ചിലര്‍ പോകുമ്പോള്‍ പകരക്കാര്‍ വരുന്നില്ല

പുത്തനുടുപ്പണിഞ്ഞ്, ഉമ്മ ഉണ്ടാക്കിയ മധുരച്ചീരണി കഴിച്ച്, യാസീന്‍ ഓതി പ്രാര്‍ഥിച്ച്, പിതാവ് ഓവിന്‍റകത്ത് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ കൈയില്‍ തൂങ്ങി കണ്ണൂരിലെ മഅ്ദിനുല്‍ ഉലൂം മദ്റസയില്‍  ഓത്തിനു ചേരാന്‍ പോകുമ്പോള്‍ എടപ്പകത്ത് അഹമ്മദ് എന്ന ചെറിയ കുട്ടി ഓര്‍ത്തു കാണുകയില്ല, കര്‍മത്തിന്‍െറ അനന്തവിസ്തൃതമായ വിഹായസ്സുകളില്‍ വിഹരിക്കാനുള്ള ഒരു യാത്രയുടെ തുടക്കമാവും അതെന്നും അതിന്‍െറ അന്ത്യം കാല്‍നൂറ്റാണ്ടിലേ തന്‍െറ കര്‍മമണ്ഡലമായ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ആയിരിക്കുമെന്നും.

ആറാമത്തെ വയസ്സില്‍ കോയിക്കാന്‍െറ സ്കൂളില്‍വെച്ച് ഭൂമിശാസ്ത്രം പഠിപ്പിച്ച ഇബ്രാഹിംകുട്ടി മാസ്റ്ററും ഒരുപക്ഷേ നിനച്ചുകാണുകയില്ല, തന്‍െറ കൈയിലുള്ള ഗ്ളോബിലെ നേര്‍വരകള്‍ ഈ കുട്ടി സഞ്ചരിച്ചുതീര്‍ക്കുമെന്ന്. കഠിനാധ്വാനവും നിരന്തര ഗൃഹപാഠവും വിപുലമായ സൗഹൃദങ്ങളും രാഷ്ട്രത്തലവന്മാരുമായുള്ള സമ്പര്‍ക്കങ്ങളും ഒരുക്കൂട്ടി ഊതിക്കാച്ചിയെടുത്തായിരുന്നു കാലം ഇ. അഹമ്മദ്  എന്ന പൊതുപ്രവര്‍ത്തകനെ, മുസ്ലിം ലീഗ് നേതാവിനെ, ഭരണകര്‍ത്താവിനെ രൂപപ്പെടുത്തിയത്.

ജീവിതത്തിന്‍െറ ഏറിയ കൂറും പാര്‍ലമെന്‍റിലും നിയമസഭയിലും... അഹമ്മദ് എന്ന മികച്ച പാര്‍ലമെന്‍േററിയന്‍ പാകപ്പെട്ടത് അങ്ങനെയാണ്. കേരള നിയമസഭ, നിയമമാക്കിയെടുത്ത ഒട്ടേറെ ബില്ലുകളില്‍ അഹമ്മദിന്‍െറ സംഭാവന അളവറ്റതാണ്. 1967ല്‍ കേരള നിയമസഭയില്‍ ആരംഭിച്ച് 2014ല്‍ ആറാം ഊഴത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ എത്തിനിന്നപ്പോഴും തിളക്കം കെടാതെ കത്തിനില്‍ക്കുകയായിരുന്നു അദ്ദേഹം. 

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ആറു വര്‍ഷം ആറു തവണ തുടര്‍ച്ചയായി അംഗത്വം നേടിയ എം.പിയാണ് ഇ. അഹമ്മദ്. 2008ലെ മുംബൈ സ്ഫോടനത്തിന്‍െറ ദുരന്തകഥ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അവതരിപ്പിക്കാനും ജമാഅത്തുദ്ദഅ്വ എന്ന പാക് ഭീകരസംഘടനയുടെ ആപത്ത്, ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനും ഇന്ത്യന്‍ ഭരണകൂടം കണ്ടത്തെിയതും ആശ്രയിച്ചതും ഇ. അഹമ്മദിനെയായിരുന്നു.

