മറികടക്കുമോ മധ്യപ്രദേശം?

ഉജ്ജൈനിലെ നാഗ്ഡ ഖച്റോഡ് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ദിലീപ് സിങ് ശെഖാവത്തിന് തെരഞ്ഞെടുപ്പു പ് രചാരണത്തിനിടയില്‍ കിട്ടിയ ചെരിപ്പുമാലതന്നെയാണ് മധ്യപ്രദേശിലെ 230 മണ്ഡലങ്ങള്‍ ബുധനാഴ്ച പോളിങ്ബൂത്തിലേക്ക് നീങ്ങുമ്പോള്‍ അവശേഷിക്കുന്ന ചിത്രം. ഖേഡാവാഡ ഗ്രാമത്തില്‍ പ്രചാരണത്തിനെത്തിയ ശെഖാവത്ത് പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് പൂമാലകള്‍ ഏറ്റുവാങ്ങുന്നതിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകനായ മങ്കിലാല്‍ എന്ന യുവാവ് ചെരിപ്പുമാല സ്വന്തം നേതാവി​​​െൻറ കഴുത്തിലണിയിച്ചത്. മറ്റു മാലകളെപ്പോലെ ചെരിപ്പുമാലയും കഴുത്തിലണിഞ്ഞ ശേഷമാണ് ദിലീപ് സിങ് അമളി തിരിച്ചറിഞ്ഞത്്. രോഷാകുലനായ ദിലീപ് സിങ്​ ചെരിപ്പുമാലയിട്ടോടിയ മങ്കിലാലിനെ പിറകെ പോയി പിടിച്ച് കൈകാര്യം ചെയ്യാനായി സ്വന്തം അനുയായികളെ ഏല്‍പിച്ചുകൊടുത്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ സ്വന്തം മണ്ഡലങ്ങളില്‍ നേരിടുന്ന ഭരണവിരുദ്ധവികാരത്തി​​െൻറ പരിഛേദമായി ഈ വിഡിയോ മധ്യപ്രദേശിലെങ്ങും വൈറലായി മാറി. സംഭവത്തെക്കുറിച്ച് ബി.ജെ.പി സ്ഥാനാർഥി ഖച്റോഡ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും മങ്കിലാലിനെ പിടികൂടാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. ഭരണകക്ഷി സ്ഥാനാര്‍ഥിക്കേറ്റ അപമാനത്തിന് ഉത്തരവാദിയായ മങ്കിലാലിനെ പിടിക്കാന്‍ സംഭവസ്ഥലത്ത്​ ഓടിയെത്തിയിട്ടും കഴിഞ്ഞില്ലെന്ന് അസി. സബ് ഇന്‍സ്പെക്ടര്‍ സുരേഷ് ചന്ദ്ര സൊങ്കാര പറഞ്ഞു. മങ്കിലാലിന് ഒപ്പം നിന്ന ഗ്രാമീണരാകട്ടെ ആളെക്കുറിച്ച ഒരു വിവരവും പൊലീസിന് നല്‍കാന്‍ തയാറായില്ല. ഗ്രാമീണര്‍ ചെരിപ്പുമാലയിട്ട യുവാവി​​െൻറ കൂടെ ഉറച്ചുനിന്നത് ബി.ജെ.പിക്കുണ്ടാക്കിയ പരിക്ക് ഒഴിവാക്കാന്‍ ഒടുവില്‍ സംഭവം കോണ്‍ഗ്രസി​​െൻറ ഗൂഢാലോചനയാക്കി എതിര്‍പ്രചാരണം നടത്തുകയാണ് പാര്‍ട്ടി.

ചെരിപ്പുമാലയിട്ട യുവാവ് ബി.ജെ.പിക്കാരനല്ലെന്നും കോണ്‍ഗ്രസി​​െൻറ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തിട്ടുണ്ടെന്നുമാണ് ബി.ജെ.പി ഖച്റോഡ് ബ്ളോക്ക് പ്രസിഡൻറ്​ ബദ്രീലാല്‍ സംഗീത്ലയുടെ അവകാശവാദം. ഈ അവകാശവാദത്തിലൂടെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കഴുത്തില്‍ ചെരിപ്പുമാല ചാര്‍ത്താന്‍ കഴിയുന്ന തരത്തില്‍ മധ്യപ്രദേശ് പോലൊരു ഹിന്ദുത്വ സംസ്ഥാനത്ത് കോണ്‍ഗ്രസ് പിടിമുറുക്കുന്നുണ്ടെന്ന് അംഗീകരിക്കുകയാണ് ഖച്റോഡിലെ ബി.ജെ.പി നേതാവ് ചെയ്തത്. ഹിന്ദുത്വ ഭീകരശൃംഖലയുടെ അധോ ലോക പ്രവര്‍ത്തനങ്ങളുടെപോലും മണ്ണായിരുന്ന ഉജ്ജൈനും ഇ​ന്ദോറും ദേവാസും അടങ്ങുന്ന ഉറച്ച ഹിന്ദുത്വ ബെല്‍റ്റും 15 വര്‍ഷത്തെ ഭരണവിരുദ്ധ വികാരത്തില്‍നിന്നൊഴിവല്ല എന്ന് തെളിയിക്കുന്ന സംഭവം കൂടിയാണിത്.

