സി. അച്യുതമേനോൻ, ഇന്ദിരാ ഗാന്ധി, കെ. കരുണാകരൻ എന്നിവർ
തിരുവനന്തപുരം: അധികാരം അരക്കിട്ടുറപ്പിക്കാൻ അധികാരത്തെ തന്നെ ദുരുപയോഗിച്ചതിന്റെ കറുത്ത നാളുകൾക്ക് അരനൂറ്റാണ്ട്. ‘കക്കയ’വും ‘കൗസ്തുഭ’വും ശാസ്തമംഗലവുമടക്കം പൊലീസിന്റെ കുപ്രസിദ്ധ തടങ്കൽപ്പാളയങ്ങളിൽ മനുഷ്യത്വവും അവകാശങ്ങളും ചോര തുപ്പിയതിന്റെ നെഞ്ചുലക്കുന്ന അധികാര മൃഗീയതയുടെ അനുഭവ സാക്ഷ്യങ്ങളിലായിരുന്നു കേരളം. ഇനിയും ചുരുളഴിയാത്ത ദുരൂഹതകളും ഉത്തരമില്ലാത്ത ചോദ്യങ്ങളും ശേഷിക്കുമ്പോഴാണ് വിലങ്ങണിഞ്ഞ നാളുകൾക്ക് അമ്പതാണ്ട് തികയുന്നത്.
കേരളത്തിൽ സി.പി.ഐ കോൺഗ്രസിനൊപ്പം ചേർന്ന് ഭരിക്കുന്ന കാലത്താണ് അടിയന്തരാവസ്ഥയെത്തുന്നത്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയും കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയും. ജനാധിപത്യത്തെയും നിയമസഭയെയും നിശബ്ദമാക്കിയ നാളുകളിൽ മുഖ്യമന്ത്രി പോലും അപ്രസക്തനായി. ഇന്ദിര ഗാന്ധിയുടെ നിഴലായി മാറി, കേരളത്തിൽ കരുണാകരൻ. മകൻ രാജനെ കണ്ടെത്തുന്നതിന് സഹായം തേടി ഫോണിൽ വിളിച്ച ഈച്ചരവാര്യരോട് ‘നിങ്ങളുടെ മകനെയും തെരഞ്ഞ് നാട്ടിലെ പൊലീസ് സ്റ്റേഷനുകൾ ഞാൻ കയറിയിറങ്ങണമെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്’ എന്ന് ചോദിച്ച അച്യുതമേനോനെയും കണ്ടു. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമുൾപ്പെടെ 12 എം.എൽ.എമാർ ജയിലിലാണ്. നക്സലൈറ്റുകൾ, സി.പി.എം പ്രവർത്തകർ, സോഷ്യലിസ്റ്റുകൾ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുംപെട്ട ആയിരക്കണക്കിനാളുകൾ ജയിലിലടക്കപ്പെട്ടു.
ആഭ്യന്തര സുരക്ഷ നിയമമായ മിസ പ്രകാരം അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ 790 പേരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇതേ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഷാ കമീഷൻ ചൂണ്ടിക്കാട്ടുന്നത്. കോഫെപോസെ അനുസരിച്ച് 97 പേരെയും ജില്ല മജിസ്ട്രേറ്റുമാരുടെ നിർദേശമനുസരിച്ച് 7134 പേരെയും അറസ്റ്റ് ചെയ്തു. ‘മിസ’ പ്രകാരം അറസ്റ്റിലായവരിൽ 476 പേർ നിരോധിത പാർട്ടികളിലെ അംഗങ്ങളും 221 പേർ അംഗീകൃത പാർട്ടികളിലെ അംഗങ്ങളുമായിരുന്നു. ഇതിൽ 105 പേർ സി.പി.എം പ്രവർത്തകരാണ്. കേരളത്തിൽ അറസ്റ്റിലായവരിൽ 45 അധ്യാപകരും 34 തൊഴിലാളി സംഘടന നേതാക്കളും നാലു വനിതകളും മൂന്ന് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. ഇന്ത്യയിൽ ഒരിടത്തും സി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സർക്കാർ നിർദേശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അടിയന്തരാവസ്ഥക്കെതിരെ ലഘുലേഖ എഴുതിയതിന് മാധ്യമപ്രവർത്തകൻ പി. രാജൻ 60 ദിവസമാണ് ജയിൽവാസമനുഭവിച്ചത്.
1975 ജൂൺ 26ന് തന്നെ അടിയന്തരാവസ്ഥക്കെതിരെ എസ്.എഫ്.ഐ പ്രകടനം നടത്തിയിരുന്നു. 27ന് പഠിപ്പ് മുടക്കും പ്രഖ്യാപിച്ചിരുന്നു. അതിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആദ്യം അറസ്റ്റ് ചെയ്തത്. രണ്ടു ദിവസത്തിനകം മോചിപ്പിച്ചെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. 16 മാസമാണ് കണ്ണൂർ സെൻട്രൽ ജയിൽ കോടിയേരി കഴിഞ്ഞത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. എം.എ. ബേബിയാണ് അന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജി. സുധാകരനും എം. വിജയകുമാറുമടക്കം പ്രതിഷേധത്തിന്റെ നേതൃനിരയിലുണ്ട്. യൂനിവേഴ്സിറ്റി കോളജിൽ നിന്ന് നടത്തിയ പ്രകടനത്തെ പൊലീസ് ക്രൂരമായി നേരിട്ടു. ഡി.വൈ.എഫ്.ഐയുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു എം.എൽ.എ കൂടിയായ പിണറായി വിജയൻ. മൃഗീയമായി തല്ലിയാണ് പിണറായിയെ ജയിലിൽ കൊണ്ടുവന്നത്. ഇ.പി. ജയരാജൻ പ്രകടനം നടത്തിയതിന്റെ പേരിൽ രണ്ടുമാസം ജയിലിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.