പ്രധാനമന്ത്രി ഇന്ദിരഗാന്ധി തന്‍െറ  പ്രത്യേക ദൂതനായി അന്ന് കേരള വ്യവസായ മന്ത്രിയായിരുന്ന ഇ. അഹമ്മദിനെയാണ് സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്കുള്ള സൗഹൃദക്കത്തുകളുമായി അയച്ചിരുന്നത്. 2005ല്‍ ദോഹ ചേരിചേരാ ഉച്ചകോടി (ജി 7) സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു പകരം പങ്കെടുത്തത് അഹമ്മദാണ്. 

ഇന്ത്യയില്‍ എവിടെയൊക്കെ വര്‍ഗീയ കലാപങ്ങളുണ്ടായോ അവിടെയൊക്കെ അഹമ്മദ് ഓടിച്ചെല്ലുമായിരുന്നു. രണ്ടു കലാപങ്ങള്‍ അരങ്ങേറിയ കോയമ്പത്തൂരില്‍ ഇ. അഹമ്മദ് പറന്നത്തെുമ്പോള്‍ അവിടെ വിളയാട്ടത്തിന്‍െറ ആരവങ്ങള്‍ അടങ്ങിയിരുന്നില്ല. 2002ലെ ഗുജറാത്ത് കലാപത്തില്‍, അവിടെ മനുഷ്യക്കുരുതി നടന്നുകൊണ്ടിരിക്കേ അര്‍ധരാത്രി അഹ്മദാബാദില്‍ വിമാനമിറങ്ങി കലാപബാധിത പ്രദേശങ്ങള്‍ അഹമ്മദ് സന്ദര്‍ശിച്ചു. തന്‍െറ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍, ഗുജറാത്തിലത്തൊതെ നിര്‍വാഹമില്ളെന്ന് ഉപപ്രധാനമന്ത്രി ലാല്‍കൃഷ്ണ അദ്വാനിയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഫോണ്‍വിളിച്ച് അദ്വാനി പറഞ്ഞു: ‘‘ഈ വരുന്ന എം.പി കുഴപ്പക്കാരനല്ല. നേരില്‍ കാണാന്‍ വരുകയല്ളേ.

ആവശ്യമുള്ള സൗകര്യം ചെയ്തുകൊടുക്കൂ”. പക്ഷേ, അഹമ്മദിന് ആ സൗകര്യമൊന്നും കിട്ടിയില്ല. കേരളീയനായ പൊലീസ് ഓഫിസര്‍ ഡി.ജി.പി ശ്രീകുമാറും അഹ്മദാബാദ് മുനിസിപ്പല്‍ കൗണ്‍സിലംഗം ബഹദുദ്ദീന്‍ ശൈഖും അഹമ്മദിനെ തുണച്ചു. അര്‍ധരാത്രിതന്നെ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കിടയിലും ഖബര്‍സ്ഥാനിലും സ്കൂളുകളിലുമൊക്കെ എത്തി. ഇഹ്സാന്‍ ജാഫരി കൊലചെയ്യപ്പെട്ട വീടും ഗുല്‍ബര്‍ഗ് കോളനിയും അദ്ദേഹം സന്ദര്‍ശിച്ചു. അടുത്തദിവസം ഡല്‍ഹിയിലേക്ക് മടങ്ങും മുമ്പ് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും അഹമ്മദ് കണ്ടു.

