എൻ.ടി.എം സ്കൂൾ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്തപ്പോൾ

സ്കൂളുകൾ തകർത്ത് രാഷ്ട്രനിർമാണം സാധ്യമോ?

‘‘ഫ്രണ്ട്സ്, യുവജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതാണ് രാഷ്ട്രനിർമാണത്തിന്റെ ഏറ്റവും വലിയ അടിത്തറ എന്ന് സ്വാമി വിവേകാനന്ദൻ വിശ്വസിച്ചിരുന്നു.’’

മൈസൂരിലെ നാരായണ ശാസ്ത്രി റോഡിൽ രാമകൃഷ്ണ ആശ്രമം നിർമിച്ച ‘സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്റർ’ അടുത്തിടെ ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. 1892 നവംബറിൽ മൈസൂർ സന്ദർശനത്തിനിടെ സ്വാമി വിവേകാനന്ദൻ തങ്ങിയതായി പറയുന്ന ചരിത്രപ്രസിദ്ധമായ നിരഞ്ജന മഠത്തിനോട് ചേർന്നാണ് 36,591 ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ സ്മാരകം പണിതുയർത്തിയത്.

എന്നാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏഷ്യയിൽ തന്നെ ആദ്യമായി സ്ഥാപിക്കപ്പെട്ട 140 വർഷം പഴക്കമുള്ള ഒരു സ്കൂൾ നിന്നിരുന്ന അതേ മണ്ണിലാണ് ഈ സ്മാരകമെന്ന് അദ്ദേഹം പരാമർശിച്ചില്ല. പെൺകുട്ടികളെ സ്കൂളിൽ അയക്കുന്നത് പോലും വിപ്ലവകരമായിരുന്ന ഒരു കാലത്ത്, മൈസൂരിലെ മഹാറാണി കെമ്പനഞ്ചമ്മണ്ണി ദേവിയുടെ രക്ഷാകർതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ‘മഹാറാണീസ് സ്കൂൾ’ (എൻ.ടി.എം സ്കൂൾ) ആയിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞില്ല. കൈകളിൽ പുസ്തകങ്ങളും നെഞ്ചിൽ സ്വപ്നങ്ങളുമായി ആ സ്കൂളിന്റെ പടവുകൾ കയറിയിറങ്ങിയ ആയിരക്കണക്കിന് പെൺകുട്ടികളെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല.

ആ മണ്ണിൽ വിവേകാനന്ദന് സ്മാരകം പണിയുന്നതിനെക്കുറിച്ച് ആലോചന ഉയർന്നപ്പോൾ, മൈസൂരിലെ ജനങ്ങൾ ‘‘സ്മാരകം വേണ്ട’’ എന്നല്ല, മറിച്ച് "സ്മാരകം വരട്ടെ, പക്ഷെ ഒപ്പം സ്കൂളും നിലനിൽക്കട്ടെ" എന്നാണ് പറഞ്ഞത്. എന്നാൽ 2022-ൽ ഒരു രാത്രി കനത്ത പൊലീസ് സുരക്ഷയിൽ ആ സ്കൂൾ പൂർണമായി ഇടിച്ചുനിരത്തി. അന്ന് ഇല്ലാതായത് മൈസൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ വലിയൊരു അധ്യായമായിരുന്നു; തലമുറകളോളം പെൺകുട്ടികൾ വായിക്കാനും ചിന്തിക്കാനും സ്വപ്നം കാണാനും തങ്ങളുടെ ഭാവി സ്വന്തമായി രൂപപ്പെടുത്താൻ പ്രാപ്തരാകാനും പഠിച്ച ഒരു ഇടം.

ഇന്ന് അവിടെ വിവേകാനന്ദന്റെ പേരിൽ ഒരു സ്മാരകം നിൽക്കുന്നുണ്ട്. എന്നാൽ അതിനടിയിൽ ഒരു സ്കൂളുണ്ട്, ആ സ്കൂളിനടിയിൽ തലമുറകളുടെ സ്വപ്നങ്ങളും.

ഒരു മൈസൂർകാരി എന്ന നിലയിൽ, അതിൽ വ്യക്തിപരമായ വലിയൊരു ദുഃഖം ഞാൻ പേറുന്നുണ്ട്. ‘ആന്ദോളന’ പത്രത്തിന്റെ സ്ഥാപക പത്രാധിപരായ രാജശേഖർ കോടിയുടെ മകൾ എന്ന നിലയിൽ, ആ സ്കൂൾ സംരക്ഷിക്കാൻ പോരാടിയ മനുഷ്യരെ ഓർക്കാതെ എനിക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. ഒരു ചരിത്രപ്രസിദ്ധമായ സ്കൂൾ നിന്നിരുന്ന അതേ സ്ഥലത്തുനിന്ന് ‘‘വിദ്യാഭ്യാസം’’ എന്ന വാക്ക് ഉച്ചരിക്കുന്നത് കേൾക്കുമ്പോൾ, എന്റെ അച്ഛനെയും സ്കൂളിനൊപ്പം ഇല്ലാതാകാൻ അദ്ദേഹം സമ്മതിക്കാതിരുന്ന ആ കുട്ടികളെയുമാണ് ഞാൻ ഓർക്കുന്നത്.

ഒരു ദിവസം രാവിലെ കുട്ടികളെ സ്കൂളിൽ അയക്കാനുള്ള തിരക്കിലായിരുന്നു ഞാൻ. എട്ടരയോടെ അപ്പാജി (അച്ഛൻ) എന്നെ ഫോണിൽ വിളിച്ചു: ‘‘പാപ്പൂ, ഞാൻ നിന്റെ വീടിന് അടുത്തുണ്ട്. പുറത്തേക്ക് വാ.’’

എനിക്ക് അത്ഭുതമായി. ആ സമയത്ത് അദ്ദേഹം എന്റെ വീട്ടിൽ അപൂർവമായേ വരാറുള്ളൂ. ഞാൻ പുറത്തിറങ്ങിയപ്പോൾ പാർക്കിംഗിൽ അദ്ദേഹത്തിന്റെ ‘ക്വാളിസ്’ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. കാർ നിറയെ സ്കൂൾ കുട്ടികളായിരുന്നു.

‘‘അപ്പാജി, ആരാണ് ഈ കുട്ടികൾ?’’ ഞാൻ ചോദിച്ചു.

‘‘ഇവർ എൻ.ടി.എം സ്കൂളിലെ വിദ്യാർഥികളാണ്.’’ -അദ്ദേഹം പറഞ്ഞു.

സ്കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളിൽ ഭയന്ന് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. കുട്ടികളുടെ എണ്ണം കുറഞ്ഞാൽ സ്കൂൾ പൂട്ടിക്കാൻ അധികാരികൾ അത് കാരണമാക്കുമെന്ന് അപ്പാജി ഭയന്നു. അതിനാൽ അദ്ദേഹം ഓരോ വീടുകളിലും കയറിയിറങ്ങി: ‘‘കുട്ടികളെ സ്കൂളിൽ അയക്കൂ. അവരെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കാനും തിരികെ വീട്ടിലെത്തിക്കാനുമുള്ള ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം’’ എന്ന് രക്ഷിതാക്കൾക്ക് ഉറപ്പുനൽകി. ആ ചുമതല അദ്ദേഹം ഏറ്റെടുത്ത ആദ്യത്തെ പ്രഭാതമായിരുന്നു അത്. അന്നു മുതൽ ആ കുട്ടികൾ അദ്ദേഹത്തെ സ്നേഹത്തോടെ "ഡ്രൈവർ അങ്കിൾ" എന്ന് വിളിക്കാൻ തുടങ്ങി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം സ്വന്തം ചെലവിൽ അദ്ദേഹം ഒരു സ്കൂൾ വാഹനം ഏർപ്പാടാക്കി. സാവധാനം നാശത്തിലേക്ക് തള്ളപ്പെടുകയായിരുന്ന ഒരു സ്കൂളുമായി കുട്ടികളെ ബന്ധപ്പെടുത്തി നിർത്തുക എന്നത് അദ്ദേഹത്തിന് വളരെ പ്രധാനമായിരുന്നു. "മതിൽ സംരക്ഷിച്ചതുകൊണ്ട് മാത്രം ഒരു സ്കൂളിനെ രക്ഷിക്കാനാവില്ല, മറിച്ച് കുട്ടികൾ അതിന്റെ വാതിലുകളിലൂടെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ അതിനെ രക്ഷിക്കാനാകൂ’’ -ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ജീവിതത്തിന്റെ അവസാനം വരെ അപ്പാജി ആ ഉത്തരവാദിത്തം തുടർന്നു. സ്കൂളുമായി ബന്ധപ്പെട്ട ഓരോ വാർത്തയും ‘ആന്ദോളന’ പത്രത്തിൽ വന്നു. പ്രതിഷേധങ്ങൾ നടക്കുമ്പോഴെല്ലാം അദ്ദേഹം അവിടെയെത്തി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രക്ഷോഭകർക്കുമൊപ്പം നിലകൊണ്ടു. നിയമപോരാട്ടത്തെയും പിന്തുണച്ചു. ഒരു ഘട്ടത്തിൽ പ്രതിഷേധ സ്ഥലത്തുവെച്ച് അദ്ദേഹത്തിന് നേരെ അക്രമം വരെയുണ്ടായി. എന്നാൽ അദ്ദേഹം പിന്നോട്ട് പോയില്ല.