ബി.ജെ.പി ഭയക്കുന്ന കര്‍ഷകരോഷം
മധ്യപ്രദേശില്‍ ഇക്കുറി വല്ല വികാരവും ഇക്കുറി പരസ്യമായി കാണുന്നുണ്ടെങ്കില്‍ അത് കര്‍ഷകര്‍ക്കിടയിലെ ഭരണവിരുദ്ധ വികാരം തന്നെയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പു വേളകളില്‍ കവലകളിലും കടകളിലുമിരുന്ന് ബി.ജെ.പിക്കെതിരെ പരസ്യമായി സംസാരിക്കാന്‍ തയാറാകാതിരുന്ന മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് സംസാരമെന്ന് അറിഞ്ഞാല്‍ അതിലിടപെട്ട് തങ്ങള്‍ക്കുള്ള അമര്‍ഷം പരസ്യമായി പ്രകടിപ്പിക്കുകയാണ് കര്‍ഷകര്‍. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കാര്യാലയങ്ങള്‍ക്ക് മുന്നില്‍വെച്ചുപോലും അവര്‍ പറഞ്ഞത് പരസ്യമായി ഖണ്ഡിച്ച് മറുപടി നല്‍കി മുഖ്യമന്ത്രി ശിവരാജ് സിങ്​​ ചൗഹാനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒരുപോലെ ശകാരം കൊണ്ട് മൂടുകയാണ് കര്‍ഷകര്‍. ഇത്തവണ വോട്ട് കോണ്‍ഗ്രസിനുതന്നെയെന്ന് പരസ്യമായി പ്രഖ്യാപിക്കാനും കര്‍ഷകര്‍ മടിക്കുന്നില്ല. തങ്ങളുടെ വിളകള്‍ക്ക് വാഗ്ദത്തം ചെയ്ത താങ്ങുവില നല്‍കിയില്ലെന്നത് മാത്രമല്ല, വിളനാശത്തിന് പ്രധാനമന്ത്രി സ്വന്തം പേരില്‍ നടപ്പാക്കിയ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പേരില്‍ തങ്ങളുടെ പണം അപഹരിച്ചതുകൂടിയാണ് കര്‍ഷകരെ ഇത്ര കണ്ട് രോഷാകുലരാക്കിയത്.

അകത്ത് വിങ്ങുന്ന ദലിതുകളുടെ രോഷം
ചമ്പല്‍ മേഖലയിലെ ഗ്വാളിയോറില്‍ സംസാരിച്ച ദലിത് യുവാവായ രാജേഷിന് ഇത് കന്നി വോട്ടാണ്. ഉന്നത വിദ്യാഭ്യാസമില്ലെങ്കിലും കേരളത്തെക്കുറിച്ചും ശങ്കരാചാര്യരെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചു. വീട്ടുചെലവിന് കൂലിപ്പണി ചെയ്യുന്നതോടൊപ്പം ഗ്വാളിയോറിലെ നാടകവേദികളിലും പ്രത്യക്ഷപ്പെടാറുള്ള രാജേഷ് ഈ നാടകങ്ങളിലൂടെയാണ് ശങ്കരാചാര്യരെ കുറിച്ചും കേരളത്തെ കുറിച്ചും കേട്ടതെന്ന് പറഞ്ഞു. ശങ്കരാചാര്യരായി വേഷമിടാനുള്ള ഭാഗ്യവും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ രാജേഷ് അദ്ദേഹത്തി​​െൻറ ജന്മനാട്ടില്‍നിന്നുള്ളവരെന്ന നിലയില്‍ വലിയ ആദരവും കാണിച്ചു. കന്നി വോട്ട് ബി.ജെ.പിക്കായിരിക്കുമല്ലേ എന്ന മുന്‍ധാരണയില്‍നിന്നുയര്‍ന്ന ചോദ്യത്തിന് ഒരിക്കലുമല്ല എന്നായിരുന്നു ഉത്തരം. താന്‍ മാത്രമല്ല ത​​​െൻറ ജാതിക്കാര്‍ ഭൂരിഭാഗവും ഇത്തവണ ബി.ജെ.പിക്ക് വോട്ടു ചെയ്യില്ല. ഏപ്രില്‍ രണ്ടിലെ ബന്ദില്‍ തങ്ങളോട് കാണിച്ചത് ദലിതുകളാരും മറന്നിട്ടല്ലെന്നും ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് നല്‍കണോ ബി.എസ്.പിക്ക് നല്‍കണോ എന്നതാണ് തങ്ങള്‍ക്കിടയിലെ തര്‍ക്കമെന്നും രാജേഷ് തുടര്‍ന്നു.

