ബങ്കിം ചന്ദ്ര ചതോപാധ്യായ
അഖാഡകളിൽ ആദരപൂർവം സ്വീകരിക്കപ്പെട്ട സൂഫി ഫഖീറുകളെപ്പറ്റി കേട്ടിട്ടുണ്ടോ നിങ്ങൾ? അതുപോലെ ഖാൻഗാഹുകളിലെ ആതിഥ്യം ആസ്വദിച്ച സന്യാസിമാരെക്കുറിച്ചും?
ദശനാമി നാഗസന്യാസിയായ ഭവാനി ചരൺ പാഠകും മദാരിയ സൂഫി ത്വരീഖത്തിലെ ഫഖീർ മജ്നു ഷായും തമ്മിലുള്ള സൗഹൃദത്തിന് ആത്മീയമായ ആദാന പ്രദാനത്തിന്‍റെ മാനമുള്ളത് പോലെത്തന്നെ അവർക്കിടയിലുള്ള പൊളിറ്റിക്കൽ ഡിസ്‌കോഴ്സ് ഇന്ത്യയിലെ കൊളോണിയൽ വിരുദ്ധ പ്രക്ഷോഭ ചരിത്രത്തിലെ ഒരധ്യായമായി വികസിക്കുകയും ചെയ്തു. ഒപ്പം ഭസ്മ, ജടാധാരിയായ സന്യാസിയും കറുത്ത വസ്ത്രം ധരിച്ച (മദാരികളുടെ വേഷം അതാണ്) ഫഖീറും തമ്മിൽ ശക്തമായ cordial personal terms നിലനിന്നു.
1769-70 ലാണ് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ, ബിഹാർ പ്രവിശ്യകളിൽ ക്ഷാമം പടർന്നത്. ഗ്രെയ്റ്റ് ബംഗാൾ ഫേമെൻ (The Great Bengal famine of 1770) എന്നറിയപ്പെട്ട ദുരിതത്തിൽ ഒരു കോടിയോളം മരണങ്ങൾ സംഭവിച്ചതായാണ് കണക്കുകൾ. തുടർന്ന് രൂപപ്പെട്ട അസ്വാരസ്യങ്ങളിൽ ഏറ്റവും ശക്തമായ പ്രസ്ഥാനമായി മാറിയ 'ഫഖീർ-സന്യാസി കലാപത്തിന് നേതൃത്വം നൽകിയവരായിരുന്നു പാഠകും ഷായും. മൂസാ ഷാ, ചിരാഗ് അലി ഷാ എന്നിവരായിരുന്നു മജ്നു ഷാക്ക് പുറമെ ഫഖീർ ഗറില്ലകളെ നയിച്ചത്. ഭവാനി പാഠകിനൊപ്പം ദേബി ചൗധുറാണി എന്ന വീരവനിതയും നിലകൊണ്ടു.
ആയുധധാരികളായ ഫഖീറുമാരും സന്യാസിമാരുമടങ്ങുന്ന സംഘങ്ങൾ അഖാഡകളിൽ നിന്നും ഖാൻഗാഹുകളിൽ നിന്നും ഒരുമിച്ച് പുറത്തിറങ്ങുന്ന കാഴ്ചകൾ സാർവത്രികമായിരുന്നു. മുസ്‌ലിം, ഹിന്ദു ഗ്രാമങ്ങൾ ഇവരെ ഒരുപോലെ സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഈ ഐക്യം രംഗ്പൂരിലും ദിനാജ്പൂരിലും മറ്റും ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണാധികാരികൾക്ക് വെല്ലുവിളി സൃഷ്ടിച്ചു. ഗറില്ലാ യുദ്ധമുറകൾ സ്വീകരിച്ച ഇവർ ക്ഷാമത്തിന്‍റെ ദുരിതം അനുഭവിച്ചു തീർക്കുന്ന കർഷകരുടെയും ഗ്രാമീണരുടെയും വേദനകൾക്കൊപ്പം നിൽക്കുകയും ബ്രിട്ടീഷുകാർ ചുമത്തിയ നികുതി വ്യവസ്ഥയെ സായുധമായി ചെറുക്കുകയും ചെയ്തു.
