ന്യൂനപക്ഷ പ്രശ്നങ്ങള്‍: എം.വി.ആര്‍ മഹത്തായ മാതൃക

എം.വി. രാഘവന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. കേരള രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. എം.വി.ആര്‍ ഒരു പ്രതീകമായിരുന്നു. ഈ കാലഘട്ടത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ അവസ്ഥാന്തരങ്ങളുടെ പ്രതീകം!


ബാല്യത്തില്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് തൊഴിലെടുക്കാനിറങ്ങേണ്ടിവന്ന ഒരു സാധാരണക്കാരന്‍. തുടര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങിയ അദ്ദേഹം നേതൃപാടവം കൊണ്ടുമാത്രം പാര്‍ട്ടിയുടെ ഉന്നതങ്ങളിലത്തെി. എം.വി.ആര്‍ തന്‍െറ ആത്മകഥയില്‍ ബാല്യകാലത്തെ സംബന്ധിച്ച് പറയുന്നത് ഇപ്രകാരമാണ് -‘ഇല്ലായ്മയും ദു$ഖവും പങ്കുവെച്ച് ആള്‍ക്കൂട്ടത്തില്‍ ഏകനായി ഞാന്‍ കഴിഞ്ഞു.

പഞ്ചായത്ത് പ്രസിഡന്‍റ്, എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, നിയമസഭ കക്ഷി സെക്രട്ടറി  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷമാണ് അദ്ദേഹം നേതൃത്വവുമായി ഭിന്നതയിലാകുന്നത്.

ഏറെ ജനകീയനായ എ.കെ.ജിയുടെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യരില്‍ പ്രധാനിയായിരുന്നു എം.വി.ആര്‍. പാവപ്പെട്ടവരോടുള്ള സ്നേഹവും കാരുണ്യവും അദ്ദേഹത്തിന് എ.കെ.ജിയില്‍നിന്ന് കിട്ടിയ ഗുണമാണ്.  എന്നാല്‍, വ്യക്തിപരമായ ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളോട് ആ ഗൗരവഭാവമെല്ലാം വെടിഞ്ഞ് തുറന്നു സംസാരിക്കുകയും പ്രശ്നങ്ങള്‍ തന്നാലാവും വിധം പരിഹരിക്കുകയും ചെയ്യുന്ന പാവപ്പെട്ടവരുടെ അത്താണിയായിരുന്നു അദ്ദേഹം. ഒരു പക്ഷേ, കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് നേതാവും ഇത്രയധികംപേരെ വ്യക്തിപരമായി നേരിട്ടു സഹായിച്ചുകാണുകയില്ല.

പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്‍െറ സ്നേഹവും അവരെ ആത്മാര്‍ഥമായി സഹായിക്കാനുള്ള മനോഭാവവും മറ്റൊരു നേതാവിന്‍െറ ഭാഗത്തുനിന്നും ഉണ്ടായി കാണുകയുമില്ല. മന്ത്രിയും സി.എം.പി നേതാവുമായിരുന്ന എം.വി. രാഘവന്‍ നൂറു കണക്കിന് സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും വ്യക്തിപരമായി അങ്ങേയറ്റം സഹായിച്ചിട്ടുണ്ടെന്നുള്ള കാര്യം ഈ ലേഖകന് നേരിട്ടറിയാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാനവികതക്ക് പ്രാധാന്യം കൊടുക്കണമെന്ന് ശക്തമായി അദ്ദേഹം വാദിച്ചു. ഇടുങ്ങിയ കമ്യൂണിസ്റ്റ് - സെക്ടേറിയന്‍ സമീപനങ്ങള്‍ക്ക് അദ്ദേഹം എന്നും എതിരുമായിരുന്നു.


