വോട്ടവകാശം ഉൾപ്പെടെ എല്ലാ പൗരാവകാശങ്ങളുമുള്ളവരാണ് സർവകലാശാല വിദ്യാർഥികളിൽ മഹാഭൂരിപക്ഷവും. ഇക്കൂട്ടരുടെ മൗലികാവകാശമാണ് കേരള ഹൈകോടതി നിരോധിച്ചിരിക്കുന്നത്. സംഘടന സ്വാതന്ത്ര്യം ഭരണഘടനയിലെ സുപ്രധാന മൗലികാവകാശമാണ്. അതിന് കൂച്ചുവിലങ്ങിടാൻ രാജ്യത്തെ എക്സിക്യൂട്ടിവിനോ ജുഡീഷ്യറിക്കോ ഒരധികാരവുമില്ല. അധികാരമില്ലാത്ത ഒരു വിഷയത്തിലാണ് ഹൈകോടതി കടന്നുകയറിയിരിക്കുന്നതെന്ന് പറയേണ്ടിവരുന്നു. മൗലികാവകാശങ്ങളിൽ െവച്ച് ഏറ്റവും മൗലികമായത് വ്യക്തിസ്വാതന്ത്ര്യമാണ്. ആർട്ടിക്ൾ 19 മുതൽ 22 വരെ ഈ മൗലികാവകാശത്തിെൻറ വിവിധ വശങ്ങളെ പറ്റി പ്രതിപാദിക്കുന്നു. ഈ നാലു വകുപ്പുകളും വ്യക്തി സ്വാതന്ത്ര്യങ്ങളുടെ ഒരു അധ്യായമായി തീരുന്നു. അതുതന്നെയാണ് മൗലികാവകാശങ്ങളുടെ നട്ടെല്ല്. ഇതിൽ 19-ാം വകുപ്പാണ് ഏറ്റവും പ്രധാനം. ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പുനൽകിയ ‘മൗലിക സ്വാതന്ത്ര്യങ്ങൾ’ ഉൾക്കൊണ്ട സുപ്രധാന വകുപ്പാണിത്. പ്രസംഗത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യം, അസോസിയേഷനുകളും സംഘടനകളും രൂപവത്കരിക്കാനുള്ള അവകാശം എന്നിവയാണ് മുഖ്യ അവകാശങ്ങൾ. ഈ അവകാശങ്ങൾ എല്ലാ നിലയിലും സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രസംഗത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യത്തിനുമേൽ ചില നിയന്ത്രണങ്ങൾ ഭരണഘടനതന്നെ പറയുന്നുണ്ട്.
രാഷ്ട്രത്തിൻറ പരമാധികാരവും അവിഭാജ്യതയും, രാഷ്ട്രത്തിൻറ സുരക്ഷിതത്വം, വിദേശ രാഷ്ട്രങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങൾ, പൊതുസമാധാനം, അന്തസ്സ് അഥവാ സദാചാരം, കോർട്ട് അലക്ഷ്യം, അക്രമത്തിനുള്ള േപ്രരണ, മാനനഷ്ടം എന്നിവയുടെ അടിസ്ഥാനത്തിൽ അവകാശങ്ങൾ നിഷേധിക്കാം. എന്നാൽ, കാമ്പസ് രാഷ്ട്രീയം വിദ്യാർഥികൾക്ക് നിഷേധിക്കുമ്പോൾ അവർക്ക് ഇതുമായി ഏതെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പുമുടക്കിയുള്ള വിദ്യാർഥിസമരവും പ്രകടനവും സത്യഗ്രവും ഒന്നും പാടില്ലെന്നാണ് കേരള ഹൈകോടതി ഡിവിഷൻ െബഞ്ചിെൻറ വിധി. സമരം ചെയ്യുകയോ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കുകയോ ചെയ്യുന്ന വിദ്യാർഥികളെ പ്രിൻസിപ്പലിനോ കോളജ് അധികൃതർക്കോ പുറത്താക്കാമെന്ന് ഹൈകോടതി പറയുന്നു.വിദ്യാർഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള വഴി സമരമല്ലെന്നും കലാലയങ്ങളിൽ രാഷ്ട്രീയ സമരങ്ങൾ അനുവദിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ െബഞ്ചിെൻറ വിധിയിൽ പറയുന്നു. ഭരണഘടന അധിഷ്ഠിതമായ ജനാധിപത്യത്തിൽ ധർണ, നിരാഹാര സമരം, സത്യഗ്രഹം തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഒരു സ്ഥാനവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവ ഒട്ടും അനുവദിക്കാനാകില്ല.
