പര്‍വേസ് ആലമിനോട് തോല്‍ക്കുന്ന ഭീകരത

ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറ പേരില്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നത് ഭരണകൂട ഭീകരതയാണെന്ന് സ്ഥാപിച്ച അഡ്വ. പര്‍വേസ് ആലമിനെ കാണാന്‍ ഭോപാലിലെ വീട്ടിലത്തെുമ്പോള്‍ കൊല്ലപ്പെട്ടവര്‍ സിമിക്കാരല്ളെന്ന് വിധിച്ച കോടതി ഉത്തരവുകളോരോന്നായി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം. ഭോപാലില്‍ കൊല്ലപ്പെട്ടവരൊന്നും സിമി പ്രവര്‍ത്തകരല്ളെന്ന് നിരോധിക്കുംമുമ്പ് സിമി പ്രസിഡന്‍റായിരുന്ന ശാഹിദ് ബദര്‍ വാര്‍ത്താക്കുറിപ്പിറക്കുന്നതിനുമുമ്പേ കോടതികളെക്കൊണ്ട് ഇത് പറയിക്കാന്‍ ദേശീയശ്രദ്ധയാകര്‍ഷിച്ച ഭോപാല്‍ ബാറിലെ ഈ അഭിഭാഷകന് കഴിഞ്ഞിരുന്നു. 
 
വക്കാലത്ത് ഏറ്റെടുത്ത 18 പ്രതികളും സിമിക്കാരല്ളെന്ന് തെളിയിച്ചതോടെ തന്നെ ഇവരെ ഭീകരക്കേസില്‍ കുടുക്കുന്നതിനുള്ള മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്‍െറ അടിസ്ഥാന വാദം പൊളിക്കാന്‍ പര്‍വേസിന് കഴിഞ്ഞു. കൈവശം സിമിയുടെ സാഹിത്യങ്ങള്‍ വെച്ചുവെന്ന് പറഞ്ഞ് ഹാജരാക്കാന്‍ ഒരു പുസ്തകം പോലുമിവര്‍ക്ക് ലഭിച്ചില്ല. അല്ളെങ്കില്‍ അതിന്‍െറ അംഗത്വം എടുത്തുവെന്ന് സ്ഥാപിക്കാനുള്ള മെംബര്‍ഷിപ് കാര്‍ഡ്, അല്ളെങ്കില്‍ പാര്‍ട്ടിക്കായി ഫണ്ട് സമാഹരിച്ചതിന്‍െറ രസീത്, പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന വിലാസവുമൊക്കെ  ശേഖരിച്ച് ഒരുമിച്ചുകൂട്ടിയെങ്കില്‍ മാത്രമേ നിരോധിത സംഘടനയില്‍ അംഗമാണെന്ന് തെളിയിക്കാന്‍ കഴിയൂ. നിരോധിച്ച സിമിയുമായി ബന്ധമോ അവയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമോ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ യു.എ.പി.എ നിലനില്‍ക്കില്ളെന്ന് വന്നതോടെ സിമി പ്രവര്‍ത്തകരെന്ന് ആരോപിച്ച് മധ്യപ്രദേശിനകത്തും പുറത്തുംനിന്ന് പിടിച്ച് യു.എ.പി.എ ചുമത്തിയവര്‍ക്കെതിരെ ഈ കുറ്റം ചുമത്താനുള്ള തെളിവ് കിട്ടാന്‍ പൊലീസ് വിയര്‍ത്തു.

അങ്ങനെയാണ് ഒരിക്കലും ജയില്‍മോചിതരാകാത്ത നിലയില്‍ സ്ഫോടനവും കൊലപാതകശ്രമവും കവര്‍ച്ചയുമടക്കമുള്ള മറ്റു കേസുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി ഇവര്‍ക്കെതിരെ ചുമത്തിത്തുടങ്ങിയത്.  അഹ്മദാബാദില്‍നിന്നുള്ള ശൈഖ് മുജീബിനെതിരെ ബാങ്ക് കവര്‍ച്ചക്കുള്ള കേസുമെടുത്തു. ഇലക്ട്രിക്കല്‍ ഷോപ് നടത്തുന്ന ഉജ്ജൈനില്‍നിന്നുള്ള മാജിദ് നാഗൂരിക്കെതിരെ യു.എ.പി.എക്കൊപ്പം സ്ഫോടകവസ്തു നിരോധന നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. നാലുപേര്‍ക്കെതിരെ ബി.ജെ.പി നേതാവിനെയും ആര്‍.എസ്.എസ് നേതാവിനെയും കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസെടുത്തത് വധശ്രമത്തിനുള്ള കേസായേ കോടതി പരിഗണിച്ചുള്ളൂ. എന്നിട്ടും യു.എ.പി.എ ചുമത്താന്‍ മധ്യപ്രദേശ് സര്‍ക്കാറും ഭീകരവിരുദ്ധ സ്ക്വാഡും നന്നായി വിയര്‍ത്തു.

