‘തെറിമുറി’കളില്‍ പൊലിഞ്ഞുവീഴുന്ന സ്വപ്നങ്ങള്‍

മലപ്പുറം-കോഴിക്കോട് ജില്ലാതിര്‍ത്തിയില്‍ കാരാടുള്ള വേദവ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളജ് എന്നീ സാശ്രയ സ്ഥാപനങ്ങളെക്കുറിച്ച് വ്യാപക പരാതികളാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളജിലേക്ക് എസ്.എഫ്.ഐ നടത്തിയ സമരം അക്രമാസക്തമായിരുന്നു. ഇതേ തുടര്‍ന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. അന്യായ ഫീസ് ഈടാക്കുന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് ഇരു സ്ഥാപനങ്ങള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്.
രണ്ടിടത്തും ‘ഇടിമുറി’കളൊന്നുമില്ളെങ്കിലും ‘തെറിമുറി’കള്‍ ധാരാളമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാനേജ്മെന്‍റിന് ഹിതകരമല്ലാത്ത രീതിയില്‍ പെരുമാറുന്ന, ഏകപക്ഷീയ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി തെറിപറയലും ഭീഷണിപ്പെടുത്തലുമാണെത്ര രണ്ടിടങ്ങളിലെയും രീതി.

സമരം നടത്താനുള്ള വിദ്യാര്‍ഥികളുടെ ചെറുശ്രമങ്ങളെപ്പോലും വേദവ്യാസ കോളജ് അധികൃതര്‍ തടയുക പതിവാണ്. ഫൈന്‍ ചുമത്തുന്നതിന് പുറമെ സമരക്കാരുടെ വിഡിയോ പകര്‍ത്തി പീഡനങ്ങള്‍ തുടരും. യൂനിയന്‍ ഇല്ല, അസോസിയേഷന്‍ ഇല്ല, സ്പോര്‍ട്സ് ഇല്ല, വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കള്‍ച്ചറല്‍ ഫെസ്റ്റ് മാത്രമാണ് ആകെയുള്ള പാഠ്യേതര പ്രവര്‍ത്തനം. തോന്നിയപോലെ ഫീസ് വാങ്ങുന്നുണ്ടെങ്കിലും ബാത്ത്റൂം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍പോലും ആവശ്യത്തിന് ഇല്ളെന്നും ലാബും ലൈബ്രറിയും വെറും തട്ടിക്കൂട്ട് മാത്രമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഫീസ് വര്‍ധന തോന്നിയപോലെയാണ്. കോളജിന്‍െറ ഗേറ്റ് രണ്ടും രാവിലെ ഒമ്പതിനു അടക്കും. പിന്നെ തുറക്കുക നാലരക്കാണ്. നമസ്കരിക്കാന്‍ പള്ളിയില്‍ പോകേണ്ടവര്‍ക്ക് ഒരു നിവൃത്തിയുമില്ല. കോളജിനകത്ത് നമസ്കാര സൗകര്യവുമില്ല. വെള്ളിയാഴ്ച പള്ളിയില്‍ പോകേണ്ടവര്‍ക്ക് മാത്രം പോകാം. അല്‍പം വൈകിയാല്‍പോലും ക്ളാസില്‍ കയറ്റില്ല. കോളജ് മാറണമെങ്കില്‍ നാലുവര്‍ഷത്തെ ഫീസും ഒരുമിച്ച് അടക്കണം. അല്ളെങ്കില്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കില്ല -വിദ്യാര്‍ഥികളുടെ പരാതികള്‍ നീളുന്നു.