ഈ വികാരം ഒറ്റപ്പെട്ടതല്ലെന്നും മധ്യപ്രദേശില്‍ എല്ലായിടത്തും അലയടിക്കുന്നുണ്ടെന്നും തുടര്‍ യാത്രകളില്‍ ബോധ്യപ്പെട്ടു. അതേസമയം, ഇത്രയും രോഷം ബി.ജെ.പിക്കെതിരെ ദലിതുകള്‍ക്കിടയില്‍ നുരഞ്ഞുപൊന്തുമ്പോഴും അതിനെ തങ്ങള്‍ക്കുള്ള വോട്ടാക്കാന്‍ കോണ്‍ഗ്രസി​​െൻറ ഭാഗത്തുനിന്ന് ഒരു നീക്കവുമില്ല. ദലിതുകള്‍ക്കൊപ്പം നിന്ന് ഒരു പരസ്യ നിലപാടെടുത്താല്‍ ബി.ജെ.പിയില്‍നിന്ന് തിരി​െച്ചത്തുമെന്ന് പ്രതീക്ഷിച്ച് കോണ്‍ഗ്രസ് കാത്തിരിക്കുന്ന സവര്‍ണ ഹിന്ദു വോട്ടുകള്‍ കൈവിട്ടുപോകുമെന്ന ഭീതിയാണിതിന് കാരണം. പരസ്യമായി കൂടെ നില്‍ക്കാനാവില്ലെങ്കിലും ബി.ജെ.പിയെ തോല്‍പിക്കണമെന്നുണ്ടെങ്കില്‍വേണമെങ്കില്‍ തങ്ങള്‍ക്ക് വോട്ടുചെയ്തോളൂ എന്ന കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ മുസ്​ലിം ന്യൂനപക്ഷത്തോട് കൈക്കൊണ്ട സമീപനം ഈ തെരഞ്ഞെടുപ്പില്‍ ദലിതുകളുടെ കാര്യത്തിലും മധ്യപ്രദേശില്‍ അനുവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസി​​െൻറ പരസ്യ നിലപാടില്ലായ്മയിലാണ് ബി.ജെ.പിയെ പാഠം പഠിപ്പിക്കണമെന്ന് പറയുമ്പോഴും പകരം ആര്‍ക്ക് എന്ന കാര്യത്തില്‍ കൃത്യമായ ബി.എസ്.പിക്ക് നിര്‍ണായക വോട്ടുള്ള മേഖലകളില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ ദലിതുകള്‍ക്ക് കഴിയാതെ പോയത്.

അന്നം മുടക്കാൻ ഇൗര്‍ക്കില്‍ പാര്‍ട്ടികള്‍
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി സഖ്യത്തിനില്ലാതെ ഒറ്റക്ക് മത്സരിക്കുന്ന ബി.എസ്.പി കഴിഞ്ഞ നിയമസഭയിലെ നാല് സീറ്റുകളില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോള്‍ സമാജ് വാദി പാര്‍ട്ടി 2008ലേതുപോലെ നിയമസഭയില്‍ സാന്നിധ്യം അറിയിക്കുമെന്ന സൂചന നല്‍കുന്നുണ്ട്. കര്‍ഷകരുടെയും ദലിതുകളുടെയും രോഷം തങ്ങളുടെ വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തില്‍ ഭരണം സ്വപ്നം കണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്നത് ഈ രണ്ട് പാര്‍ട്ടികള്‍ മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനിറങ്ങിയ ജയസ്, സപാക്സ് എന്നീ രണ്ട് വിരുദ്ധ രാഷ്​​ട്രീയ പരീക്ഷണങ്ങള്‍കൂടിയാണ്. ആദിവാസി ഗോത്ര മേഖലകളില്‍ എ.ബി.വി.പിയുടെ സ്വാധീനം കുറച്ച് കടന്നുകയറി വിദ്യാര്‍ഥികളും ചെറുപ്പക്കാരുമായ ആദിവാസി വിഭാഗങ്ങളെ ഇതിനകം ആകര്‍ഷിച്ച ജയസി​​െൻറയും ദലിതുകള്‍ക്കും സംവരണത്തിനുമെതിരെ സംഘടിച്ച സപാക്സി​​െൻറയും ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് പരീക്ഷണം കൂടിയാണിത്. ജയസ് ഗ്രാമീണ ഗോത്രമേഖലയിലും സപാക്സ് നഗര സവര്‍ണ വോട്ടുബാങ്കിലുമാണ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ ചോര്‍ച്ചയുണ്ടാക്കുന്നത്. ഈ രണ്ട് പാര്‍ട്ടികളും ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അപ്രതീക്ഷിതമായ നഷ്​ടമുണ്ടാക്കുമെന്ന ഭീതി കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുമുണ്ടു താനും.

