ഫാറൂഖ്​ കോളജിന്‍റെ വഖഫ്​ ഭൂമിയിൽ രാഷ്​​ട്രീയക്കാർ കളിക്കുന്നതെന്തിന്​?

വ്യക്തിയുടെ സമ്പത്ത് സമൂഹത്തിനുകൂടി ഗുണകരമായിത്തീരുന്ന വിധം വിനിയോഗിക്കപ്പെടേണ്ടതാണെന്ന് ഇസ്​ലാം നിഷ്കർഷിക്കുന്നു. അതുകൊണ്ടാണ്, സമ്പന്നരായ മുസ്​ലിംകളെ വസ്തുവകകൾ വരുംതലമുറക്കു വേണ്ടി വഖഫ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇസ്​ലാമിൽ സ്വത്ത് സമ്പാദിക്കുന്നതിനെന്നപോലെ വഖഫ് ചെയ്യുന്നതിനും നിബന്ധനകളുണ്ട്. വിശ്വാസമനുസരിച്ച്​ വഖഫ് വ്യക്തിയെ കാലാകാലം ദൈവസമക്ഷം പ്രതിഫലാർഹനാക്കുന്നു. അതിനാൽ അതിന് കാലഗണനയില്ല. മാത്രമല്ല, വഖഫ് ചെയ്യപ്പെട്ട വസ്തു ചെയ്ത ആൾക്കോ, മറ്റാർക്കെങ്കിലുമോ അനന്തര സ്വത്തായി എടുക്കാനോ വിൽക്കാനോ, ദാനം ചെയ്യാനോ പാടില്ല. അതിന്‍റെ ഉപയോഗം നിർദേശിക്കാനും ഉപാധികൾ വെക്കാനുമുള്ള അവകാശം വഖഫ് ചെയ്യുന്ന ആളിൽ നിക്ഷിപ്തമാണ്.

