ജൂൺ 26 ദേശീയ വൈദ്യുതി സുരക്ഷാ ദിനമാണ്. അന്ന് മുതൽ ജൂലൈ മൂന്ന് വരെ രാജ്യം വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കുന്നു. വൈദ്യുതിയെക്കുറിച്ച് ശാസ്ത്രീയമായ അറിവുണ്ടാകുന്നതിന് മുൻപ് തന്നെ അത് ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് മനുഷ്യർക്ക് അറിവുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. ക്രിസ്തുവിന് 2500 വർഷങ്ങൾക്ക് മുൻപുള്ള പുരാതന ഈജിപ്ഷ്യൻ ലിഖിതങ്ങളിൽ ‘ഇലക്ട്രിക് കാറ്റ് ഫിഷ്‘ (വൈദ്യുതി മത്സ്യം) ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
വൈദ്യുതി ഒരു നല്ല മിത്രമാണ്; എന്നാൽ അശ്രദ്ധമായ ഉപയോഗം അതിനെ വലിയൊരു ശത്രുവാക്കി മാറ്റും. അമിത ആത്മവിശ്വാസം, അവബോധമില്ലായ്മ, കൈകാര്യം ചെയ്യുമ്പോഴുള്ള അശ്രദ്ധ എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. സമീപകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അഗ്നിബാധകൾ നിരവധി ജീവനുകൾ കവരുകയും വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്. കടുത്ത ചൂടും വൈദ്യുത സംവിധാനങ്ങളിലെ അമിത ലോഡും ഇത്തരം അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
‘‘ഇന്നത്തെ അവബോധം, നാളത്തെ പ്രതിരോധം - വൈദ്യുത ഷോർട്ട് സർക്യൂട്ടുകളിൽ നിന്നുള്ള അഗ്നിബാധകൾ തടയാൻ നമുക്ക് ഒരുമിക്കാം’’ എന്നതാണ് ഈ വർഷത്തെ സുരക്ഷാ വാരാചരണ പ്രമേയം. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിലുണ്ടായ മാരകമായ വൈദ്യുത അപകടങ്ങളുടെ വാർഷിക സംഖ്യ 200 നും 300 നും ഇടയിലാണ്; ശരാശരി 234. 2024-25 ൽ ദേശീയതലത്തിൽ ഇത് 6342 ആയിരുന്നു. ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് (1357). തൊട്ടുപിന്നിൽ ഉത്തർപ്രദേശും (1308) കർണാടകയുമുണ്ട് (543). എന്നാൽ വിസ്തൃതിയിൽ വളരെ ചെറിയ സംസ്ഥാനമായ കേരളത്തിൽ ഇത് 241 ആണ് എന്നത് ഗൗരവതരമാണ്.വൈദ്യുതാപകടങ്ങൾ കുറക്കുന്നതിനായി സർക്കാർ ‘ഇ-സേഫ്’ എന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. വൈദ്യുത സുരക്ഷാ ബോധവൽക്കരണത്തിലൂടെ പ്രസരണ-വിതരണ ലൈനുകളിലും ഗാർഹിക മേഖലയിലും ഉണ്ടാകുന്ന അപകടങ്ങൾ കുറക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ പാലിക്കേണ്ട പൊതുനിർദ്ദേശങ്ങൾ
- ശരിയായ രീതിയിൽ എർത്തിങ് ചെയ്യുക.
- വയറിങ്ങിലോ ഉപകരണങ്ങളിലോ ഉണ്ടാകാനിടയുള്ള വൈദ്യുത ലീക്കേജ് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ നിർബന്ധമായും സ്ഥാപിക്കുക.
- ലൈസൻസും പ്രായോഗിക പരിചയവുമുള്ള വിദഗ്ദ്ധരായ തൊഴിലാളികളെക്കൊണ്ട് മാത്രം വയറിങ് ജോലികൾ ചെയ്യിക്കുക.
- ഒരു പ്ലഗ് സോക്കറ്റിൽ ഒരു ഉപകരണം മാത്രം ഘടിപ്പിക്കുക. പ്ലഗ് സോക്കറ്റുകൾക്ക് സ്വിച്ചുകൾ ഉണ്ടായിരിക്കേണ്ടതാണ്.
- പ്ലഗ് പിൻ ഇടുമ്പോഴും ഊരുമ്പോഴും സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പുവരുത്തുക. വയറിൽ പിടിച്ച് പ്ലഗ് വലിച്ചൂരാതിരിക്കുക.
- നനഞ്ഞ കൈകൾ കൊണ്ട് സ്വിച്ചുകളോ മറ്റ് വൈദ്യുത ഉപകരണങ്ങളോ പ്രവർത്തിപ്പിക്കരുത്.
- കൺസീൽഡ് വയറിങ് ചെയ്യുമ്പോൾ വയറുകൾ കോൺക്രീറ്റുമായോ സിമന്റ് പ്ലാസ്റ്ററുമായോ നേരിട്ട് സമ്പർക്കത്തിൽ വരാത്ത രീതിയിൽ പൈപ്പുകൾക്കുള്ളിലൂടെ മാത്രം നൽകുക.
- വൈദ്യുത വയറിങ്ങിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് മുൻപ് വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കുക.
- വയറിങ്ങിൽ മാറ്റങ്ങൾ വരുത്തുമ്പോഴോ കൂടുതൽ ഉപകരണങ്ങൾ ഘടിപ്പിക്കുമ്പോഴോ സെക്ഷൻ ഓഫീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങുക.
- വൈദ്യുത ഉപകരണങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തുക. വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക.
- കുട്ടികൾക്ക് കൈയെത്തുന്ന ഉയരത്തിൽ വൈദ്യുത ഉപകരണങ്ങൾ സ്ഥാപിക്കരുത്.
- താൽക്കാലിക ലൈറ്റുകളും വയറുകളും മറ്റ് ഇരുമ്പ് തൂണുകളിലോ, ചുമരിലോ, കൂരയിലോ തട്ടുന്ന രീതിയിൽ അപകടകരമായി സ്ഥാപിക്കരുത്.
- വൈദ്യുത ലൈനുകൾക്ക് സമീപം പട്ടം പറത്തരുത്.
- ലൈനുകൾക്ക് സമീപമുള്ള മരങ്ങളിൽ നിന്ന് ഇരുമ്പുതോട്ടി പോലുള്ള ലോഹ വസ്തുക്കൾ ഉപയോഗിച്ച് കായ്കനികൾ പറിക്കാൻ ശ്രമിക്കരുത്.
- വൈദ്യുതി മൂലമുള്ള തീപിടുത്തമുണ്ടായാൽ തീ അണക്കാൻ വെള്ളമൊഴിക്കരുത്; പകരം ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡർ ടൈപ്പ് അഗ്നിശമന ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുക.
(ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ റിട്ടയേർഡ് സൂപ്രണ്ടും എൻജിനീയറുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.