അപ്പാജി തനിച്ചായിരുന്നില്ല. മുൻ വിദ്യാർഥികൾ, സാധാരണക്കാർ, കന്നഡ സംഘടനകൾ, പുരോഗമന ചിന്തകർ, കർഷക നേതാക്കൾ, സാമൂഹിക സംഘടനകൾ തുടങ്ങി നിരവധി മൈസൂർകാർ ഒത്തുചേർന്ന് 'എൻ.ടി.എം സ്കൂൾ സംരക്ഷണ സമിതി' രൂപവത്കരിച്ചു. അവർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു, നിവേദനങ്ങൾ നൽകി, പൊതുചർച്ചകൾ നടത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസം അവരുടെ അവകാശമാണെന്ന് സമൂഹം ചിന്തിച്ചു തുടങ്ങുന്നതിനും മുമ്പ് വാതിലുകൾ തുറന്നുകൊടുത്ത ഒരു സ്ഥാപനത്തെ സംരക്ഷിക്കാനാണ്, തലമുറകളുടെ സ്വപ്നങ്ങൾക്കായാണ് അവർ പോരാടിയത്. അതുകൊണ്ടാണ്, വിവേകാനന്ദന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെയും രാഷ്ട്രനിർമാണത്തെയും കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് കേൾക്കുമ്പോൾ ഞാൻ ഈ ചോദ്യം ചോദിച്ചുപോകുന്നത്: കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെങ്കിൽ, ഒരു സ്മാരകം പണിയാൻ ഒരു സ്കൂൾ തകർത്തപ്പോൾ നമ്മൾ എന്താണ് നിർമിച്ചത്?

ഓരോ മനുഷ്യനിലെയും കഴിവുകളെ ഉണർത്തുന്നതിലാണ് വിവേകാനന്ദൻ വിശ്വസിച്ചിരുന്നതെങ്കിൽ, തലമുറകളോളം പെൺകുട്ടികൾ തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഒരു ഇടം ഇല്ലാതാക്കുന്നത് എങ്ങനെയുള്ള ആദരവാണ്? ഒരു മഹാനായ മനുഷ്യന്റെ ആശയങ്ങൾ നിലനിർത്താനാണ് സ്മാരകമെങ്കിൽ, അദ്ദേഹത്തിന്റെ ഏറ്റവും തീവ്രമായ വിശ്വാസങ്ങളിലൊന്നായ ‘വിദ്യാഭ്യാസ’ത്തെ മൂടിവെച്ചുകൊണ്ട് അതിന് ആ മനുഷ്യനെ ആദരിക്കാൻ കഴിയുമോ?

വിവേകാനന്ദനെയും വിദ്യാഭ്യാസത്തിന്റെ ശക്തിയെയും കുറിച്ച് സംസാരിക്കുമ്പോൾ, ആ സ്മാരകത്തിന് താഴെ ഒരുകാലത്ത് നിന്നിരുന്ന സ്കൂളിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. ഒരു സ്മാരകത്തിന് ഒരു മനുഷ്യന്റെ ഓർമകളെ സംരക്ഷിക്കാൻ കഴിയും; എന്നാൽ ഒരു സ്കൂൾ ഒരു തലമുറയുടെ ഭാവിയാണ് സംരക്ഷിക്കുക.

ആ സ്കൂളിനെ രക്ഷിക്കാൻ കഴിയാത്തതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. അപ്പാജിയുടെ മകൾ എന്ന നിലയിൽ, ആ ശബ്ദങ്ങളും പ്രതിഷേധങ്ങളും ചെറുത്തുനിൽപ്പുകളും ഉണ്ടായിട്ടും, ഒഴിവാക്കാനാവാത്ത ആ പതനത്തിന് മുന്നിൽ ഞങ്ങൾക്ക് തലകുനിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. സ്കൂൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഞങ്ങൾ തോറ്റുപോയി. എന്നാൽ ആ കല്ലുകൾക്കും നിശബ്ദതക്കും അടിയിൽ, സ്കൂൾ മണിയൊച്ചയും എന്റെ അച്ഛനെ ‘‘ഡ്രൈവർ അങ്കിൾ’’ എന്ന് വിളിക്കുന്ന കുട്ടികളുടെ ശബ്ദവും ഞാൻ ഇന്നും കേൾക്കുന്നുണ്ട്.

(മൈസുരുവിലെ ‘ആന്ദോളന’ പത്രത്തിന്റെ മാനേജിംഗ് എഡിറ്ററാണ് ലേഖിക)

Tags:    
News Summary - Can Nation-Building Begin by Destroying Schools?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.