കോഴിക്കോട് വിമാനത്താവളം ഉദ്ഘാടനത്തിന് വിശിഷ്ടാഥിതികളെയും വഹിച്ചെത്തിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനവും കാണെനെത്തിയ ജനക്കൂട്ടവും

വേണ്ട, കോഴിക്കോട്​ വിമാനത്താവളത്തിനെതിരെ കുപ്രചരണം

കോഴിക്കോട് അഥവാ കരിപ്പൂര്‍ വിമാനത്താവളം നിലവില്‍ വന്നതും നിലനിന്നുപോകുന്നതും ജനകീയ പോരാട്ടങ്ങളിലൂടെയാണെന്ന് പറയാം. 1988 ഏപ്രിലിലാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യസമരസേനാനി കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ ഏറെ കാലത്തെ സമരങ്ങള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിന് അനുമതി ലഭിച്ചത്. അന്താരാഷ്ട്ര പദവി ലഭിക്കുന്നത് 2006 ഫെബ്രുവരി രണ്ടിന്. വിമാനത്താവളത്തിന്റെ വികസനത്തിന് 1990കളില്‍ ഗള്‍ഫ് പ്രവാസികള്‍ ഏറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. വിമാനത്താവള വികസനത്തിന് പണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞപ്പോള്‍ പ്രവാസികളാണ് ലക്ഷക്കണക്കിന് രൂപ ശേഖരിച്ചുനല്‍കിയത്. വിമാനത്താവളം നിര്‍മിക്കുന്നതിനും തുടര്‍വികസനത്തിനുമായി നാട്ടുകാര്‍ തങ്ങളുടെ സ്ഥലം വിട്ടുനല്‍കുകയും ചെയ്തു. മലബാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഡവലപ്‌മെന്റ് സൊസൈറ്റി രൂപവവത്കരിക്കപ്പെടുന്നത് അങ്ങിനെയാണ്. മുമ്പ് കണ്ണൂര്‍ ജില്ലക്കാരും പ്രധാനമായും ആശ്രയിച്ചിരുന്നത് കോഴിക്കോടിനെയായിരുന്നു. കണ്ണൂര്‍ വിമാനത്താവളം വന്നതോടെ കണ്ണൂരുകാര്‍ കൂടുതല്‍ അങ്ങോട്ടേക്ക് മാറി.

എന്നും കരിപ്പൂരിനോട് അധികൃതര്‍ക്ക് അവഗണനയായിരുന്നു. റണ്‍വേ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് 2015 മേയ് ഒന്നിന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുമതി മരവിപ്പിച്ചത്. ഏറെ കാലമായിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നപ്പോഴും ജനകീയസമരം വേണ്ടിവന്നു. ഇതിനെ തുടര്‍ന്നാണ് 2018 ഡിസംബറില്‍ വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നത്.കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തെ തുടര്‍ന്നും വിമാനത്താവളത്തിനെതിരെ നീക്കം നടക്കുന്നതില്‍ പ്രവാസികള്‍ ആശങ്കയിലാണ്. ഇനിയും വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ഇല്ലാതാകുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കരിപ്പൂര്‍ വിമാനത്താവളം എന്നും മുന്നില്‍

2012 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അര്‍ധപാദവര്‍ഷത്തില്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ നടത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി സര്‍വേയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമായി കരിപ്പൂര്‍ വിമാനത്താവളത്തെ റേറ്റ് ചെയ്തിരുന്നു.


ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ പന്ത്രണ്ടാം സ്ഥാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് ഉണ്ടായിരുന്നത്. റണ്‍വേ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2015 മേയില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിന് ശേഷം, കൂടുതല്‍ പ്രവാസികള്‍ ആശ്രയിച്ചിരുന്ന സൗദിയ, എമിറേറ്റ്‌സ്, എയര്‍ഇന്ത്യ വിമാനങ്ങള്‍ തങ്ങളുടെ സര്‍വീസുകള്‍ നെടുമ്പാശേരിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനാല്‍ സൗദിയില്‍ നിന്നടക്കമുള്ള മലബാറിലെ വലിയ വിഭാഗം പ്രവാസികള്‍ക്ക് യാത്രക്ക് കരിപ്പൂരിനെ ഒഴിവാക്കേണ്ടിയും വന്നു. ഭാഗികമായ അടച്ചിടല്‍ മൂലം തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലെ 12ല്‍ നിന്നും 16ലേക്ക് സ്ഥാനം താഴ്ന്നു. സൗദി, യു.എ.ഇ എന്നിവിടങ്ങളിലേക്ക് പച്ചക്കറി, പഴവര്‍ഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കരിപ്പൂരില്‍ നിന്നും വലിയതോതില്‍ നടന്നിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചത് ഈ കയറ്റുമതി അക്ഷരാര്‍ഥത്തില്‍ ഇല്ലാതാക്കി. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിനാളുകളുടെ ജീവിതോപാധിയാണ് താല്‍ക്കാലികമായെങ്കിലും അന്ന് ഇല്ലാതായത്.

എയര്‍ ഇന്ത്യ അപകടവും കരിപ്പൂരും പിന്നെ 'മേശക്കാര്യ'വും

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വിമാനത്താവളത്തിന് വേണ്ട ആവശ്യകതകള്‍, സൗകര്യങ്ങള്‍ എന്നിവ എന്താണെന്ന് പരിശോധിക്കാതെയും അറിവില്ലാതെയും ചില നേതാക്കളും അധികൃതരും പ്രസ്താവനകള്‍ നടത്തുന്നത് കരിപ്പൂരിന്റെ കാര്യത്തില്‍ എപ്പോഴും സംഭവിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളറണ്‍വേയാണ് അപകടകാരണം എന്ന് ഉറപ്പിക്കുന്ന തരത്തിലാണ് ഉത്തരവാദപ്പെട്ട ചില ആളുകള്‍വരെ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടം

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡമനുസരിച്ചാണ് അമേരിക്കയിലേതൊഴിച്ച് ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നത്. അവരുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ എവിടെയും 'ടേബിള്‍ ടോപ്' (മേശപ്പുറം) എന്നൊരു പ്രയോഗമില്ല. എന്നിട്ടും കരിപ്പൂരില്‍ 'ടേബിള്‍ ടോപ്പ്'? റണ്‍വേ ആയതിനാലാണ് ദുരന്തം സംഭവിച്ചത് എന്ന മട്ടില്‍ ചിലര്‍ ബോധപൂര്‍വം കുപ്രചാരണം നടത്തുകയാണ്. ലാന്‍ഡിങുമായി ബന്ധപ്പെട്ട മറ്റ് പ്രശ്?നങ്ങളാണ് അപകട കാരണമായി വിദഗ്ധര്‍ പ്രാഥമിക വിലയിരുത്തലില്‍ ചൂണ്ടിക്കാണിക്കുന്നത്. റണ്‍വേയുടെ തുടക്കത്തില്‍ തന്നെ ലാന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് കോഴിക്കോട് വിമാനത്താവളത്തിന്റെ മുന്‍കാല ഡയറക്ടറും മുംബൈയില്‍ റഡാര്‍ വിഭാഗം തലവനുമായിരുന്ന സി. വിജയകുമാര്‍ പറയുന്നു.

നേരത്തേ റണ്‍വേയുടെ നീളം വെറും 6000 അടി മാത്രമായിരുന്നു. ഒരു വലിയ വിമാനത്തിന് പറന്നിറങ്ങാന്‍ സാധാരണ ഗതിയില്‍ 6000 അടി മതി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം 9000ത്തില്‍ അധികം അടിയിലേക്ക് പിന്നീട് ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് വലിയ വിമാനങ്ങള്‍ക്ക് വീണ്ടും അനുമതി നല്‍കിയത്. അതിനാല്‍ തന്നെ വിമാനത്താവളത്തിന്റെ അപാകതയാണ് വിമാനാപകടത്തിന്റെ കാരണമെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും സി. വിജയകുമാര്‍ പറയുന്നു.

റണ്‍വേയുടെ നീളം 9000 അടി ആക്കിയതിന് ശേഷമാണ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വരാന്‍ അനുമതി ലഭിച്ചത്. പിന്നീട് ഹജ്ജിനായി ജംബോ വിമാനങ്ങളും കരിപ്പൂരിലെത്തി. പിന്നീട് സൗദിയിലേക്കും മറ്റും വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്നു. കോഴിക്കോട് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 'ടേബിള്‍ ടോപ്പ്' റണ്‍വേയുണ്ട്. അവിടങ്ങളിലൊക്കെ വിമാനങ്ങള്‍ സര്‍വീസ് നടത്തുകയും ചെയ്യുന്നുണ്ട്.

