വിവാദങ്ങളല്ല, നിലവാരമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടത്

പ​തി​ന​യ്യാ​യി​രം സ്‌​കൂ​ളു​ക​ളി​ലാ​യി അ​റു​പ​തു ല​ക്ഷം കു​ട്ടി​ക​ളെ​യും ര​ണ്ട​ര ല​ക്ഷം അ​ധ്യാ​പ​ക​രെ​യും അ​തി​ലേ​റെ കേ​ര​ള​ത്തി​​െൻറ വ​ർ​ത്ത​മാ​ന​ത്തെ​യും ഭാ​വി​യേ​യും ബാ​ധി​ക്കു​ന്ന പ​രി​വ​ര്‍ത്ത​ന​മാ​ണ് വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​കാ​രം. അ​തിെൻറ മ​റ​വി​ലൂ​ടെ ഒ​ളി​യ​ജ​ണ്ട​ക​ള്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ന്‍ ആ​രു ശ്ര​മി​ച്ചാ​ലും അ​നു​വ​ദി​ച്ചു​കൂ​ടാ

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ കാലികവും അനിവാര്യവുമായ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുന്നതിനായി ചര്‍ച്ചകളും തയാറെടുപ്പുകളും സജീവമാണ്. പാഠ്യപദ്ധതിയെന്നാല്‍ സമഗ്രമായ സാമൂഹിക രേഖയാണ്. ഒരു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പഠന-ബോധന പ്രക്രിയയിലൂടെ സംവേദനം ചെയ്യപ്പെടുന്ന ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും മൂല്യങ്ങളുടെയും ആകത്തുക. വിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റങ്ങള്‍ സമയബന്ധിതമായി നടപ്പാക്കി ഇന്ത്യക്ക് മാതൃകയായി കേരളം എന്നും മുന്നില്‍ നിന്നിട്ടുണ്ട്.

2023 ജനുവരിയില്‍ പാഠ്യപദ്ധതി മേഖല സെമിനാറുകള്‍ പൂര്‍ത്തിയാക്കി പൊസിഷന്‍ പേപ്പര്‍ തയാറാക്കും. ഫെബ്രുവരിയില്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കരിക്കുലം ഫ്രെയിംവര്‍ക്ക്) കരട് പുറത്തിറക്കും. അന്തിമ പാഠ്യപദ്ധതി മാര്‍ച്ചില്‍ പരിഷ്‌കരിക്കുന്നതോടെ ഏപ്രില്‍ മാസത്തോടെ പാഠപുസ്തക രചന തുടങ്ങും. നവംബറില്‍ പാഠപുസ്തക അച്ചടി ഒരുക്കങ്ങള്‍ തുടങ്ങും. 2024 ല്‍ 1,3,5,7,9 ക്ലാസുകളിലെയും 2025 ല്‍ 2,4,6,8,10 ക്ലാസുകളിലെയും പാഠപുസ്തകങ്ങള്‍ മാറ്റും-ഇങ്ങനെയാണ് നിലവിലെ പരിഷ്കരണത്തിന് നിശ്ചയിച്ചിരിക്കുന്ന ഷെഡ്യൂൾ.

പരിസ്ഥിതി, കല,ശാസ്ത്രം, ആരോഗ്യ-കായികം, സാങ്കേതികവിദ്യ, രക്ഷാകതൃ വിദ്യാഭ്യാസം, ഗൈഡന്‍സ്, കൗണ്‍സലിങ്, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, മൂല്യനിർണയം തുടങ്ങിയ കാര്യങ്ങളിൽ ഗുണപരവും സ്വീകാര്യവുമായ നിർദേശങ്ങള്‍ ഇതിലുണ്ട്. അതേസമയം, സ്‌കൂള്‍ ഘടനാ മാറ്റം, ഭാഷാപഠനം, ലിംഗ സമത്വം, സ്‌കൂള്‍ സമയ മാറ്റം, ജന്‍ഡര്‍ ഓഡിറ്റിങ്, യൂനിഫോം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, പ്രീ സ്‌കൂള്‍ സംവിധാനത്തെ സ്‌കൂളിന്റെ ഭാഗമാക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ തുടങ്ങിയവയെല്ലാം വിവാദങ്ങൾക്കും വഴി തുറന്നിരിക്കുന്നു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും വിവാദ വിഷയങ്ങള്‍ ഉണ്ടാവില്ലെന്നുമൊരു പ്രഖ്യാപനം വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയിൽ നിന്നുണ്ടായിട്ടുണ്ട്.

പരിവര്‍ത്തനങ്ങളില്ലാതെ വിദ്യാഭ്യാസത്തിന് നിലനിൽപില്ല. മുന്നോട്ടുപോവാനുമാവില്ല. നാല്‍പതു വര്‍ഷത്തിനിടയില്‍ ഒമ്പതു തവണ നടത്തിയ പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ ജനമംഗീകരിച്ചു. വിവാദങ്ങളില്ലാതെ, എതിരഭിപ്രായങ്ങൾക്കുപോലും അവസരമുണ്ടാക്കാതെ. എന്നാല്‍, 1997 മുതല്‍ 2022 വരെയുള്ള 25 വര്‍ഷത്തെ പരിഷ്‌കാരങ്ങളും നിലപാടുകളുമാണ് വിവാദങ്ങളിലകപ്പെട്ടത്.

1999 ലെ കേരള സ്‌കൂള്‍ പാഠ്യപദ്ധതി സമീപന രേഖയിലും 2007 ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും 2022 ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് സമൂഹ ചര്‍ച്ചക്കുള്ള കൈപുസ്തകത്തിലും സര്‍ക്കാറിന്റെ സമീപനവും പാഠ്യപദ്ധതി കാഴ്ചപ്പാടുമാണ് വിവാദങ്ങള്‍ക്ക് ഹേതുവായത്. മൂന്നു തവണയിറക്കിയ സമീപന രേഖകളില്‍ സ്‌കൂള്‍ സമയമാറ്റം, സ്ത്രീപുരുഷ സമത്വം, സ്‌കൂള്‍ ഘടനാമാറ്റം, പ്രീ സ്‌കൂള്‍ സംവിധാനം, ഭാഷാപഠന സമീപനം, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സ്‌കൂള്‍ മോണിറ്ററിംഗ് തുടങ്ങിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാദമാവുന്നതോടെ പിന്‍വലിക്കുകയും പതിവാണ്.

2002ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് ഒരാമുഖം എന്ന പുസ്തകത്തിലെ ആണ്‍-പെണ്‍ വേര്‍തിരിവില്ലാതാക്കാന്‍ ശ്രമം വേണം, ലിംഗസമത്വം നടപ്പാക്കാന്‍ ഇടകലര്‍ത്തിയിരുത്തണം, അസംബ്ലിയില്‍ പ്രത്യേക വരിയില്ലാതാക്കണം, ഉടുപ്പിലും നടപ്പിലും തുല്യത വേണം, ലൈംഗികതയെ കുറിച്ച് കൂട്ടായ ചര്‍ച്ചകള്‍, പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം നല്‍കുക, വസ്ത്രം, ഭാഷാ പഠനം തുടങ്ങിയവയില്‍ അഭിപ്രായം പറയുന്നുണ്ട്. പരിഷത്തിന്റെ നിർദേശങ്ങള്‍ 2007 ല്‍ വിദ്യാഭ്യാസ വകുപ്പ് കേരള കരിക്കുലം ഫ്രെയിംവര്‍ക്കില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

2016 ല്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ പൊതുവിദ്യാഭ്യാസ കമീഷന്‍ റിപ്പോര്‍ട്ടിലെ ആണ്‍-പെണ്‍ കുട്ടികള്‍ ഒന്നിച്ച് പഠിക്കണം, കലാപരിപാടികള്‍ ഒരുമിച്ച് അവതരിപ്പിക്കണം, സ്‌കൂള്‍ സമയം മാറ്റണം, ജന്‍ഡര്‍ ഓഡിറ്റിങ് വേണം തുടങ്ങിയ നിർദേശങ്ങളുണ്ട്. ഇതാണിപ്പോള്‍ പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചക്കുള്ള കൈപ്പുസ്തകത്തില്‍ കടന്നുകൂടിയത്. സംഘടനകളുടെ പുസ്തകങ്ങളിലെ നിർദേശങ്ങള്‍ ഏകപക്ഷീയമായി സര്‍ക്കാര്‍ ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തുന്നതും രേഖയാക്കുന്നതും ഭരണകൂട തീരുമാനമാവുമ്പോള്‍ വിമര്‍ശനങ്ങളും വിവാദങ്ങളും സ്വാഭാവികം.

പതിനയ്യായിരം സ്‌കൂളുകളിലായി അറുപതു ലക്ഷം കുട്ടികളെയും രണ്ടര ലക്ഷം അധ്യാപകരെയും അതിലേറെ കേരളത്തിന്റെ വർത്തമാനത്തെയും ഭാവിയേയും ബാധിക്കുന്ന പരിവര്‍ത്തനമാണ് വിദ്യാഭ്യാസ പരിഷ്‌കാരം. അതിന്റെ മറവിലൂടെ ഒളിയജണ്ടകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ആരു ശ്രമിച്ചാലും അനുവദിച്ചുകൂടാ.

ബഹുസ്വരതയെ ബഹുമാനിക്കുന്ന വിവാദങ്ങളില്ലാത്ത ജനകീയ വിദ്യാഭ്യാസമാണ് ജനമാഗ്രഹിക്കുന്നത്. കാലികപ്രസക്തമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ കേരളം സ്വീകരിച്ചതാണ് ഇന്നീ ഉന്നതനിലയിലെത്താനിടയായത്. വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്, വിപ്ലവത്തിന് വിവാദങ്ങളില്ലാതെ എല്ലാവരെയും ഒപ്പം വിശ്വാസികളെയും വിശ്വാസത്തിലെടുത്ത് നീങ്ങുന്നതല്ലേ നല്ലത്.

(കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ മുൻ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

Tags:    
News Summary - Quality education should be imparted not controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.