പോരാട്ടത്തിന്‍റെ ഈ പശ്ചാത്തലത്തെയാണ് ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചതോപാധ്യായ തന്‍റെ 'ആനന്ദമഠം' എന്ന നോവലിലേക്ക് കൊണ്ടു വന്നത്. പക്ഷേ അതിൽ അയാൾ അതിവിദഗ്ധമായ ചില തിരിമറികൾ നടത്തി. ശരിയാണ്, ഹിസ്റ്റൊറിക്കൽ ഫിക്ഷൻ എന്നാൽ ചരിത്രത്തെ റിയലായി ആവിഷ്കരിക്കലല്ല. ചരിത്രത്തോടൊപ്പമോ ചരിത്രമെന്ന ഭാവനയോ, ഭാവനാകൽപിതങ്ങൾ ആവിഷ്കരിക്കാനുള്ള പൊയറ്റിക് ലൈസൻസ് എഴുത്തുകാരനുണ്ട്. അനക്രോണിസം, ഹിസ്റ്റൊറിക്കൽ ഡിസ്റ്റോർഷൻ, കൺഫാബ്യുലേഷൻ, ഫിക്ഷനൽ ഇൻട്രൂഷൻ, ഇൻവെന്‍റഡ് ക്യാരക്ടേഴ്സ് എന്നെല്ലാം പറയപ്പെടുന്ന ഒട്ടേറെ ഘടകങ്ങൾ ചരിത്രാഖ്യായികയിൽ വന്നു ചേരും. എന്നാൽ ചിലർ ഇതിന്‍റെ മറവിൽ ഒരു സ്യൂഡോ-ഹിസ്റ്ററി തന്നെ നിർമിക്കാനാണ് ശ്രമിക്കുക. ഉദ്ദേശ്യവും സന്ദേശവും നല്ലതാണെങ്കിലും സാഹിത്യാസ്വാദനവുമായി ബന്ധപ്പെട്ട ആനന്ദം പകരുന്നുണ്ടെങ്കിലും അവയെയും നല്ല പരിശ്രമങ്ങളായി വിലയിരുത്താം. എന്നാൽ അത് ചരിത്രബോധത്തെ അട്ടിമറിക്കാനോ സമൂഹത്തെ ഛിദ്രീകരിക്കാനോ വേണ്ടിയാണെങ്കിലോ..?
ബങ്കിം ചന്ദ്രയുടെ പരിശ്രമം ഈ അട്ടിമറിക്ക് വേണ്ടിയായിരുന്നു എന്നതാണ് യാഥാർഥ്യം. ഒന്നാമതായും പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാൾ നവോഥാനത്തിന്‍റെ പ്രതിലോമ പ്രതിഫലനമായ ഹിന്ദുത്വ ദേശീയ ബോധത്തെ കാൽപനികവത്കരിക്കാനായിരുന്നു ബങ്കിം ചന്ദ്ര ചാറ്റർജീ തന്‍റെ എല്ലാ കൃതികളിലൂടെയും ശ്രമിച്ചത്. രണ്ടാമതായി ബ്രിട്ടീഷ് ഇന്ത്യയിൽ ഡെപ്യൂട്ടി കലക്ടറും ഡെപ്യൂട്ടി മജിസ്ട്രേറ്റും ഒക്കെയായി പ്രവർത്തിച്ചിരുന്ന ബങ്കിം ചന്ദ്ര കൊളോണിയൽ ആധിപത്യത്തോട് ദാസ്യമനോഭാവം പുലർത്തിയ ഒരു സേവകനായിരുന്നു. അക്കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ബംഗാളി ഉപരിവർഗം ഒരു ആര്യൻ ഐഡന്‍റിറ്റി തിയറിയിൽ അഭിരമിച്ചിരുന്നു. കേശബ് ചന്ദ്ര സെന്നിനെപ്പോലുള്ളവർ ഇതിന് ധൈഷണികമായ അംഗീകാരവും നൽകി. ഇൻഡോ-യൂറോപ്യൻ അഥവാ ആര്യൻ വംശാവലിയിൽപ്പെട്ടവർ എന്ന നിലക്ക് ബ്രിട്ടീഷുകാർ ഇന്ത്യയിലെ സവർണ വിഭാഗങ്ങളുടെ ബന്ധുക്കളാണെന്നും ഈ സാഹോദര്യത്തിന്‍റെ പ്രകാശനമാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണമെന്നുമായിരുന്നു സെന്നും മറ്റും ചിന്തിച്ചത്. ഇതേ ചിന്തയാണ് ആര്യ സവർണ പാരമ്പര്യത്തിന്‍റെ ഭാവനാകാരനായ ബങ്കിം ചന്ദ്രയും പുലർത്തിയത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ 1770കളിലെ ബംഗാൾ ചരിത്രത്തെ ബങ്കിം ചന്ദ്ര 'കൺഫാബ്യുലേറ്റ്' ചെയ്തത് തീർത്തും ചരിത്രവിരുദ്ധവും ദേശവിരുദ്ധവും മനുഷ്യവിരുദ്ധവും ധർമവിരുദ്ധവുമായ രീതിയിലായിരുന്നു. ചരിത്രത്തിൽനിന്ന് ഒരു ദേശീയ ഇതിഹാസം സൃഷ്ടിക്കുകയല്ല ചട്ടോപാധ്യായ ചെയ്തത്, മറിച്ച് ഹിന്ദു കേന്ദ്രീകൃത ദേശീയാഖ്യാനം നിർമിക്കാൻ വേണ്ടി ചരിത്രത്തെ അട്ടിമറിക്കുകയാണ്. ഒന്നാമതായും ചരിത്രത്തിലെ ഫഖീർ-സന്യാസി കലാപത്തിൽനിന്ന് ഫഖീർ എന്ന ഭാഗത്തെത്തന്നെ ഈ ചട്ടോപാധ്യായ അദൃശ്യമാക്കി. ദശനാമി ശൈവസന്യാസിമാർക്ക് പകരം സന്താന ഹിന്ദുക്കൾ എന്നൊരു വിഭാഗത്തെ കൊണ്ടുവന്നു. കലാപത്തിലെ മുസ്‌ലിം പങ്കാളിത്തത്തെ തമസ്‌കരിക്കുക മാത്രമല്ല, അവരെ ശത്രുക്കളുമാക്കി.
അതായത്, ഒരു സമ്മിശ്ര സാമൂഹിക ദൗത്യം എന്നതിൽ നിന്ന് പവിത്രീകൃതമായ ഹിന്ദു ദേശീയ ദൗത്യത്തിലേക്ക് ആഖ്യാനം മാറുന്നു. ക്ഷാമമുണ്ടാക്കിയ കമ്പനി ഭരണത്തിനും നികുതി വ്യവസ്ഥക്കും എതിരായ ഗറില്ലാ പ്രതിരോധമായിരുന്നു ഫഖീർ-സന്യാസി കലാപം. സാങ്കേതികമായി വിജയത്തിലെത്തിയ ഒന്നായിരുന്നില്ല അത്. എന്നാൽ നോവലിൽ ബ്രിട്ടീഷുകാർക്കെതിരെ സന്യാസിമാർ വിജയിക്കുന്നുണ്ട്. ആ ഭാവനയിൽ തെറ്റൊന്നുമില്ല. എന്നാൽ സന്താനർ എന്ന സന്യാസിമാർ മാത്രമായിരുന്നു വിജയിച്ചത്. ഫഖീറുകൾ അതിലില്ലായിരുന്നു. എന്നുമാത്രമല്ല, സന്താനർ ആത്യന്തിക വിജയം നേടുന്നത് മുസ്‌ലിംകൾക്കെതിരെ ആയിരുന്നു.
രണ്ടാമതായി ആധിപത്യ വിരുദ്ധത എന്ന രാഷ്ട്രീയത്തെ ഈ ബ്രിട്ടീഷ് കമ്പനി 'ഡെപ്യൂട്ടി കലക്ടർജി' അട്ടിമറിച്ചു. പകരം ഹിന്ദു സംസ്‌കാരത്തിലധിഷ്ഠിതമായ ഭാരത ദേശം എന്ന വൈകാരികതയെ കാൽപനികവത്കരിച്ചു. ഈ റൊമാന്‍റി ദേശീയതയുടെ പ്രകടനമായിരുന്നു 'ഭാരത് മാതാ' എന്ന സങ്കൽപം. ഇതാണ് പിൽക്കാലത്ത് ഹിന്ദുത്വയുടെ "ഭാരത് മാതാ കീ ജയ്" എന്ന മുദ്രാവാക്യമായി മാറിയത്. മനുഷ്യസ്നേഹികളായ സന്യാസിമാർ (പക്ഷേ ബ്രിട്ടീഷ് രേഖകളിൽ അവർ കൊള്ളക്കാരാണ്, ജനങ്ങളിൽ നിന്നുള്ള പിരിവ് നഷ്ടപ്പെട്ടപ്പോഴാണത്രേ അവർ കമ്പനിക്കെതിരെ സമരത്തിനിറങ്ങിയത്) ആശ്രമവാസികളായ 'ദേശഭക്ത'രായിത്തീർന്നു.
