സമരച്ചൂടേറ്റിയ വിദ്യാർഥി മുന്നേറ്റങ്ങൾ

സ്വാതന്ത്ര്യ സമര മുന്നേറ്റത്തിന്റെ ഭാഗമായി നടന്ന പല പ്രക്ഷോഭങ്ങളിലും വിദ്യാർഥികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. മിടുക്കരായ നിരവധി വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സമരത്തിന്റെ പോരാളികളായി മാറി. സംസ്ഥാനത്തിനകത്തുള്ള യോഗ്യരായ യുവാക്കളെ പരിഗണിക്കാതെ തിരുവിതാംകൂർ ഗവൺമെന്റ് സർവിസിൽ പുറത്തുനിന്നുള്ളവരെ നിയമിക്കുന്നതിനെതിരെ വിദ്യാർഥികൾ എഴുതിയ ശക്തമായ ലേഖനങ്ങൾ സമരമുന്നേറ്റത്തിന്റെ തുടക്കമായിരുന്നു.

ഈ ലേഖനങ്ങളെഴുതിയ വിദ്യാർഥികളെ 1882ൽ തിരുവനന്തപുരം മഹാരാജാസ് കോളജിലെ രജിസ്റ്ററിൽനിന്ന് നീക്കംചെയ്തു. ഇതേതുടർന്ന് വലിയൊരു വിദ്യാർഥി സമര മുന്നേറ്റത്തിനുതന്നെ തിരുവിതാംകൂർ വേദിയായി.ഫീസ് വർധിപ്പിച്ച ദിവാന്റെ നടപടിക്കെതിരെ 1921ൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച 'സ്റ്റുഡന്റ്സ് ക്ലബ്' ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നു. ഈ സമരം പിന്നീട് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രക്ഷോഭത്തിനും കരുത്ത് പകർന്നു.

നിസ്സഹകരണ-നിയമനിഷേധ സമരങ്ങളും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവും വിദ്യാർഥി കൂട്ടായ്മയെ സമര മുൻനിരയിലേക്ക് കൊണ്ടുവന്നു. വിദ്യാർഥി സമരരംഗത്ത് സജീവമായി പിന്നീട് രാഷ്ട്രീയരംഗത്ത് ഉന്നതസ്ഥാനത്തെത്തിയവരിൽ മുഹമ്മദ് അബ്ദുറഹ്മാനും ഇ.എം.എസ് നമ്പൂതിരിപ്പാടുമെല്ലാം ഉൾപ്പെടുന്നു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ സംസ്ഥാനത്തെ പ്രധാന കോളജുകളിലെയെല്ലാം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.

കോഴിക്കോട് സാമൂതിരി കോളജിലെ 19 വയസ്സുകാരൻ നവീൻചന്ദ് ഈശ്വർ ലാൽ ഷ്റോഫ് എന്ന വിദ്യാർഥി ഈ പ്രക്ഷോഭത്തിൽ രക്തസാക്ഷിത്വം വരിക്കുകയുംചെയ്തു. പൊലീസുകാർ അറസ്റ്റ് ചെയ്തുകൊണ്ടുപോയ ഇദ്ദേഹത്തിന് മൂന്നുമാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ആ സമയം നല്ല ഭക്ഷണവും തക്കസമയത്ത് വൈദ്യസഹായവും ലഭിക്കാത്തതിനെതുടർന്നാണ് മരണം സംഭവിച്ചത്.

Tags:    
News Summary - Struggled Student Movements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.