ഇത്തരം സ്വത്തുക്കൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ഭരണകൂടങ്ങൾ ശ്രദ്ധിക്കാറുണ്ട്. കാരണം, ഇതിന്‍റെ ഗുണഭോക്താക്കൾ പൊതുസമൂഹമാണ്. മുസ്​ലിം ഭരണകൂടങ്ങൾ മാത്രമല്ല, കോളനി ഭരണത്തിൻ കീഴിലും ഇസ്​ലാമിക വിധിവിലക്കുകൾ മാനിച്ച് വഖഫ് സ്വത്തുക്കൾ സൂക്ഷിച്ചു പരിപാലിച്ചുപോന്നതായും അതതുകാലത്തെ നീതിന്യായ സംവിധാനങ്ങൾ അവ ഉറപ്പുവരുത്തിയതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പഴയകാല ഇന്ത്യ, നാട്ടുരാജ്യങ്ങളുടെ സമുച്ചയമായിരുന്നല്ലോ. അന്നും വഖഫ് സ്വത്തുകൾ നഷ്ടപ്പെട്ടുപോകാതിരിക്കാനും അവ കേടുകൂടാതെ സംരക്ഷിക്കപ്പെടാനും ഭരണസംവിധാനങ്ങൾ ശ്രദ്ധചെലുത്തി. ഇന്ന് ഇന്ത്യയിൽ 25 സംസ്ഥാനങ്ങളിൽ വഖഫ് ബോർഡുകൾ പ്രവര്‍ത്തിക്കുന്നു. കേന്ദ്ര ഗവൺമെന്റ് 1954ൽ പാസാക്കിയ വഖഫ് ആക്ട് അനുസരിച്ച് നിലവിൽവന്നതാണിവ. വഖഫ് ബോർഡ്, വഖഫ് ട്രൈബ്യൂണൽ, ഹൈകോടതി ഡിവിഷൻ ബെഞ്ച് എന്നിവ കൂട്ടിയിണക്കുന്ന വഖഫ്സംവിധാനം സുതാര്യമായി പ്രവര്‍ത്തിച്ചാൽ സമൂഹത്തിലെ പാവപ്പെട്ടവരും അശരണരുമായ വലിയൊരു വിഭാഗത്തിന്​ അതു വലിയ കൈത്താങ്ങായിത്തീരും. ഇത് ഉപകരിക്കുന്നത് ജാതി-മത-വർഗ-ഭാഷാ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കുമാണ്. കാരണം, വലിയൊരു ശതമാനം വഖഫും ആതുരസേവനത്തിനും ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ പ്രവര്‍ത്തനങ്ങൾ സുഗമമാക്കാനും ഉദ്ദേശിച്ചാണ്. ഇന്ത്യയിൽ അഞ്ചുലക്ഷം രജിസ്റ്റർ ചെയ്യപ്പെട്ട വഖഫ് സ്വത്തുക്കൾ ഉള്ളതായി 2006ൽ സച്ചാർ കമീഷൻ വ്യക്തമാക്കിയിരുന്നു. ഇത് ആറുലക്ഷം ഏക്കർ വിസ്തീർണമുള്ള ഭൂസ്വത്തുക്കളാണെന്ന കമീഷന്‍റെ പ്രസ്താവന നമ്മെ വിസ്മയിപ്പിക്കുന്നു. ഇത് കൈയേറി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ദൈവവിശ്വാസികളോ, സുമനസ്സുകളോ മിനക്കെടില്ല. എന്നാൽ, സമ്പത്തും അധികാരവും മാത്രം ജീവിതവിജയമായി വിലയിരുത്തുന്നവർക്ക്​ ഇത്തരം ഉൽകൃഷ്ട ഉദ്ദേശ്യങ്ങളൊക്കെ കേവലം ജൽപനങ്ങൾ മാത്രമാണ്. ഇവരുടെ കച്ചവടതാൽപര്യങ്ങളെ ഭരണകൂടം പിന്തുണക്കുമ്പോൾ വഖഫ്​ ചെയ്യപ്പെട്ട വസ്തുക്കൾ അന്യാധീനപ്പെടുന്നു. 1995 ൽ പുതുക്കിയ വഖഫ് നിയമങ്ങൾ നിലവിൽവന്നപ്പോൾ വഖഫ് സ്വത്തുക്കളുടെ നിജസ്ഥിതി അന്വേഷിക്കാൻ കമീഷനുകൾ നിയോഗിക്കപ്പെട്ടു. അതേപോലെ, ദാനംചെയ്യപ്പെട്ട സ്വത്തുക്കളുടെ പരിപാലനവും സൂക്ഷിപ്പും മെച്ചപ്പെടുത്താനായി വഖഫ് ബോർഡ് കേന്ദ്ര-സംസ്ഥാന ഗവൺമെന്‍റുകൾക്ക്​ റിപ്പോർട്ട്​ സമര്‍പ്പിക്കണമെന്നുവന്നു. മുതവല്ലിമാർ ബോർഡിന് നൽകുന്ന തുകയിൽ നേരിയ വർധനയുണ്ടായി. ഇന്ത്യയൊട്ടുക്കുള്ള ബോർഡിന്‍റെ പ്രവര്‍ത്തനങ്ങൾ ഏകീകരിക്കുന്നതിനായി, കണക്കുകൾ തയാറാക്കുന്നതും അവ വാര്‍ഷികമായി ഓഡിറ്റ് ചെയ്യുന്നതും നിർബന്ധമാക്കി. നിയമങ്ങളൊക്കെ ഉണ്ടായെങ്കിലും, സർവേ റിപ്പോർട്ടുകൾ പരിശോധനക്കു വിധേയമാക്കിയപ്പോൾ സ്വകാര്യവ്യക്തികൾ വസ്തുവകകൾ കൈ​യേറിയതായി കണ്ടെത്തി. ഇത്തരം പരാതികൾ ആവർത്തിക്കപ്പെടാതിരിക്കാൻ 2013ൽ വീണ്ടും വഖഫ് നിയമങ്ങൾ പരിഷ്കരിച്ചു. പുതിയ നിയമമനുസരിച്ച് വഖഫ് സ്വത്തുക്കളുടെ വിൽപന, ദാനം, കൈമാറ്റം, പണയം എന്നിവയെല്ലാം ബോർഡിന്‍റെ മുൻകൂട്ടിയുള്ള സമ്മതമില്ലാതെ നടത്തുന്നത് വിരോധിക്കപ്പെട്ടു. അങ്ങനെ വല്ലതും നഷ്ടപ്പെട്ടാൽ അതിന്റെ പരാതി പരിശോധിച്ച് സ്വത്ത് തിരിച്ചുപിടിക്കാൻ ആക്ടിന്‍റെ അനുച്ഛേദം 52 കലക്ടർക്ക്​​ അധികാരം നല്‍കുന്നു.

