ചേർന്നുനിൽപിന്‍റെ പെരുന്നാൾ

ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ഐതിഹാസിക ഓർമകൾ അയവിറക്കിയാണ് ലോക മുസ്​ലിംകൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. സെമിറ്റിക് മതങ്ങളുടെ പിതാവാണ് ഇബ്രാഹീം നബി. ''നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്റെ മാർഗം പിന്തുടരുക'' (ഖുർആൻ 22:78). ഇബ്രാഹീം നബിയുടെ ഓർമപ്പെരുന്നാൾ ലോകജനതയുടെ പെരുന്നാളാണ്. സെമിറ്റിക് സമൂഹങ്ങൾ ലോകത്തെമ്പാടുമുണ്ടല്ലോ. ഇന്ത്യയിലും അവർ എത്തി. മതങ്ങളുടെയും ആഘോഷങ്ങളുടെയും ചരിത്ര വേരുകൾ തേടിപ്പിടിച്ച് പരസ്പരം സ്വീകരിക്കാനും ഉൾക്കൊള്ളാനും ധാരാളം സാധ്യതകളുണ്ട്. ഇനി അതിനാണ് ശ്രമിക്കേണ്ടത്. മനുഷ്യന്റെ ചരിത്രം ഒരുമയുടേതും സാമൂഹിക സഹകരണത്തിന്റേതുമാണ്. ചരിത്രത്തെ ഒരു ഭാരവും ബാധ്യതയുമായി വ്യാഖ്യാനിക്കുന്നതിലൂടെ ഒന്നും നേടാനില്ല.

പെരുന്നാൾ ആഘോഷത്തിന്റെ സന്ദർഭമാണ്. മനുഷ്യൻ അടക്കിപ്പിടിച്ച ആലോചനകളും ആഗ്രഹങ്ങളും അണപൊട്ടി ഒഴുകുന്നതാണ് ആഘോഷം. ആഘോഷങ്ങളുണ്ടാക്കി അവയിൽ പങ്കുചേർന്ന് വിദ്വേഷത്തിന്‍റെ വിഷം ഒഴുക്കിക്കളയാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, പല ആഘോഷങ്ങളും കടന്നുവരുന്നതുതന്നെ ഇപ്പോൾ അസ്വസ്ഥതയുളവാക്കാറുണ്ട്. പെരുന്നാളുകൾ ഉൾക്കൊള്ളലിന്റെയും ചേർന്നുനിൽപിന്റെയും ആഘോഷമാണ്. വിദ്വേഷവും അകൽച്ചയുമുണ്ടാകുന്നത് അറിയാനും അറിയിക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നിടത്തുനിന്നാണ്. അവിടെയാണ് ഇബ്രാഹീം നബി വിജയിച്ചത്. അദ്ദേഹം അറിയാനും അറിയിക്കാനും കഠിന ശ്രമം നടത്തി. നിലപാടിൽ ഉറച്ചുനിന്നു. ആദർശത്തിന്റെ വഴിയിൽ അഗ്നിപരീക്ഷകൾ നേരിട്ടു.

എന്തായിരുന്നു ഇബ്രാഹീം നബിയുടെ ആദർശവഴി? അതിന്‍റെ മൗലിക തത്ത്വങ്ങൾ ഖുർആൻ വിശദീകരിക്കുന്നുണ്ട്. വിശദാംശങ്ങളിൽ കാലാനുസൃത മാറ്റങ്ങളുണ്ടാകാം. ''നിങ്ങൾക്കെല്ലാം മാർ​​​ഗവും ശൈലിയും നാം നിശ്ചയിച്ചിട്ടുണ്ട്'' (ഖുർആൻ 4:48). ഇബ്രാഹീം നബിയുടെ മാർഗം താഴെപ്പറയുന്ന മൗലിക കാഴ്ചപ്പാടുകളിൽ ഊന്നിനിൽക്കുന്നു:

1. ദൈവമുണ്ട്, ഏകനാണ്, ദൈവത്തെ ആരാധിക്കണം, ആരാധനകൾ അവനുമാത്രം.

2. മറ്റൊരു ജീവിതം (പരലോകം) വരാനുണ്ട്. ആ ജീവിതത്തിൽ വിജയം ദൈവത്തെ അംഗീകരിച്ചവർക്ക് മാത്രമാണ്. അത് ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം; വിശ്വാസം അടിച്ചേൽപിക്കുന്ന പ്രശ്നമില്ല.

3. മനുഷ്യരെല്ലാം ഒന്നാണ്. ഈ ജീവിതത്തിൽ എല്ലാവർക്കും നീതി കിട്ടണം; അക്രമമരുത്.

4. ഈ വിശ്വാസം ഗുണകാംക്ഷയോടെ തുറന്ന് പ്രകടിപ്പിക്കാനുള്ള അവകാശം മൗലികമാണ്. അത് മനുഷ്യർ പരസ്പരം വകവെച്ചുകൊടുക്കേണ്ടതാണ്.

ഇബ്രാഹീം നബി ഈ തത്ത്വങ്ങളിൽ ഊന്നി പ്രവർത്തിച്ചു. പുനരുത്ഥാനത്തിലും പരലോകത്തിലുമുള്ള വിശ്വാസമാണ് മുസ്​ലിമിനെ മുച്ചൂടും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. ഇബാഹീം നബി ദൈവത്തോട് ചോദിച്ചു: ''എങ്ങനെയാണ് നീ മരിച്ചവരെ ജീവിപ്പിക്കുന്നത് ?''

ദൈവം ചോദിച്ചു: ''നീ വിശ്വസിച്ചിട്ടില്ലേ?''

ഇബാഹീം നബി: ''അതേ! പക്ഷേ മനഃസമാധാനം കിട്ടാനാണ്''. (ഖുർആൻ: 2/260).

അങ്ങനെ അദ്ദേഹം വിശ്വാസം ദൃഢീകരിച്ചു. അത് ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു. യുക്തി ഭദ്രമായി പ്രചരിപ്പിച്ചു. രാത്രി നക്ഷത്രത്തെ നോക്കി അതെന്റെ ദൈവമാണെന്ന് പറഞ്ഞു. നക്ഷത്രം അസ്തമിച്ചപ്പോൾ അസ്തമിക്കുന്ന ദൈവത്തെ തനിക്കിഷ്ടമല്ലെന്ന് പറഞ്ഞു. ഉദയചന്ദ്രനെ കണ്ടപ്പോൾ അതെന്റെ ദൈവമാണെന്നായി; അത്​ അണഞ്ഞപ്പോൾ നാഥൻ എനിക്ക് ദിശ കാണിച്ചു തന്നില്ലെങ്കിൽ ഞാൻ വഴി തെറ്റുമല്ലോ എന്ന് അസ്വസ്ഥനായി. സൂര്യനെ കണ്ടപ്പോൾ അതാണ് വലുത്​, അതാവാം ദൈവമെന്ന് പറഞ്ഞു. അത് അസ്തമിച്ചപ്പോൾ, അതിനെയെല്ലാം സംവിധാനിച്ച ശക്തിയാണ്​ എന്റെ ദൈവം, അവനാണ്​ ഏറ്റവും വലുത്; ന്യായമില്ലാതെ നിങ്ങൾ വിശ്വസിച്ചുവശായ ദൈവങ്ങളെ എനിക്ക്​ ഉൾക്കൊള്ളാൻ നിവൃത്തിയില്ലെന്ന് പ്രഖ്യാപിച്ചു. (ഖുർആൻ 6/78). ഇങ്ങനെ അദ്ദേഹം സംവാദശൈലി ഉപയോഗിച്ച് വിശ്വാസം സമർഥിച്ചു. ഇതര വിശ്വാസങ്ങളെയും വീക്ഷണങ്ങളെയും സംവാദാത്മകമായി സമീപിക്കുന്നതാണ് പ്രവാചകന്മാരുടെ ശൈലി, ഖുർആന്റെയും.

പുത്രബലിയുടെ പൊരുൾ

ബലിപെരുന്നാളിന് പിന്നിൽ ഇബ്രാഹീം നബിയുടെ പുത്രബലി സന്നദ്ധത ശ്രേഷ്ഠ പ്രതീകമായി നിലകൊള്ളുന്നു. ഇസ്​ലാമിന്റെ കാഴ്ചപ്പാടിൽ, ''കൊലക്കു പകരമായല്ലാതെ മനുഷ്യരെ കൊല്ലുന്നത് മുഴുവൻ മനുഷ്യനെയും കൊല്ലുന്നതിന് സമാനമാണ്'' (ഖുർആൻ 5:32). പുത്രനെ അറുക്കാനുള്ള കൽപന ഏറ്റവും വിലപ്പെട്ടത് ത്യജിക്കാനുള്ള കൽപനയാണ്. ശ്രീകൃഷ്ണൻ അർജുനനെ ബന്ധുജനത്തോട് യുദ്ധം ചെയ്യാൻ ഉപദേശിക്കുന്നതും ധർമസംസ്ഥാപനത്തിന് വിലപ്പെട്ടത് ത്യജിക്കാനുള്ള കൽപനയായിരുന്നല്ലോ. ഇബ്രാഹീം നബി പുത്രബലിക്ക് സന്നദ്ധനാകുന്നതിലൂടെ തയാറെടുത്തത് സാർവലൗകിക ധർമങ്ങൾ സംസ്ഥാപിക്കാനാണ്. ആ ധർമങ്ങൾ സെമിറ്റിക് മതങ്ങളെല്ലാം ഇന്ന് പരിപാലിച്ചുപോരുന്നു. ലോക ജനതയുടെ ബഹുഭൂരിഭാഗവും ഈ മതങ്ങളുടെ അനുയായികളാണ്. മറ്റു മതക്കാരും മതമില്ലാത്തവരും അവയെ പ്രയോഗത്തിൽ പൂർണമായോ ഭാഗികമായോ അംഗീകരിക്കുന്നുണ്ട്.

