ഇത്തിത്താനത്തെ മഠത്തിൽ സിസ്റ്റർ കാർമൽ (മധ്യത്തിൽ)

അഞ്ജുവിനെ കണ്ടെത്തിയ മാലാഖമാർ

കെ.പി. തോമസ് മാഷ്, ടി.പി. ഔസേപ്പ്​ സാർ, ഇ.ജെ. ജോർജ് സാർ, റോബർട്ട് ബോബി ജോർജ്... അഞ്ജു ബോബി ജോർജ് എന്ന ലോകമറിയുന്ന അത്​ലറ്റിനെ സൃഷ്​ടിച്ച ഇവരെ നാടറിയും. എന്നാൽ, ഇവർക്കെല്ലാം മുമ്പ് അഞ്ജു കെ. മാർക്കോസ് എന്ന ആറു വയസ്സുകാരിയെ ഓടാനും ചാടാനും ഗ്രൗണ്ടിലേക്ക് ഇറക്കിയ ഒരുകൂട്ടം മാലാഖമാരുണ്ട്.

തങ്ങളുടെ പ്രിയ ശിഷ്യ ലോക അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ മെഡലണിഞ്ഞപ്പോഴും, ഒളിമ്പിക്​സ്​, ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ മഹാവേദികളിൽ രാജ്യത്തിെൻറ അഭിമാനമായപ്പോഴും ഇവരെ തേടി ആരും വന്നിട്ടില്ല. കോട്ടയം ചങ്ങനാശ്ശേരിയിലെ ഇത്തിത്താനത്തെ മഠത്തിൽ വിശ്രമ ജീവിതം നയിക്കുകയാണ് മൂവരും. സിസ്​റ്റർമാരായ കാർമൽ, കൊറോണ, സെറാഫിൻ. ഇന്ത്യൻ അത്​ലറ്റിക്സിലെ ഇതിഹാസമായ അഞ്ജുവിനെ ട്രാക്കിന് പരിചയപ്പെടുത്തിയത് ഇത്തിത്താനത്തെ ലിസിയൂസ് കാർമൽ എൽ.പി സ്കൂളിലെ ഈ അധ്യാപകരായിരുന്നു.

ഒന്നു മുതൽ നാലാം ക്ലാസ് വരെയായിരുന്നു ലിസിയൂസിലെ പഠനം. ചീരാഞ്ചിറയിലെ വീട്ടിൽനിന്ന്​ മൂന്നു കി.മീറ്റർ ദൂരമുള്ള സ്കൂളിലേക്ക് കൈതോടും പാടവും താണ്ടിയെത്തുന്ന അഞ്ജുവിലെ അത്​ലറ്റിനെ സിസ്​റ്റർമാരാണ് ആദ്യം തിരിച്ചറിയുന്നത്. ഓട്ടത്തിലും ചാട്ടത്തിലും സ്കൂളിൽ ഒന്നാമതെത്തുന്ന അഞ്ജുവിനെ സബ്​ ജില്ല തലങ്ങളിൽ മത്സരിപ്പിക്കാൻ സിസ്​റ്റർമാർ തയാറായപ്പോൾ, സ്പോർട്​സിനെ ഏറെ ഇഷ്​ടപ്പെടുന്ന പിതാവ് മാർക്കോസും പിന്തുണയുമായി നിന്നു.

''സ്​കൂൾ സമയം കഴിഞ്ഞായിരുന്നു പരിശീലനം. 10, 20 മീറ്റർ ഓടിച്ചും ലോങ്ജംപും ഹൈജംപും ചെയ്യിച്ചും അവർ ആവേശം കുത്തിനിറച്ചു. രാവിലെയെത്തി സന്ധ്യമയങ്ങുമ്പോൾ മാത്രം വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾക്ക് സ്വന്തം ഭക്ഷണം പങ്കുവെച്ചും പഴവും മറ്റും വാങ്ങിനൽകിയും ഉത്തരവാദിത്തമുള്ള പരിശീലകരായി. മത്സരങ്ങളും പരിശീലനവുമെല്ലാം പരിചയപ്പെടുത്തിയതും അവരായിരുന്നു. അന്നൊക്കെ സ്കൂൾ, സബ്​ ജില്ല തലങ്ങളിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു'' -തന്നിലെ അത്​ലറ്റിന് അടിത്തറയിട്ട കുഞ്ഞുനാളിലെ ഗുരുക്കന്മാരെ അഞ്ജു ഓർക്കുന്നു.

സബ്​ ജില്ല തലത്തിൽ മെഡലണിയുമ്പോൾ സമ്മാനമായി ലഭിക്കുന്ന മരത്തിൽ തീർത്ത കുട്ടിയാനയും പിടിച്ച് ചങ്ങനാശ്ശേരി ടൗൺ മുതൽ സ്കൂൾ വരെ നടക്കുന്ന വിജയ ഘോഷയാത്രക്ക് പിന്നീട് ലോക ചാമ്പ്യൻഷിപ് മെഡൽ നേടിയപ്പോൾ ലഭിച്ച സ്വീകരണങ്ങളേക്കാൾ മധുരമുണ്ടായിരുന്നു. സെൻറ് ആൻസിലായിരുന്നു യു.പി സ്കൂൾ.അവിടെ സ്പോർട്സിന് വേണ്ടത്ര പ്രാധാന്യമില്ലാതായതോടെയാണ് കേരളത്തിലെ ചാമ്പ്യൻ സ്കൂളായ കോരുത്തോട് സി.കെ.എം എച്ച്.എസിൽ തോമസ് മാഷിനു കീഴിലെത്തുന്നത്. അച്ഛ​െൻറയും അമ്മയുടെയും നിർബന്ധമായിരുന്നു മാറ്റത്തിനു പിന്നിൽ.

അവിടെയും ലഭിച്ചു, ജീവിതം മാറ്റിമറിച്ച സ്നേഹനിധിയായ ഗുരുവിനെ. വീട്ടിൽനിന്ന്​ 65 കി.മീറ്റർ അകലെയുള്ള കോരുത്തോടെത്തിയപ്പോൾ താമസമായിരുന്നു പ്രധാന പ്രശ്നം. അക്കാലത്ത് ഹോസ്​റ്റൽ സൗകര്യമൊന്നുമില്ല. അപ്പോൾ, തോമസ് മാഷ് സ്വന്തം വീടുതന്നെ ഞങ്ങൾക്കായി നൽകി. വീടിനോട് ചേർന്ന് ഒരു കിടപ്പുമുറിയും കുളിമുറിയും പണിതാണ് ഞങ്ങൾ താമസം തുടങ്ങിയത്. മാഷും കുടുംബവും ഞങ്ങൾക്ക് ഗുരുവും പിതൃതുല്യരുമായി. സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡലണിഞ്ഞ് പ്രഫഷനൽ അത്​ലറ്റായി മാറിയ കാലമായിരുന്നു അത്.

പ്രീഡിഗ്രി-ഡിഗ്രി പഠനത്തിനായി തൃശൂർ വിമലയിലെത്തിയപ്പോഴാണ് ടി.പി. ഔസേപ്പ് സാറും ജോർജ് സാറും പരിശീലകരായത്. അധികം വൈകാതെ ഔസേപ്പ് സാർ ഇന്ത്യൻ ക്യാമ്പിലേക്ക് പോയി. പിന്നാലെ, അഞ്ജുവിനും ഇന്ത്യൻ ടീമിലേക്ക് വിളിയെത്തി. 1998ൽ ട്രിപ്​ൾ ജംപറായിരുന്ന ബോബി ജോർജ് പരിശീലകനായതോടെ ആ യാത്ര പൂർണതയിലെത്തുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.