ബദല്‍രേഖയുടെ അവതരണത്തത്തെുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട എം.വി.ആറിന് ചായ നല്‍കുകയും ഭക്ഷണം നല്‍കുകയും വിശ്രമത്തിന് സ്ഥലം നല്‍കുകയും ചെയ്ത ചില സി.പി.എം പ്രവര്‍ത്തകരെ നേതൃത്വം പാര്‍ട്ടി അച്ചടക്കനടപടിക്ക് വിധേയമാക്കിയിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം മനുഷ്യത്വത്തെ വിസ്മരിക്കുന്നത് വളരെ വേദനകരമാണെന്ന് അദ്ദേഹം ഈ ലേഖകനോട് പറഞ്ഞത് ഓര്‍ക്കുന്നു. മനുഷ്യനുവേണ്ടിയാണ് മാര്‍ക്സിസവും അതിന്‍െറ അടിസ്ഥാനത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ആ യാഥാര്‍ഥ്യത്തെ വിസ്മരിക്കുന്നവര്‍ എങ്ങനെ കമ്യൂണിസ്റ്റ് ആകുമെന്ന് എം.വി.ആര്‍ ചോദിക്കുകയും ചെയ്തു.
രാഷ്ട്രീയരംഗത്ത് വളരെ വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണ് സി.എം.പി രൂപവത്കരണത്തിന്‍െറ അടിസ്ഥാന ശില.

കേരളത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെപറ്റി വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ 1985-86കളില്‍ സി.പി.എമ്മില്‍ ഉണ്ടായി. ഇടത് മുന്നണിക്കെതിരായി നിലകൊള്ളുന്ന യു.ഡി.എഫ് അന്ന് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിന്‍െറയെല്ലാം അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായത്. ന്യൂനപക്ഷ-ഭൂരിപക്ഷ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ വീണ്ടും പ്രസക്തമായിരിക്കുന്ന സാഹചര്യത്തില്‍ അന്നത്തെ സംഭവങ്ങളെ സംബന്ധിച്ച് ഒരു എത്തിനോട്ടം നടത്തുന്നത് പ്രസക്തമാണ്.

പാര്‍ട്ടിയില്‍ വിവിധ ഘടകങ്ങളിലും സംഘടനകളിലും പാര്‍ട്ടി നയത്തെപറ്റി സ്വതന്ത്രവും കാര്യമാത്ര പ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിന് പ്രയോജനപ്രദവും ആവശ്യവുമാണെന്നാണ് സി.പി.എം ഭരണഘടനയില്‍ പറയുന്നത്. അതിന്‍െറ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിയെ ഒറ്റപ്പെടുത്തുവാനേ സഹായിക്കുകയുള്ളൂ എന്ന സി.പി.എം കേന്ദ്രകമ്മിറ്റി കത്തിനെതിരായി എം.വി. രാഘവന്‍, പുത്തലത്ത് നാരായണന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, ഇ.കെ. ഇമ്പിച്ചിബാവ, ടി. ശിവദാസ മേനോന്‍, വി. ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി.വി. മൂസാംകുട്ടി, സി.കെ. ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കേരളത്തില്‍ ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള മുന്നണി പാര്‍ട്ടിക്ക് പ്രയോജനപ്പെടുമെന്നും, കേന്ദ്ര കമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും സമര്‍ഥിച്ചുകൊണ്ടും ഒരു ഭിന്നാഭിപ്രായ കുറിപ്പ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെയും പാര്‍ട്ടി സമ്മേളനത്തിന് മുമ്പാകെയും അവതരിപ്പിക്കുന്നത്.

നമ്മുടെ ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ള മൗലികമായ അവകാശങ്ങള്‍പോലും രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇന്ന് ഇവര്‍ക്ക് ലഭിക്കുന്നില്ളെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയാറാകണമെന്നും സി.പി.എം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യം ബദല്‍ രേഖയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അത് ന്യൂനപക്ഷ പ്രീണനമാകുമെന്നുള്ള വാദത്തിന് ഒരു അടിസ്ഥാനവുമില്ല.

കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കക്ഷികളുമായി ഒരു കാലത്തും ബന്ധപ്പെടുകയില്ളെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം പാര്‍ട്ടിയെയും ബഹുജന പ്രസ്ഥാനത്തെയും മുസ്ലിം-ക്രിസ്ത്യന്‍ ജനസമൂഹത്തില്‍ നിന്നു ഒറ്റപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ബദല്‍ രേഖ അടിവരയിട്ട് ചൂണ്ടിക്കാട്ടി.

തനിക്കെതിരായി കൈക്കൊണ്ട അച്ചടക്കനടപടിക്കെതിരായി സംസ്ഥാന കമ്മിറ്റിക്ക് എ.വി. രാഘവന്‍ നല്‍കിയ കത്തില്‍ പറയുന്നു: ‘‘ശരീഅത്ത് പോലുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍, മതവിരോധികള്‍ എന്ന് മുദ്രകുത്തി മുസ്ലിം ജനവിഭാഗങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുമെന്നും അത് കണക്കിലെടുത്താലേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു’’

ഏക സിവില്‍ കോഡിനും ശരീഅത്തിനുമെതിരായ നിലപാടുമായി കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് രംഗത്തു വന്നിരിക്കുകയാണല്ളോ. ഏക സിവല്‍കോഡ് നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കണമെന്ന നിര്‍ദേശക തത്ത്വങ്ങളില്‍ (ആര്‍ട്ടിക്ക്ള്‍ 44) പറയുന്നുണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍, ഭരണ ഘടനയിലെ മൗലിക അവകാശങ്ങളില്‍ (ആര്‍ട്ടിക്ക്ള്‍ 25,26,27,28) ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഈ അവകാശങ്ങള്‍ മൗലികമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ദേശക തത്ത്വങ്ങള്‍ ഭരണാധികാരികള്‍ക്ക് ഭരണഘടന നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണെങ്കില്‍ മൗലിക അവകാശങ്ങള്‍ രാജ്യം അംഗീകരിച്ച പൗരന്മാരുടെ മുഖ്യമായ അവകാശങ്ങളുമാണ്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ എം.വി. രാഘവന്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അവരുടെ മതപരമായ വികാരങ്ങളും അംഗീകരിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്തു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉറക്കെ ശബ്ദിച്ചുകൊണ്ടും അതിന്‍െറ അടിസ്ഥാനത്തിലുള്ള ബദല്‍ രേഖ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാണ് അദ്ദേഹം സി.എം.പി രൂപവത്കരിച്ചത്.

സഹകരണ-തുറമുഖ വകുപ്പ് മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തിന്‍െറയും വിഴിഞ്ഞം തുറമുഖം അടക്കമുള്ള തുറമുഖങ്ങളുടെയും വികസനത്തിനായി എം.വി.ആര്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. സഹകരണമേഖലയിലുള്ള പരിയാരം മെഡിക്കല്‍ കോളജ് അടക്കമുള്ള ഡസന്‍ കണക്കിന് വന്‍ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്‍െറ സ്മാരകങ്ങള്‍ തന്നെയാണ്. സഹകരണ ജനാധിപത്യം പുന$സ്ഥാപിക്കാന്‍ മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതുമാണ്.

എം.വി. രാഘവനെപോലെയുള്ള കറകളഞ്ഞ മനുഷ്യസ്നേഹികളായ കമ്യൂണിസ്റ്റുകാരാണ് ഈ കാലഘട്ടത്തിന്‍െറ ആവശ്യം. എം.വി.ആറില്‍ നിന്നും രാഷ്ട്രീയ കേരളത്തിന് ഏറെ പഠിക്കാനുണ്ട്.  രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് എം.വി.ആര്‍ എന്നും മാതൃകയായിരിക്കുമെന്നതില്‍ സംശയവുമില്ല.

Tags:    
News Summary - minority's problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT