോടെ കാണേണ്ടതായിരുന്നു.
എസ്.ഐ.ആറിന് പുറമെ, ഇൻഡ്യ സഖ്യത്തിന്റെ പ്രചാരണ തന്ത്രങ്ങളിലും പാളിച്ചകളുണ്ടായി എന്നു കരുതണം. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാർ വനിതകൾക്ക് 10,000 രൂപ നൽകിയ കാര്യമെടുക്കാം. അതൊരു തെരഞ്ഞെടുപ്പ് അഴിമതിയായി പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നുവെങ്കിലും, ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ അവർ വൈകി. അതുകൊണ്ടുതന്നെ, നിതീഷിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കമീഷൻ കണക്കാക്കിയതുമില്ല. സംസ്ഥാനത്തെ സ്വയം സഹകരണ സംഘമായ ജീവിക ഗ്രൂപ്പുകളിലെ അംഗങ്ങൾക്കാണ് ഈ പണം പോയത് എന്നറിയണം. നിതീഷിന്റെ സ്വപ്ന പദ്ധതിയെന്ന നിലയിൽ സ്വാഭാവികമായും ജീവിക ഗ്രൂപ്പിന്റെ വലിയ പിന്തുണയും ഇതുവഴി എൻ.ഡി.എക്ക് ലഭിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. ഇത്തരം സൗജന്യങ്ങളിലൂടെ നിതീഷ് അത് മറികടന്നു.
ഇതേ സമയത്തുതന്നെ, തേജസ്വിയും ചില സൗജന്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. പ്രതിമാസം 2500 രൂപ വനിതകൾക്ക് നൽകുന്നതുൾപ്പെടെയുള്ള പദ്ധതികൾ. ഇതിനെ സൗജന്യ വൈദ്യുതി അടക്കമുള്ള പ്രഖ്യാപനങ്ങളിലുടെ നിതീഷ് മറികടന്നു. തേജസ്വി 200 യൂനിറ്റിന് താഴെയുള്ള വൈദ്യുതി സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, 125 യൂനിറ്റിൽ താഴെയുള്ളത് നിതീഷ് ആദ്യമേ സൗജന്യമാക്കി. തേജസ്വിയുടെ വാഗ്ദാനങ്ങൾ, പെരുമാറ്റച്ചട്ടം വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടപ്പാക്കി നിതീഷ് ഭരണവിരുദ്ധ വികാരത്തെ മറികടന്നുവെന്ന് പറയാം. സാമൂഹിക സുരക്ഷ പെൻഷൻ 400ൽനിന്ന് 1100 ആക്കിയതും മാധ്യമപ്രവർത്തകരുടെ പെൻഷൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 6000ത്തിൽനിന്ന് 15,000 ആക്കിയതുമെല്ലാം ഈ ഗണത്തിലെ മറ്റ് ഉദാഹരണങ്ങളാണ്.
ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനത്തിലും കല്ലുകടിയുണ്ടായി. പലതും തേജസ്വിയുടെ നിയന്ത്രണത്തിന് പുറത്തായി. പല സഖ്യകക്ഷികളും തങ്ങളുടെ സ്വാധീനമേഖലകളിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതടക്കം ഒട്ടേറെ സംഭവങ്ങൾ മുന്നണിയെ പിറകോട്ടടിച്ചു. പിന്നീട്, വലിയ ചർച്ചകൾക്കു ശേഷമാണ് സീറ്റ് വിഭജനത്തിൽ ധാരണയായത്. എന്നിട്ടും ഒരു ഡസൻ സീറ്റിൽ അവർ ‘സൗഹൃദ മത്സര’ത്തിലേർപ്പെട്ടു. ആ സീറ്റുകളത്രയും ഫലത്തിൽ മുന്നണിക്ക് നഷ്ടമാവുകയും ചെയ്തു. വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ (വി.ഐ.പി)പ്രവർത്തനങ്ങളും മുന്നണിയെ പ്രതിസന്ധിയിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.