സുഖകരമായിരുന്നില്ല ആ കൂടിക്കാഴ്ച. പരസ്പര പഴിചാരലിലായിരുന്നു അതവസാനിച്ചത്. മുഖ്യമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം പറഞ്ഞു: ‘‘സിവില്‍ ആശുപത്രിയില്‍ ഇരുനൂറിലധികം മൃതദേഹങ്ങളാണ് ഞാന്‍ കണ്ടത്.’’ ‘‘അതെല്ലാം മുസ്ലിംകളുടേത് മാത്രമാണോ?’’ - മോദിയുടെ ചോദ്യം. ‘‘അതെനിക്കറിയില്ല, മരിച്ച മനുഷ്യരെപ്പറ്റിയാണ് ഞാന്‍ പറയുന്നത്.’’ -അഹമ്മദിന്‍െറ മറുപടി.

2004ല്‍ അമേരിക്കന്‍ സൈന്യം ഇറാഖിനെ തകര്‍ത്ത കാലത്ത് നമ്മുടെ മൂന്ന് ട്രക്ക് ഡ്രൈവര്‍മാരെ ഇറാഖില്‍ തീവ്രവാദികള്‍ ബന്ദികളാക്കി. അന്തര്‍യാമി, തിലക്രാജ്, സുഖദേവ് സിങ്. അന്തര്‍യാമിയുടെ തലക്കുമീതെ ഭീകരര്‍ തോക്കു ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടു. ജസ്വന്ത ്സിങ് ഇരുന്ന സ്ഥാനത്ത് അപ്പോള്‍ ഇ. അഹമ്മദ്. വിവേകപൂര്‍വം ഓപറേഷന്‍ നടത്താന്‍ യു.പി.എ സര്‍ക്കാര്‍ ചുമതലയേല്‍പിച്ചത് അദ്ദേഹത്തെയായിരുന്നു.

ഗുരുതരഘട്ടങ്ങളില്‍ കാര്യങ്ങള്‍ എങ്ങനെ സമീപിക്കണമെന്നതിന് ഇ. അഹമ്മദിന്‍െറ റോള്‍മോഡല്‍ സീതി സാഹിബ് ആയിരുന്നു. ക്ഷമയോടെ ഇ. അഹമ്മദ് കരുക്കള്‍ നീക്കി. വിദേശത്തും സ്വദേശത്തുമുള്ള മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, രാഷ്ട്രത്തലവന്മാര്‍ തുടങ്ങിയവരോടൊക്കെ കൂടിയാലോചനകള്‍ നടത്തി. ബന്ദികളെ മോചിപ്പിച്ചശേഷം വിദേശകാര്യ മന്ത്രി നട്വര്‍ സിങ് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍, ലോകത്തെതന്നെ വിസ്മയം കൊള്ളിച്ച ഈ രക്ഷപ്പെടുത്തലിന് തന്‍െറ സഹമന്ത്രിക്ക് ആത്മാഭിമാനത്തിന്‍െറ തൂവലുകള്‍ സമ്മാനിച്ചു.

ഒരു മുസ്ലിം രാഷ്ട്രം, അവിടത്തെ മുസ്ലിം തീവ്രവാദികള്‍ ഇന്ത്യയിലെ മൂന്ന് അമുസ്ലിം സഹോദരങ്ങളെ ബന്ദിയാക്കുന്നു. വിഷയം ഒരു മുസ്ലിം മന്ത്രി കൈകാര്യം ചെയ്യുന്നു. പാളിച്ചകള്‍ നോക്കിനില്‍ക്കുകയായിരുന്നു ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍; പക്ഷേ തോറ്റു. അവര്‍ക്ക് എവിടെയും ഒരു തീപ്പൊരിയും  വീഴ്ത്താനായില്ല. ഏതു പ്രസ്ഥാനത്തിലേതായാലും ഒരാള്‍ പോകുമ്പോള്‍ തത്തുല്യരായ മറ്റൊരാള്‍ വരുന്നില്ല. ഇ. അഹമ്മദിന്‍െറ വേര്‍പാടും ഈ ദു$ഖസത്യം ആവര്‍ത്തിച്ചു ഓര്‍മിപ്പിക്കുന്നു.

Tags:    
News Summary - no ther one instead of e, ahmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT