അറിവും അലിവും അന്തസ്സും ഉയർത്തിപ്പിടിച്ചു പൊരുതുകയും പ്രചോദനമേകുകയും ചെയ്ത രണ്ടു മഹാജീവിതങ്ങളുടെ ജന്മദിനമാണിന്ന്-മഹാദാർശനികനും നവോത്ഥാന നായകനുമായ ശ്രീനാരായണഗുരുവിന്റെയും, കേരളത്തിൽ പിറന്ന ഏറ്റവും ശക്തനായ ആക്ടിവിസ്റ്റും സാമൂഹിക പരിഷ്കർത്താവുമായ മഹാത്മാ അയ്യങ്കാളിയുടെയും. ജാതീയ ഉച്ചനീചത്വങ്ങളും ദുഷിച്ച വർണവ്യവസ്ഥയും കൊടികുത്തിവാണിരുന്ന കേരളത്തെ ഇന്നു കാണുംവിധം ജീവിക്കാൻ കൊള്ളാവുന്ന ഒരിടമാക്കി മാറ്റുന്നതിൽ അവരിരുവരും വഹിച്ച പങ്ക് വേണ്ടവിധം അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. ആത്മജ്ഞാനം മനുഷ്യനെ സഹജാതരിൽ നിന്ന് അകറ്റാനുള്ളതല്ല എന്നു കരുതിയ ഗുരു അപരോന്മുഖതയാണ് അറിവെന്നും, അനുകമ്പയില്ലാത്ത അറിവ് നിരർഥകമാണെന്നും അരുൾചെയ്തു. 1881-ൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ അദ്ദേഹം വിദ്യാലയം സ്ഥാപിച്ചു.
"അവനവനറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരന്നു സുഖത്തിനായി വരേണം"
എന്ന ആത്മോപദേശശതകത്തിലെ വരികളിൽ ജ്ഞാനവും കർമവും ഉള്ളടങ്ങിയിരിക്കുന്നു. ബ്രാഹ്മണ്യം മുന്നോട്ടുവെച്ചിരുന്ന വിവേചനപൂർണമായ വിദ്യാഭ്യാസരീതികളിൽനിന്നു ഭിന്നമായി നിരുപാധികമായ സ്നേഹവും അനുകമ്പയുമായിരുന്നു ഗുരുവിന്റെ അറിവിനാധാരം. വിദ്യാഭ്യാസം അറിവ് ഉൽപാദിപ്പിക്കുകയും, അത് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന കാലത്ത് ഗുരുവിന്റെ ജ്ഞാനമാതൃക ഏറെ പ്രസക്തമാണ്.
എല്ലാ മതങ്ങളെക്കുറിച്ചും പഠിക്കാൻ ആവശ്യപ്പെടുന്ന ഗുരു, എല്ലാവരെയും അറിയാൻ താല്പര്യപ്പെടുന്നു; അപരനെ അറിയുന്നതുവഴി തർക്കത്തിന് പ്രസക്തിയില്ലാതാകുന്നു എന്നതാണതിന്റെ പ്രായോഗികതലം. അനുകമ്പകൊണ്ടു തുന്നിത്തീർത്ത ശാസ്ത്രവും യുക്തിയുമായിരുന്നു ഗുരുവിന്റെ ജ്ഞാനവ്യവഹാരത്തിൽ ഇടപെട്ടിരുന്നത്. നാലുജാതിയും ജാതിയല്ലാത്ത ജാതിയുമുണ്ടെന്നുള്ള അധമബോധത്തിന് ഗുരുവിന്റെ മേധാബലത്തിൽ പരാജയം സമ്മതിക്കേണ്ടിവന്നു.
അറിയാനും അറിയിക്കാനും താല്പര്യമുള്ള ഗുരുവിന് ശങ്കരന്റെ താർക്കികയുക്തിയോടു മതിപ്പില്ലാത്തതും ചേർത്തു വായിക്കാവുന്നതാണ്. അറിവിനെ മാനവികതയുമായി ഇണക്കിയ ഗുരു ഒരു സിവിൽ സമൂഹത്തെ സൃഷ്ടിച്ചു; വിദ്യാഭ്യാസത്തിലൂന്നിയ പരിഷ്കരണം അവരുടെ നിരൂപകനിലവാരം മെച്ചപ്പെടുത്തി. സബാൾട്ടൺ ആവശ്യങ്ങൾ പ്രശ്നവത്കരിക്കപ്പെടുന്നതും ശക്തിയാർജിക്കുന്നതും അങ്ങനെയാണ്.
രാജ്യം മത്സരാധിഷ്ഠിത ഏകാധിപത്യത്തെ നേരിടുന്ന ഈ കാലത്ത് പ്രതിരോധത്തിന്റെ രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ട്. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി 1893-ൽ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരം കൂടുതൽ ഗൗരവമേറിയ പഠനം ആവശ്യപ്പെടുന്നുണ്ട്. പരിഷ്കൃത വേഷങ്ങൾ ധരിക്കാനും വിദ്യാഭ്യാസം നേടാനുമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങളില്ലായിരുന്നുവെങ്കിൽ ഉത്തരേന്ത്യയിലേതുപോലെ ജാതിവെറിയും ദുരഭിമാനക്കൊലകളും നിറഞ്ഞ സാമൂഹികവ്യവസ്ഥിതി കേരളത്തിലും തുടർന്നുപോയേനെ. ഒന്നരവർഷം പാടം തരിശിട്ട് അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ദലിത് വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനം നേടിക്കൊടുത്തത്.
വർഷങ്ങൾക്കിപ്പുറം ഒരു പരീക്ഷാസംവിധാനത്തെ ആകെ തകർത്തു മേൽത്തട്ടിലുള്ളവരെ സംരക്ഷിക്കാൻ വലതുപക്ഷ യാഥാസ്ഥിതിക ഭരണകൂടം ശ്രമിച്ചപ്പോൾ, ജന്തർ മന്തറിൽ 60 ദിവസത്തിലധികം സമരം നയിച്ചാണ് സി.ജെ.പി പ്രക്ഷോഭകരും വിദ്യാർഥികളും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്തത്. പ്രമുഖ ഗവേഷകരായ ഡാരോൺ അസിമോഗ്ലുവിന്റെയും ജയിംസ് റോബിൻസന്റെയും ‘‘എന്തുകൊണ്ട് രാജ്യങ്ങൾ പരാജയപ്പെടുന്നു: അധികാരം, ക്ഷേമം, ദാരിദ്ര്യം എന്നിവയുടെ ഉത്ഭവം’’ എന്ന പുസ്തകം രണ്ടു സ്ഥാപനങ്ങളെക്കുറിച്ചും അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഏവരെയും ഉൾക്കൊള്ളാൻ സന്നദ്ധത പുലർത്തുന്ന സ്ഥാപനങ്ങൾ രാജ്യത്തിന്റെ അഭിവൃദ്ധി നിർണയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും, ചൂഷണ സ്ഥാപനങ്ങൾ രാജ്യത്തെ പിന്നോട്ടടിക്കുമെന്നും ഗവേഷകർ ഓർമിപ്പിക്കുന്നു. നിർഭാഗ്യവശാൽ ചൂഷണ സ്ഥാപനങ്ങളുടെ വിളനിലമാണ് നമ്മുടെ രാജ്യമിന്ന്.
അന്യവത്കരിക്കപ്പെട്ടവരെ ഉൾക്കൊള്ളാൻ അധികാരികൾ മടികാണിക്കുമ്പോൾ അപരോന്മുഖതയാൽ നയിക്കപ്പെട്ട ഗുരുവിനെയും അയ്യങ്കാളിയെയും ഓർക്കാം. അജ്ഞതയുടെ ഭരണകൂടത്തിന് അവർ പ്രകാശം ചൊരിയട്ടെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.