ഗെസ്​റ്റ്​ ആർട്ടിസ്​റ്റുകളും നിലയവിദ്വാന്മാരും

കോൺഗ്രസിൽ പലതരം പദവികൾ വഹിച്ചുപോരുന്ന നിലയവിദ്വാന്മാരിൽ ഒരാളാണ് കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസിൽ ഉണ്ടുറങ്ങി ജീവിക്കുന്ന നിലയവിദ്വാന്മാർക്ക് പാർട്ടിയുടെ ബലവും ബലഹീനതയും നന്നായറിയും. അതത്രയും ഹൈകമാൻഡായ നെഹ്​റു കുടുംബത്തെ യഥാസമയം ബോധ്യപ്പെടുത്തി പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായക പങ്കുവഹിക്കുന്നത് ഈ വിദ്വാന്മാരാണ്.

പാരിതോഷികമായി കാലാകാലങ്ങളിൽ ഹൈകമാൻഡിൽനിന്ന് പട്ടും വളയും വാങ്ങുന്നവർ. പാർട്ടിയെയും ഹൈകമാൻഡിനെയും ഉപദേശിച്ചു പ്രാപ്തരാക്കാനുള്ള സവിശേഷ അവകാശത്തിൽ നിലയവിദ്വാന്മാരെ കടത്തിവെട്ടാൻ ഈയിടെ 23 പേർ മത്സരിച്ചു. അവർ സോണിയ ഗാന്ധിക്ക് കത്തെഴുതി. ബി.ജെ.പിയെ നേരിടാൻ കഴിയണമെങ്കിൽ മുഴുസമയ സചേതന നേതൃത്വം ഉണ്ടാകണംപോൽ.

പാർട്ടി ഉടച്ചുവാർക്കുകതന്നെ വേണം. നോമിനേഷനുകളല്ല വേണ്ടത്; അടിമുടി തെരഞ്ഞെടുപ്പു നടത്തണം. അങ്ങനെയെല്ലാം പറഞ്ഞവരുടെ കൂട്ടത്തിൽ ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ തുടങ്ങി തഴക്കവും പഴക്കവുമുള്ള പലരുമുണ്ട്. കേരളത്തിൽനിന്ന് ശശി തരൂർ, പി.ജെ. കുര്യൻ എന്നിവരുമുണ്ട്.

ആഞ്ഞടിക്കാൻ തക്കം പാർത്തിരുന്ന മട്ടിലാണ് കേരളത്തിൽനിന്ന്​ ചിലർ അതിനോട് പ്രതികരിച്ചത്. അല്ലെങ്കിൽതന്നെ ഇതൊക്കെപ്പറയാൻ തരൂരൊക്കെ ആരാണ്? ''തരൂർ രാഷ്​ട്രീയക്കാരനല്ല. അതിെൻറ പക്വത കാണിക്കുന്നില്ല. അദ്ദേഹം ​െഗസ്​റ്റ്​ ആർട്ടിസ്​റ്റായിട്ടാണ് കോൺഗ്രസിലേക്ക് വന്നത്.

ഇപ്പോഴും അങ്ങനെതന്നെ'' -കൊടിക്കുന്നിൽ ആഞ്ഞടിച്ചു. ഒന്നോർത്താൽ നേരാണ്. കേരളത്തിലെ നേതാക്കൾക്കു കുശുമ്പുള്ള ശശി തരൂരിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കി തിരുവനന്തപുരത്തേക്ക് കെട്ടിയിറക്കിയത് ഹൈകമാൻഡാണ്. കേരളത്തിൽനിന്ന് നാടുകടത്തിയ പി.ജെ. കുര്യനെ രാജ്യസഭ ഉപാധ്യക്ഷൻ വരെയാക്കിയത് ഹൈകമാൻഡാണ്. അവർക്ക് ഇതുതന്നെ കിട്ടണം.

നേതൃമാറ്റം, ശൈലിമാറ്റം, തെരഞ്ഞെടുപ്പ്, ഉടച്ചുവാർക്കൽ എന്നിങ്ങനെയെല്ലാമാണ് ​െഗസ്​റ്റ്​ ആർട്ടിസ്​റ്റുകളുടെ ആവശ്യങ്ങൾ. ഇനിയെങ്കിലും, ആശ്രിതരിൽ വിശ്വസിക്കാൻ കൊള്ളാവുന്നവർ ആരാണെന്ന് ഹൈകമാൻഡ് തിരിച്ചറിയട്ടെ. കത്തിൽനിന്ന് കുത്തുകൊണ്ട് മുറിവേറ്റ സോണിയയുടെയും രാഹുലിെൻറയും നോവും നൊമ്പരവും ഏറ്റുവാങ്ങുന്നതിെൻറ മത്സരക്കാഴ്ചകൾക്കപ്പുറം, കത്തിലെ യാഥാർഥ്യങ്ങളിലേക്ക് കടന്നുചെല്ലാൻ ഹൈകമാൻഡിനോ, നിലയവിദ്വാന്മാർക്കോ താൽപര്യമുണ്ടായില്ല.