ദേശീയതയെ റൊമാന്‍റിസൈസ് ചെയ്യുന്നതിനൊപ്പം 'ഭാരത മാതാവി'നെ മൂന്ന് രൂപങ്ങളിൽ ചിത്രീകരിക്കുന്നുണ്ട് ആനന്ദമഠം. ദേവിയുടെ മൂന്ന് ഭാവങ്ങളായിരുന്നു അവ. ജഗദ്ധാത്രി അഥവാ ലോകരക്ഷക എന്ന ഭാവം ഭാരതത്തിന്‍റെ സുവർണ ഭൂതകാലത്തിന്‍റെ പ്രതീകമത്രേ (ഏത് ലോകത്തിന്‍റെ, ആരുടെ രക്ഷക എന്നൊന്നും ചോദിക്കരുത്). കാളി എന്ന ഭാവം പോരാട്ടത്തിന്‍റെ (ആരോട് എന്നും ചോദിക്കരുത്) വർത്തമാനകാലം. മൂന്നാമത്തെ ഭാവമായ ദുർഗ സമാധാനത്തിന്‍റെ ഭാവിയെ പ്രതിനിധീകരിക്കുന്നുവത്രേ.
മൂന്നാമതായി നോവലിന്‍റെ അവസാനത്തിൽ ബ്രിട്ടീഷുകാർ ഭാരതമാതാവിന്‍റെ അനിവാര്യ രക്ഷകരും സന്താന സന്യാസിമാരുടെ സുഹൃത്തുക്കളുമായി മാറുന്നു. മുസ്‌ലിംകൾക്കെതിരായ വിജയത്തിന്‍റെ ഹരത്തിൽ നിൽക്കുന്ന ആനന്ദമഠത്തിലെ മുഖ്യനായ സത്യാനന്ദയെ അന്നേരം പ്രത്യക്ഷപ്പെടുന്ന ഒരു 'ദിവ്യപുരുഷൻ' ഉപദേശിക്കുകയാണ്. "സത്യാനന്ദാ, നിന്റെ ദൗത്യം പൂർത്തിയായിക്കഴിഞ്ഞു. മുസ്‌ലിം ഭരണം പൂർണമായി തകർന്നു. ഇനി ഇവിടെ രക്തച്ചൊരിച്ചിൽ ആവശ്യമില്ല."
സത്യാനന്ദൻ ചോദിച്ചു: "പക്ഷേ ഇംഗ്ലീഷുകാർ ഇവിടെയുണ്ടല്ലോ? അവരെക്കൂടി തുരത്തി ഹിന്ദുക്കളുടെ ഭരണം പൂർണമാക്കേണ്ടതില്ലേ?" അതിന് ദിവ്യപുരുഷന്‍റെ മറുപടി: "ഇല്ല, ഇംഗ്ലീഷുകാർ ഇപ്പോൾ നമ്മുടെ ശത്രുക്കളല്ല. ബാഹ്യമായ അറിവില്ലാതെ ആന്തരികമായ ആത്മീയത കൊണ്ടു മാത്രം ഒരു രാജ്യത്തിനും മുന്നോട്ട് പോകാൻ കഴിയില്ല. ഇംഗ്ലീഷുകാർ ഭൗതികശാസ്ത്രത്തിലും ഭരണരീതിയിലും അറിവുള്ളവരാണ്. അവരിൽ നിന്ന് അത് പഠിക്കാൻ വേണ്ടിയാണ് ദൈവം അവരെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭരണത്തിന് കീഴിൽ രാജ്യം സുരക്ഷിതമായിരിക്കും. ജനങ്ങൾ സമാധാനത്തോടെ ജീവിക്കും. അതിനാൽ അവരോട് യുദ്ധം ചെയ്യുന്നത് നിർത്തുക."