ഹജ്ജും ഇസ്​ലാമിലെ ആരാധനകളും

കഅ്​ബ മനുഷ്യർക്കുവേണ്ടി ആദ്യം ഭൂമിയിൽ നിർമിക്കപ്പെട്ട ​ആരാധനാലയമാണ്​. ഹജ്ജാണ് കഅ്​ബയെ ചുറ്റിപ്പറ്റിയുള്ള പ്രധാന ആരാധന. ഹജ്ജ് ഒരേസമയം ആരാധനയും ആഘോഷവുമാണ്. ഇസ്​ലാമിലെ ആരാധനകളെല്ലാം ദൈവ ഭക്തിയും സാമൂഹിക പ്രതിബദ്ധതയും ഉൾച്ചേർന്നതാണ്. ''പൂർവികരുടെ വീക്ഷണത്തിൽ ഭക്തി കുടികൊള്ളുന്നത് നമസ്കാരത്തിലോ വ്രതത്തിലോ അല്ല; മനുഷ്യരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപിക്കാതിരിക്കുന്നതിലാണ്'' എന്ന് ഇമാം ഗസ്സാലി തന്റെ വിഖ്യാതഗ്രന്ഥം 'ഇഹ്​യാ ഉലൂമുദ്ദീനി'ൽ പറയുന്നുണ്ട്. ''ഹജ്ജ് വേളയിൽ സ്ത്രീസംസർഗവും പാപവൃത്തികളും വാക്കേറ്റവും പാടില്ല'' (ഖുർആൻ: 2:197). ഹജ്ജ് വേളയിൽ സംഭവിക്കുന്ന തെറ്റുകളുടെ ഒരു പ്രായശ്ചിത്തം ദാനധർമങ്ങളും ബലിയും അന്നദാനവുമാണ്. ഇങ്ങനെ ഹജ്ജ് മറ്റ് ആരാധനകളുടെ സാകല്യ രൂപമാണ്. ആഘോഷങ്ങളുടെ ആഘോഷം കൂടിയാണ് ഹജ്ജ്. ലോക മുസ്​ലിം പ്രതിനിധികൾ ഒത്തുചേരുമ്പോഴുണ്ടാകുന്ന ആഹ്ലാദവും ആത്മവിശ്വാസവും വലിയ ആഘോഷമാണ്. ഒറ്റ നേതൃത്വം അംഗീകരിച്ച് കുറെ നാൾ കഴിഞ്ഞ്​ ഉറ്റവരെ അടുത്തറിയുകയും സാമൂഹിക വൈവിധ്യങ്ങൾ നേരിട്ട് ​ഗ്രഹിക്കുകയും ചെയ്യുമ്പോൾ, ഭൂമിയിൽ പിറന്നതുതൊട്ട് കേട്ട മുഹമ്മദ് നബിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പരിശുദ്ധ സ്മാരകങ്ങൾ നേരിൽ കാണുമ്പോൾ, മനുഷ്യ ചരിത്രത്തിന്റെ പരിച്ഛേദങ്ങൾ വീക്ഷിക്കുമ്പോൾ, തിന്നുമ്പോൾ, കുടിക്കുമ്പോൾ, പാടുമ്പോൾ, ശാരീരിക വേഴ്ചകളിൽ നിയന്ത്രണങ്ങൾക്കുശേഷം ഏർപ്പെടുമ്പോൾ ആഘോഷത്തിന്റെ സായൂജ്യം സാക്ഷാത്കൃതമാവുന്നു.

ഹജ്ജ് ഇസ്​ലാമിന്റെ അവസാന സ്തംഭമാണ്. അതോടെ ഇസ്​ലാം പൂർണമാകുന്നു. പലതരം ആരാധനകളുടെയും ആഘോഷങ്ങളുടെയും അവയുടെ പിന്നിലെ ഓർമകളുടെയും പരികല്പനകളുടെയും ആകത്തുകയായ ഹജ്ജ് പുനരുജ്ജീവിപ്പിച്ചത് ഇബ്രാഹീം നബിയാണ്. ഇബ്രാഹീം നബിയുടെ മാർഗം അനുധാവനം ചെയ്യാനാണ് ലോക മുസ്​ലിം പ്രതിനിധികളെ വിളിച്ചുവരുത്തി ഹജ്ജ് വേളയിൽ ഖുർആൻ ആഹ്വാനം ചെയ്യുന്നത്.

കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് കോർഡിനേറ്ററാണ് ലേഖകൻ

Tags:    
News Summary - Of spiritual journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.