അല്ലെങ്കിൽതന്നെ, കത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ആർക്കും ബോധ്യമില്ലാത്തതല്ല. കോൺഗ്രസിനെ പുനരുദ്ധരിക്കാൻ കിട്ടുന്ന ആദ്യത്തെ വാറോലയൊന്നുമല്ല ഇത്. അലമാരയിൽ വെച്ചു പൂട്ടാനുള്ള എത്രയോ റിപ്പോർട്ടുകൾ എ.കെ. ആൻറണി മുതൽ എത്ര പേരെക്കൊണ്ട് ഹൈകമാൻഡ് എഴുതിവാങ്ങിച്ചിരിക്കുന്നു.

കത്ത് ആർക്കെതിരെ?

​െഗസ്​റ്റ്​ ആർട്ടിസ്​റ്റുകളുടെ കത്ത് യഥാർഥത്തിൽ ആർക്കെതിരെയാണ്? അത് നെഹ്​റുകുടുംബത്തിനു നേരെ വിരൽചൂണ്ടുന്നതാണെന്ന് പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ, സോണിയ, രാഹുൽ, പ്രിയങ്കമാരുടെ നേതൃത്വം അംഗീകരിച്ചുകൊണ്ടുള്ളതാണ് കത്ത്.

നിലവിലെ സാഹചര്യങ്ങളിൽ അവരില്ലാതെ പാർട്ടിക്ക് പിടിച്ചുനിൽപ് സാധ്യമല്ലെന്ന് തിരിച്ചറിയാൻ കഴിവില്ലാത്തവരാണോ കത്തെഴുതിയവർ? നെഹ്​റുകുടുംബത്തിനു തൊട്ടുതാഴെയുള്ള പ്രവർത്തക സമിതിയെയാണ് യഥാർഥത്തിൽ 23 അംഗ സംഘം ഉന്നംെവക്കുന്നത്. നെഹ്​റുകുടുംബത്തെ ഹൈകമാൻഡായി അംഗീകരിക്കുേമ്പാൾതന്നെ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തക സമിതിയും കീഴ്സമിതികളും, കഴിയുമെങ്കിൽ ഒരു വർക്കിങ് പ്രസിഡൻറും ഉണ്ടാകണമെന്ന താൽപര്യമാണ് കത്തിൽ പറഞ്ഞുവെച്ചിട്ടുള്ളത്. 53 അംഗ പ്രവർത്തക സമിതിയാണ് ഇപ്പോഴുള്ളത്.

ഇതിലെ എല്ലാവരും പല താൽപര്യങ്ങൾ മുൻനിർത്തി നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്. അവർ പദവി കൊണ്ടുനടക്കുകയും പാർട്ടി സക്രിയമാക്കുന്ന പണി നെഹ്​റുകുടുംബത്തെ ഏൽപിച്ച്​ കൈകഴുകി നിൽക്കുകയുമാണ് ചെയ്യുന്നത്. ഒരു തെരഞ്ഞെടുപ്പു നടന്ന് അതിൽ മത്സരിച്ച് ജയിച്ചുവരുന്നവരുടേതാണ് പ്രവർത്തക സമിതിയെങ്കിൽ, മെയ്യനങ്ങാതെ പദവി കെട്ടിപ്പിടിച്ച് കഴിയുന്ന സ്ഥിതിയുണ്ടാവില്ല.

സംഘടന തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചുവരാൻ കഴിയുംവിധം വേരുറപ്പുള്ള എത്ര നേതാക്കൾ പ്രവർത്തക സമിതിയിലുണ്ട്? എ.ഐ.സി.സിയുടെ, പി.സി.സിയുടെ, മറ്റു കീഴ്ഘടകങ്ങളുടെയെല്ലാം കാര്യവും തഥൈവ. ഇക്കാര്യം ആരു ചൂണ്ടിക്കാണിച്ചാലും പദവിയുടെ സുഖമനുഭവിക്കുന്നവർക്ക് പിടിക്കില്ല. അതുകൊണ്ട്, ​െഗസ്​റ്റ്​ ആർട്ടിസ്​റ്റുമാരുടെ കത്ത് പെട്രോളൊഴിച്ചു കത്തിക്കാൻ അവർ മത്സരിച്ചു. കത്ത് പ്രവർത്തക സമിതി തള്ളി; ഒതുക്കൽ പ്രക്രിയ തുടങ്ങുകയും ചെയ്തിരിക്കുന്നു.