കോടതിയുടെ അധികാരപരിധിയിൽ വരാത്തതും, വിദ്യാർഥികളുടെ മൗലികാവകാശങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതുമായ പലവിധികളും ഇതിനു മുമ്പും കേരള ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സോജൻ ഫ്രാൻസിസ് കേസ് മുതൽ വിദ്യാർഥിവിരുദ്ധമായ പല ഉത്തരവുകളും കേരള ഹൈകോടതിയിൽനിന്ന് വന്നിട്ടുമുണ്ട്. അതിനെല്ലാം എതിരായി ശക്തമായ പ്രതികരണങ്ങൾ വിദ്യാർഥികൾ ഉയർത്തുന്നു. കലാലയങ്ങളിൽ നടക്കുന്ന അക്രമപ്രവർത്തനങ്ങളെയും നിയമവിരുദ്ധ നടപടികളെയും തള്ളിക്കളയാനും ശക്തമായ നടപടികൾ സ്വീകരിക്കാനും കോടതികൾക്കധികാരമുണ്ട്. എന്നാൽ, കാമ്പസിലെ സംഘടന പ്രവർത്തനം അപ്പാടെ നിരോധിക്കണമെന്ന് പറയാൻ കോടതിക്ക് ഒരധികാരവുമില്ല. നിയമം വ്യാഖ്യാനിക്കാനേ സ്വാഭാവികമായും കോടതിക്ക് അധികാരമുള്ളൂ. നിയമനിർമാണം അവരുടെ അധികാരപരിധിയിൽ പെടുന്നതുമല്ല. വിദ്യാർഥിസംഘടനകൾ കലാലയങ്ങൾ കലാപകലുഷിതമാക്കുകയാണെന്നും അതുകൊണ്ട് ഈ സംഘടനകൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തണമെന്നുമുള്ള അഭിപ്രായം സമൂഹത്തിൽ വളർന്നുവന്നിട്ടുണ്ട്. അനാവശ്യസമരങ്ങളും സംഘർഷങ്ങളും, മോശപ്പെട്ട സംഘടനരീതികളുമെല്ലാം ചില വിദ്യാർഥി പ്രസ്ഥാനങ്ങൾ നടത്തുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മറ്റു സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുകയും, േസ്വച്ഛാധിപത്യപരമായി മുന്നോട്ടുപോകുകയും ചെയ്യുന്ന വിദ്യാർഥി പ്രസ്ഥാനങ്ങളും സംസ്ഥാനത്തുണ്ട്. എങ്കിലും കേരള നവോത്ഥാനത്തിന് മറ്റു വിഭാഗങ്ങളോടൊപ്പം സുപ്രധാന പങ്കുവഹിച്ച വിഭാഗംതന്നെയാണ് കലാലയ വിദ്യാർഥികളും. ദേശീയ,-സാർവദേശീയ പ്രശ്നങ്ങളിൽ പോലും ഇടപെടാനും അഭിപ്രായം രേഖപ്പെടുത്താനും സംസ്ഥാനത്തെ വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
1970കളിലും 1980കളിലുമെല്ലാം വിദ്യാർഥി സംഘടനകൾക്ക് കേരള രാഷ്ട്രീയത്തിൽതന്നെ വലിയ സ്ഥാനമാണുണ്ടായിരുന്നത്. 70കളിൽ കെ.എസ്.യുവും 80കളിൽ എസ്.എഫ്.ഐയുമായിരുന്നു സംസ്ഥാനത്തെ വിദ്യാർഥിരംഗത്തെ പ്രധാന സംഘടനകൾ. വിദ്യാർഥികളുടെയും പൊതുസമൂഹത്തിെൻറയും പ്രശ്നങ്ങൾ ഏറ്റെടുക്കാൻ ബഹുജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റാനും അന്ന് വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ, പിൽക്കാലത്ത് ഇൗ സ്വകാര്യത വിദ്യാർഥികൾ കളഞ്ഞുകുളിച്ചു. എന്തുകൊണ്ട് വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് ബഹുജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന അംഗീകാരം നഷ്ടമായി എന്നത് സ്വയം വിമർശനപരമായി ഈ സംഘടനകൾ പരിശോധിക്കേണ്ടതാണ്. അനാവശ്യസമരങ്ങളും വിദ്യാർഥി സംഘട്ടനങ്ങളുമെല്ലാം തുടർന്നുള്ള കാലഘട്ടങ്ങളിൽ വ്യാപകമായി ഉണ്ടായിട്ടുണ്ട്. വിദ്യാർഥികളുടെ താൽപര്യങ്ങളേക്കാൾ രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള സമരങ്ങളും വ്യാപകമായി. ഏറ്റവും സജീവമായ വിദ്യാർഥി പ്രശ്നങ്ങൾ രാഷ്ട്രീയ പരിഗണന ഒന്നുകൊണ്ടുമാത്രം വിദ്യാർഥി സംഘടനകൾ ഏറ്റെടുക്കാത്ത പല ഘട്ടങ്ങളും ഇതിനിടയിൽ ഉണ്ടാകുകയും ചെയ്തു. ഇതിെൻറയെല്ലാം അനിവാര്യ ഫലംതന്നെയാണ് വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് സമൂഹത്തിലുണ്ടായ കുതിപ്പിന് കോട്ടമായത്. വെറും കക്ഷിരാഷ്ട്രീയത ഉപേക്ഷിച്ച് വിദ്യാർഥിസംഘടനകളുടെ പ്രഖ്യാപിതമായ പരിപാടികളുമായി മുന്നോട്ടുപോകാൻ കഴിഞ്ഞാൽ കേരളത്തിലെ വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് ഇനിയും വലിയ ഭാവിയുണ്ട്. വിദ്യാർഥി സംഘടനകളും കാമ്പസ് രാഷ്ട്രീയവുമെല്ലാം ദശാബ്ദങ്ങൾ നീണ്ടുനിന്ന വിദ്യാർഥികളുടെ ശക്തമായ പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളുംകൊണ്ട് രാജ്യത്തെ വിദ്യാർഥി ലക്ഷങ്ങൾ നേടിയെടുത്തതാണ്. ഈ അവകാശങ്ങളാകെ നിഷേധിക്കുന്ന വിധിയോട് യോജിക്കാനാകില്ല. സംസ്ഥാന സർക്കാർ ഈ വിധിക്കെതിരായി സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനോടൊപ്പം വിദ്യാർഥികളുടെ സംഘടന സ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നിയമനിർമാണത്തിന് രൂപം കൊടുക്കാനും തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.