ഒരു പ്രതിക്കെതിരെ കുറ്റംചുമത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് യു.എ.പി.എ നിയമത്തിന്‍െറ 45ാം വകുപ്പ് അനുശാസിക്കുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ കോടതി  കുറ്റവിചാരണയിലേക്ക് കടക്കാന്‍ ഒരു കോടതിയും അനുവദിക്കില്ല. അല്ലാതെ ആ കേസ് നിലനില്‍ക്കില്ല. എന്നാല്‍, നിയമവും വ്യവസ്ഥയുമില്ലാത്ത മധ്യപ്രദേശ് പൊലീസ് ഈ ബാലപാഠംപോലും പരിഗണിക്കാറില്ല. അതുവെച്ചാണ് ഡല്‍ഹി നോയിഡയില്‍ പ്രഫസറായിരുന്ന ഭോപാല്‍ സ്വദേശി നൂര്‍ ദേശ്മുഖിനെ പര്‍വേസ് യു.എ.പി.എയില്‍ നിന്ന് രക്ഷിച്ചെടുത്തത്. സ്വന്തം വീടിന്‍െറ വാതിലിന് മുന്നില്‍ ആരോ പതിച്ച പോസ്റ്ററായിരുന്നു നൂറിനെതിരെയുള്ള കാര്യമായ തെളിവ്. ഈ കേസില്‍ യു.എ.പി.എ ചുമത്താന്‍ അനുമതി നല്‍കിയത് മധ്യപ്രദേശ് സര്‍ക്കാറിലെ ഡെപ്യൂട്ടി സെക്രട്ടറി. ഡെപ്യൂട്ടി സെക്രട്ടറിയെ ക്രോസ്വിസ്താരം നടത്തി. യോഗ്യത എന്താണെന്ന് ചോദിച്ചപ്പോള്‍ ഹയര്‍ സെക്കന്‍ഡറി. ഭരണഘടന അറിയില്ല, ഇന്ത്യന്‍ ശിക്ഷാനിയമം അറിയില്ല. ക്രിമിനല്‍ ശിക്ഷാനിയമമറിയുമോ? അതുമില്ല. പിന്നെങ്ങനെ കുറ്റപത്രം തയാറാക്കിയെന്ന് ചോദിച്ചപ്പോള്‍ മേലുദ്യോഗസ്ഥന്‍ പറഞ്ഞതുപ്രകാരം പ്രതികളുടെ പേര് മാറ്റി മറ്റൊരു കുറ്റപത്രം ‘കട്ട് ആന്‍ഡ് പേസ്റ്റ്’ ചെയ്തുവെന്നായിരുന്നു മറുപടി. ഈ ഒരൊറ്റ വിസ്താരത്തോടെ കേസ് തള്ളി നൂറിനെ കോടതി കുറ്റമുക്തനാക്കി. നീണ്ട 12 വര്‍ഷം കേസുമായി നടന്നശേഷമായിരുന്നു ഈ കുറ്റമുക്തമാക്കല്‍.

മധ്യപ്രദേശ് സര്‍ക്കാറിന്‍െറ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസിസ്റ്റന്‍റ് കെമിസ്റ്റ് ആയിരുന്നു നൂറിന്‍െറ സഹോദരന്‍ മുനീര്‍ ദേശ്മുഖ്. മധ്യപ്രദേശിലെ പൊലീസ് വേട്ട ഭയന്ന് മഹാരാഷ്ട്രയിലെ ഒൗറംഗാബാദിലേക്ക് പോയതോടെ ഭോപാലില്‍ അഞ്ച് കേസുകളും ഉജ്ജൈനില്‍ ആറ് കേസുകളും മുനീറിനെതിരെ രജിസ്റ്റര്‍ ചെയ്തു. 2001ല്‍ സിമിയെ നിരോധിച്ചശേഷം അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോയിട്ടില്ളെന്ന് മുനീര്‍ ആണയിട്ടെങ്കിലും ഭീകരവിരുദ്ധ സ്ക്വാഡ് അംഗീകരിച്ചില്ല. ഉജ്ജൈനിലെ സഫ്ദര്‍ നാഗൂരിയുമായി ചേര്‍ന്ന് മധ്യപ്രദേശില്‍ ഇരുവരും സിമിയെ ശക്തിപ്പെടുത്തിയെന്നായിരുന്നു ആരോപണം.

ഈ കേസില്‍ കുറ്റപത്രത്തോടൊപ്പമുള്ള ഡയറി തങ്ങളുടെ പക്കല്‍നിന്ന് കാണാതായെന്ന് പൊലീസ് മേധാവി അലോക് രഞ്ജന്‍ വ്യക്തമാക്കിയതോടെ മുനീറിനെയും കോടതി യു.എ.പി.എയില്‍നിന്ന് കുറ്റമുക്തനാക്കി. ഡയറി കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട അഡീഷനല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചു. ഈ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണ നടപടികള്‍ക്ക് തുടക്കംകുറിക്കാനും കാണാതായ സമയത്ത് ഡയറി ആരുടെ കൈവശമായിരുന്നോ അയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി തുടങ്ങാനും ഉത്തരവില്‍ നിര്‍ദേശിച്ചു. 2013ലെ ഈ ഉത്തരവ് ഇന്നുവരെ നടപ്പാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയാറായിട്ടില്ളെന്ന് പര്‍വേസ് ആലം പറഞ്ഞു. അതിനെതിരെ അപ്പീല്‍ നല്‍കാനും തയാറായിട്ടില്ല. അതേസമയം, പ്രമാദമായ കേസ് ഡയറി കാണാതായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പുതിയ ഒരെണ്ണം താമസിയാതെ ഉണ്ടാക്കുമെന്നായിരുന്നു രഹസ്യാന്വേഷണ തലവന്‍ ഋഷി ശുക്ളയുടെ മറുപടി.

ഭരണകൂട ഭീകരതയെ കോടതിക്കകത്ത് തോല്‍പിച്ച് കണ്ണിലെ കരടായി മാറിയ പര്‍വേസ് ഭോപാല്‍ കൂട്ടക്കൊലക്കുശേഷം മാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടല്‍ മധ്യപ്രദേശ് സര്‍ക്കാറിന് അതിലേറെ തലവേദനയാണുണ്ടാക്കിയത്. സി.ഐ.ഡി ഏറ്റുമുട്ടലും എന്‍.ഐ.എ തടവുചാട്ടവും അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍െറ ആദ്യ പ്രഖ്യാപനം. സി.ഐ.ഡി സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന് കീഴിലും എന്‍.ഐ.എ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന് കീഴിലുമാണെന്നും ഒന്ന് മറ്റൊന്നിന്‍െറ തുടര്‍ച്ചയായിരിക്കെ രണ്ട് അന്വേഷണവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവിധം തുമ്പില്ലാതാക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നും പര്‍വേസ് ആലം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചതോടെ ബി.ജെ.പി ഭരണകൂടം കളിമാറ്റി. റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു.

ജയിലിനകത്തെ സി.സി.ടി.വികള്‍ കണ്ടെടുത്ത് മുദ്രവെക്കണമെന്നും ജയില്‍ ഗാര്‍ഡിനെ കൊന്ന പ്രതികളെ കണ്ടത്തൊന്‍ അത് അനിവാര്യമാണെന്നും ആലം ആവശ്യപ്പെട്ടതോടെ തടവു ചാടിയ ഭാഗത്തെ നാല് കാമറകളും കേടായെന്ന വിശദീകരണവുമായി സര്‍ക്കാറിന് ഓട്ടയടക്കേണ്ടിവന്നു. പര്‍വേസ് വക്കാലത്ത് ഏറ്റെടുത്ത കേസുകളെല്ലാം ഭോപാല്‍ ജില്ലാ കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ് ഹൈകോടതി. മധ്യപ്രദേശിലെ വിവിധ കോടതികളിലുള്ള സിമികേസുകള്‍ക്കായി നടന്ന് കാലുകള്‍ കഴച്ചപ്പോഴാണ് ഇത്തരമൊരു അപേക്ഷ അദ്ദേഹം നല്‍കിയത്.

നീതി ജയിക്കാന്‍ കേസില്‍ കോടതിയെ സഹായിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് പറയുന്ന പര്‍വേസ് ആലം ഈ തടവുകാരെ തടവുചാടിച്ച് നടത്തിയ ഈ കൂട്ടക്കുരുതിക്കുശേഷവും താന്‍ പോരാട്ടം തുടരുമെന്ന് ആണയിടുന്നു. അതേസമയം, തന്‍െറ കക്ഷികളെ കൂട്ടക്കുരുതി ചെയ്തതോടെ കേസുമായി മുന്നോട്ടുള്ള പോക്കിന് തനിക്ക് സുരക്ഷ അനിവാര്യമായി വന്നിരിക്കുകയാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു.

‘‘മരണത്തെക്കുറിച്ച് ഭയമുണ്ടായിട്ടല്ല. എന്നെങ്കിലുമൊരുനാള്‍ മരിക്കേണ്ടിവരും. അതിനുമുമ്പേ ഏറ്റെടുത്ത ഈ പോരാട്ടം വിജയത്തിലത്തെിക്കണം. അത് പാതിവഴിയിലിട്ടുപോകരുതെന്ന് ആഗ്രഹമുണ്ട്’’. പര്‍വേസ് ആലമിന്‍െറ മുന്നിലുള്ള ഭീഷണി കണ്ടറിഞ്ഞാണ് വ്യാജ ഏറ്റുമുട്ടല്‍ കേസിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ചര്‍ച്ചചെയ്യാന്‍ നവംബര്‍ മൂന്നിന് ഭോപാല്‍ ഗാന്ധിഭവനില്‍ കൂടിയ സര്‍വകക്ഷി യോഗം അദ്ദേഹത്തിന് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടത്. സംഘ്പരിവാറുമായി ബന്ധമില്ലാത്ത കോണ്‍ഗ്രസും ഇടതുസംഘടനകളുമടക്കം ഏതാണ്ടെല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ഭോപാല്‍ കേന്ദ്രീകരിച്ച സാമൂഹിക സംഘടനകളുടെയും പ്രതിനിധികള്‍  യോഗത്തില്‍ പങ്കെടുത്തിരുന്നു.

സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടലില്‍ അമിത് ഷായെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ ഏറ്റവുമൊടുവില്‍ സുപ്രീംകോടതിയെ സമീപിച്ച ഹര്‍ഷ് മന്ദിര്‍ അടക്കമുള്ളവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നടത്തിയ പോരാട്ടം വിശദീകരിച്ച ഹര്‍ഷ് മന്ദിര്‍ പ്രതികളായ ഉന്നതരില്‍ പലരും രക്ഷപ്പെട്ടെങ്കിലും കുറച്ചുനാളെങ്കിലും അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന ജയില്‍വാസം ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം ആവര്‍ത്തിച്ച വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് അറുതിവരുത്തിയത് മറക്കരുതെന്ന് ഓര്‍മിപ്പിച്ചു.

മധ്യപ്രദേശിലെ ഈ വ്യാജ ഏറ്റുമുട്ടലും അവസാനത്തേതാക്കി മാറ്റാന്‍ പഴുതടച്ച നിയമയുദ്ധം മാത്രമേ പരിഹാരമുള്ളൂ എന്നും ഹര്‍ഷ് മന്ദിര്‍ ചൂണ്ടിക്കാട്ടി. ഗാന്ധിഭവനിലത്തെിയ നൂറോളം പേരുടെ ഏകകണ്ഠമായ പിന്തുണക്ക് കൃതജ്ഞത രേഖപ്പെടുത്തി വികാരാധീനനായി പര്‍വേസ് ആലം പറഞ്ഞ മറുപടി ഇതായിരുന്നു: ‘‘ഒന്നും വേണ്ട. കൂടെ നില്‍ക്കാന്‍ ഇതില്‍നിന്ന് ഒരമ്പത് പേരുണ്ടായാല്‍ മതി.’’

Tags:    
News Summary - parves alam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT