"ഇന്ത്യയുടെ ഭാഗദേയം നിർണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലാണ്" എന്നത് ആധുനിക ഇന്ത്യയിലെ വിദ്യാഭ്യാസ വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച കോത്താരി കമീഷൻ റിപ്പോർട്ടിലെ ശക്തമായ പ്രസ്താവനകളിൽ ഒന്നാണ്. ഏതൊരു നാടിന്‍റെയും ഭാവിയും ഭാഗദേയവും രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസ വ്യവസ്ഥയുടെ അനിഷേധ്യമായ പങ്ക് ഇത് വ്യക്തമാക്കുന്നുണ്ട്. കേരള സർക്കാർ കേന്ദ്ര സർക്കാറിന്‍റെ പി.എം ശ്രീ പദ്ധതിയുമായി സഹരിക്കുന്ന ധാരണപത്രം ഒപ്പുവെച്ചത് കേവല കക്ഷി രാഷ്ട്രീയ/ മുന്നണി മര്യാദ ചർച്ചകൾക്കപ്പുറം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിർണായക തീരുമാനമാവുന്നത് ആ പശ്ചാത്തലത്തിലാണ്.
രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന 14500 ലധികം സ്കൂളുകളെ നവീകരിച്ച് മോഡൽ സ്കൂളുകളാക്കി പരിവർത്തിപ്പിക്കുന്ന പദ്ധതിയാണ് പ്രാഥമികമായി പി.എം ശ്രീ (Pradhan Mantri Schools for Rising India) എന്ന പേരിൽ അറിയപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, ബോധനശാസ്ത്രം, കരിക്കുലം തുടങ്ങി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളിലെല്ലാം ഈ സ്കൂളുകൾക്ക് അതിന്‍റേതായ കാഴ്ചപ്പാടുകളുണ്ട്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) വിഭാവന ചെയ്യുന്ന വിദ്യാഭ്യാസ വ്യവസ്ഥയുടെ പ്രയോഗവൽക്കരണമാണ് അതിലേറ്റവും പ്രധാനം. ദേശീയ വിദ്യാഭ്യാസ നയം ആശയ ബന്ധിതമായ ഒരു ചട്ടക്കൂട് ആണെങ്കിൽ അതിന്‍റെ സമർഥമായ പ്രയോഗ രൂപങ്ങളിലൊന്നാണ് ഫലത്തിൽ പി.എം ശ്രീ പദ്ധതിയിലുൾപ്പെടുന്ന സ്കൂളുകൾ. അത് കൊണ്ടാണ് മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന വിദ്യാഭ്യാസ നിലവാരവുമുള്ള 'മോഡൽ സ്കൂളുകൾ' എന്ന കേവലതക്കപ്പുറം രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ ഏകപക്ഷീയമായ ഒരു സാംസ്കാരിക - രാഷ്ട്രീയ പദ്ധതിയായി ചുരുക്കുന്ന ആസൂത്രിത നീക്കമായി ഇത് വിലയിരുത്തപ്പെടുന്നത്.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തെ പി.എം ശ്രീ പദ്ധതിയുടെ അടിസ്ഥാന സ്വഭാവമുള്ള കേന്ദ്ര ആശയമായാണ് അതുമായി ബന്ധപ്പെട്ട രേഖകൾ പരിചയപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ചട്ടക്കൂട് ഒരിക്കലെങ്കിലും വായിച്ചാൽ ആർക്കും മനസിലാവുന്ന കാര്യമാണത്. ഇതിൽ പദ്ധതിയെ പരിചയപ്പെടുത്തുന്ന ആദ്യ പേജിൽ തന്നെ 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ വിവിധ വശങ്ങൾ പ്രകടമാക്കുന്ന രൂപത്തിൽ പദ്ധതിയിലുൾപ്പെട്ട സ്കൂളുകൾ ശാക്തീകരിക്കപ്പെടുമെന്ന പരാമർശം കാണാം.