സത്യത്തിൽ ഇതാണ് നോവലിന്‍റെ അന്തിമസന്ദേശം. ഈ സന്ദേശം പകരുന്നത് ഒരു ദിവ്യപുരുഷനാകയാൽ, ബ്രിട്ടീഷുകാരുടെ ഭരണം അനിവാര്യമായ ദൈവഹിതം ആയിത്തീരുന്നു. മുസ്‌ലിംകളുടെ പീഡനത്തിൽനിന്ന് ഹിന്ദുക്കളെ രക്ഷിക്കാനും ഭാരതത്തെ ആധുനികമാക്കാനും വേണ്ടി ദൈവം നിയോഗിച്ച രക്ഷകരായിത്തീരുന്നു ഇവിടെ ബ്രിട്ടീഷുകാർ. ഹിന്ദു നാഗരികതയുടെ -അതാണ് ബങ്കിം ചന്ദ്രക്ക് 'ഭാരതീയ' സംസ്‌കാരം- എതിരാളികളായി മുസ്‌ലിംകൾ ചിത്രീകരിക്കപ്പെടുന്നു. എന്നാൽ താത്കാലികമായെങ്കിലും ബ്രിട്ടീഷ് റൂൾ അനിവാര്യമാണ്, ബ്രിട്ടീഷുകാരൻ ഇവിടെ അധ്യാപകന്‍റെയും സഹായിയുടെയും റോളിലാണ്.
കൊളോണിയൽ അനുകൂലമായ നെരേറ്റീവ്. ഈ നോവലിലാണ് ഭവാനന്ദൻ എന്ന സന്യാസി, മഹേന്ദ്രൻ എന്ന കഥാപാത്രത്തിന് 'വന്ദേമാതരം' എന്ന ഗീതം പാടിക്കൊടുക്കുന്നത്. ആകയാൽ, വന്ദേമാതരത്തോടുള്ള എതിർപ്പുകൾ കേവലം മതപരം മാത്രമല്ല. അത് രാഷ്ട്രീയവും കൂടിയാണ്.
ഇനി ദേവി ചൗധുറാണി എന്ന, സന്യാസി ഗറില്ലകളുടെ നേതാവായ വനിതയെ ബങ്കിം ചന്ദ്ര ചാറ്റർജീ വായിക്കുന്നങ്ങനെ എന്നുകൂടി നോക്കാം. 'ആനന്ദമഠ'ത്തിന് തൊട്ടുടനെ ബങ്കിം ചന്ദ്ര എഴുതിയ നോവലിന്‍റെ പേര് 'ദേവി ചൗധുറാണി' എന്നാണ്. കഴിഞ്ഞ വർഷം ശുഭ്രജിത് മിത്ര ഈ നോവൽ, Devi Chowdhurani: Bandit Queen of Bengal എന്ന പേരിൽ സിനിമയാക്കിയിട്ടുണ്ട്. മജ്നു ഷാക്കൊപ്പം മൂസാ ഷാ, ചിരാഗ് അലി ഷാ എന്നിവരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട് നാം കഴിഞ്ഞ പോസ്റ്റിൽ. അതുപോലെ സന്യാസി പക്ഷത്ത് ഭവാനി പാഠകിൻ്റെ ശിഷ്യയും പോരാളിയും ആയിരുന്നു ദേവി ചൗധുറാണി. ചരിത്രരേഖകൾ പ്രകാരം ബംഗാളിലെ രംഗ്പൂർ പ്രദേശത്തെ പ്രമുഖ സെമിന്ദാർ കുടുംബത്തിലെ വനിതയായിരുന്നു അവർ. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അന്യായവും ക്രൂരവുമായ നികുതിപ്പിരിവിനെതിരെ അവർ രംഗത്തു വന്നു. ഭവാനി പാഠകിനൊപ്പം നിന്നു പൊരുതി.