കുറ്റിപ്പുറത്തെ കെ.എം.സി.ടി പോളിടെക്നിക്കിന്‍െറ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കെതിരെ കഴിഞ്ഞ ആറുമാസമായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. നിയമവിരുദ്ധമായ ഫീസ് വര്‍ധനയാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. മെറിറ്റ് സീറ്റില്‍ 22,500 ആണ് വാര്‍ഷിക ഫീസ്. എന്നാല്‍, രണ്ടും മൂന്നും വര്‍ഷങ്ങളിലുള്ള വിദ്യാര്‍ഥികളില്‍നിന്ന് കോളജ് ഈടാക്കുന്നത് 27,000 രൂപയാണ്. മാനേജ്മന്‍റ് സീറ്റിലും നിശ്ചിത ഫീസിലും അധികം ഈടാക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഫീസ് അടക്കാന്‍ വൈകിയാല്‍ 24 ശതമാനം അധികം ഫൈനായി അടക്കണമത്രെ. ഫീസ് അടക്കാന്‍ വൈകുന്നവരുടെ ഹാജര്‍ റദ്ദാക്കുന്നതായും ആക്ഷേപമുണ്ട്. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാറില്‍നിന്നുള്ള ആനുകൂല്യം വാങ്ങിക്കൊടുക്കുന്നതില്‍ കോളജ് അധികൃതര്‍ ഗുരുതര വീഴ്ച വരുത്തുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതുമൂലം സ്ഥാപനത്തിലെ 15 വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെട്ടു. സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ മൂന്ന് കള്ളക്കേസുകള്‍ നിലവിലുണ്ട്. കോളജിലെ പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് എസ്.എഫ്.ഐ വിദ്യാര്‍ഥി പ്രതിനിധികള്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പച്ചക്കറി മാത്രമല്ല, അധ്യാപകരും തമിഴ്നാട്ടില്‍നിന്ന്
ഒട്ടേറെ സ്വാശ്രയ കോളജുകളുടെ അധ്യാപക പട്ടികയില്‍ നൂറുകണക്കിന് തമിഴ്നാട് സ്വദേശികള്‍ കയറിക്കൂടിയതായി ഡോ. വിജയകുമാര്‍ കമ്മിറ്റിയുടെ പരിശോധനയില്‍ കണ്ടത്തെി. എന്‍ജിനീയറിങ് കോളജ് അധ്യാപകനാകാന്‍ മിനിമം യോഗ്യത എം.ടെക് ബിരുദമാണ്. കോളജില്‍ ഇന്‍സ്പെക്ഷന് എത്തുന്ന സംഘത്തിനു മുന്നില്‍ ഈ തമിഴ്നാട് അധ്യാപകരെ നിരത്തിനിര്‍ത്തും. പരിശോധന പൂര്‍ത്തിയാക്കി കോളജുകളുടെ അഫിലിയേഷന്‍ പുതുക്കി ലഭിക്കുന്നതോടെ ഓഫര്‍ചെയ്ത തുക വാങ്ങി ഇവര്‍ തമിഴ്നാട്ടിലേക്ക് വണ്ടികയറും.

കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ അഫിലിയേഷന്‍ പുതുക്കല്‍ കാലം ഇവര്‍ക്ക് ചാകരയാണ്. ദിവസത്തിന് പതിനായിരം രൂപവരെ നല്‍കിയാണ് ഇവരെ കൊണ്ടുവന്ന് നിര്‍ത്തുന്നത്. വിജയകുമാര്‍ കമ്മിറ്റി അംഗങ്ങള്‍ പിന്നീട് സ്വന്തം നിലക്ക് സ്വകാര്യമായി നടത്തിയ അന്വേഷണത്തില്‍ പരിശോധന കാലത്തെ തമിഴ് സാന്നിധ്യം പിന്നീട് കോളജുകളില്‍ ഇല്ളെന്ന് മനസ്സിലായി. ബി.ടെക് ബിരുദവുമായി കോളജുകളില്‍ പഠിപ്പിക്കുന്നവര്‍ നൂറുകണക്കിനാണ്. റിപ്പോര്‍ട്ടില്‍ ഇക്കാര്യവും പ്രതിപാദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കുന്നതില്‍ സ്വാശ്രയ കോളജുകള്‍ മാത്രമല്ല, സര്‍ക്കാര്‍  സ്വാശ്രയ കോളജുകളും പിറകിലാണ്.
(തുടരും)

Tags:    
News Summary - self finance colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.