തുടർന്നുള്ള ഭാഗങ്ങളിൽ ഈ സ്കൂളുകൾ ഇതേ വിദ്യാഭ്യാസ നയത്തിന്‍റെ പ്രയോഗവൽക്കരണത്തെ സഹായിക്കുന്നതിനെ കുറിച്ച പരാമർശങ്ങളുണ്ട്. പി.എം ശ്രീ സ്കൂളുകളെ കുറിച്ച് നിലവിൽ പബ്ലിക്കിൽ ലഭ്യമായ ഈ രേഖയിൽ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിക്കുന്നിടത്ത് സമാന പരാമർശങ്ങൾ കൂടുതൽ വ്യക്തതയിൽ വിശദീകരികക്കുന്നുണ്ട്. ഉദ്ദേശ്യ ലക്ഷ്യങ്ങളിലെ ഒന്നും മൂന്നും നാലും പോയിന്‍റുകൾ 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിലുള്ള സിലബസ്, കരിക്കുലം, ബോധന ശാസ്ത്രം തുടങ്ങിയവയുടെ പ്രയോഗവൽക്കരണത്തെ കുറിച്ച വ്യക്തമായ സൂചനയാണ്.
കേരള സർക്കാർ നിലവിൽ ഒപ്പുവെച്ച ധാരണപത്രത്തിലും സമാന സ്വഭാവമുള്ള വ്യക്തമായ പരാമർശങ്ങളുണ്ട്. ധാരണപത്രത്തിന്‍റെ വ്യാപ്തി എന്ന ശീർഷകത്തിന് കീഴിൽ ആദ്യം പറയുന്ന കാര്യം ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകൾ 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവൻ വ്യവസ്ഥകളും പരിപൂർണമായി നടപ്പിലാക്കണമെന്നാണ്. അഥവാ, എസ്.എഫ്.ഐ നേതാക്കൾ പത്ര സമ്മേളനത്തിൽ പറയുന്നത് പോലെ പി.എം ശ്രീ സ്കൂളുകളുടെ നടത്തിപ്പും ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള സന്ധിയില്ലാ സമരവും ഒരുമിച്ച് നടത്താൻ കഴിയില്ലെന്ന് സാരം.
ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് അൽപം കൂടി 'സത്യസന്ധത' കാണിച്ചത് എന്ന് വേണം മനസിലാക്കാൻ. കേരളം ധാരണപത്രം ഒപ്പുവെച്ച കാര്യം വിശദീകരിച്ച പത്ര സമ്മേളനത്തിൽ എൻ.ഇ.പി യുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ദേശീയ വിദ്യാദ്യാസ നയത്തിനെന്താണ് കുഴപ്പമെന്ന് കൂടി ചോദിക്കുന്നുണ്ട് അദ്ദേഹം.
ഹിന്ദുത്വ ശക്തികൾ തങ്ങളുടെ തുടക്കകാലം മുതൽ വിദ്യാഭ്യാസത്തിനും അതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഹിന്ദുത്വ വംശീയതയുടെ സങ്കുചിത ദേശീയ താൽപര്യങ്ങൾക്കനുസൃതമായി രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ രൂപപ്പെടുത്താനുതകും വിധം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വർഷങ്ങളായി സംഘ്പരിവാറിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സംഘ്പരിവാർ ശക്തികൾ പതിറ്റാണ്ടുകളായി നടത്തിവരുന്ന ഇത്തരം പ്രവർത്തനങ്ങളും ആസൂത്രണങ്ങളും വലിയ അളവിൽ സ്വാധീനിച്ച രേഖകളിലൊന്നാണ് നീണ്ട 34 വർഷങ്ങൾക്ക് ശേഷം പുറത്തിറക്കപ്പെട്ട 2020 ലെ ദേശീയ വിദ്യാഭ്യാസ നയം. രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് തങ്ങൾ മുന്നോട്ട് വെച്ച 60-70 % നിർദ്ദേശങ്ങളും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉള്ളടങ്ങിയിട്ടുണ്ട് എന്ന ഭാരതീയ ശിക്ഷൺ മണ്ഡൽ (BSM) വക്താവ് കെ.ജി. സുരേഷിന്‍റെ പ്രസ്താവന ഈ സ്വാധീനത്തിൻ്റെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയ രൂപീകരണത്തിൽ ഹിന്ദുത്വ ശക്തികളുടെ തുറന്ന പങ്കിനെ കുറിച്ച നിരവധി വിശദാംശങ്ങൾ മാധ്യമപ്രവർത്തകയായ അശ്മിത നന്ദി ദി ക്വിന്‍റിൽ എഴുതിയ ലേഖനത്തിൽ വിശദമാക്കുന്നതായി കാണാം.