ഒരു നിലക്ക് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരമാണ് ബംഗാളിലെ ഫഖീർ-സന്യാസി കലാപം. അങ്ങനെയൊരു സ്ഥാനം പൊതുവെ നൽകാറുള്ളത് 1857ലെ പ്രക്ഷോഭത്തിനാണെങ്കിലും. ഈ കലാപത്തിന് നാടുവാഴിത്തത്തിന്‍റെ സഹകരണവും ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. അതേസമയം രാജ്യത്തിൻ്റെ സ്വയം നിർണയാവകാശത്തെ തകർക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ ഫഖീറുമാരും സന്യാസിമാരും തോൾ ചേർന്നു നിന്നു. കമ്പനി ഭരണത്തിൽ അസംതൃപ്തരായ ഭൂമിഹാർ സെമിന്ദാർമാർ കലാപത്തെ സഹായിച്ചു. അതിലും മുസ്‌ലിംകളും ഹിന്ദുക്കളും ഒരുമിച്ചു നിന്നു. ഹുസെയ്പൂരിലെ രാജാ ഫതേ ബഹാദുർ ഷാഹി, ബേട്ടിയയിലെ രാജാ ജുഗൽ കിഷോർ എന്നിവർ ശക്തമായ പിന്തുണ നൽകി.
1757ലെ പ്ലാസി (പലാശി) യുദ്ധത്തോടെയാണ് ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം ഉറച്ചു തുടങ്ങിയത്. ബംഗാൾ നവാബായിരുന്ന സിറാജുദ്ദൗലയെയാണ് കേണൽ റോബർട് ക്ലൈവിന്‍റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യം പരാജയപ്പെടുത്തിയത്. മുസ്‌ലിമായ നവാബിന്‍റെ സൈന്യത്തിന്‍റെ ഏറ്റവും വലിയ കരുത്ത് മീർ മദൻ, മോഹൻ ലാൽ എന്നീ സേനാപതിമാരായിരുന്നെന്നോർക്കണം. ചതിയിലൂടെയാണ് കമ്പനിപ്പട്ടാളം ജയിച്ചത്. ഒറ്റുകാരിലുമുണ്ടായിരുന്നു മതസൗഹാർദ്ദം. ബംഗാളിലെ ധനിക വ്യാപാരികളായ ജഗത് സേഠ്, അമി ചന്ദ് തുടങ്ങിയവർക്കൊപ്പം ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ ഒറ്റുകാരൻ മീർ ജാഫറും.
തുടർന്നുണ്ടായ കമ്പനി ഭരണം ഇന്ത്യൻ ഭരണാധികാരികളെ വീണ്ടും അസ്വസ്ഥരാക്കി. അങ്ങനെ 1764 ഒക്ടോബറിൽ, ബീഹാറിലെ ബുക്സറിൽ ഒരു ഏറ്റുമുട്ടൽ നടന്നു. മേജർ ഹെക്ടർ മൺറോയുടെ ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തെ നേരിട്ടത് അന്നത്തെ മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമൻ, ബംഗാൾ നവാബ് മീർ കാസിം, അവ്‌ധിലെ രാജാവ് ഷൂജാഉദ്ദൗല, ബനാറസ് മഹാരാജാവ് ബൽവന്ത് സിങ് എന്നിവരുടെ സംയുക്ത സൈന്യം. പരാജയപ്പെട്ട ഇന്ത്യൻ രാജാക്കൾ 1765ൽ അലഹബാദ് ഉടമ്പടി ഒപ്പുവെച്ചു. ഇത് പ്രകാരം ബംഗാൾ, ബിഹാർ, ഒറീസ്സ എന്നിവിടങ്ങളിൽനിന്നു മുഗൾ ചക്രവർത്തിക്ക് വേണ്ടി വരുമാനം ശേഖരിക്കാനുള്ള ദീവാനി അവകാശം കമ്പനി സ്വന്തമാക്കി. ഒറ്റുകാരനായ മീർ ജാഫറിനെ പാവയാക്കി അതിനു മുമ്പ് തന്നെ പരോക്ഷമായി അവർ നികുതിയും റവന്യൂവും ശേഖരിച്ചു തുടങ്ങിയിരുന്നു. കമ്പനിയുടെ ക്രൂരമായ നയങ്ങളാണ് ഒരു കോടി മനുഷ്യരെ പട്ടിണിക്കിട്ടു കൊന്ന, വംശഹത്യ നടത്തിയ ക്ഷാമം സൃഷടിച്ചത്.
ഈ പശ്ചാത്തലത്തിൽ ഉടലെടുത്ത് 1763 മുതൽ 1800 വരെ നീണ്ടു നിന്ന പ്രക്ഷോഭ പ്രസ്ഥാനമായിരുന്നു ഫഖീർ-സന്യാസി കലാപം. അതിന് നേതൃത്വം നൽകിയ വനിതയാണ് ചൗധുറാണി. മദാരിയ ഫഖീറുകളും ദശനാമി സന്യാസിമാരുമടങ്ങുന്ന പ്രതിരോധ പ്രസ്ഥാനത്തിൻ്റെ നേതാവ്. കമ്പനിയുടെ കലവറകൾ കൊള്ള ചെയ്ത് ക്ഷാമക്കെടുതികൾ അനുഭവിക്കുന്നവർക്ക് വിതരണം ചെയ്ത ഈ സംഘത്തെ വെള്ളക്കാർ കവർച്ചക്കാർ bandits എന്ന് മുദ്ര കുത്തി.
ഇനി ബങ്കിം ചന്ദ്രൻ സൃഷ്ടിച്ചെടുത്ത ചൗധുറാണിയെക്കൂടി ലഘുവായി 'പരിചയ'പ്പെടാം. ചരിത്രത്തിലെ ഈ കലാപകാരി, നോവലിലേക്ക് വരുമ്പോൾ പൂർണമായും ഒരു 'ആദർശ ഹിന്ദു ഗൃഹനായിക' (Ideal Hindu Domestic Woman) ആയി മാറുന്നുണ്ട്. പ്രഫുല്ല എന്ന സാധാരണക്കാരി പെൺകുട്ടി വിധിവശാൽ ഭവാനി പാഠകിൻ്റെ ശിഷ്യയായി, ആയോധന കലകളും ശാസ്‌ത്രങ്ങളും പഠിച്ച് 'കവർച്ചക്കാരുടെ' നേതാവായ ദേവി ചൗധുറാണി ആയിത്തീരുകയാണ്.
താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഭർതൃവീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട പ്രഫുല്ല, തന്‍റെ അമ്മയുടെ മരണത്തെത്തുടർന്ന് തന്നെ ഉപേക്ഷിച്ച ഭർത്താവിനെയും ഭർതൃപിതാവിനെയും തേടി യാത്ര പോകുന്നതായാണ് ബങ്കിം ചന്ദ്ര സങ്കൽപിക്കുന്നത്. കവർച്ചയും സാധുജന പരിപാലനവുമല്ലാതെ ഫഖീർ-സന്യാസി കലാപത്തിന്‍റെ ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയമൊന്നും അതിൽ വരുന്നില്ല. ഫഖീറുകൾ കഥാ പരിസരത്തേ ഇല്ല.
ബാൻഡിറ്റുകൾ എന്ന നിലക്ക് ബ്രിട്ടീഷ് സൈന്യം അവരുമായി ഏറ്റുമുട്ടുന്നുണ്ട്. അതിനകം ഭർതൃവീട്ടുകാരെ തിരിച്ചറിഞ്ഞ അവർ നോവലിൻ്റെ അവസാനത്തിൽ അവരുമായി രാജിയാവുകയും യുദ്ധവും പോരാട്ടവുമൊക്കെ അവസാനിപ്പിച്ച്, വീണ്ടും പ്രഫുല്ലയായി ഉത്തമ കുടുംബിനിയും കുലസ്ത്രീയുമായി 'അടക്കമൊതുക്ക'ത്തോടെ ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ റൊമാൻ്റിക് ദേശീയതയാൽ രൂപപ്പെടുത്തിയ ഒരു റീകൺസ്ട്രക്റ്റഡ് ഹിന്ദു ഐഡിയൽ ആണ് ചട്ടോപാധ്യായയുടെ പ്രഫുല്ല അഥവാ ചൗധുറാണി.
പുറംലോകത്തിറങ്ങി ആയുധമെടുത്ത് പോരാടുന്ന സ്ത്രീയെ അംഗീകരിക്കാൻ അന്നത്തെ സവർണ സമൂഹത്തിനോ ബങ്കിം ചന്ദ്രക്കോ പറ്റില്ല. അതുകൊണ്ടയാൾ പ്രഫുല്ല 'ബാൻഡിറ്റ് ക്വീൻ' ആവുന്നതിനുള്ള സാഹചര്യങ്ങൾ നിർമിച്ചു. ചരിത്രപരമായി വ്യക്തതയില്ലെങ്കിലും സ്വന്തം പ്രേരണയാൽ പോരാട്ട രംഗത്തെത്തി മരണം വരെ പൊരുതി നിന്നതായി അറിയപ്പെടുന്ന വിപ്ലവകാരിയെ കുലസ്ത്രീ റോളിലേക്കും ആദർശാത്മക വീട്ടമ്മ പരിവേഷത്തിലേക്കും അടുക്കളയിലേക്കും തിരിച്ചെത്തിക്കുന്നതും അതുകൊണ്ടുതന്നെ. അവരുടെ സ്വാതന്ത്ര്യത്തെ ശ്രദ്ധാപൂർവം നിയന്ത്രിക്കുന്ന ആഖ്യാന രീതിയാണ് നോവലിസ്റ്റിന്‍റേത്. വിപ്ലവകാരിയായ ഒരു ചരിത്ര വനിതക്ക് മേൽ തന്‍റേതായ യാഥാസ്ഥിതിക ബോധവും റിവൈവലിസവും അടിച്ചേൽപിക്കുകയാണ് ചാറ്റർജീ.
ആനന്ദമഠത്തിൽ ചെയ്തതുപോലെത്തന്നെ ഇതിലും യഥാർഥ സമരത്തിന്‍റെ, കൊളോണിയൽ വിരുദ്ധ മുഖത്തിന്‍റെ മുനയൊടിച്ചു. നോവലിൽ ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിനെതിരായ സമരമല്ല. ബങ്കിം ചന്ദ്രയുടെ ചരിത്ര നോവലുകളുടെ പ്രമേയങ്ങൾ 'സനാതന ധർമയോടുള്ള ആദരവ്, ബംഗാളി ഹിന്ദുത്വ ദേശീയത, താപസ ശിക്ഷണം, ഭക്തിയും വിരക്തിയും, ഗുരു-ശിഷ്യ ബന്ധത്തിൻ്റെ ആർഷ മാതൃക, സനാതന ധർമത്താൽ ക്രമീകരിക്കപ്പെട്ട ഗ്രാമ സമൂഹം, ഹൈറാർക്കിയെ ആധാരമാക്കുന്ന സോഷ്യൽ ഹാർമണി, മുസ്‌ലിം വിരുദ്ധത തുടങ്ങിയവയത്രേ.
ആനന്ദമഠത്തിലോ മറ്റുചില നോവലുകളിലോ ഉള്ളത് പോലെ പ്രത്യക്ഷ മുസ്‌ലിം വിരുദ്ധത ദേവി ചൗധുറാണിയിൽ ഇല്ല. എന്നാൽ കലാപത്തിൽ സജീവ പങ്കാളികളായിരുന്ന മദാരിയ ഫഖീറുകളെയും മുസ്‌ലിം കർഷകരെയും പൂർണമായും അദൃശ്യരാക്കി. അഭാവവും അരികുവത്കരണവുമാണ് ഇവിടെ സ്വീകരിച്ച രീതി.
ചുരുക്കിപ്പറഞ്ഞാൽ ആനന്ദമഠത്തിന്‍റെ അതേ പ്രത്യയശാസ്‌ത്ര ഫോർമുല തന്നെ. പ്രത്യക്ഷമായ മുസ്‌ലിം വിരുദ്ധതക്ക് പകരം അദൃശ്യവത്കരണത്തിൽ ഒതുക്കുന്നു എന്നതും ബ്രിട്ടീഷ് ഭരണത്തെ ചരിത്രപരമായ അനിവാര്യതയാക്കുന്നതിന് പകരം കലാപകാരിയെ കുലസ്ത്രീ വീട്ടമ്മ വേഷത്തിലേക്ക് തിരിച്ചയക്കുന്നു എന്നതുമാണ് ഇതിലെ നയങ്ങൾ എന്നുമാത്രം. ചൗധുറാണിക്കുള്ള ശ്രദ്ധാഞ്ജലിയോ സ്മൃത്യുപഹാരമോ അല്ല ബങ്കിമിന്‍റെ നോവൽ. താനായിട്ട് വധിച്ചു കളഞ്ഞ ചരിത്ര വനിതക്കുള്ള അനുശോചനം മാത്രമാണ്.
ആകയാൽ, വന്ദേമാതരത്തോടുള്ള വിയോജിപ്പുകൾ എത്രത്തോളം മതപരമാണോ അതിലുപരി രാഷ്ട്രീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.