രാഹുൽ നയിക്കുമോ?

നെഹ്​റുകുടുംബത്തിെൻറ നേതൃത്വത്തെ കത്ത് ചോദ്യം ചെയ്യുന്നില്ല എന്നു പറയുേമ്പാൾതന്നെ, സോണിയയുടെ അനാരോഗ്യവും രാഹുലിെൻറ അന്തർമുഖത്വവുമായി പാർട്ടി നേരിടുന്ന അനിശ്ചിതത്വം ഉണ്ടാക്കുന്ന അപകടമാണ് 'മുഴുസമയ സചേതന നേതൃത്വ'മെന്ന ആവശ്യത്തിലൂടെ കത്ത് മുന്നോട്ടുവെക്കുന്നത്. നെഹ്​റുകുടുംബത്തിെൻറ പരിമിതികൾ പ്രവർത്തക സമിതിയുടെ ക്രിയാത്മകത കൊണ്ട് മറികടക്കണമെന്ന് സാരം.

അതുവഴി നെഹ്​റുകുടുംബത്തിന് പുറത്തുനിന്നൊരു നല്ല മുഖം ഉയർന്നുവന്നുവെന്ന് വരാം. സത്യസന്ധമായൊരു ആത്മപരിശോധന കൂടാതെ കത്ത് തള്ളിക്കളഞ്ഞത് ആ പശ്ചാത്തലത്തിൽകൂടിയാണെന്ന് കാണേണ്ടി വരും. നെഹ്​റുകുടുംബത്തിനു പുറത്തുനിന്നൊരാൾ പാർട്ടിയെ നയിക്കണമെന്ന് നെഹ്​റുകുടുംബം വാദിക്കുന്നുണ്ട്. അതേസമയംതന്നെ, അത് നടത്തിയെടുക്കാനുള്ള അവസരങ്ങൾ മുന്നിൽ വരുേമ്പാൾ അവർകൂടി ചേർന്ന് തട്ടിത്തെറിപ്പിക്കുന്നതാണ് കാണാൻ കഴിയുന്നത്.

കോൺഗ്രസിെൻറ അധികാര സിരാകേന്ദ്രമായി തുടരാൻ നെഹ്​റുകുടുംബം ഇന്നും ആഗ്രഹിക്കുന്നു. മകൻ ഒരുനാൾ സ്ഥാനമേൽക്കുമെന്ന പ്രതീക്ഷയിൽ ഇടക്കാല പ്രസിഡൻറായി സോണിയ തുടരുേമ്പാൾ, പാർട്ടിക്ക് താൻ അത്രമേൽ ആവശ്യമാണെന്ന് പാർട്ടി പ്രവർത്തകരെക്കൊണ്ട് ആവർത്തിച്ച് ഏത്തമിടീക്കുകയാണ് രാഹുൽ.

ആറുമാസത്തിനകം നടത്താനിരിക്കുന്ന എ.ഐ.സി.സി സമ്മേളനത്തിലൂടെ കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം വീണ്ടും രാഹുൽ ഗാന്ധിയിൽ എത്തിച്ചേരാനാണ് ഇന്നത്തെ നിലക്ക് സാധ്യത. അങ്ങനെയെങ്കിൽ 2024ൽ മോദിക്കെതിരെ പ്രതിപക്ഷ നിരയെ വീണ്ടും രാഹുൽ നയിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ മോദിയോട് എതിരിട്ടു തോറ്റ രാഹുലിന്, അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടറുടെ വിശ്വാസമാർജിക്കുക ഒട്ടും എളുപ്പമല്ല.

നെഹ്​റുകുടുംബവും കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും കൈമെയ് മറന്ന് ഒന്നിച്ചാലല്ലാതെ വീറുറ്റ ഒരു പോരാട്ടം സാധ്യമല്ല. പാർട്ടിയുടെ സജീവത, സഖ്യസാധ്യതകൾ, പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം നടക്കണം. ഇതത്രയും നെഹ്​റുകുടുംബത്തെ, രാഹുൽ ഗാന്ധിയെ ഏൽപിച്ച്​ മാറിനിൽക്കുന്ന പ്രവർത്തക സമിതിയും കീഴ്ഘടകങ്ങളുമല്ല ഇനിയെങ്കിലും കോൺഗ്രസിന് ഉണ്ടാകേണ്ടതെന്ന് കത്തെഴുത്തുസംഘം പറഞ്ഞുവെക്കുന്നുണ്ട്.

ഇത്തരത്തിൽ രാഹുലും രാഹുലിനുവേണ്ടി കോൺഗ്രസും അടുത്ത തെരഞ്ഞെടുപ്പിലേക്ക് മുന്നൊരുക്കം നടത്തണമെന്ന് പറയുന്ന കത്താണ് പാർട്ടി വേണ്ടവണ്ണം ചർച്ച ചെയ്യാതെ പോയത്​. എന്നിട്ടും കത്തിനെ നേതൃത്വത്തോടുള്ള വെല്ലുവിളിയായി, വഞ്ചനയായി സ്ഥാപിക്കാൻ നിലയവിദ്വാന്മാർക്ക് കഴിഞ്ഞു. ഭരണഘടനയും ജനാധിപത്യവും കോൺഗ്രസിനുള്ളിലും ഉയർത്തിപ്പിടിക്കണമെന്നിരിക്കേ, കത്ത് പാകതയോടെ പരിഗണിക്കുന്നതിൽ പ്രവർത്തക സമിതിയും നെഹ്​റുകുടുംബവും പരാജയപ്പെട്ടു.

കോൺഗ്രസ്, കഷ്​ടം! അവരുടെ ഉൾപ്പേടി ബി.ജെ.പിയിലേക്ക് നോക്കിയാവണം. അവിടെ രണ്ട് ​െഗസ്​റ്റ്​ ആർട്ടിസ്​റ്റുകൾ നിലയവിദ്വാന്മാരെ മൂലക്കാക്കി പാർട്ടിയും ഭരണവും കൈയടക്കുകയായിരുന്നു. വിഭാഗീയ രാഷ്​ട്രീയത്തിലൂടെ പാർട്ടി വളർത്തിയ അദ്വാനി, ജോഷിമാരെയൊക്കെ ഗുജറാത്തിൽനിന്ന് ഓവർസ്പീഡിൽ വന്ന മോദി, അമിത്​ ഷാമാർ ഇടിച്ചുതെറിപ്പിച്ചു. 23 പേരുടെ വരവ് അങ്ങനെയായാലോ? കോൺഗ്രസിൽ മറ്റാർക്കും കഴിയാത്ത വിധം മൂന്നു തവണ തിരുവനന്തപുരത്തു ജയിച്ചിട്ടും, കോൺഗ്രസിെൻറ ദേശീയത ഉയർത്തിപ്പിടിച്ചിട്ടും, വർഷം ഇത്ര കഴിഞ്ഞിട്ടും ശശി തരൂരിനെ ​െഗസ്​റ്റ്​ ആർട്ടിസ്​റ്റ്​ മാത്രമായി ചുരുക്കുന്നതിൽ കോൺഗ്രസിെൻറ നിലയവിദ്വാന്മാർ വിജയിക്കുന്നു.

ജമ്മു-കശ്മീരിലും ദേശീയ തലത്തിലും പല പതിറ്റാണ്ടുകളായി കോൺഗ്രസിെൻറ അമരത്തുള്ള ഗുലാംനബി ആസാദ് കത്തിെൻറ പേരിൽ പൊടുന്നനെ വിമതനായി മാറുന്നു. സുപ്രീംകോടതിയിലും ഹൈകോടതികളിലും കോൺഗ്രസിനുവേണ്ടി വിയർപ്പൊഴുക്കുന്ന കപിൽ സിബൽ കാവി നിക്കറാണോ ഇട്ടിരിക്കുന്നതെന്ന് സംശയിക്കുന്നു. രാജീവ്​ ഗാന്ധിക്ക് വിശ്വസ്തനായിരുന്ന ആനന്ദ് ശർമ അനഭിമതനായി മാറുന്നു. പറ്റെ തകർന്നുകിടക്കുേമ്പാഴും, കാര്യം പറയുന്നവരെ മൂലക്കാക്കുന്ന ഉപജാപകസംഘത്തിെൻറ പിടിയിൽ അമർന്നുകിടക്കുന്ന കോൺഗ്രസിനെക്കുറിച്ച് എന്തു പറയാൻ!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.