2020 ൽ പുറത്തിറങ്ങിയ ഈ പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ ക്രമേണ കാവിവൽക്കരിക്കുന്ന നിരവധി വ്യവസ്ഥകളാൽ സമ്പന്നമാണെന്ന ഗൗരവപ്പെട്ട വിമർശനങ്ങൾ അന്ന് തന്നെ ഉയർന്നിട്ടുണ്ട്. ഇതിലെ വിദ്യാഭ്യാസത്തിന്‍റെ ഭാരതീയവൽക്കരണം, പരമ്പരാഗത ഹൈന്ദവ മൂല്യങ്ങളുടെ പ്രചരണം, സംസ്കൃതത്തിന് നൽകപ്പെടുന്ന അമിതപ്രാധാന്യം, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ച ബോധപൂർവമായ മൗനം തുടങ്ങിയ കാര്യങ്ങൾ ആസൂത്രിതമായ ഈ കാവിവൽക്കരണ അജണ്ടകളുടെ തുറന്ന ഉദാഹരണങ്ങളാണ്. കേവല ആശയങ്ങൾ എന്നതിനപ്പുറം ഈ നയത്തിന്‍റെ സമർഥമായ പ്രയോഗങ്ങൾ പാഠ്യപദ്ധതിയിലെ തിരുത്തലുകളായും ഗവേഷണ വിഷയങ്ങളിലെ ഇടപെടലുകളായും കേന്ദ്രീകൃത ഡാറ്റ ശേഖരണമായുമൊക്കെ നമുക്ക് ചുറ്റും നടന്ന് കൊണ്ടിരിക്കുന്നുണ്ട്. അടുത്തിടെ എൻ.സി.ഇ.ആർ.ടി (NCERT) ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ, ദൽഹി സുൽത്താനേറ്റ് കാലഘട്ടങ്ങളെ നീക്കം ചെയ്ത നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പുതിയ വിദ്യാഭ്യാസ നയം നിർദേശിക്കുന്ന നോളജ് ഓഫ് ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണ വിഷയങ്ങൾ കേരളത്തിലുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർദേശിക്കപ്പെടുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ അടിമുടി കാവിവൽക്കരിക്കുന്ന ഈ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ തുടർച്ചയിലാണ് യഥാർത്ഥത്തിൽ പി.എം ശ്രീ സ്കൂളുകൾ മനസിലാക്കപ്പെടേണ്ടത്.
2020ലെ ദേശീയ വിദ്യാഭ്യാസ നയം പുറത്ത് വന്നപ്പോൾ അതിൽ ഉള്ളടങ്ങിയിട്ടുള്ള ഹിന്ദുത്വ താൽപര്യങ്ങളെ കുറിച്ച് പഠന റിപ്പോർട്ടുകളും പ്രചാരണ പരിപാടികളും ഉൾപ്പെടെ നടത്തി ദേശീയ തലത്തിൽ ശ്രദ്ധനേടിയ ഇടപെടലുകൾ നടത്തിയവരാണ് സി.പി.ഐ (എം) ന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ. സംഭവിച്ചതൊന്നുമറിയാതെ എൻ.ഇ.പിക്കെതിരായ പാർട്ടി നിലപാട് കഴിഞ്ഞ ദിവസം കൂടി ആവർത്തിക്കുന്നുണ്ട് അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ ബേബി. പുതിയ വിദ്യാഭ്യാസ നയത്തിൽ അടങ്ങിയിരിക്കുന്ന അപകടങ്ങളെ കുറിച്ച മികച്ച വിശദീകരണങ്ങളിലൊന്ന് അന്നത്തെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റും നിലവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിന്‍റേതായി ഇപ്പോഴും സോഷ്യൽ മീഡിയയിലുണ്ട്. നിലവിലെ എല്ലാ വൈരുദ്ധ്യങ്ങൾക്കിടയിലും എൻ.ഇ.പിക്കെതിരായ തങ്ങളുടെ സന്ധിയില്ലാ സമരം തുടരുമെന്ന് ഇപ്പോഴും ആവർത്തിക്കുന്നുണ്ട് എസ്.എഫ്.ഐ. മറുവശത്ത്, നേരിയ കൂടിയാലോചന പോലുമില്ലാതെ പ്രത്യക്ഷ ഇടത് നയത്തെ കാറ്റിൽ പറത്തി പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൻ്റെ ഞെട്ടൽ ഇപ്പോഴും വിട്ടു മാറിയിട്ടില്ല സി.പി.ഐക്ക്. ഇങ്ങനെയല്ല ഇടതുപക്ഷമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ആത്മഗതത്തിന് പതിവിൽ കവിഞ്ഞ മുഴക്കമുണ്ട്. അവരുടെ വിദ്യാർത്ഥി - യുവജന സംഘടനകൾ കേരളത്തെ ഹിന്ദുത്വ ശക്തികൾക്ക് തീറെഴുതിക്കൊടുത്തതിനെതിരെ ഇപ്പോഴും തെരുവിലാണുള്ളത്. ഇങ്ങനെ തങ്ങളുടെ തന്നെ ചരിത്രത്തെയും വർത്തമാനത്തെയും പ്രഖ്യാപിത നയങ്ങളെയും തന്നെയാണ് പി.എം ശ്രീ പദ്ധതിയുടെ നടത്തിപ്പുകാരാവുന്നതിലൂടെ യഥാർത്ഥത്തിൽ സി.പി.എം വഞ്ചിക്കുന്നത്.
സാമ്പത്തിക രംഗത്തുൾപ്പെടെ കേന്ദ്ര സർക്കാറിൽ നിന്നുള്ള നിരന്തര സമ്മർദ്ദങ്ങളും കേന്ദ്ര-സംസ്ഥാന ഇടപാടുകളിലെ നിർബന്ധിതാവസ്ഥകളുമാണ് തിരക്കിട്ട് പി.എം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെക്കാനുള്ള ന്യായമായി പറയപ്പെടുന്ന കാര്യങ്ങളിൽ ചിലത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ആകെ ലഭിക്കാനുള്ളത് 1466 കോടി രൂപയാണ്. തമിഴ്നാടിന് 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം തടയപ്പെട്ടത് 2151.60 കോടിയും പശ്ചിമബംഗാളിന് തടയപ്പെട്ടത് 1745. 80 കോടിയുമാണ്. കേന്ദ്രത്തിന്‍റെ സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തുകയാണ് തമിഴ്നാട് സർക്കാർ. ദേശീയ വിദ്യാദ്യാസ നയത്തിലെ നിർദേശങ്ങൾ പൂർണമായി നടപ്പിലാക്കണമെന്ന വ്യവസ്ഥയോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഇരു സംസ്ഥാനങ്ങളും പി.എം ശ്രീ പദ്ധതിക്കെതിരെ നിലയുറപ്പിച്ചിരിക്കുന്നത്. കേരളത്തെക്കാൾ രൂക്ഷമായ സാമ്പത്തിക ഞെരുക്കലുകൾ നിലനിൽക്കുമ്പോഴും കേന്ദ്രവുമായുള്ള ഇടപാടുകളിൽ സമ്പൂർണ വിധേയത്വത്തിന്‍റേതല്ലാത്ത ഫെഡറലിസത്തിന്‍റെ സാധ്യതകളാണ് അവർ പങ്ക് വെക്കുന്നത്.
സംസ്ഥാനത്തെ നിശ്ചിത സ്കൂളുകൾ പി.എം ശ്രീ പദ്ധതിയിലുൾപ്പെടുന്നതിലൂടെ കരഗതമാവുന്ന ഉയർന്ന പഠന നിലവാരവും മികച്ച പശ്ചാത്തല സൗകര്യങ്ങളുമാണ് പറയപ്പെടുന്ന മറ്റൊരു നേട്ടം. പി.എം ശ്രീ പദ്ധതി 'മോഡൽ സ്കൂളുകൾ' ആയി പരിചയപ്പെടുത്തുന്ന സ്കൂളുകളുടെ പഠന നിലവാരവും പശ്ചാത്തല സൗകര്യങ്ങളും കേരളത്തിലെ ശരാശരി സ്കൂളുകൾ പതിറ്റാണ്ടുകൾ മുമ്പ് തന്നെ കൈവരിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. പി.എം ശ്രീ പദ്ധതി നടപ്പാക്കുമ്പോൾ തന്നെ എൻ.ഇ.പി നടപ്പിലാക്കാതിരിക്കാനുള്ള ബദൽ മാർഗങ്ങൾ വികസിപ്പിക്കുമെന്നതാണ് സർക്കാരിന്‍റെ മറ്റൊരു ആത്മവിശ്വാസം. രാജ്യത്തെ വിദ്യാർത്ഥികളുടെ സമഗ്ര വിവര ശേഖരണം ലക്ഷ്യം വെക്കുന്ന എൻ.ഇ.പി യിലെ 'വൺ നാഷൻ, വൺ സ്റ്റുഡന്‍റ് ഐഡി' എന്നറിയപ്പെടുന്ന APAAR ഐ.