അപകടത്തില്‍ പെട്ട വിമാനം ലാന്‍ഡ് ചെയ്യാന്‍ ആദ്യം നിര്‍ദേശം ലഭിച്ചത് റണ്‍വേ 28ലേക്കായിരുന്നു. എന്നാല്‍ പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അനുമതിയോടെ ആകാശത്ത് തങ്ങിയ ശേഷം വീണ്ടും ലാന്‍ിങ്ങിന് പൈലറ്റ് റണ്‍വേ പത്ത് തെരഞ്ഞെടുക്കുകയായിരുന്നു. പിറകില്‍ നിന്ന് മുന്നോട്ടുള്ള കാറ്റും മഴയും നനഞ്ഞുകുതിര്‍ന്ന റണ്‍വേയുമെല്ലാം അപകടത്തിന് വഴിയൊരുകിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടേബിള്‍ ടോപ്പ് റണ്‍വേ അപകടസാധ്യത കൂട്ടുന്നു എന്ന തരത്തില്‍ കാലാകാലങ്ങളായി പ്രചാരണം നടക്കുന്നു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതവും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ഓര്‍ഗനൈസേഷനും ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയ ഖത്തറിലെ കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ പറയുന്നു. ഏറ്റവും മികച്ച അപ്രോച്ച് സംവിധാനങ്ങളാണ് ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും കരിപ്പൂരില്‍ ഉപയോഗിക്കുന്നത്. ഇത് തന്നെയാണ് അന്താരാഷ്ട്ര തലത്തിലും ഉപയോഗിക്കുന്നത് എന്നറിയുമ്പോഴാണ് കരിപ്പൂരിനെതിരെയുള്ള കുപ്രചാരണങ്ങളുടെ മുനയൊടിയുക.

photo: വി.കെ. ഷമീം 

ഖത്തറില്‍ നിന്നൊരു നിയപോരാട്ടത്തിന്റെ കഥ

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യൂസേഴ്‌സ് ഫീസ് എന്നന്നേക്കുമായി ഇല്ലാതാക്കിയ നിയമപോരാട്ടം നടത്തിയ ആളാണ് ഖത്തര്‍ പ്രവാസിയായ കരീം അബ്ദുല്ല. ഇന്ത്യന്‍ എംബസിയുടെ അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റുകൂടിയാണ് അദ്ദേഹം. വിമാനത്താവളം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ 500 രൂപയായിരുന്നു യാത്രക്കാരന്‍ യൂസേഴ്‌സ് ഫീസ് ഇനത്തില്‍ നല്‍കേണ്ടിയിരുന്നത്. യാത്ര പുറപ്പെടുമ്പോള്‍ വിമാനത്താവളത്തിലെ എസ്.ബി.ടി കൗണ്ടറില്‍ ഈ തുക അടച്ചാല്‍ ഒരു സ്റ്റിക്കര്‍ ലഭിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുദ്രയോടെയുള്ള ഈ സ്റ്റിക്കര്‍ കാണിച്ചാല്‍ മാത്രമേ യാത്ര പുറപ്പെടാന്‍ സാധിക്കുമായിരുന്നുള്ളൂ.

യൂസേഴ്‌സ് ഫീസിനെതിരെ കരീം അബ്ദുല്ല 1995ലാണ് അഡ്വ. എം.എം. ഫിറോസ് മുഖേന സുപ്രീം കോടതിയെ സമീപിക്കുന്നത്. ജനകീയമായി പണം പിരിച്ചും ജനങ്ങള്‍ ഭൂമി വിട്ടുനല്‍കിയും ഉണ്ടാക്കിയ വിമാനത്താവളത്തില്‍ ഈടാക്കുന്ന ഈ ഫീസ് അന്യായമാണെന്നും അതിനാല്‍ അത് നിര്‍ത്തലാക്കണമെന്നുമായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്. ഒരാഴ്ചക്കുള്ളില്‍ തന്നെ ഫീസ് വാങ്ങുന്നത് കോടതി സ്‌റ്റേ ചെയ്തു. ഇതിനെതിരെ വിമാനത്താവള അധികൃതര്‍ കേസിന് പോയെങ്കിലും ഗുണം ഉണ്ടായില്ല. കേസ് സുപ്രീം കോടതി ഒടുവില്‍ കേരള ഹൈകോടതിയിലേക്ക് മാറ്റി. 2008ല്‍ യൂസേഴ്‌സ് ഫീസ് പിരിക്കുന്നത് നിര്‍ത്തലാക്കി അന്തിമവിധിയും വന്നു. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലും യൂസേഴ്‌സ് ഫീസ് ഇല്ലാതാകുന്നതിന് ഈ നിയമപോരാട്ടം വഴിവെച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.