അത്രിസംഹിത ഉദ്ധരിക്കുന്ന ആധുനിക നീതിപീഠം

ആധുനികമായ ഇന്ത്യൻ ഭരണഘടനയാണ് നീതിന്യായ ശൃംഖലയുടെയും അതി​െൻറ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ജീവിതത്തി​െൻറയും അടിപ്പടവായി വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. ഭരണഘടന നിർമാണ വേളയിൽ ഇന്ത്യൻ പാരമ്പര്യത്തി​െൻറ സാമൂഹിക ജീവിതത്തി​െൻറ ഗതിവിഗതികളെ നിർണയിച്ചിരുന്ന മനുസ്മൃതിയും യാജ്ഞവൽക്യസ്മൃതിയും ഇതേ സ്വഭാവത്തിലുള്ള ധർമശാസ്ത്രങ്ങളും ഭരണഘടനയുടെ ആശയങ്ങളിൽ ഉൾച്ചേർക്കണമെന്ന് വാദിക്കപ്പെട്ടിരുന്നു.

എന്നാൽ, ജാതി ബ്രാഹ്മണ്യത്തി​െൻറ അസമത്വശ്രേണീകരണ യുക്തികൾ നിറഞ്ഞ ഇത്തരം ധർമശാസ്ത്ര കൃതികളെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ടാണ് ഭരണഘടന ഡ്രാഫ്റ്റിങ്​ കമ്മിറ്റി ചെയർമാൻ ഡോ. ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ള നവ- ഇന്ത്യയുടെ സ്രഷ്ടാക്കൾ നീതിബോധത്തിലും ബഹുസ്വരതയിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും നിലയുറപ്പിച്ച ഭരണഘടന നിർമിച്ചെടുത്തത്. എന്നാൽ, ഭരണഘടന നിലവിൽവന്നതു മുതൽ തന്നെ അതിനെ നിഷ്ക്രിയമാക്കി മാറ്റുവാനുള്ള പ്രയത്നങ്ങൾ ബ്രാഹ്മണ്യ ശക്തികൾ ആരംഭിച്ചിരുന്നു.

ഭരണഘടനയല്ല, മനുസ്മൃതിയാണ് വിശിഷ്ടം എന്ന വാദങ്ങൾ പോലും ഉന്നയിക്കപ്പെട്ടു. ഹിന്ദുരാഷ്ട്രത്തിന് വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവും ആരാധനാ യോഗ്യമായ വിശുദ്ധഗ്രന്ഥം മനുസ്മൃതിയാണെന്ന് വി.ഡി. സവർക്കർ Women in Manusmriti യിൽ എഴുതി (p. 416). പ്രാചീന കാലം മുതൽ സംസ്കാരത്തി​െൻറയും പ്രയോഗത്തിന്‍റെയും അടിസ്ഥാനമായിത്തീർന്ന മനുസ്മൃതി രാഷ്ട്രത്തി​െൻറ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തിനുള്ള നിയമാവലിയാണെന്നും സവർക്കർ എഴുതി. വിചാരധാരയിൽ ഗോൾവാൾക്കർ ഭരണഘടന മാറ്റിയെഴുതണം എന്നാവശ്യപ്പെടുന്നുണ്ട്​.

പല നിലകളിൽ ജാതി ബ്രാഹ്മണ്യ ശക്തികളുടെ വലിയ കടന്നാക്രമണങ്ങൾ അതിജീവിച്ചുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന അതിലെ സാമാന്യജനങ്ങളുടെ ആശ്വാസ സ്ഥാനമായി നിലകൊള്ളുന്നത്. എന്നാൽ, പലപ്പോഴും ഭരണഘടനയെ ആശ്രയിക്കേണ്ട ന്യായപീഠങ്ങൾ ബ്രാഹ്മണ്യാശയങ്ങളുടെ വിളനിലമായ ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് വിധി പ്രസ്താവങ്ങൾ നടത്തുന്നത്. അതി​െൻറ ഏറ്റവും അവസാനത്തെ നിദർശനമാണ് മീഡിയവണി​െൻറ പ്രക്ഷേപണാനുമതി സംബന്ധിച്ച കേസി​െൻറ ഉത്തരവിൽ 'അത്രി സംഹിത' എന്ന ധർമശാസ്ത്ര ഗ്രന്ഥം ഉദ്ധരിച്ചുകൊണ്ടുള്ള വിധി പ്രസ്താവം.

'ദുഷ്ടസ്യ ദണ്ഡ സുജനസ്യ പൂജ ന്യായേണ കോശസ്യ സംപ്രവർദ്ധി...' എന്നു തുടങ്ങുന്ന അത്രി സംഹിതയിലെ ശ്ലോകം ഉദ്ധരിച്ചുകൊണ്ടാണ് ദേശസുരക്ഷയെ പറ്റി നീതിപീഠം വാചാലമാവുന്നത്.

'കുറ്റവാളികളെ ശിക്ഷിക്കുക, നല്ലവരെ സംരക്ഷിക്കുക, ന്യായമായ മാർഗങ്ങളിലൂടെ ഖജനാവിനെ സമ്പന്നമാക്കുക, ആരോടും പക്ഷപാതമില്ലാതെ രാഷ്ട്രത്തെ സംരക്ഷിക്കുക' -ഇതാണ് ഉദ്ധരിച്ച ശ്ലോകത്തി​െൻറ സാരാംശം. ദേശസുരക്ഷയെ മുൻനിർത്തിയുള്ള ഒരു സന്ദർഭം വിവരിക്കവെ അത്രിസംഹിതയിലേക്ക് കണ്ണുകൾ പായുന്നത് അത്ര നിഷ്കളങ്കമായ ഒന്നായി പരിഗണിക്കേണ്ടതാണോ? ഭരണഘടന നിർമാണസഭ തന്നെ ഒഴിവാക്കിയ ധർമശാസ്ത്രഗ്രന്ഥങ്ങളെ ആധാരമാക്കി വിധി പ്രസ്താവം നടത്തുന്നതിലൂടെ ബ്രാഹ്മണ്യ പാരമ്പര്യവ്യവഹാരങ്ങളിലേക്കാണ് നീതിന്യായ വ്യവസ്ഥ ആണ്ടുപോകുന്നത്.

ജാതി ബ്രാഹ്മണ്യത്തെയും അസമത്വ ശ്രേണീകരണത്തെയും മേൽക്കീഴ് അയിത്ത വ്യവസ്ഥയെയും സ്ത്രീകളെയും കീഴോർ സമൂഹങ്ങളെയും അടിച്ചമർത്തുന്നതുമായ നിയമാവലികൾ ഉള്ളടങ്ങിയ അത്രി സംഹിത ഉൾപ്പെടെയുള്ള ധർമശാസ്ത്ര ഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യംചെയ്യലാണ്. ഇതിനു മുമ്പും നീതിപീഠം ഇത്തരത്തിൽ മനുസ്മൃതി ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് പ്രസ്താവങ്ങൾ നടത്തിയിട്ടുണ്ടെന്ന ചരിത്രം സ്മരിക്കുമ്പോൾ ഇപ്പോൾ സംഭവിച്ചത് പുതിയ ഒന്നായി കരുതേണ്ടതുമില്ല. എന്നാൽ, കരുതലോടെ മുന്നോട്ടു നീങ്ങിയില്ലെങ്കിൽ വിദ്വേഷത്തി​െൻറ വിചാരധാരക്കാർ വിഭാവനം ചെയ്​ത അവസ്ഥയിലാണ്​ നിപതിക്കുക. ബഹുസ്വര ഇന്ത്യയെന്ന ആശയത്തെയും ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെയും ഉയർത്തിപിടിക്കുന്നതിനുവേണ്ടി ബഹുജനങ്ങൾ നിതാന്ത ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്. ഇല്ലെങ്കിൽ, നാളെ ഭരണഘടനയുടെ സ്ഥാനം മനുസ്മൃതി ഏറ്റെടുക്കാനിടയുണ്ട്.

(സംസ്​കൃത അധ്യാപകനും വേദശാസ്​ത്ര വിദഗ്​ധനുമാണ്​ ലേഖകൻ)

Tags:    
News Summary - Modern Court of quoting Atrisamhita

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.