ഡി യുടെ കാര്യമെടുക്കാം. തമിഴ്നാടും പശ്ചിമബംഗാളും ബദൽ മാർഗങ്ങളിലൂടെ ഇതിനെ പ്രതിരോധിച്ചപ്പോൾ കേരളം ഇതി തത്വത്തിൽ പ്രതിരോധിക്കുകയും പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്തുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. അല്ലെങ്കിലും ബദൽമാർഗങ്ങളെ കുറിച്ച് അത്ര ആത്മവിശ്വാസമുള്ളവർ സ്വന്തം ഘടകകക്ഷികളിൽ പ്രധാനികളെപ്പോലും അറിയിക്കാതെ രഹസ്യ നീക്കം നടത്തേണ്ടതില്ലല്ലോ. സി.പി.ഐ (എം) ഇപ്പോൾ പറയുന്ന ബദൽ മാർഗങ്ങളെ കുറിച്ച വിശദീകരണങ്ങളെ അവിശ്വസിക്കാൻ ഇങ്ങനെ പല കാരണങ്ങളുണ്ട്.
ചുരുക്കത്തിൽ, കേരളത്തിന്‍റെ വിദ്യാഭ്യാസ വ്യസ്ഥയെ ക്രമപ്രവൃദ്ധമായി ഹിന്ദുത്വ താൽപര്യങ്ങൾക്ക് വിധേയപ്പെടുത്തുന്ന ഗുരുതര നീക്കമാണ് പി.എം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെക്കുന്നതിലൂടെ കേരള സർക്കാർ നടത്തിയിരിക്കുന്നത്. തുടർഭരണമുൾപ്പെടെയുള്ള പല താൽപര്യങ്ങൾ ഇതിൽ സി.പി.ഐ (എം) നെ പ്രലോഭിപ്പിക്കുന്നുണ്ടാവണം. മുഖ്യമന്ത്രിയും സഹപ്രവർത്തകരും ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ടതിന്‍റെ ആറാം നാൾ ആരുമറിയാതെ ഈ ധാരാണ പത്രത്തിൽ ഒപ്പുവെച്ചത് യാദൃശ്ചികമല്ലാതാവുന്നത് അത് കൊണ്ടാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിച്ചേക്കാവുന്ന സി.പി.ഐ (എം) - ആർ.എസ്.എസ് ധാരണയുടെ പല ലക്ഷണങ്ങൾ അടുത്ത കാലത്ത് നാം കാണുന്നുണ്ട്. കേവല രഹസ്യ നീക്കുപോക്കുകൾ എന്നതിനപ്പുറം ആ ധാരണ കമ്യൂണിക്കേറ്റ് ചെയ്യപ്പെടണം എന്ന തീരുമാനം കൂടി പ്രതിഫലിക്കുന്നുണ്ട് പി.എം ശ്രീയുമായി ബന്ധപ്പെട്ട സർക്കാർ നീക്കങ്ങളിൽ.
അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കഴിഞ്ഞ രണ്ട് വർഷമായി നിശിത വിമർശനങ്ങളുയർത്തിയൊരു പദ്ധതിയുടെ നടത്തിപ്പുകാരാവാൻ പാർട്ടിയും സർക്കാറും തീരുമാനിക്കുന്നത്. പുതിയ തീരുമാനത്തിൽ എ.ബിവി.പി യുടെയും കെ സുരേന്ദ്രന്‍റെയും അഭിനന്ദന പ്രവാഹം വിദ്യാഭ്യാസ മന്ത്രിയെ അസ്വസ്ഥപ്പെടുത്താതിരിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെ അപ്പാടെ കാവിവൽക്കരിക്കുന്ന നീക്കമായി പി.എം ശ്രീ സ്കൂളുകൾ വിലയിരുത്തപ്പെടണം. ഇടതു സർക്കാറിന്‍റെ സംഘ്പരിവാർ ദാസ്യത്തെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ചെറുത്തു തോൽപ്പിക്കണം.
(എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.