ഇതത്രയും വിശദീകരിച്ച് എഴുതേണ്ടിവന്നത് ഇപ്പോൾ കേരളത്തിൽ കോഴിക്കോട്ടെ ഫാറൂഖ് കോളജിന് എറണാകുളത്ത് വഖഫായി ഒരു സഹൃദയൻ നൽകിയ ഭൂമി സർക്കാർ ഒത്താശയോടെ അന്യാധീനപ്പെടുത്താൻ ശ്രമം നടത്തുന്ന വാർത്ത വെളിച്ചത്തുവന്നതിനാലാണ്. ഭരണകക്ഷിയുടെ ആശീർവാദത്തോടെ വഖഫ്ചെയ്യപ്പെട്ട സ്വത്തുക്കൾ കൈയേറാനും സ്വകാര്യവത്​കരിക്കാനും ശ്രമങ്ങൾ ഉണ്ടാകുന്നത് പുതിയ കാര്യമല്ല. പക്ഷേ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ വിശാലമായ ഭൂമി കൊള്ളചെയ്യുന്നതിന്​ കൂട്ടുനിൽക്കുന്ന കക്ഷിയുടെ രാഷ്ട്രീയസ്വാധീനം എന്തുതന്നെയാണെങ്കിലും അത് ആശാസ്യമല്ല. ലക്ഷക്കണക്കിന് ശിഷ്യസമ്പത്തുള്ള ഒരു സ്ഥാപനത്തെ ഇത്രയെളുപ്പം സ്വകാര്യവ്യക്തികൾക്ക് കൈയേറാനും സ്വന്തമാക്കാനും സാധ്യമാണെങ്കിൽ, ഭരിക്കുന്ന കക്ഷികളിലും നീതിന്യായ വ്യവസ്ഥയിലുമൊക്കെ എങ്ങനെ വിശ്വസിക്കും? 1950ൽ ഇടപ്പള്ളി സബ്​ രജിസ്​​ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്യപ്പെട്ട 404.76 ഏക്കർ ഭൂമിയാണ്​ ഇപ്പോൾ വലിയ റിസോർട്ട് ഉടമകളും സിൽബന്തികളും സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നറിയുന്നു. ഇത് മുഹമ്മദ് സാദിഖ് സേട്ട് എന്ന മഹാവ്യക്തിത്വം അദ്ദേഹത്തിന്‍റെ പരലോകമോക്ഷം മാത്രം ലക്ഷ്യമിട്ട്​ കോളജിന്‍റെ വിദ്യാഭ്യാസാവശ്യങ്ങൾക്കുവേണ്ടി വഖഫ് ചെയ്തതാണ്. ഈ ഭൂമി തികച്ചും ഫാറൂഖ് കോളജിന് അവകാശപ്പെട്ടതാണെന്ന് ജഡ്ജി എം.എ. നിസാർ റിപ്പോർട്ട് ചെയ്തിരുന്നു.

സർക്കാർ നിയോഗിച്ച അന്വേഷണ കമീഷൻ അത് വഖഫ്ചെയ്യപ്പെട്ട ഭൂമിയാണെന്നു സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ 2019 മേയ് 20ന് അത് തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് വഖഫ് ബോർഡ് തുടക്കം കുറിച്ചു. ​കൈയേറിയവർക്കെല്ലാം നോട്ടീസ്​ അയച്ച് തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങി. അപ്പോൾ, ഇതെങ്ങനെയെങ്കിലും വിറ്റു കാശാക്കണമെന്ന് അവരിൽ പലരും ആലോചിച്ചുകാണണം. കാര്യങ്ങൾ നേരിലറിയാനുള്ള താൽപര്യത്തോടെ കോളജിന്‍റെ മാനേജറായ സി.പി. കുഞ്ഞുമുഹമ്മദ്, കേരള വഖഫ് സംരക്ഷണ സമിതി പ്രതിനിധി കാരന്തൂർ അബ്​ദുൽ ഖാദർ എന്നിവർ ഒരു ശ്രമം നടത്തി. അവർ ആരാണെന്നറിയാതെ അവരെ സമീപിച്ച സ്ഥലവാസികളിൽ ചിലർ ആ സ്വത്തുക്കളുടെ വിൽപന നടക്കുന്നതായും താൽപര്യമുണ്ടെങ്കിൽ ലാഭകരമായരീതിയിൽ ഇടപാടു നടത്താമെന്നും ബോധ്യപ്പെടുത്തിയത്രെ! ഇങ്ങനെ കിടന്ന ഭൂമിക്കാണ് ഇപ്പോൾ നികുതി അടക്കാൻ കൈയേറ്റക്കാർക്ക് റവന്യൂ വകുപ്പ് അവകാശം നല്‍കിയിരിക്കുന്നത്. 2022 ജൂലൈ 20ന് റവന്യൂ മന്ത്രിയും വഖഫ് മന്ത്രിയും സ്ഥലം എം.എൽ.എയും പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനമാണത്രെ ഇത്! കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്ന തത്ത്വം ഭരണം നടത്തുന്നവർക്കും അതിനുവേണ്ടി എന്തുംചെയ്യാൻ മടിയില്ലാത്ത രാഷ്ട്രീയക്കാർക്കും ഭൂഷണമാവാം. എന്നാൽ, നിസ്വാർഥരായ വിശ്വാസികൾ പുണ്യപ്രവൃത്തിയായി ചെയ്ത വഖഫ്​ സ്വത്തുക്കളുടെ കാര്യത്തിൽ വേണോ ഈ അതിക്രമം?

Tags:    
News Summary - On Waqf land of Farooq College Why do politicians play?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.