ശിവരാജായാലും കുഴപ്പമില്ലാത്തവര്‍
ബി.ജെ.പിയുടെ ഉറച്ച വോട്ടര്‍മാരല്ലാത്ത ഏതെങ്കിലും വിഭാഗങ്ങളില്‍പ്പെട്ടവര്‍ മധ്യപ്രദേശില്‍ ശിവരാജ് സിങ്​ ചൗഹാന്‍ തുടര്‍ന്നാലും വേണ്ടിയില്ല എന്നു പറയുന്നവരായി കണ്ടത് മുസ്​ലിം സമുദായത്തില്‍നിന്നാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഭോപാലിലെ പ്രമുഖ മുസ്​ലിം മാധ്യമപ്രവര്‍ത്തകര്‍പോലും തങ്ങളുടെ സമുദായത്തിനിടയില്‍ ഇത്തരമൊരു വികാരമുണ്ടെന്ന് ശരിവെക്കുന്നു. ബി.ജെ.പിയിലേക്കു പോയ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ മുസ്​ലിം ന്യൂനപക്ഷത്തെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തുന്ന കോണ്‍ഗ്രസി​​െൻറ സമീപനമല്ല മുസ്​ലിം വിഭാഗങ്ങളെ ഇങ്ങനെ പറയിപ്പിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. മറിച്ച് ബി.ജെ.പിയില്‍തന്നെ ഇതിനേക്കാള്‍ കടുത്ത വര്‍ഗീയത പ്രകടിപ്പിക്കുന്ന കൂടുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കള്‍ ശിവരാജ് സിങ്​ ചൗഹാന് പകരമായി വന്നേനക്കുമെന്ന ഭീതിയാണ് ഇത്തരമൊരു അഭിപ്രായപ്രകടനത്തിന് അവരെ നയിക്കുന്നത്. കര്‍ഷകരോഷവും ദലിത് രോഷവും ഇക്കുറി ഭരണമാറ്റമുണ്ടാക്കില്ലേ എന്ന് ചോദിച്ചാലും അങ്ങനെയല്ലല്ലോ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലങ്ങളായതെന്ന് അവര്‍ തിരിച്ചുചോദിക്കുന്നു.

മധ്യപ്രദേശിലെ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ മുഖ്യമന്ത്രിയെ മാറ്റുമെന്ന തരത്തില്‍ ആര്‍.എസ്.എസ് താഴേക്കിടയില്‍ നടത്തുന്ന പ്രചാരണവും ഈ അഭിപ്രായപ്രകടനത്തെ സ്വാധീനിക്കുന്നുണ്ട്. ബി.ജെ.പിയില്‍നിന്നുതന്നെ നരേന്ദ്ര സിങ്​ തോമറോ, കൈലാശ്​ വിജയവര്‍ഗ്യയോ മറ്റാരെങ്കിലും ശിവരാജിന് പകരം വരുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മധ്യപ്രദേശിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഏകതാ പരിഷത്തി​​െൻറ അനീഷും സാക്ഷ്യപ്പെടുത്തുന്നു. ഭരണവിരുദ്ധ വികാരത്തിലാണ് കോണ്‍ഗ്രസ് സ്വപ്നമെങ്കില്‍ അത് മറികടക്കാന്‍ നടത്തുന്ന ഇത്തരം മറുതന്ത്രങ്ങളിലാണ് ബി.ജെ.പി പ്രതീക്ഷ. ഭരണം നിലനിര്‍ത്താന്‍ ഏതറ്റവും വരെ അവര്‍ പോകുമെന്ന് ഛത്തിസ്ഗഢിലെ വോട്ടുയന്ത്രം മാറ്റിയ വിവാദം ചൂണ്ടിക്കാട്ടി പറഞ്ഞുതന്നത് മധ്യപ്രദേശിലെ ഉന്നത പൊലീസ് ഓഫിസര്‍തന്നെയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ സൂറത്തിലുണ്ടായ സമാന അനുഭവവും അവര്‍ വിശദീകരിച്ചു. വോട്ടെടുപ്പ് നാളില്‍ ബൂത്ത് തല ഏകോപനം കോണ്‍ഗ്രസ് നടത്തിയാല്‍ മാത്രമേ ഭരണവിരുദ്ധവികാരം ഭരണമാറ്റത്തി​െലത്തൂ എന്നാണ് ആ പൊലീസ് ഓഫിസറും പറഞ്ഞത്.

Tags:    
News Summary - MP Election - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.